കേരളത്തിലെ കൃഷിയും 'കൃഷിഗീത'യും
കൃഷിയുടെ സൗന്ദര്യം പേരില്‍ തന്നെയുള്ള നാടാണ് കേരളം. കേരവൃക്ഷങ്ങള്‍ തഴച്ചുവളരുന്ന പച്ചപ്പുതപ്പണിഞ്ഞ നാട്. നെല്‍കൃഷിയും നാളികേരവും പ്രധാന കൃഷിയിനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമാണ്ട്.
കേരളത്തിലെ കൃഷിയെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട ഒരു ഗ്രന്ഥമുണ്ട്; 'കൃഷ്ണഗീത'. നമ്മുടെ കര്‍ഷകരുടെയും കൃഷിയെക്കുറിച്ച് പഠനം നടത്തുന്നവരുടെയും ഏറ്റവും വിലപ്പെട്ട ഗ്രന്ഥമാണിത്. പല കാലത്തെ അനുഭവങ്ങളിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്നതാണ് കൃഷിയെ സംബന്ധിച്ച പാരമ്പര്യ അറിവുകള്‍. ആദ്യകാലത്ത് അവയൊന്നും എഴുതിവച്ചിരുന്നില്ല. പകരം, പാട്ടുകളിലൂടെയും മറ്റും തലമുറകള്‍ കൈമാറി വരികയായിരുന്നു. കേരളത്തിലെ കര്‍ഷകരുടെ നാട്ടറിവുകള്‍ രേഖപ്പെടുത്തിവയ്ക്കാനുള്ള ആദ്യകാലശ്രമങ്ങളുടെ ഫലമാണ് കൃഷിഗീത.
കൃഷിഗീത ആര് രചിച്ചെന്നോ ഏത് കാലഘട്ടത്തില്‍ രചിച്ചെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രചനാശൈലി വച്ചു നോക്കുമ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്‍റെ കാലത്തോ അതിനുശേഷമോ ആകാം ഇത് എഴുതപ്പെട്ടതെന്ന് ചിലര്‍ പറയുന്നു.
ഇന്നത്തെപ്പോലെ കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണകേന്ദ്രങ്ങളും ഇല്ലാതിരുന്ന പഴയകാലത്ത് ഏതാണ്ട് ഒരു പോലെയുള്ള കൃഷിരീതികളാണ് കേരളത്തില്‍ എല്ലായിടത്തും ഉണ്ടായിരുന്നത്. അതിനുകാരണം കൃഷിഗീതയുടെ പരക്കെയുള്ള പ്രചാരമായിരിക്കാം. ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് വടക്കന്‍ മലബാറിലെയും മറ്റും കുടിപ്പള്ളിക്കൂടങ്ങളില്‍ ചൊല്ലിപ്പഠിപ്പിച്ചിരുന്ന കൃഷിപ്പാട്ടാണിത്.
വാമൊഴിയാലും വരമൊഴിയാലും കൃഷിഗീതയിലെ വരികള്‍ ഇന്നും കര്‍ഷകരുടെയിടയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയ ഈ ഗ്രന്ഥത്തിന്‍റെ പല ഭാഗങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിച്ച പുതിയ പതിപ്പുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേരള ജനതയുടെ കാര്‍ഷിക ചരിത്രവും പ്രാചീന സംസ്കാരവും പ്രകൃതിനിരീക്ഷണവും ഇതില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. കാര്‍ഷികവൃത്തിയും ജ്യോതിഷവും കാലാവസ്ഥയും സമ്പദ്വ്യവസ്ഥയും മൃഗപരിപാലനവും എല്ലാം ഏകോപിപ്പിച്ച ശില്‍പഭംഗിയൊത്ത ഒരു കാര്‍ഷിക സാഹിത്യഗ്രന്ഥമായി നമുക്ക് കൃഷിഗീതിയെ വിശേഷിപ്പിക്കാം.
പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച നാടാണ് കേരളമെന്ന് ഒരു ഐതിഹ്യമുണ്ട്. അങ്ങനെയുണ്ടായ കേരളത്തെ ബ്രാഹ്മണര്‍ക്കു ദാനം കൊടുത്തതായും വിശ്വസിക്കുന്നു. അതോടൊപ്പം കൃഷിജ്ഞാനം കൂടി നല്‍കിയത്രേ ഈ പുരാണ പുരുഷന്‍. അതേ രീതിയിലുള്ള ആഖ്യാനരീതിയും അതിനുള്ള മംഗളസ്തുതികളും കൃഷിഗീതയിലെ ഓരോ പാദത്തിലും കാണാം. നാലു പാദങ്ങളിലായി ആകെ രണ്ടായിരത്തോളം വരികളാണ് കൃഷിഗീതയിലുള്ളത്. ലളിതമായ വാക്കുകളാലും വരികളാലും രചിക്കപ്പെട്ട കൃഷിഗീതയുടെ ഓരോ പാദമെടുത്ത് നമുക്കിനി പരിശോധിക്കാം.
