നെല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ തോതില്‍ ആവശ്യമായവയാണ് പാക്യജനകം, ഭാവഹം, ക്ഷാരം, കാല്‍സ്യം, മഗ്നീഷ്യം, ഗന്ധകം എന്നീ മൂലകങ്ങള്‍. ഇരുമ്പ്, ബോറോണ്‍, സിങ്ക്, മാംഗനീസ് എന്നിവ കുറഞ്ഞ തോതില്‍ മതി. കൂടിയ തോതില്‍ ആവശ്യമായ മൂലകങ്ങള്‍ രാസവളത്തിലൂടെയും കുറഞ്ഞ തോതില്‍ ആവശ്യമായവ ജൈവളത്തിലൂടെയുമാണ് ലഭിക്കുന്നത്.
ജൈവവളങ്ങള്‍
മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ മണ്ണില്‍ വെള്ളം പിടിച്ചു നിര്‍ത്താനും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ജൈവവളങ്ങള്‍ ആവശ്യമാണ്. നാം ചേര്‍ക്കുന്ന രാസവങ്ങളെ പാകപ്പെടുത്തി ചെടികള്‍ക്കു വലിച്ചെടുക്കാന്‍ പാകത്തിലാക്കി എടുക്കുന്നതും ജൈവവളങ്ങളാണ്. മണ്ണിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് ജൈവവസ്തുക്കളാണെന്നു പറയാം.
ജൈവവളങ്ങളില്‍ കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, എല്ലുപൊടി, വിവിധതരം പിണ്ണാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍നിന്നും ജൈവളങ്ങളിലടങ്ങിയിട്ടുള്ള പോഷകമൂല്യങ്ങളുടെ അളവ് (ശതമാനം) മനസിലാക്കാം.
പച്ചിലവളം
നെല്‍കൃഷിക്ക് പച്ചിലവളം ഉപയോഗിക്കുക എന്നത് വളരെ പുരാതനമായി നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ്. മരങ്ങളുടെ ഇലകളും കാട്ടുചെടികളും ആണ് (തോലും തൂപ്പും) ധാരാളമായി ഉപയോഗിച്ചു വന്നത്. മാവിന്‍റെ ഇല വളരെ നല്ല ഒരു പച്ചിലവളമായി പണ്ടുതന്നെ കരുതി വന്നിരുന്നു. മണ്ണിലെ പുളിരസം കുറയ്ക്കാന്‍ മാവിലയ്ക്കു കഴിയുന്നതുകൊണ്ടാകാം. "പ്ലാവിന്‍റെ ചുവട്ടിലെ കണ്ടം വിറ്റിട്ട് മാവിന്‍റെ ചുവട്ടിലെ കണ്ടം വാങ്ങണ"മെന്നു പണ്ടുള്ളവര്‍ നിര്‍ദേശിച്ചിരുന്നത്. കാട്ടില്‍നിന്നും മാവില്‍നിന്നും ചവര്‍ കിട്ടാതാകുകയും ഇതിന് ചെലവു കൂടുതലാവുകയും ചെയ്തപ്പോള്‍ വിവിധ തരം പച്ചിലച്ചെടികള്‍ വളര്‍ത്തിയും വയലില്‍ നേരിട്ട് കൃഷി ചെയ്ത് ഉഴുത് ചേര്‍ക്കാന്‍ തുടങ്ങുകയും ചെയ്തോടെയാണ് പച്ചിലവളപ്രയോഗത്തില്‍ ശാസ്ത്രീയത കൈവരുന്നത്.
സാധാരണയായി പയര്‍ വര്‍ഗത്തില്‍പ്പെട്ട മുതിര, പയര്‍ എന്നിവയ്ക്കു പുറമേ ഡെയിഞ്ച, ചണമ്പ്, കൊഴിഞ്ഞില്‍, കിലുക്കി, സെസ്ബേനിയ, ശീമക്കൊന്ന എന്നീ പച്ചില വളച്ചെടികളാണ് നെല്‍കൃഷിക്കു ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഒന്നാം വിള പാകിപ്പറിച്ചു നടുന്ന വയലുകളില്‍ ആദ്യമഴയോടെ വിത്ത് വിതച്ച് ഒന്നൊന്നരമാസത്തോടുകൂടി ഉഴുത് ചേര്‍ക്കാന്‍ പാകമെത്തുന്നവയാണ് ചണമ്പും ഡെയിഞ്ചയും. വിതയ്ക്കാന്‍ ഹെക്ടറിന് 35 മുതല്‍ 50 കി.ഗ്രാം വരെ വിത്തു വേണ്ടിവരും. പത്തു ടണ്‍വരെ പച്ചില പ്രതീക്ഷിക്കാം.
മുണ്ടകന്‍ കൊയ്ത്തു കഴിയുന്നതോടെ നിലം പൂട്ടി ഒരുക്കിയാണ് കൊഴിഞ്ഞില്‍ വിതയ്ക്കുന്നത്. മണ്ണില്‍ ചെറിയ നനവേ ഉള്ളുവെങ്കില്‍ വിത്ത് വിതച്ചശേഷം നെല്ല് കൊയ്യുന്നവരുമുണ്ട്. പൊക്കം കുറഞ്ഞു നിലത്തു പടര്‍ന്നുവളരുന്ന ഇവ നാലഞ്ചുമാസത്തിനുള്ളില്‍ മണ്ണിലുഴുതു ചേര്‍ക്കാന്‍ പാകമെത്തും. ഒരുപ്പൂനിലങ്ങളില്‍ വിരിപ്പ് കൊയ്തതിനുശേഷവും കൊഴിഞ്ഞില്‍ വിതയ്ക്കാറുണ്ട്.
