നെല്ല് : രോഗനിയന്ത്രണം


 

 

അധിക വിളവു തരുന്ന നെല്ലിനങ്ങള്‍ക്ക് കീടബാധയെ ചെറുക്കാന്‍ ജന്മനാ കഴിവ് കുറവാണ്. നമ്മുടെ കാലാവസ്ഥ, വിവിധ കൃഷിരീതികള്‍, വര്‍ധിച്ച തോതിലുള്ള പാക്യജനകവളപ്രയോഗം, കാലം തെറ്റിയ കൃഷി ഇവയെല്ലാം കീടങ്ങളുടെ വംശവര്‍ധനയ്ക്ക് സഹായകമാകുകയും ചെയ്തപ്പോള്‍ സസ്യസംരക്ഷണം ഒരു പ്രശ്നമായിത്തീര്‍ന്നു. കൃഷിനാശം സംഭവിക്കുന്നതു കീടങ്ങളുടെ ആക്രമണത്താലാണോ രോഗബാധകൊണ്ടാണോ എന്നു തിരിച്ചറിഞ്ഞെങ്കിലേ നിവാരണ നടപടികള്‍ ഫലപ്രദമാകൂ.

 

വിരിപ്പുകൃഷിക്കാലത്ത് ഇലപ്പേന്‍, ഇലച്ചാടികള്‍, പട്ടാളപ്പുഴു, കാരവണ്ട്, ഗാളീച്ച, തണ്ടുതുരപ്പന്‍ പുഴു, കുഴല്‍പ്പുഴു, ഓലചുരുട്ടിപ്പുഴു, ചാഴി എന്നീ ക്രമത്തിലാണ് കീടങ്ങള്‍ സാധാരണ കണ്ടുവരുന്നത്. നെല്ലിന്‍റെ വിവിധ വളര്‍ച്ചാദശകള്‍ക്കനുസരണമായി ഇവയുടെ ആക്രമണം ഉണ്ടാകാം. ഞാറ്റടി, നട്ടുകഴിഞ്ഞയുടനെയുള്ള ഒന്നുരണ്ടാഴ്ചക്കാലം, ചിനപ്പുകള്‍ പൊട്ടിത്തുടങ്ങുന്ന സമയം, അടിക്കണ പ്രായം മുതല്‍ പാലുറയ്ക്കുന്നതുവരെയുള്ള സമയം എന്നിവയാണ് വിവിധ വളര്‍ച്ചാദശകള്‍.

 

ഞാറ്റടി 


ഞാറ്റടിയില്‍ പ്രധാനമായും കണ്ടുവരുന്നത് ഇലപ്പേന്‍, ഇലച്ചാടികള്‍, പട്ടാളപ്പുഴു എന്നിവയാണ്. പൊടിഞാറ്റടിയില്‍ ഇലപ്പേന്‍ കൂടുതലായിരിക്കും. നെല്ലോലകളുടെ അറ്റത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതുകൊണ്ട് ഇളം ഓലകള്‍ മഞ്ഞനിറമായി തീരുമെന്നു മാത്രമല്ല ഓലകളുടെ അറ്റം ചുരുണ്ട് സൂചിപോലെ കൂര്‍ത്തിരിക്കുകയും ചെയ്യും. ഓലകളിലൂടെ നനവുള്ള കയ്യോടിച്ചാല്‍ ഇവ കൈയില്‍ പറ്റിപ്പിടിക്കുന്നതായി കാണാം. പൊടി വിതച്ച പാടത്തും ഈ സമയത്ത് ഇവയെ കാണാം.
ഇലച്ചാടികളും നെല്ലോലയിലെ നീരൂറ്റികുടിക്കുന്നവയാണ്. ഞാറ്റടിയിലെയും പാടത്തെയും നെല്ല് മുഴുവന്‍ ഒറ്റരാത്രിക്കൊണ്ട് തിന്നുതീര്‍ക്കുന്നവയാണ് പട്ടാളപ്പുഴുക്കള്‍. പേരന്വര്‍ത്ഥമാക്കുന്നതുപോലെ ഒരു ബറ്റാലിയനായി വന്നാണിവയുടെ ആക്രമണം. ആക്രമണം രാത്രികാലങ്ങളിലാണ്. ഇവ എല്ലാ കൊല്ലവും പ്രത്യക്ഷപ്പെടാറില്ല.

