നെല്ല് : കീട-രോഗനിയന്ത്രണ ബദല്‍ മാര്‍ഗങ്ങള്‍


കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാന്‍ മരുന്നുതളി എന്ന അവസാനവാക്കിലേക്ക് ആദ്യമേ ചാടാതെ മറ്റു മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. ഒട്ടും അധികചെലവില്ലാതെ നാമനുവര്‍ത്തിച്ചു വരുന്ന കാര്‍ഷികമുറകളില്‍ ശ്രദ്ധകൊടുത്താല്‍ ഇതു സാധിച്ചെടുക്കാം. സൂക്ഷ്മനിരീക്ഷണവും പരിശോധനകളുംകൊണ്ട് രോഗകീടങ്ങളെ തിരിച്ചറിഞ്ഞുവേണം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍, സംയോജിത കീട-രോഗനിയന്ത്രണം എന്ന ആശയമാണിതിന്‍റെ ആണിക്കല്ല്. ഇതിനുള്ള ശുപാര്‍ശകള്‍ താഴെ കൊടുക്കുന്നു.

 

  • തണ്ടുതുരപ്പന്‍പുഴുവിന്‍റെ ആക്രമണത്തെ നിയന്ത്രിക്കാന്‍ വയലില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതു നല്ലതാണ്. എന്നാല്‍ വയലിലെ വെള്ളം വാര്‍ത്തുകളയുന്നതാണ് കുഴല്‍പുഴുവിനെയും ബ്രൗണ്‍ഹോപ്പറിനെയും നിയന്ത്രിക്കാനുള്ള മാര്‍ഗം.

 

  • ഞാറിന്‍റെ തലമുറിച്ചു കളയുന്നത് ഇലപ്പേനിനെയും തണ്ടുതുരപ്പന്‍ പുഴുവിനെയും ഒരു പരിധിവരെ നിയന്ത്രിക്കുമെങ്കിലും ബാക്ടീരിയാ മൂലമുള്ള ഓലകരിച്ചില്‍ സ്ഥിരമായുള്ള സ്ഥലങ്ങളില്‍ ഈ രീതി ആശാസ്യമല്ല. ഓലകളിലുണ്ടായ മുറിവുകളിലൂടെ രോഗഹേതുവായ അണു ചെടിക്കുള്ളില്‍ പ്രവേശിക്കുന്നതാണിതിനു കാരണം.

 

  • അമിതമായ നൈട്രജന്‍ വളരെപ്രയോഗം മുഞ്ഞ, ഓലചുരുട്ടിപ്പുഴു എന്നീ കീടങ്ങളുടെയും മിക്കവാറും എല്ലാ രോഗങ്ങളുടെയും തീവ്രത വര്‍ധിപ്പിക്കുമെന്നതിനാല്‍ അവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളാവശ്യമാണ്. തവണകളായി യൂറിയ കൊടുക്കുക, യൂറിയ മണ്ണുമായോ പൊടിച്ച വേപ്പിന്‍പിണ്ണാക്കുമായോ കലര്‍ത്തി കൊടുക്കുക എന്നീ നിര്‍ദേശങ്ങളാണിവിടെ സ്വീകാര്യമായത്.

 

  • പൊട്ടാഷ് വളങ്ങള്‍ രോഗതീവ്രതക്കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കരുത്. മണല്‍മണ്ണില്‍ നിര്‍ദേശിച്ചതില്‍ പകുതി കൂടെ പൊട്ടാഷ് ചേര്‍ക്കുന്നത് പോളരോഗത്തെ തടയും.

 

  • വേനല്‍ക്കാലത്ത് വയല്‍ ഉഴുതിട്ടാല്‍ മണ്ണിലും ചെടികളുടെ കുറ്റിയിലും കഴിയുന്ന പട്ടാളപ്പുഴുവിനെയും വരമ്പുകളിലെ കളകളും പുല്ലുകളും നശിപ്പിച്ചാല്‍ ഇലച്ചാടികള്‍, ഗാളീച്ച, കാരവണ്ട്, ചാഴി എന്നിവയുടെ വര്‍ധനയെയും തടയാനാകും.

 

  • ഒരേ സമയത്ത് കതിര്‍ നിരക്കുന്നവിധം അയലൊപ്പിച്ച് കൃഷി ചെയ്താല്‍ ചാഴിയുടെ ഉപദ്രവം കുറഞ്ഞിരിക്കും.

 

  • പ്രതിരോധശക്തിയുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്താല്‍ മുഞ്ഞയെ നിയന്ത്രണവിധേയമാക്കാം.

