കൊട്ടപ്പാക്ക്
മുഴുവനോടെ അടയ്ക്ക ഉണക്കി എടുക്കുന്ന ഉല്‍പ്പന്നത്തിനു ചാളി അഥവാ കൊട്ടപ്പാക്ക് എന്നാണു പറയുന്നത്. പഴുത്ത അടയ്ക്ക 35-40 ദിവസം വെയിലത്ത് ഉണക്കി തൊണ്ടു കളഞ്ഞ് ഉണക്ക അടയ്ക്കയായി (കൊട്ടപ്പാക്ക്) വില്‍ക്കുന്നു. ഇതിലെ ശരിയായ ജലാംശം ഏതാണ്ട് 12% ആണ്. ഉണക്കു കുറവായാല്‍ പൂപ്പല്‍ബാധ വരികയും ഗുണം കുറയുകയും ചെയ്യും. മോട്ടി, ശ്രീവര്‍ദ്ധന്‍, ജാംനഗര്‍, ജിനി എന്നീ പേരുകളില്‍ വലിപ്പം കൂടിയതുമുതല്‍ ചെറുതുവരെ ക്രമമായി കൊട്ടടയ്ക്കയെ തരംതിരിച്ചിട്ടുണ്ട്. കേരളം, കര്‍ണ്ണാടകം, അസാം, മഹാരാഷ്ട്ര എന്നിവയാണ് ചാളി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. പാക്ക് നെടുകെ രണ്ടായി മുറിച്ച് 10 ദിവസത്തോളം വെയിലത്തുണക്കുന്ന രീതി, പാക്ക് വേഗം ഉണങ്ങുവാനും എളുപ്പത്തില്‍ തൊണ്ടുകളയുവാനും സഹായകമാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ അടയ്ക്ക കുത്തിയെടുത്ത് ഒരിക്കല്‍കൂടി നന്നായുണക്കുന്നു. പരേഹ എന്നറിയപ്പെടുന്ന ഈ ഉല്‍പ്പന്നം കേരളത്തിലും കര്‍ണ്ണാടകത്തിലും പ്രചാരത്തിലുണ്ട്.
യന്ത്രത്തില്‍ ഉണക്കിയും ചാളി നിര്‍മ്മിക്കാം. ഇതുപ്രകാരം 45-750ഇ താപനിലയില്‍ 7-8 ദിവസംകൊണ്ട് 60-70 മണിക്കൂര്‍ നേരം യന്ത്രത്തില്‍ ഉണക്കേണ്ടിവരും. തൊണ്ടു കളയുവാനായി കാസര്‍കോട്ടുള്ള കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്ത അടയ്ക്ക പൊതിക്കാനുളള യന്ത്രവും ഉപയോഗിക്കാം. ഇതുപ്രകാരം 8 മണിക്കൂര്‍കൊണ്ട് ശരാശരി 40 കി.ഗ്രാം ചാളി ഉണ്ടാക്കാന്‍ കഴിയും.
കളിപ്പാക്ക്
സംസ്കരിച്ച പാക്കിന്‍റെ മറ്റൊരു ഇനമാണിത്. കേരളവും കര്‍ണ്ണാടകവുമാണ് കളിപ്പാക്കിന്‍റെ പ്രധാന ഉല്‍പ്പാദകര്‍. മൂപ്പു കുറഞ്ഞ (6-7 മാസം മൂപ്പെത്തിയ) അടയ്ക്ക പറിച്ചു തൊണ്ടു കളഞ്ഞു ചെറിയ കഷണങ്ങളായി അരിഞ്ഞശേഷം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചശേഷം 'കളി' പുരട്ടി ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. (അടയ്ക്ക ചൂടാക്കിയ വെള്ളം നേര്‍പ്പിച്ചതും അടുത്ത ബാച്ചുകളിലെ അടയ്ക്ക തിളപ്പിക്കാനായി ഉപയോഗിക്കാം). കളിയടയ്ക്കയ്ക്കു നല്ല തിളക്കം കിട്ടാനായി 3-4 ആവര്‍ത്തി കളി പുരട്ടി ഉണക്കാവുന്നതാണ്.