 

വിതച്ചോ നടീലിനോ ശേഷമുള്ള രണ്ടാഴ്ചക്കാലം


ഈ സമയത്തും ഇലച്ചാടികളെ കാണാമെങ്കിലും പ്രധാന കീടങ്ങള്‍ കാരവണ്ടും കുഴല്‍പ്പുഴുവും തണ്ടുതുരപ്പന്‍ പുഴുവും തന്നെ. നീലവണ്ടിന്‍റെ ആക്രമണവും ചില സമയങ്ങളില്‍ രൂക്ഷമാകാം. ഇല നെല്ലോലകളിലെ പച്ചനിറം കാര്‍ന്നുതിന്നുന്നതുമൂലം ഓലകളില്‍ വെളുത്ത വരകള്‍ ബാക്കി നില്‍ക്കുന്നു. മുറിച്ച നെല്ലോലകള്‍കൊണ്ട് കുഴലുണ്ടാക്കി അതിനുള്ളില്‍ കൂടിയിരിക്കുന്ന പുഴുക്കള്‍ ഓലകളില്‍ തൂങ്ങിക്കിടന്ന് ഓലയുടെ പച്ചഭാഗം തിന്നുനശിപ്പിക്കും. കുഴല്‍പ്പുഴു തിന്നുതീര്‍ന്ന നെല്‍ച്ചെടികള്‍ നരച്ചിരിക്കുന്നതായി തോന്നും. മാത്രമല്ല ചെടികള്‍ കുറ്റിച്ച് മുരടിച്ചു നില്‍ക്കുകയും ചെയ്യും. തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം മൂലം വിരിപ്പുവിളക്കാലത്ത് നെല്‍ച്ചെടിയുടെ കൂമ്പ് ചുരുണ്ടുണങ്ങി വളര്‍ച്ച മുരടിച്ചിരിക്കും. കൂമ്പുണക്കം എന്നാണിതിനു പറയുന്നതുതന്നെ. ഞാറ്റടികളില്‍നിന്നു തന്നെ ഇവ ചെടിക്കുള്ളില്‍ കടക്കാം. ആക്രമണം ആദ്യദശയിലാണെങ്കില്‍ കൂമ്പുണക്കവും താമസിച്ചാണെങ്കില്‍ മണികളെല്ലാം പതിരായ വെണ്‍കതിരും കാണാം. വെണ്‍കതിര്‍ അധികവും രണ്ടാം വിളക്കാലത്താണു കാണുക.

 

ചിനപ്പുപൊട്ടുന്ന സമയം


ഈ സമയത്തെ പ്രധാന ശത്രുക്കള്‍ ഗാളീച്ചയും ഓലചുരുട്ടിപ്പുഴുവുമാണ്. ഗാളീച്ചയുടെ പുഴുക്കളും ഞാറ്റടിയില്‍നിന്നു തന്നെ ചെടിക്കുള്ളില്‍ കടക്കാം. ഗാളീച്ച ആക്രമിച്ചാല്‍ കതിരിനു പകരം വെളുത്ത് ചന്ദനത്തിരിപോലെയുള്ള ഒരുതരം കുഴലാകും പുറത്തു ചാടുക. ഗാളീച്ചയുടെ ഉപദ്രവം മൂലം ഒരു ചെടിയില്‍നിന്നും ധാരാളം ചിനപ്പുകള്‍ പൊട്ടുമെങ്കിലും അവയിലൊന്നും നല്ല കതിരുണ്ടാകുകയില്ല. കൊടിയോല പ്രായത്തിലാണ് ഓലചുരുട്ടിപ്പുഴുക്കളുടെ അരങ്ങേറ്റം. നെല്ലോലകള്‍ മടക്കിയും തമ്മില്‍ ചേര്‍ത്ത് ചുരുട്ടിയും ഉള്ളിലിരുന്ന് ഓല മുഴുവനും തിന്നുനശിപ്പിക്കും. ഓലകളിലെ പച്ചനിറം നഷ്ടപ്പെടുന്നതു കൊണ്ടുള്ള നഷ്ടം വളരെ കൂടുതലായിരിക്കും.

