കുറുനാമ്പ്
വാഴപ്പേനുകള്‍ പരത്തുന്ന കുറുനാമ്പ് എന്ന വൈറസ് രോഗമാണ് ഏറ്റവും മാരകമായത്. വൈറസ് ബാധിച്ച വാഴയില്‍ 25-30 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണം കണ്ടുതുടങ്ങും. വിരിഞ്ഞുവരുന്ന ഇലകള്‍ ചുരുങ്ങി, തിങ്ങിഞെരുങ്ങി കൂമ്പടഞ്ഞുപോകും. രോഗബാധിതമായ വാഴ പിഴുതു നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍നിന്നു മാത്രം കന്നുകള്‍ എടുക്കുക, കീടനാശിനികള്‍ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുക എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍.
കൊക്കാന്‍
വാഴയെ ബാധിക്കുന്ന മറ്റൊരു വൈറസ് രോഗമാണ് കൊക്കാന്‍. വാഴപ്പേനുകള്‍ തന്നെയാണ് ഇതു പരത്തുന്നത്. വാഴയുടെ പുറംപോളയില്‍ വല്ലാത്ത ചുവപ്പുനിറം കാണാം. ഇതു ക്രമേണ നീളത്തില്‍ വരകളായി പടര്‍ന്നുകയറും. പുറംപോളകള്‍ തടയില്‍നിന്നിളകി ഒടിയുകയും വാഴ നശിക്കുകയും ചെയ്യും. രോഗബാധിതമായ കന്നുകള്‍ ഒഴിവാക്കുക എന്നതാണ് പ്രായോഗികമായ പരിഹാരം. രോഗലക്ഷണം കണ്ടാല്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ത്തുകൊടുക്കാം. കീടനാശിനികള്‍ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുന്ന കാര്യവും പരിഗണിക്കാം.
ഇലപ്പുള്ളിരോഗം
മഴക്കാലത്തോടെ വാഴയിലയില്‍ മഞ്ഞനിറത്തില്‍ വരകള്‍ കാണാം. ഇലപ്പുള്ളിരോഗത്തിന്‍റെ ലക്ഷണമാണിത്. ഈ മഞ്ഞവരകളും നടുഭാഗം കുഴിഞ്ഞ് പുള്ളികളായി മാറും. പുള്ളികള്‍ ഒന്നിച്ച് ചേര്‍ന്നാല്‍ ഇല ഒടിഞ്ഞ് തൂങ്ങും. രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി ഒരു ശതമാനം ബോര്‍ഡോമിശ്രിതം തളിക്കാം.
പനാമവാട്ടം
വാഴയുടെ പുറമേയുള്ള ഇലകള്‍ മഞ്ഞളിച്ച് കൂമ്പിലയൊഴികെ ബാക്കി എല്ലാ ഇലകളും ഒടിഞ്ഞു തൂങ്ങുകയും വാഴത്തടയില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നതാണ് പനാമവാട്ടം. ഇതൊരു കുമിള്‍ രോഗമാണ്. പൂവന്‍, മൊന്തന്‍ ഇനങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വാഴ ചുവടോടെ മറിഞ്ഞുവീഴാം. ഇത്തരം വാഴകളുടെ മാണം മുറിച്ചുനോക്കിയാല്‍ തവിട്ടോ ചുവപ്പോ നിറത്തിലുള്ള വരകള്‍ കാണാം. രോഗബാധിതമായ വാഴകള്‍ നശിപ്പിച്ചും തോട്ടത്തില്‍ നീര്‍വാര്‍ച്ചാ സൗകര്യം വര്‍ധിപ്പിച്ചും കുഴിയൊന്നിന് ഒരു കിലോ കുമ്മായം ചേര്‍ത്തും രോഗത്തിന്‍റെ തീവ്രത കുറയ്ക്കാവുന്നതാണ്.
www.karshikarangam.com