ഇങ്ങനെ മൂന്നു നാല് ആവര്‍ത്തി അടയ്ക്ക ചൂടാക്കിയശേഷം കിട്ടുന്ന കട്ടിയുള്ള ദ്രാവകമാണ് 'കളി'. ഒരു പാക്ക് എത്ര കഷണമായി മുറിക്കുന്നു. ആകൃതി, വലിപ്പം തുടങ്ങിയ സമ്പ്രദായങ്ങളെ ആധാരമാക്കി കളിപ്പാക്കിനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. മുഴുവന്‍ അടയ്ക്കയ്ക്ക് 'അപി' അഥവാ 'അണ്ടെ' എന്നും നെടുകെ രണ്ടായി മുറിച്ചതിനെ 'ബറ്റ്ലു' എന്നും നെടുനീളത്തില്‍ പല കഷണങ്ങളായി അരിഞ്ഞതിനെ 'ചൂര്' എന്നും നെടുകെയും കുറുകെയും അരിഞ്ഞതിനെ 'പോഡി' എന്നും കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞതിനെ 'എറേസല്‍' എന്നുമാണു പറയുന്നത്. പച്ചകാമ്പ് വട്ടത്തില്‍ 5-6 കഷണമാക്കി അരിഞ്ഞു കളി പുരട്ടാതെ ഉണക്കി എടുക്കുന്നതിനെ 'ഐലോണ്‍' എന്നു പറയുന്നു. കളിപ്പാക്ക് ഉണ്ടാക്കുമ്പോള്‍ പാക്കിലെ ടാനിന്‍റെ അളവു നല്ലപോലെ കുറയുന്നു. നല്ലതുപോലെ ഉണങ്ങിയ ഇരുണ്ടു തവിട്ടുനിറവും തിളക്കവും ചവയ്ക്കുമ്പോള്‍ തകര്‍ച്ചയും പാകത്തിനു ചവര്‍പ്പും ഉള്ളതും മൂപ്പു കൂടിയതുമായ അടയ്ക്കകള്‍ ഒട്ടും ഇല്ലാത്ത കളിപ്പാക്കിനെയാണ് ഏറ്റവും മുന്തിയ തരമായി കണക്കാക്കുന്നത്.
സുഗന്ധ സുപാരി
ചാളിയില്‍നിന്നും കളിപ്പാക്കില്‍നിന്നും സുപാരി ഉണ്ടാക്കാം. ചാളിയില്‍ നിന്നുണ്ടാക്കുന്ന സുപാരിയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ചാളിയോ കളിപ്പാക്കോ പൊടിച്ചു ചെറിയ നുറുങ്ങുകഷണങ്ങള്‍ ആക്കുകയും, ഇവ സുഗന്ധമസാലകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു യോജിപ്പിച്ച് വെണ്ണക്കടലാസില്‍ (ബട്ടര്‍പേപ്പര്‍) പൊതിയുകയും ചെയ്യുന്നു. അടയ്ക്കാ കഷണങ്ങള്‍ ഒരേപോലെ നന്നായി കലര്‍ത്തുവാനുള്ള എളുപ്പത്തിനു സുഗന്ധവിളകളുടെ പൊടിക്കുപകരം തൈലവും ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തേങ്ങാക്കൊത്ത് ഉണക്കി ചേര്‍ത്താല്‍ പൂപ്പല്‍ബാധ കുറയും. മധുരം കിട്ടാനായി സക്കാരിന്‍ എന്ന പദാര്‍ത്ഥവും ചേര്‍ക്കുന്നുണ്ട്. സുഗന്ധ ദ്രവ്യങ്ങളായി റോസിന്‍റെ സത്തും മെന്തോളും ചേര്‍ത്തുവരുന്നു.
പാള ഉപയോഗിച്ച് ചായപ്പെട്ടി, ഫയല്‍ ബോര്‍ഡ് തുടങ്ങിയവ ഉണ്ടാക്കുവാനുള്ള വിദ്യകള്‍ കാസര്‍കോട്ടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പേപ്പര്‍ പ്ലേറ്റുകള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന പ്ലേറ്റുകള്‍, കപ്പുകള്‍ എന്നിവ കവുങ്ങിന്‍പാളകൊണ്ട് ഉണ്ടാക്കാന്‍ സഹായകരമായ ഒരു യന്ത്രം മൈസൂരിലുള്ള കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണസ്ഥാപനം (ഇഎഠഞക) വികസിപ്പിച്ചെടുത്തിട്ടുണ്ട്.
www.karshikarangam.com