 

കതിര്‍ നിരന്ന് പാലുറയ്ക്കുന്നതുവരെ


ഈ സമയത്താണ് ചാഴിയുടെ ആക്രമണം പ്രതീക്ഷിക്കേണ്ടത്. ചില പ്രത്യേക കാലാവസ്ഥയിലാണ് ചാഴികള്‍ വര്‍ധിക്കുക. ഒന്നാം വിളക്കാലത്ത് മുഞ്ഞ (ബ്രൗണ്‍ഹോപ്പര്‍)യുടെ ഉപദ്രവം ഉണ്ടാകാം. കതിര്‍നിരന്ന് പാലുറയ്ക്കുന്നതോടു കൂടി ഇവ പാടത്തു പ്രത്യക്ഷപ്പെടാം. നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടികള്‍ ഉണങ്ങിക്കരിയുന്നു. പാടത്ത് നെല്‍ച്ചെടികള്‍ വട്ടംവട്ടമായി കരിഞ്ഞു കിടക്കുന്നതായി കണ്ടാല്‍ മുഞ്ഞ ഉണ്ടോ എന്നു പരിശോധിക്കണം.
മേല്‍പ്പറഞ്ഞ കീടങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ കൃഷി പരിചരണമുറകളാണ് ആദ്യം സ്വീകരിക്കേണ്ടത്. അവ ഫലപ്രദമല്ലാത്ത തരത്തില്‍ കൃമി-കീടങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ കീടനാശിനികള്‍ ഉപയോഗിക്കേണ്ടിവരും. ഇതിന് തരിരൂപത്തിലുള്ളതും ദ്രാവകരൂപത്തിലുള്ളതുമായ ധാരാളം കീടനാശിനികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. കീടങ്ങള്‍ നെല്‍ച്ചെടികളുടെ പുറമേ മാത്രം ആക്രമണം നടത്തുന്നവയാണോ അതോ ചെടിക്കുള്ളില്‍ കയറി ഉപദ്രവം ഉണ്ടാക്കുന്നവയാണോ എന്നു തിരിച്ചറിഞ്ഞശേഷം വേണം കീടനാശിനികള്‍ തിരഞ്ഞെടുക്കാന്‍. ഉപയോഗിക്കുമ്പോള്‍ മരുന്നിന്‍റെ അളവ്, ചേര്‍ക്കേണ്ട വെള്ളം, തളിക്കേണ്ട സമയം, സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം. 
 

രോഗങ്ങള്‍, നിയന്ത്രണമാര്‍ഗങ്ങള്‍


അധിക വിളവു തരുന്ന നെല്ലിനങ്ങള്‍ക്ക് രോഗബാധയെ ചെറുക്കാന്‍ ജന്മനാ കഴിവ് കുറവാണ്. നമ്മുടെ കാലാവസ്ഥ, വിവിധ കൃഷിരീതികള്‍, വര്‍ധിച്ച തോതിലുള്ള പാക്യജനകവളപ്രയോഗം, കാലം തെറ്റിയ കൃഷി ഇവയെല്ലാം രോഗങ്ങളുടെ വര്‍ധനയ്ക്ക് സഹായകമാകുകയും ചെയ്തപ്പോള്‍ സസ്യസംരക്ഷണം ഒരു പ്രശ്നമായിത്തീര്‍ന്നു. കൃഷിനാശം സംഭവിക്കുന്നതു കീടങ്ങളുടെ ആക്രമണത്താലാണോ രോഗബാധകൊണ്ടാണോ എന്നു തിരിച്ചറിഞ്ഞെങ്കിലേ നിവാരണ നടപടികള്‍ ഫലപ്രദമാകൂ.

 

കീടങ്ങളെപ്പോലെ രോഗങ്ങളും പാടത്തു പ്രത്യക്ഷപ്പെടുന്നതിന് ഒരു ക്രമം ഉണ്ട്. വിരിപ്പുവിളയിലെ ക്രമം ബ്ലാസ്റ്റ്, പോളരോഗം, ബാക്ടീരിയമൂലമുള്ള ഓലകരിച്ചില്‍, പോള അഴുകല്‍, കുലവാട്ടം, പുള്ളിക്കുത്തു രോഗം എന്നിവയാണ്. മുണ്ടകന്‍ കൃഷിയിലെ ക്രമം പുള്ളിക്കുത്തു രോഗം, ബ്ലാസ്റ്റ്, ബാക്ടീരിയമൂലമുള്ള അഴുകല്‍, പോളരോഗം, പോള അഴുകല്‍ എന്നിവയാണ്. പുഞ്ചകൃഷിക്കാലം പൊതുവെ രോഗവിമുക്തമാണ്.

