നിലമൊരുക്കലും നടാന്‍ വാരമെടുക്കലുമെല്ലാം ഇഞ്ചിക്കൃഷിയുടെതുപോലെയാണ്. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളധികവും ആന്ധ്രാ സംസ്ഥാനത്തു നിന്നെത്തിയവയാണ്. കൃഷി ചെയ്തു വരുന്ന അറുപതോളം മഞ്ഞളിനങ്ങളില്‍ പതിമൂന്നെണ്ണം ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്തവയാണ്. കോട്ടൂര്‍, കുച്ചിപ്പുടി, തെക്കൂര്‍പേട്ട, അര്‍മൂര്‍, ദുഗ്ഗീരല എന്നിവയാണ് ആന്ധ്രായിനങ്ങള്‍. കേരളത്തില്‍ പ്രാധാന്യമേറിയ ഇനമാണ് ആലപ്പി മഞ്ഞള്‍ എന്നറിയപ്പെടുന്ന ആലപ്പി സുവര്‍ണ. പ്രഭയും പ്രതിഭയും പുതിയ രണ്ടു മഞ്ഞളിനങ്ങളാണ്. ഇതില്‍ മഞ്ഞളിന് നിറം കൊടുക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥവും സത്തായ ഓലിയോറൈസിനും കൂടുതലുണ്ട്.
മേടമാസത്തോടു കൂടി മഞ്ഞള്‍ കൃഷി ആരംഭിക്കുന്നു. ഒരു ച.മീറ്ററിന് 4 കി.ഗ്രാം എന്ന തോതില്‍ ജൈവവളം അടിവളമായി ചേര്‍ത്തു വേണം വാരമെടുത്ത് മഞ്ഞള്‍ നടാന്‍. അതുപോലെതന്നെ ച.മീറ്ററിന് 15 ഗ്രാം മസൂരിഫോസ് (സെന്‍റൊന്നിന് 600 ഗ്രാം), 5 ഗ്രാം പൊട്ടാഷ് (സെന്‍റൊന്നിന് 200 ഗ്രാം) എന്നിവയും അടിവളമായി നല്‍കാം. നട്ട് ഒരു മാസത്തിനുശേഷം ഒരു ച.മീറ്ററിന് 4 ഗ്രാം (സെന്‍റൊന്നിന് 160 ഗ്രാം) യൂറിയയും രണ്ടു മാസത്തിനുശേഷം ഇതേ അളവില്‍ യൂറിയയോടൊപ്പം 5 ഗ്രാം പൊട്ടാഷും (സെന്‍റൊന്നിന് 160 ഗ്രാം) നല്‍കേണ്ടതാണ്. വളം ചെയ്യുന്നതോടെ വാരങ്ങളിലേക്ക് മണ്ണ് കൂട്ടിക്കൊടുക്കുകയും വേണം.
ഏഴു മുതല്‍ പത്തുമാസംവരെ മഞ്ഞളിനു മൂപ്പുണ്ട്. പറിച്ചെടുത്ത മഞ്ഞള്‍ പറ്റിപ്പിടിച്ച മണ്ണും വേരുകളും മാറ്റിയശേഷം വെയിലത്ത് നേരിട്ടുണക്കി പൊടിച്ചെടുക്കുകയോ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം ഉണക്കിപ്പൊടിച്ചെടുക്കുകയോ ആവാം. പുഴുങ്ങാതെ ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിന് നിറം കൂടും. മഞ്ഞല്‍പൊടിച്ച് പാക്കയ്റ്റിലാക്കിയുള്ള വിപണനം ഇന്ന് ഒരു നല്ല വ്യവസായമായി മാറിയിട്ടുണ്ട്. ആന്ധ്രാസംസ്ഥാനം മഞ്ഞള്‍കൃഷിക്കു പേരുകേട്ടതാണ്.
www.karshikarangam.com