അധിക വിളവു തരുന്ന നെല്ലിനങ്ങള്‍ക്ക് കീടബാധയെ ചെറുക്കാന്‍ ജന്മനാ കഴിവ് കുറവാണ്. നമ്മുടെ കാലാവസ്ഥ, വിവിധ കൃഷിരീതികള്‍, വര്‍ധിച്ച തോതിലുള്ള പാക്യജനകവളപ്രയോഗം, കാലം തെറ്റിയ കൃഷി ഇവയെല്ലാം കീടങ്ങളുടെ വംശവര്‍ധനയ്ക്ക് സഹായകമാകുകയും ചെയ്തപ്പോള്‍ സസ്യസംരക്ഷണം ഒരു പ്രശ്നമായിത്തീര്‍ന്നു. കൃഷിനാശം സംഭവിക്കുന്നതു കീടങ്ങളുടെ ആക്രമണത്താലാണോ രോഗബാധകൊണ്ടാണോ എന്നു തിരിച്ചറിഞ്ഞെങ്കിലേ നിവാരണ നടപടികള്‍ ഫലപ്രദമാകൂ.
വിരിപ്പുകൃഷിക്കാലത്ത് ഇലപ്പേന്‍, ഇലച്ചാടികള്‍, പട്ടാളപ്പുഴു, കാരവണ്ട്, ഗാളീച്ച, തണ്ടുതുരപ്പന്‍ പുഴു, കുഴല്‍പ്പുഴു, ഓലചുരുട്ടിപ്പുഴു, ചാഴി എന്നീ ക്രമത്തിലാണ് കീടങ്ങള്‍ സാധാരണ കണ്ടുവരുന്നത്. നെല്ലിന്‍റെ വിവിധ വളര്‍ച്ചാദശകള്‍ക്കനുസരണമായി ഇവയുടെ ആക്രമണം ഉണ്ടാകാം. ഞാറ്റടി, നട്ടുകഴിഞ്ഞയുടനെയുള്ള ഒന്നുരണ്ടാഴ്ചക്കാലം, ചിനപ്പുകള്‍ പൊട്ടിത്തുടങ്ങുന്ന സമയം, അടിക്കണ പ്രായം മുതല്‍ പാലുറയ്ക്കുന്നതുവരെയുള്ള സമയം എന്നിവയാണ് വിവിധ വളര്‍ച്ചാദശകള്‍.
ഞാറ്റടി
ഞാറ്റടിയില്‍ പ്രധാനമായും കണ്ടുവരുന്നത് ഇലപ്പേന്‍, ഇലച്ചാടികള്‍, പട്ടാളപ്പുഴു എന്നിവയാണ്. പൊടിഞാറ്റടിയില്‍ ഇലപ്പേന്‍ കൂടുതലായിരിക്കും. നെല്ലോലകളുടെ അറ്റത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതുകൊണ്ട് ഇളം ഓലകള്‍ മഞ്ഞനിറമായി തീരുമെന്നു മാത്രമല്ല ഓലകളുടെ അറ്റം ചുരുണ്ട് സൂചിപോലെ കൂര്‍ത്തിരിക്കുകയും ചെയ്യും. ഓലകളിലൂടെ നനവുള്ള കയ്യോടിച്ചാല്‍ ഇവ കൈയില്‍ പറ്റിപ്പിടിക്കുന്നതായി കാണാം. പൊടി വിതച്ച പാടത്തും ഈ സമയത്ത് ഇവയെ കാണാം.
ഇലച്ചാടികളും നെല്ലോലയിലെ നീരൂറ്റികുടിക്കുന്നവയാണ്. ഞാറ്റടിയിലെയും പാടത്തെയും നെല്ല് മുഴുവന്‍ ഒറ്റരാത്രിക്കൊണ്ട് തിന്നുതീര്‍ക്കുന്നവയാണ് പട്ടാളപ്പുഴുക്കള്‍. പേരന്വര്‍ത്ഥമാക്കുന്നതുപോലെ ഒരു ബറ്റാലിയനായി വന്നാണിവയുടെ ആക്രമണം. ആക്രമണം രാത്രികാലങ്ങളിലാണ്. ഇവ എല്ലാ കൊല്ലവും പ്രത്യക്ഷപ്പെടാറില്ല.