 

ബ്ലാസ്റ്റ്


നെല്ലോലകളിലും കതിരിന്‍റെ കഴുത്തിലുമാണ് ഈ രോഗത്തിന്‍റെ ആക്രമണമുണ്ടാകുക. കതിരിന്‍റെ കഴുത്തില്‍ ഉണ്ടാകുന്ന രോഗബാധയ്ക്കാണ് കുലവാട്ടമെന്നു പറയുന്നത്. വിരിപ്പുകൃഷിക്കാലത്ത് ബ്ലാസ്റ്റ് രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് പൊടിഞാറ്റടിയിലോ പൊടിവിതയിലോ ആണ്. വിത്തു വിതച്ച് മൂന്നാഴ്ചയാകുമ്പോള്‍ നെല്ലോലകളില്‍ നീലകലര്‍ന്ന തവിട്ടുപുള്ളിക്കുത്തുകളുണ്ടാകുകയും  ക്രമേണ ഓല കരിഞ്ഞുപോകുകയും ചെയ്യും. മഴ കുറവായി മണ്ണുവരണ്ടിരുന്നാല്‍ രോഗത്തെ തടുക്കാനുള്ള ചെടികളുടെ ശക്തി കുറയും. പറിച്ചു നടുന്ന പാടങ്ങളില്‍ രോഗതീവ്രത കുറവായിരിക്കും. കതിരാകുന്ന സമയത്ത് കതിരിന്‍റെ കഴുത്തില്‍ രോഗകാരണമായ കുമിള്‍ മൂലം കറുപ്പുനിറം ബാധിക്കുകയും കതിര്‍ ഒടിഞ്ഞുവീഴുകയും ചെയ്യും. രോഗബാധയേറ്റ കതിരില്‍ പതിരോ തൂക്കം കുറഞ്ഞ നെല്‍മണികളോ ആണ് ബാക്കിയുണ്ടാകുക.

 

പോളരോഗം


വിതച്ചതോ നട്ടതോ ആയ പാടങ്ങളില്‍ ചെടികളില്‍ ചിനപ്പു പൊട്ടുന്ന സമയത്താണ് പോളരോഗം പ്രത്യക്ഷപ്പെടുന്നത്. ചെടികളില്‍ ജലനിരപ്പിനു മുകളിലായി പോളകളിലും തണ്ടുകളിലും പച്ചകലര്‍ന്ന തവിട്ടുനിറത്തോടു കൂടിയ പാടകളോ പുള്ളിക്കുത്തുകളോ ഉണ്ടായി ചെടിയുടെ മുകളിലേക്കും ഓലകളിലേക്കും വ്യാപിച്ചുകാണുന്നതാണ് രോഗലക്ഷണം. നെല്‍ചെടികള്‍ ഇടതിങ്ങി വളരുമ്പോഴാണ് രോഗത്തിനു ശക്തികൂടുന്നത്. രോഗം അധികമായാല്‍ ചെടികള്‍ മുഴുവനായും ഉണങ്ങി കരിയാനിടയുണ്ട്.

 