ഒന്നാം വിള നടുന്നതോടുകൂടി വയല്‍വരമ്പില്‍ സെസ്ബേനിയ എന്ന ചെടിയുടെ തൈകള്‍ നട്ട് മുണ്ടകനു കൃഷിയിറക്കുന്ന സമയമാകുന്നതോടു കൂടി വളര്‍ന്നു വലുതാകുന്ന ഇവയെ വയലില്‍ വെട്ടിയിട്ട് പച്ചിലവളമാക്കുന്നു.
കേരളത്തില്‍ ഏറെ പ്രചരിച്ചിട്ടുള്ള ശീമക്കൊന്നയുടെ ചവറ് നെല്‍കൃഷിക്ക് വളരെ യോജിച്ചതാണ്. ഇതിന്‍റെ ഇലകള്‍ വളരെ വേഗത്തില്‍ അഴുകിച്ചേരുന്നതാണ്. നട്ടുവളര്‍ത്തുന്ന ചെടികളില്‍നിന്ന് വിരിപ്പിനും മുണ്ടകനും തോലരിയാന്‍ കിട്ടും.
പയര്‍ വര്‍ഗത്തില്‍പ്പെട്ട മുതിര, വന്‍പയര്‍, ഉഴുന്ന് എന്നിവയുടെ വിളവെടുത്തശേഷം നല്ല ഒരു പച്ചിലവളമാക്കി മാറ്റാവുന്നതാണ്. അന്തരീക്ഷത്തില്‍നിന്നും പാക്യജനകം ആവാഹിച്ചെടുത്ത് മണ്ണില്‍ സ്വരൂപിക്കാന്‍ ഇതിന്‍റെ വേരുകളില്‍ വളരുന്ന റൈസോബിയം എന്ന അണുവിനു കഴിവുണ്ട്. ഹെക്ടറിന് ശരാശരി 50 മുതല്‍ 75 കി.ഗ്രാം വരെ പാക്യജനകം ഇങ്ങനെ സംഭരിക്കപ്പെടുന്നുണ്ട്.
വിരിപ്പുകൃഷിയിലെ ജൈവവളപ്രയോഗം
വിരിപ്പു നെല്‍കൃഷിയില്‍ 80 ശതമാനത്തോളം പൊടിവിതയും ബാക്കി ചേറ്റുവിതയും നടീലുമാണല്ലോ. രീതി ഏതായാലും ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് 5 ടണ്‍ ജൈവവളം നല്‍കേണ്ടതാണ്. ഇതു ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ ചേര്‍ത്തു പരിഹരിക്കാം. ഒന്നാമത്തെ ഉഴവോടുകൂടി ഇവ ചേര്‍ക്കണം. ചേറ്റുവിതയിലും പറിച്ചുനടീലിലും പച്ചിലവളം ചേര്‍ക്കാന്‍ സൗകര്യമുള്ളപ്പോള്‍ പൊടിവിതയില്‍ അതിനുള്ള സംവിധാനം അടുത്തകാലത്തു മാത്രമാണ് രൂപപ്പെടുത്തി എടുത്തത്.
പൊടിയില്‍ നെല്‍വിത്ത് വിതയ്ക്കുന്നതോടൊപ്പം ഹെക്ടറിന് 10-15 കി.ഗ്രാം വന്‍പയര്‍ കൂടി കൂട്ടിവിതച്ചാണ് പച്ചിലവളക്ഷാമം പരിഹരിക്കുന്നത്. പൊടിവിതയുടെ ആദ്യ ദശയില്‍ മഴ കുറവായിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അതായത് കുറഞ്ഞ ഈര്‍പ്പത്തില്‍ നെല്ല് വളരില്ല. പക്ഷേ, പയര്‍ വളര്‍ന്നു വള്ളിവീശും. മഴപെയ്ത് മണ്ണില്‍ വെള്ളം കൂടുന്നതനുസരിച്ച് നെല്ല് വളരാന്‍ തുടങ്ങും. വളര്‍ച്ച മുരടിച്ച പയര്‍ ചെടികള്‍ അഴുകി വളമായി മാറും. കളപറിക്കാനിറങ്ങുമ്പോള്‍ ഇവയെ മണ്ണില്‍ ചവിട്ടി താഴ്ത്തുകയും ചെയ്യാം. നെല്‍വിത്തും പയറും കൂട്ടി വിതയ്ക്കുന്നതു താഴ്ന്ന പാടങ്ങള്‍ക്കാകും കൂടുതല്‍ യോജിക്കുക. കരപ്പാടങ്ങളില്‍ വെള്ളം കൂടാന്‍ താമസിക്കുന്നതുകൊണ്ട് വേഗത്തില്‍ വളരുന്ന പയര്‍ചെടി, നെല്ലിനെ കടന്നാക്രമിക്കാനിടയുണ്ട്. അതു നെല്ലിന്‍റെ വളര്‍ച്ചയെ തടയും. പാടത്ത് പയര്‍ കൂട്ടി വിതയ്ക്കുന്നത് കളശല്യം കുറയാന്‍ ഇടയാക്കുമെന്നു തന്നെയല്ല പോളരോഗം തുടങ്ങിയ രോഗങ്ങളെ നിയന്ത്രണവിധേയമാക്കാനും നല്ലതാണ്. വന്‍പയറിനു പകരം മുതിര വിതയ്ക്കുന്നതും ഫലപ്രദമാണെന്ന് പല കൃഷിക്കാരും അഭിപ്രായപ്പെടുന്നുണ്ട്.
www.karshikarangam.com