രുചിയിലും വലിപ്പത്തിലും രൂപത്തിലുമൊക്കെ വിസ്മയകരമായ വൈവിധ്യം നിറഞ്ഞ വാഴപ്പഴങ്ങള്‍ കേരളത്തിനു സ്വന്തമാണ്. മറ്റൊരു നാടിനും ഇത്രയേറെ വൈവിധ്യം ഇക്കാര്യത്തില്‍ അവകാശപ്പെടാനാവില്ല. വാഴപ്പഴം സ്വര്‍ഗീയ ഫലമാണെങ്കില്‍ വാഴക്കൂമ്പും പിണ്ടിയും നാരുകലര്‍ന്ന ഒന്നാന്തരം ഭക്ഷ്യപദാര്‍ത്ഥങ്ങളാണ്. വാഴപ്പഴംകൊണ്ടു തയാറാക്കാവുന്ന സ്വാദേറിയ വിഭവങ്ങള്‍ നിരവധിയാണ്. പോരാത്തതിന്, വാഴനാര് വേര്‍തിരിച്ച് സംസ്കരിച്ച് നിറംചേര്‍ത്ത് കരകൗശലവസ്തുക്കള്‍വരെ തയാറാക്കുന്നു. ഇന്നിപ്പോള്‍ വാഴയുടെ മൂല്യവര്‍ധനയ്ക്കും വിപണനത്തിനും ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചുവരുന്ന പ്രിയവും കയറ്റുമതി സാധ്യതയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങളുമൊക്കെയായി വാഴകൃഷിക്ക് ഏറെ അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.
മികച്ച ഇനങ്ങള്‍, കേടും കീടബാധയുമില്ലാത്ത കന്നുകള്‍, ജൈവ-രാസവളങ്ങളുടെ സന്തുലിതമായ സമന്വയം, ശ്രദ്ധയോടെയുള്ള പരിചരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വാഴകൃഷി ഏറെ ലാഭകരമാക്കാം.
വാഴകൃഷിക്ക് രണ്ടു സീസണുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലെ മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ, ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ നനകൃഷിയും. കനത്ത മഴയോ കടുത്ത വരള്‍ച്ചയോ ഉള്ള കാലാവസ്ഥ വാഴകൃഷിക്ക് ഒട്ടും അനുയോജ്യമല്ല.
www.karshikarangam.com