ബാക്ടീരിയല്‍ ഓലകരിച്ചില്‍


കൊടിയോല പ്രായം മുതല്‍ നെല്ലുകതിരിടുന്നതുവരെയാണ് ബാക്ടീരിയല്‍ ബ്ലൈറ്റ് എന്ന രോഗം വിരിപ്പുകൃഷികാലത്ത് സാധാരണ കണ്ടുവരുന്നത്. നെല്ലോലകള്‍ മഞ്ഞനിറമാര്‍ന്നു കരിഞ്ഞുണങ്ങുന്നതാണ് രോഗത്തിന്‍റെ പൊതുലക്ഷണം. എന്നാല്‍ രണ്ടാംവിളകാലത്ത് പറിച്ചുനട്ട് ഒരു മാസമാകുമ്പോള്‍ ചെറുതൈകള്‍ വാടി അഴുകി നശിക്കുന്ന മറ്റൊരു ലക്ഷണവും ഈ രോഗത്തിനുണ്ട്. മഴക്കാലം ഈ രോഗവ്യാപനത്തെ വളരെ സഹായിക്കും. രോഗബാധ വളരെ നേരത്തെയാണെങ്കില്‍ കതിരില്‍ നല്ല ഒരു ശതമാനം പതിരോ തൂക്കം കുറഞ്ഞ നെല്‍മണികളോ ആകും അവശേഷിക്കുക. രോഗബാധ താമസിച്ചാണെങ്കില്‍ നഷ്ടം കുറവായിരിക്കും.

 

പോള അഴുകല്‍


നെല്ലു കതിരാകുന്നതോടുകൂടി കതിരിനെ പൊതിഞ്ഞിരിക്കുന്ന അവസാനത്തെ പോളയില്‍ ചാരനിറം കലര്‍ന്ന വലിയ കറുത്ത പാടുകളുണ്ടാകുന്നതാണു രോഗലക്ഷണം. രോഗബാധ അധികമായാല്‍ കതിര്‍ പുറത്തു ചാടാനാകാതെ വരികയും ചാടിയവയിലധികവും പതിരായിത്തീരുകയും ചെയ്യും.

 

പുള്ളിക്കുത്തു രോഗം


ഒന്നാം വിളക്കാലത്ത് നെല്‍മണികളെ ബാധിക്കുന്ന ഒരു രോഗമാണ് പുള്ളിക്കുത്തുരോഗം. രോഗകാരണമായ കുമിള്‍ കതിരിലെ ഏതാനും നെല്‍മണികളെ ബാധിച്ച് അവ കറുത്തനിറമായി തീരുന്നതാണ് രോഗലക്ഷണം. രണ്ടാം വിളക്കാലത്ത് ഞാറ്റടിയിലെ നെല്‍ച്ചെടികളുടെ ഓല മുഴുവന്‍ ബ്രൗണ്‍നിറത്തിലുള്ള പുള്ളിക്കുത്തുകള്‍ വ്യാപിച്ച് ചെടികള്‍ മുഴുവന്‍ ഉരുകി നശിച്ചുപോകാനിടയുണ്ട്. അതോടൊപ്പം തന്നെ കൊടിയോല പ്രായത്തിനുശേഷം ഓലകളില്‍ വട്ടത്തിലുള്ള കറുത്ത പൊട്ടുകള്‍ ധാരാളമുണ്ടായി വൈക്കോലിന്‍റെ ഗുണം കുറയാനും ഇടവരുത്തുന്നു.

 

രോഗനിയന്ത്രണം
 

 

പ്രതിരോധശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ കൃഷിചെയ്യുന്നതാണ് രോഗത്തെ തടുക്കാനുള്ള പ്രഥമ മാര്‍ഗം. ജ്യോതി, ഭാരതി, കൈരളി, കാഞ്ചന, ആതിര, ഐശ്വര്യ എന്നിവ ബ്ലാസ്റ്റ് രോഗത്തെ തടയാന്‍ കെല്പുള്ളവയാണ്. ഇതില്‍ ജ്യോതി ഒഴികെയുള്ള മറ്റിനങ്ങള്‍ക്കു പോളരോഗത്തെ തടുക്കാനും ശേഷിയുണ്ട്. പാക്യജനകവളങ്ങള്‍ അധികമായാല്‍ ഏതു രോഗവും വര്‍ധിക്കുന്നതിനാല്‍ അവയുടെ ഉപയോഗത്തില്‍ മിതത്വം ആവശ്യമാണ്. രോഗനിവാരണത്തിനു കുമിള്‍നാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്തു വേണ്ട തോതില്‍ തന്നെ മരുന്നും വെള്ളവും ഉപയോഗിച്ചിരിക്കണം. പാടത്തെ എല്ലാ ചെടികളിലും മരുന്നു വീഴാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 500 ലിറ്റര്‍ വെള്ളം വേണം.