ഗണപതിയെ സ്തുച്ചുകൊണ്ടും ഭാര്‍ഗവനെ പ്രാര്‍ത്ഥിച്ചുകൊണ്ടും കൃഷിഗീതയിലെ മനോഹരമായ ഈരടികള്‍ ആരംഭിക്കുന്നു. വിവിധതരം വിത്തുകള്‍, വിളവെടുപ്പുകാലങ്ങള്‍, കൃഷി പരിചരണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമാണ് ഒന്നാം പാദത്തില്‍ വിവരിക്കുന്നത്. കേരളത്തിന്‍റെ തനതു നെല്‍വിത്തുകളായ വട്ടന്‍, കരിപ്പാലി, മാരിയന്‍, കഴമ എന്നിവയെക്കുറിച്ച് ഇതില്‍ തരംതിരിച്ച് പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ കിഴങ്ങുവര്‍ഗങ്ങള്‍, വാഴകള്‍, പച്ചക്കറികള്‍, വെറ്റില, ചക്ക, മാങ്ങ എന്നിവയും ഇതില്‍ കടന്നുവരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകളാണ് ഒന്നാം പാദത്തില്‍.
പരശുരാമനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് കൃഷിഗീതയുടെ രണ്ടാംപാദം തുടങ്ങുന്നത്. ഇതില്‍ വളക്കുഴി നിര്‍മാണം, കര്‍ഷകരുടെ ഗുണങ്ങള്‍, വര്‍ഷകാലം, നടുമ്പോഴുള്ള പ്രകൃതിപൂജ, നടേണ്ട നാളുകള്‍, ജ്യോതിഷവും കൃഷിയും തമ്മിലുള്ള ബന്ധം എന്നിവ രസകരമായി പ്രതിപാദിച്ചിരിക്കുന്നു. പാരിസ്ഥിതികമായ ഓര്‍മ്മപ്പെടുത്തലുകളാണ് ഈ പാദത്തിന്‍റെ പ്രത്യേകത.
മൂന്നാംപാദത്തിലെ ആരംഭപ്രാര്‍ത്ഥനയ്ക്കുശേഷം കുട്ടനാടന്‍ വിത്തുകളുടെ ഗുണഗണങ്ങള്‍, കളകള്‍, ഞാറ്റടി, കാലിസമ്പന്നതയും വൈവിധ്യവും എന്നിവയെക്കുറിച്ചൊക്കെ പറയുന്നു. കന്നിനെക്കൊണ്ട് കണ്ടമുഴേണ്ട രീതികളും മറ്റും പരശുരാമന്‍ ചൊല്ലിത്തരുന്നതുപോലെ ഇതില്‍ പറഞ്ഞിരിക്കുന്നു.
അച്ചുതനെയും ഭാര്‍ഗവനെയും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നാലാംപാദം തുടങ്ങുന്നത്. വനസംരക്ഷണം, രാശിപ്പൊരുത്തം, കാറ്റ്, മഴ എന്നിവയെക്കുറിച്ചെല്ലാം ഇതില്‍ വിശദമായി പറയുന്നു. പല്ലിന്‍റെ എണ്ണം നോക്കി കന്നുകാലികളുടെ ലക്ഷണങ്ങള്‍ പറയുന്ന ഭാഗവും ഇതിലുണ്ട്. പരശുരാമനെ നന്ദിപൂര്‍വ്വം സ്മരിച്ചു കൃഷിഗീത അവസാനിക്കുന്നു.
ഭക്ഷ്യസുരക്ഷയും പരിസ്ഥിതി പ്രാധാന്യവും ജീവലോകത്തിന്‍റെ ചെറുപതിപ്പും കൃഷിഗീതയില്‍ ദര്‍ശിക്കാം. ഇതു കേവലം കൃഷിയറിവുകളുടെ പകര്‍ത്തിവെപ്പല്ല. ആസ്വാദകനെ രസിപ്പിച്ച് കൃഷിയിലേക്കടുപ്പിക്കുന്ന മികച്ച വായനാനുഭവം കൂടിയാണ്.
www.karshikarangam.com