മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ : ചോക്കലേറ്റുകള്‍
വാണിജ്യാടിസ്ഥാനത്തിലുള്ള ചോക്കലേറ്റ് നിര്‍മാണം സംബന്ധിച്ച് കാര്‍ഷികരംഗത്തിലേക്ക് നിരവധി അന്വേഷണങ്ങളാണ് എത്തുന്നത്. അതിനാല്‍ വിശദമായ രീതിയില്‍ ഉത്തരം ചേര്‍ക്കുന്നു. ഇതില്‍ പറയയുന്ന അസംസ്കൃത വസ്തുക്കളായ ചോക്കലേറ്റ് ബാര്‍, ചോക്കലേറ്റ് മോള്‍ഡ് തുടങ്ങിയവ ബേക്കറി സാധനങ്ങള്‍ മൊത്തക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നു വാങ്ങാന്‍ സാധിക്കും. ചോക്കലേറ്റ് നിര്‍മാണം ഓരോ ഘട്ടങ്ങളായി ചുവടെ വിവരിക്കുന്നു.
ആവശ്യമായ സാധനങ്ങള്‍
- മോള്‍ഡുകള്‍-നാലെണ്ണം (ഒരെണ്ണത്തിന് 50 രൂപ വീതം - 200 രൂപ)
- ടെംപേര്‍ഡ് ചോക്ലേറ്റ് ബാര്‍, അല്ലെങ്കില്‍ ചിപ്സ് (ബേക്കറി മെറ്റീരിയല്‍സ് വില്‍ക്കുന്ന കടകളില്‍ ഇതു വാങ്ങാന്‍ കിട്ടും. ഒരു കിലോയുടെ ബാറിന് 200-280 രൂപ വിലയാകും. മാര്‍ക്കറ്റില്‍ മൂന്നതരത്തില്‍ ചോക്ലേറ്റ് ബാറുകള്‍ ലഭ്യമാണ്. മില്‍ക് ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ).
- രണ്ടു പാത്രങ്ങള്‍. ഒന്ന് അടുപ്പില്‍ വയ്ക്കാവുന്നത്. രണ്ടാമത്തേത് ഈ പാത്രത്തിന് മുകളില്‍ നന്നായി ചേര്‍ന്നിരിക്കുന്നത്. (വീട്ടിലുള്ള പാത്രം മതിയാകും.)
പായ്ക്കിങ്ങിന്
1. റാപ്പര്‍ (ചോക്ലേറ്റ് പൊതിയാന്‍) - 20 ചെറിയ കഷണം (വില 40 വലിയ ഷീറ്റിന് 150 രൂപ)
2. റിബണ്‍- ആവശ്യത്തിന് (ഒരു ചെറിയ റോളിന് 35-60 രൂപ)
3. പായ്ക്കിങ് കെയ്സ്- (മൂന്നു രൂപ മുതല്‍ 700 രൂപ വരെയുള്ള പായ്ക്കിങ് മെറ്റീരിയല്‍സ് ഉണ്ട്)
ചെറുത് ഒരെണ്ണത്തിന്- 3 രൂപ
വലുത് ഒരെണ്ണത്തിന്- 7 രൂപ
തയ്യാറാക്കുന്ന രീതി
- അരകിലോ ചോക്ലേറ്റ് ബാര്‍ പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കി പാത്രത്തില്‍ ഇടുക.
- അടുപ്പില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കുക. തിളയ്ക്കരുത്. വെള്ളം ചൂടായ ഈ പാത്രം അടുപ്പില്‍ നിന്ന് മാറ്റുക. അതിനുശേഷം ഈ പാത്രത്തിനു മീതെ ചോക്ലേറ്റ് പീസിട്ട പാത്രം 20 മുതല്‍ 30 മിനിറ്റുവരെ വയ്ക്കുക. മഴക്കാലമാണെങ്കില്‍ മാത്രം വെള്ളപ്പാത്രം ഇടയ്ക്കു ചെറുതീക്കു മുകളില്‍ അല്‍പനേരം വയ്ക്കുക. വെള്ളത്തിലെ ആവി ഒരു കാരണവശാലും ചോക്ലേറ്റില്‍ തട്ടാനിടവരരുത്. ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.
- ചോക്ലേറ്റ് മുഴുവനായി ഉരുകിയശേഷം നന്നായി ഇളക്കണം. സ്പൂണില്‍ കോരി ഒഴിക്കുമ്പോള്‍ നൂലുപോലെ ആകുന്നതാണ് നന്നായി ഉരുകിയ പരുവം.
- ഈ ചോക്ലേറ്റ് മിശ്രിതം സ്പൂണുകൊണ്ട് കോരി മോള്‍ഡില്‍ ഒഴിക്കുക.
- അതിനുശേഷം മോള്‍ഡിന്‍റെ വശങ്ങളില്‍ പിടിച്ച് മേശമേല്‍ അല്ലെങ്കില്‍ ഉറപ്പുള്ള മറ്റേതെങ്കിലും പ്രതലത്തില്‍ ചെറുതായി തട്ടിത്തട്ടി മിശ്രിതം മോള്‍ഡിലെ കുഴികളില്‍ നന്നായി വീണുവെന്ന് ഉറപ്പാക്കുക. കുഴികളില്‍ വായുകുമിള ഉണ്ടെങ്കില്‍ അതു പുറത്തുപോകാനും ഇതു സഹായിക്കും. മോള്‍ഡിനു പുറത്തേക്ക് ചോക്ലേറ്റ് പടര്‍ന്നിട്ടുണ്ടെങ്കില്‍ കൈകൊണ്ട് തുടച്ചുമാറ്റുക. ചോക്ലേറ്റിനു നല്ല ഷേപ്പ് കിട്ടാന്‍ ഇതു സഹായിക്കും.