 

ബ്ലാസ്റ്റ് രോഗത്തിനെതിരെ ഒരു ഹെക്ടറിനു തളിക്കേണ്ട മരുന്നുകളാണ് താഴെപ്പറയുന്നവ. ഇവയില്‍ ഏതെങ്കിലും ഒരു മരുന്നുപയോഗിച്ചാല്‍ മതിയാകും.

   
   ബാവിസ്റ്റിന്‍ 50.W.P.     500 ഗ്രാം
   ഹിനോസാന്‍ 50 E.C.     500മി.ലിറ്റര്‍
   ടോപ്സിന്‍ എം    500ഗ്രാം
   


 പോളരോഗത്തിനെതിരെ മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്കു പുറമേ താഴെ നിര്‍ദേശിച്ചവയും ഉപയോഗിക്കാം.

   
   കോണ്‍ടാഫ് 5. ഇസി    800-1000മി.ലിറ്റര്‍
   വാലിഡാസിന്‍ 3എല്‍    1000 മി.ലിറ്റര്‍
   ഫോള്‍ടാഫ് 50 W.P.    1500 ഗ്രാം
   


പോളരോഗത്തിനെതിരെ മരുന്നു തളിക്കുമ്പോള്‍ ചെടികളുടെ ചുവട്ടില്‍ തന്നെ മരുന്നുവീഴാന്‍ ശ്രദ്ധിക്കണം. രണ്ടുതവണ മരുന്നു തളിക്കേണ്ടി വന്നാല്‍ ഓരോ മരുന്നു തളിക്കാതെ മരുന്നുകള്‍ മാറിമാറി തളിയ്ക്കുന്നതാണ് നല്ലത്. പാക്യജനകവിളങ്ങളുടെ അളവ് കുറയ്ക്കുകയും പൊട്ടാഷ് വളങ്ങളുടെ തോത് കൂട്ടുകയും ചെയ്യുന്നത് രോഗ നിയന്ത്രണത്തിന് അനുപേക്ഷണീയമാണ്.

 

പോള അഴുകലിനും പുള്ളിക്കുത്തു രോഗത്തിനുമെതിരെ തളിക്കാന്‍ മുമ്പുപറഞ്ഞ മരുന്നുകള്‍ക്കു പുറമേ താഴെപ്പറയുന്നവയും ഉപയോഗിക്കാം.

   
   ഇന്‍ഡോഫില്‍ എം. 45    2 കി.ഗ്രാം
   ഡൈത്തേന്‍ Z    2 കി.ഗ്രാം
   


ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിലിനെതിരെ താഴെപ്പറയുന്ന ആന്‍റിബയോട്ടിക് മരുന്നുകളില്‍ ഏതെങ്കിലുമൊന്നു പ്രയോഗിക്കാം.

   
   സ്ട്രെപ്റ്റോ സൈക്ലീന്‍     15 ഗ്രാം/300 ലി. വെള്ളം
   പ്ലാന്‍ടോമൈസിന്‍     750 ഗ്രാം 500/ലിറ്റര്‍ വെള്ളം
   


ബാക്ടീരിയല്‍ രോഗത്തിനെതിരെ പച്ചച്ചാണക വെള്ളം തളിക്കുന്നതു വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഇതുപത് ഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ തെളിവെള്ളമാണിതിന് ഉപയോഗിക്കേണ്ടത്.


കളനാശിനി, കീടനാശിനി, കുമിള്‍നാശിനി എന്നിവ തളിക്കുമ്പോള്‍ മൂക്കും വായും മൂടിക്കെട്ടേണ്ടത് ആവശ്യമാണ്. മരുന്നു തളിക്കുമ്പോള്‍ പുകവലിക്കുകയോ തളിച്ച സ്ഥലത്തുകൂടി വീണ്ടും നടക്കാന്‍ ഇടവരികയോ ചെയ്യരുത്. മരുന്നുതളിക്കുശേഷം സോപ്പുപയോഗിച്ച് ദേഹശുദ്ധി വരുത്തേണ്ടതാണ്. ഉച്ചസമയത്ത് മരുന്നു തളിക്കാതിരിക്കുകയും പവ്വര്‍ സ്പ്രേയര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകള്‍ കുറ്റിപ്പമ്പ് ഉപയോഗിച്ച് തളിക്കുകയും വേണം.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145044