വിതച്ചോ നടീലിനോ ശേഷമുള്ള രണ്ടാഴ്ചക്കാലം
ഈ സമയത്തും ഇലച്ചാടികളെ കാണാമെങ്കിലും പ്രധാന കീടങ്ങള്‍ കാരവണ്ടും കുഴല്‍പ്പുഴുവും തണ്ടുതുരപ്പന്‍ പുഴുവും തന്നെ. നീലവണ്ടിന്‍റെ ആക്രമണവും ചില സമയങ്ങളില്‍ രൂക്ഷമാകാം. ഇല നെല്ലോലകളിലെ പച്ചനിറം കാര്‍ന്നുതിന്നുന്നതുമൂലം ഓലകളില്‍ വെളുത്ത വരകള്‍ ബാക്കി നില്‍ക്കുന്നു. മുറിച്ച നെല്ലോലകള്‍കൊണ്ട് കുഴലുണ്ടാക്കി അതിനുള്ളില്‍ കൂടിയിരിക്കുന്ന പുഴുക്കള്‍ ഓലകളില്‍ തൂങ്ങിക്കിടന്ന് ഓലയുടെ പച്ചഭാഗം തിന്നുനശിപ്പിക്കും. കുഴല്‍പ്പുഴു തിന്നുതീര്‍ന്ന നെല്‍ച്ചെടികള്‍ നരച്ചിരിക്കുന്നതായി തോന്നും. മാത്രമല്ല ചെടികള്‍ കുറ്റിച്ച് മുരടിച്ചു നില്‍ക്കുകയും ചെയ്യും. തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം മൂലം വിരിപ്പുവിളക്കാലത്ത് നെല്‍ച്ചെടിയുടെ കൂമ്പ് ചുരുണ്ടുണങ്ങി വളര്‍ച്ച മുരടിച്ചിരിക്കും. കൂമ്പുണക്കം എന്നാണിതിനു പറയുന്നതുതന്നെ. ഞാറ്റടികളില്‍നിന്നു തന്നെ ഇവ ചെടിക്കുള്ളില്‍ കടക്കാം. ആക്രമണം ആദ്യദശയിലാണെങ്കില്‍ കൂമ്പുണക്കവും താമസിച്ചാണെങ്കില്‍ മണികളെല്ലാം പതിരായ വെണ്‍കതിരും കാണാം. വെണ്‍കതിര്‍ അധികവും രണ്ടാം വിളക്കാലത്താണു കാണുക.
ചിനപ്പുപൊട്ടുന്ന സമയം
ഈ സമയത്തെ പ്രധാന ശത്രുക്കള്‍ ഗാളീച്ചയും ഓലചുരുട്ടിപ്പുഴുവുമാണ്. ഗാളീച്ചയുടെ പുഴുക്കളും ഞാറ്റടിയില്‍നിന്നു തന്നെ ചെടിക്കുള്ളില്‍ കടക്കാം. ഗാളീച്ച ആക്രമിച്ചാല്‍ കതിരിനു പകരം വെളുത്ത് ചന്ദനത്തിരിപോലെയുള്ള ഒരുതരം കുഴലാകും പുറത്തു ചാടുക. ഗാളീച്ചയുടെ ഉപദ്രവം മൂലം ഒരു ചെടിയില്‍നിന്നും ധാരാളം ചിനപ്പുകള്‍ പൊട്ടുമെങ്കിലും അവയിലൊന്നും നല്ല കതിരുണ്ടാകുകയില്ല. കൊടിയോല പ്രായത്തിലാണ് ഓലചുരുട്ടിപ്പുഴുക്കളുടെ അരങ്ങേറ്റം. നെല്ലോലകള്‍ മടക്കിയും തമ്മില്‍ ചേര്‍ത്ത് ചുരുട്ടിയും ഉള്ളിലിരുന്ന് ഓല മുഴുവനും തിന്നുനശിപ്പിക്കും. ഓലകളിലെ പച്ചനിറം നഷ്ടപ്പെടുന്നതു കൊണ്ടുള്ള നഷ്ടം വളരെ കൂടുതലായിരിക്കും.
കതിര്‍ നിരന്ന് പാലുറയ്ക്കുന്നതുവരെ
ഈ സമയത്താണ് ചാഴിയുടെ ആക്രമണം പ്രതീക്ഷിക്കേണ്ടത്. ചില പ്രത്യേക കാലാവസ്ഥയിലാണ് ചാഴികള്‍ വര്‍ധിക്കുക. ഒന്നാം വിളക്കാലത്ത് മുഞ്ഞ (ബ്രൗണ്‍ഹോപ്പര്‍)യുടെ ഉപദ്രവം ഉണ്ടാകാം. കതിര്‍നിരന്ന് പാലുറയ്ക്കുന്നതോടു കൂടി ഇവ പാടത്തു പ്രത്യക്ഷപ്പെടാം. നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടികള്‍ ഉണങ്ങിക്കരിയുന്നു. പാടത്ത് നെല്‍ച്ചെടികള്‍ വട്ടംവട്ടമായി കരിഞ്ഞു കിടക്കുന്നതായി കണ്ടാല്‍ മുഞ്ഞ ഉണ്ടോ എന്നു പരിശോധിക്കണം.
മേല്‍പ്പറഞ്ഞ കീടങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ കൃഷി പരിചരണമുറകളാണ് ആദ്യം സ്വീകരിക്കേണ്ടത്. അവ ഫലപ്രദമല്ലാത്ത തരത്തില്‍ കൃമി-കീടങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ കീടനാശിനികള്‍ ഉപയോഗിക്കേണ്ടിവരും. ഇതിന് തരിരൂപത്തിലുള്ളതും ദ്രാവകരൂപത്തിലുള്ളതുമായ ധാരാളം കീടനാശിനികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. കീടങ്ങള്‍ നെല്‍ച്ചെടികളുടെ പുറമേ മാത്രം ആക്രമണം നടത്തുന്നവയാണോ അതോ ചെടിക്കുള്ളില്‍ കയറി ഉപദ്രവം ഉണ്ടാക്കുന്നവയാണോ എന്നു തിരിച്ചറിഞ്ഞശേഷം വേണം കീടനാശിനികള്‍ തിരഞ്ഞെടുക്കാന്‍. ഉപയോഗിക്കുമ്പോള്‍ മരുന്നിന്‍റെ അളവ്, ചേര്‍ക്കേണ്ട വെള്ളം, തളിക്കേണ്ട സമയം, സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.
www.karshikarangam.com