- ഈ മോള്‍ഡ് 10-20 മിനിറ്റ് ഫ്രിഡ്ജിന്‍റെ താഴെത്തട്ടില്‍ വയ്ക്കുക. ചെറിയ ഷേപ്പുള്ള മോള്‍ഡാണെങ്കില്‍ 10 മിനിറ്റ് മതി. വലുതാണെങ്കില്‍ 15-20 മിനിറ്റ് വേണ്ടിവരും.
- ഫ്രിഡ്ജില്‍ നിന്ന് മോള്‍ഡ് പുറത്തെടുക്കുക. മോള്‍ഡിന്‍റെ അടിഭാഗം നോക്കുക. അവിടെ ഈര്‍പ്പം ഉണ്ടെങ്കില്‍ ചോക്ലേറ്റ് റെഡിയായിക്കഴിഞ്ഞു എന്നര്‍ത്ഥം.
- പ്ലേറ്റ് അല്ലെങ്കില്‍ വൃത്തിയുള്ള പ്രതലത്തിനു മേല്‍ മോള്‍ഡ് കമഴ്ത്തിപ്പിടിച്ചു പുറത്തു തട്ടുക. ചോക്ലേറ്റ് അടര്‍ന്നു താഴെ വീഴും. ഇത് 8 മുതല്‍ 12 മണിക്കൂര്‍ വരെ അന്തരീക്ഷ ഊഷ്മാവില്‍ തുറന്നു വയ്ക്കണം. എങ്കിലേ ഇതിലെ ഈര്‍പ്പം പൂര്‍ണമായും പോകൂ. നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ അലൂമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് നല്ല പായ്ക്കിങ്ങിലാക്കി വില്‍ക്കാം. ഉടനെ വില്‍ക്കുന്നില്ല എങ്കില്‍ ഫോയില്‍ പേപ്പറില്‍ പൊതിയേണ്ട. പകരം വായു കടക്കാത്ത ടിന്നില്‍ അടച്ചുവച്ചിരുന്നാല്‍ മതി. രണ്ടര മാസം വരെ ഇങ്ങനെ കേടുകൂടാതെ ഇരിക്കും. ഫ്രിഡ്ജില്‍ വയ്ക്കരുത്.
- വിവിധ നിറത്തിലുള്ള ഫോയില്‍ പേപ്പര്‍ ആവശ്യത്തിനു മുറിച്ചെടുത്ത് ഓരോ ചോക്ലേറ്റും പൊതിയുക. ചോക്ലേറ്റിന്‍റെ ഡിസൈനുള്ള ഭാഗം മുകളില്‍ വരത്തക്കവിധം വേണം പൊതിയാന്‍. അരക്കിലോ ചോക്ലേറ്റ് ബാറില്‍ നിന്ന് മോള്‍ഡിന്‍റെ വലുപ്പം അനുസരിച്ച് 25-30 ചോക്ലേറ്റ് പീസുകള്‍ കിട്ടും.
- ഇത് റാപ്പറില്‍ പൊതിഞ്ഞശേഷം ആകര്‍ഷകമായ പാക്കിങ് കെയ്സുകളില്‍ ആക്കുക.
പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ചോക്ലേറ്റ് ഉണ്ടാക്കിത്തുടങ്ങുമ്പോള്‍ അടുത്ത് എപ്പോഴും ആളുണ്ടാകണം.
- ചോക്ലേറ്റില്‍ വെള്ളം വീഴരുത്. പാത്രങ്ങളും സ്പൂണും ഉണങ്ങിയതായിരിക്കണം.
- സോപ്പുപയോഗിച്ച് മോള്‍ഡ് കഴുകരുത്. ചൂടുവെള്ളം മാത്രം ഒഴിച്ചു കഴുകുക. സ്ക്രബറും ഉപയോഗിക്കേണ്ട.
- ആവി ചോക്ലേറ്റില്‍ തട്ടരുത്.
- ചോക്ലേറ്റ് ഉരുക്കുന്ന പാത്രത്തിന്‍റെ അടിയിലെ പാത്രത്തിലെ വെള്ളം തിളയ്ക്കരുത്.
- ചോക്ലേറ്റ് ബാര്‍ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങണം. ഉണ്ടാക്കിയ തീയതി മുതല്‍ ഒരു വര്‍ഷം വരെയാണ് സാധാരണ എക്സ്പയറി ഡേറ്റ്. ഡാര്‍ക്ക് മില്‍ക്ക് ചോക്ലേറ്റുകള്‍ ഒരു വര്‍ഷം വരെ ഇരിക്കും. വൈറ്റ് ചോക്ലേറ്റ് ആറുമാസം വരെയേ ഇരിക്കൂ.
- പായ്ക്കറ്റില്‍നിന്നു പുറത്തെടുത്തു സൂക്ഷിക്കരുത്. ആവശ്യത്തിനെടുത്ത് ബാക്കിവരുന്നത് പായ്ക്കറ്റില്‍ തന്നെ പൊതിഞ്ഞു സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്.
- വെള്ളവും ചോക്ലേറ്റും പരസ്പരം ശത്രുക്കളാണ്. രണ്ടു മിക്സ് ചെയ്യരുത്.