കൊയ്ത്തും ധാന്യസംഭരണവും
ഉണ്ണാനുള്ള നെല്ലായാലും വിത്തിനുള്ളതായാലും ശരിയായ സമയത്തു തന്നെ കൊയ്ത്തു നടത്തിയിരിക്കണം. സാധാരണ ഗതിയില്‍ കതിര്‍ നിരന്ന് 30-45 ദിവസത്തിനുള്ളില്‍ നെല്ല് കൊയ്യാന്‍ പാകമാകും. കൊയ്ത്തിന് ഏകദേശം ഒരാഴ്ച മുമ്പ് വയലിലെ വെള്ളം വാര്‍ത്തു കളയുന്നത് എല്ലാ ഭാഗത്തുമുള്ള നെല്ല് ഒരേ മൂപ്പിലെത്താന്‍ സഹായകമാകും. വിരിപ്പ് കൃഷിക്കാലത്ത് നെല്ല് വെള്ളത്തില്‍ ചാഞ്ഞുവീഴുന്നതും മുണ്ടകനു പാലുറയ്ക്കുന്ന സമയത്ത് വയലില്‍ വെള്ളമില്ലാതെ വരുന്നതും ധാന്യത്തിന്‍റെ മേന്മയെ ബാധിക്കാനിടയുണ്ട്.
കൊയ്യാന്‍ താമസിച്ച് നെല്‍ചെടികള്‍ പാടത്ത് കിടന്ന് അധികമുണങ്ങുന്നതു നല്ലതല്ല. കൊയ്യുന്ന സമയത്ത് നെല്‍മണികളിലെ ജലാംശം തീരെ കുറഞ്ഞിരുന്നാല്‍ അതില്‍നിന്നുള്ള വിത്തിന്‍റെ മുളയ്ക്കാനുള്ള കഴിവും വേഗത്തില്‍ നഷ്ടപ്പെടും. അതുപോലെതന്നെ നെല്ലുകുത്തുമ്പോള്‍ അരിപൊടിഞ്ഞു പോകുകയും ചെയ്യും.
വിത്തിനു കൊയ്ത്തും മെതിയും പ്രത്യേകം
വിത്തായി സൂക്ഷിക്കേണ്ട നെല്ല് കൊയ്യുന്നതിനുമുമ്പ് തന്നെ കൂട്ടുവിത്തൊഴിവാക്കാനായി കള്ളക്കതിരുകള്‍ മാറ്റിക്കളയണം. പറിച്ചു മാറ്റാന്‍ കഴിയാത്ത തോതില്‍ കലര്‍പ്പു കണ്ടാല്‍ വിത്തിനായി മാത്രം കതിര്‍ പ്രത്യേകം കൊയ്യുകയും ബാക്കിയുള്ളവ ഒന്നിച്ചു കൊയ്യുന്നതുമാണു നല്ലത്. വിത്തിനുള്ള നെല്ല് പ്രത്യേകമായി മെതിച്ചെടുക്കണം. കറ്റയിലിരുന്ന് പുഴുങ്ങാന്‍ ഇടവരാതെ അന്നന്നുതന്നെ മെതിക്കുന്നതാണ് നല്ലത്. മെതിക്കളത്തില്‍നിന്നും മറ്റു വിത്തുകള്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണം. വിത്തുണക്കുന്ന പറമ്പില്‍നിന്നും ഉപയോഗിക്കുന്ന കുട്ടകളില്‍നിന്നുമൊക്കെ മറ്റു വിത്ത് കലരാനുള്ള സാധ്യത ഒഴിവാക്കുകയും വേണം.
ഉണ്ണാനുള്ളതായാലും വിത്തിനുള്ളതായാലും നെല്ല് അധികം ഉണക്കാന്‍ പാടില്ല. മുണ്ടകന്‍ കൊയ്യുന്ന കാലത്ത് പാതിയുണങ്ങിയ നെല്ലാണ് പാടത്തുനിന്നും വരുന്നതുതന്നെ. അതു വീണ്ടും ഉണക്കുന്നത് ആവശ്യത്തിനു മാത്രമേ ആകാവൂ. ഉണക്കമധികമായാല്‍ വിത്തിന്‍റെ മുളയ്ക്കാനുള്ള കഴിവ് വേഗത്തില്‍ നഷ്ടപ്പെടും. മൂപ്പ് കുറഞ്ഞ ഇനങ്ങള്‍ക്കാണീ ദോഷം അധികം വന്നുപെടുക.
വിത്ത് സൂക്ഷിക്കല്‍
പാകത്തിനുണങ്ങിയിട്ടുള്ള വിത്താണെങ്കില്‍ കൂടി ഈര്‍പ്പമടിക്കാനിടയുള്ള സ്ഥലത്ത് സംഭരിച്ചു വെച്ചാല്‍ അന്തരീക്ഷത്തില്‍നിന്നും ഈര്‍പ്പം വലിച്ചെടുത്ത് എളുപ്പം കിളിര്‍പ്പു നഷ്ടപ്പെടാനിടവരും. വിത്തുണക്കി സംഭരിച്ചു വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെപ്പറയുന്നത്.
www.karshikarangam.com