 

  • ഒരേ പാടശേഖരത്തില്‍ ഒരേ മൂപ്പിലുള്ള വിത്താണ് കൃഷിയിറക്കിയിട്ടുള്ളതെങ്കില്‍ കീട-രോഗബാധ ഗണ്യമായി കുറയ്ക്കാനിടയാകും.

 

  • ഒന്നാം വിള ജൂലൈ 15നു മുമ്പും (പൂയം ഞാറ്റുവേലയ്ക്കു മുമ്പ്) രണ്ടാംവിള ഒക്ടോബര്‍ 15നു മുമ്പും (കന്നി-ചിത്തിരയില്‍) നടാനായാല്‍ തണ്ടുതുരപ്പന്‍ പുഴു, ഗാളീച്ച എന്നീ കീടങ്ങളില്‍ നിന്നും മറ്റു പ്രതികൂല സാഹചര്യങ്ങളില്‍നിന്നും നെല്‍ച്ചെടികളെ രക്ഷിക്കാനാകും.

 

കീടനിയന്ത്രണത്തിന്‍റെ കാര്യത്തിലെന്നപോലെ രോഗനിയന്ത്രണത്തിലും മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കാം.

 

  • പാക്യജനകവളങ്ങള്‍ നെല്ലുരോഗ വര്‍ധനയ്ക്കു കാരണമാകുന്നതുപോലെ പൊട്ടാഷ് വളങ്ങള്‍ രോഗനിയന്ത്രണത്തിനുതകുമെന്നതിനാല്‍ ഇവയുടെ ഉപയോഗത്തില്‍ ശ്രദ്ധ കൂടിയേതീരൂ.

 

  • ഞാറ്റടിയില്‍ ഉമിച്ചാരം ചേര്‍ത്താല്‍ കീട-രോഗപ്രതിരോധശക്തിയുള്ള ഞാര്‍ കിട്ടാന്‍ സഹായിക്കും.

 

  • നിര്‍ദേശിച്ചതിലും കുറഞ്ഞ അകലത്തില്‍ നെല്‍ച്ചെടികള്‍ നട്ടാല്‍ പോളരോഗം വ്യാപിക്കുമെന്നതിനാല്‍ നടുന്ന അകലം ശ്രദ്ധിക്കണം.

 

  • വയലില്‍ വെള്ളം കെട്ടിനില്‍ക്കാതിരുന്നാല്‍ പോളരോഗം, പുള്ളിക്കുത്തുരോഗം, ബാക്ടീരിയല്‍ ബ്ലൈറ്റ് എന്നിവ നിയന്ത്രണവിധേയമാക്കാം.

 

  • വയലിലെ പുളിരസം ഒഴിവാക്കാന്‍ കുമ്മായം ചേര്‍ക്കുന്നതു പുള്ളിക്കുത്തുരോഗത്തെ തടയാന്‍ നല്ലതാണ്.

 

  • നെല്ലു കൃഷി ചെയ്യുമ്പോള്‍ ധാരാളമായി മാവിന്‍റെ ഇല, ശീമക്കൊന്ന ഇല തുടങ്ങിയ പച്ചിലവളം ചേര്‍ത്താല്‍ പോളരോഗത്തിനു കാരണമായ കുമിളുകളുടെ വംശവര്‍ധന തടയാനാകും.

 

  • വിരിപ്പു കൃഷിക്കാലത്ത് വരമ്പു ചെത്തി അരിയുന്നതും മുണ്ടകനു വരമ്പ് ചേറുകൊണ്ട് പൊതിയുന്നതും കളകളെ അകറ്റാനും ഞണ്ടിന്‍റെ ഉപദ്രവത്തെ തടയാനുമിട നല്‍കാം.

 

  • വയലിലും വരമ്പിലും വളരുന്ന കളകളിലും രോഗഹേതു കുമിളുകള്‍ ഒളിച്ചു താമസിക്കുന്നതുകൊണ്ട് അവയെ നശിപ്പിക്കാനും ശ്രദ്ധിക്കണം.

 

സസ്യസംരക്ഷണ നടപടികള്‍ക്കു സംയോജിത സമീപനത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. രാസവസ്തുക്കളുടെ അമിതോപയോഗംകൊണ്ടുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും സംയോജിത നടപടികള്‍ സ്വീകരിക്കണം. ഉപദ്രവകാരികളായ കീടങ്ങളോടൊപ്പം ഉപകാരികളായ കീടങ്ങളും പാടത്തു വളരുന്നുണ്ട്. ശത്രുക്കളെ തുരത്തുന്നതും മിത്രങ്ങളെ സംരക്ഷിക്കുന്നതുമായ സമീപനമാണ് സസ്യസംരക്ഷണത്തില്‍ സ്വീകരിക്കേണ്ടത്.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145026