സുഗന്ധവിളകള്‍ : ഇഞ്ചി


ഇഞ്ചിയിനങ്ങളില്‍ ചുക്കിനു മാരന്‍, ഏറനാടന്‍, ചേരനാടന്‍, വള്ളുവനാടന്‍, മാനന്തവാടി, കറുപ്പുമ്പടി എന്നിവയും പച്ച ഇഞ്ചിക്ക് റയോഡിജനിറോ, ചൈനാ, വൈനാട് എന്നീ ഇനങ്ങളുമാണ് പറ്റിയത്. പുതുതായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഇനമാണ് വരദ.

ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളില്‍ കൃഷിക്കുള്ള നിലം ഒരുക്കല്‍ തുടങ്ങി ഏപ്രില്‍ ആദ്യം തന്നെ നടുന്നതാണ് നല്ലത്. തെങ്ങിന്‍തോപ്പില്‍ ഇടവിള ആയിട്ടാണ് ഇഞ്ചി അധികവും കൃഷി ചെയ്യുന്നത്. എന്നാല്‍ കരപ്പാടങ്ങളിലും ഇഞ്ചി കൃഷി ചെയ്തു വരുന്നുണ്ട്. വെള്ളം വാര്‍ന്നുപോകാനുള്ള സൗകര്യം ഏറ്റവും പ്രധാനമാണ്. ഈര്‍പ്പമധികമായാല്‍ മൂടുചീയല്‍ രോഗം അധികമാകും. ഒരു മീറ്റര്‍ വീതിയിലും സൗകര്യമുള്ള നീളത്തിലും (ശരാശരി 3 മീറ്റര്‍) 25 സെ.മീ. ഉയരത്തിലുമെടുത്ത ഇഞ്ചിക്കണ്ടങ്ങളില്‍ 20-25 സെ.മീ. ഇടവിട്ട് ഇഞ്ചിവിത്ത് നടാം. കണ്ടങ്ങള്‍ തമ്മില്‍ അര മീറ്ററെങ്കിലും അകലം വേണം. വെള്ളം വാര്‍ന്നുപോകാന്‍ ഇടയും കൊടുക്കണം.

നടുന്നതിനു മുന്‍പ് കണ്ടങ്ങളില്‍ കമ്പോസ്റ്റോ ഉണങ്ങിയ ചാണകപ്പൊടിയോ ഒരു ച.മീറ്ററിന് 3 കി.ഗ്രാമെന്ന തോതില്‍ ചേര്‍ക്കാം. അടിവളമായി ഒരു ച.മീറ്ററിന് 25 ഗ്രാം മസൂരിഫോസും 4 ഗ്രാം പൊട്ടാഷും  ചേര്‍ക്കാം.  നട്ട് 2 മാസം കഴിഞ്ഞ് വീണ്ടും 80 ഗ്രാം യൂറിയയോടൊപ്പം 4 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. വളം ചേര്‍ത്ത് ഓരോ തവണയും മണ്ണ് കൂട്ടി കൊടുക്കേണ്ടതാണ്.

ഇഞ്ചിക്കണ്ടങ്ങളില്‍ വിത്ത് നട്ടശേഷം പച്ചിലകൊണ്ട് പുതയിടേണ്ടതാണ്. പുതയിടല്‍ 60 ദിവസമാകുമ്പോഴും 120 ദിവസമാകുമ്പോഴും വീണ്ടും ചെയ്യാം. പാണലിന്‍റെ ഇല പുതയിടാന്‍ വളരെ നല്ലതാണ്. രണ്ടാമത്തേതും മൂന്നാമത്തേതും പുതയിടലിനു മുമ്പായി ചാണകക്കുഴമ്പ് കണ്ടങ്ങളില്‍ ഒഴിച്ചു കൊടുക്കാം. ഇഞ്ചിക്കണ്ടത്തിന്‍റെ അരികില്‍ മുളക്, വെണ്ട, പയര്‍ എന്നിവ കുത്തിയിട്ട് വിളവെടുക്കാറുണ്ട്.

ഇഞ്ചിയുടെ പ്രധാന രോഗം മൂടുചീയല്‍ എന്നറിയപ്പെടുന്ന അഴുകല്‍ രോഗമാണ്. ഇലപ്പുള്ളി രോഗവും സാധാരണയായി കണ്ടുവരുന്നു. മരുന്നു പുരട്ടിയ വിത്തിഞ്ചി ഉപയോഗിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം. ഇതിന് വിത്തിനുള്ള ഇഞ്ചി പ്രത്യേകമെടുത്ത് പുറമേയുള്ള മണ്ണ് മാറ്റിയശേഷം ഇന്‍ഡോഫില്‍ 45, മാലത്തയോണ്‍ എന്നീ മരുന്നുകള്‍ യഥാക്രമം 7.5 ഗ്രാം, 4 മി.ലി. എന്ന തോതില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതില്‍ 30 മിനിട്ട് നേരം മുക്കിയിട്ടശേഷം ഉണക്കി സൂക്ഷിച്ച് വിത്താക്കാം. കണ്ടങ്ങളില്‍ രോഗബാധയേറ്റ് അഴുകിയ ചെടികള്‍ മാറ്റിക്കളയുകയും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം മണ്ണില്‍ കുളിര്‍ക്കത്തക്കവിധം ഒഴിച്ചു കൊടുക്കുകയും ആവാം. ഇലപ്പുള്ളിരോഗത്തിനും (നരയന്‍) അഴുകലിനും എതിരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാമെന്ന തോതില്‍ തൈറൈഡ് 75 ശതമാനം  എന്ന മരുന്നു കലക്കി തളിക്കുകയും ആകാം. തണ്ടുതുരപ്പന്‍ എന്ന പുഴു ഇഞ്ചിയെ ആക്രമിച്ചെന്നു വരാം. ഇതിന് എക്കാലക്സ് അല്ലെങ്കില്‍ റോഗര്‍ 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കണം.

ഇഞ്ചി പച്ചയായും ചുക്കാക്കി മാറ്റിയുമാണ് വിപണനം ചെയ്യുന്നത്. ആറാം മാസത്തില്‍ ഇഞ്ചി വിളവെടുക്കാറാകുമെങ്കിലും ചുക്കാക്കി മാറ്റാനുള്ളവ 8-9 മാസമാകുമ്പോള്‍ പറിച്ചെടുത്ത് തൊലി ചുരണ്ടിക്കളഞ്ഞ് ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്. തൊലികളഞ്ഞ് ഇഞ്ചി 2 ശതമാനം വീര്യമുള്ള കുമ്മായ വെള്ളത്തില്‍ 6 മണിക്കൂര്‍ മുക്കിയിട്ടശേഷം ഉണക്കി സൂക്ഷിക്കുകയുമാവാം.

മണ്ണിലെ വെള്ളം നല്ലവണ്ണം വലിച്ചെടുക്കുന്ന വിളയായതുകൊണ്ട് ഒരേ സ്ഥലത്തു തന്നെ ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല. ഇഞ്ചി, കപ്പ, വാഴ എന്നിവ മാറി മാറി കൃഷി ചെയ്യുന്നതാണുത്തമം.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7167399