സുഗന്ധവിളകള്‍ : ഗ്രാമ്പൂ


സുഗന്ധവ്യഞ്ജനവിളകളില്‍ രണ്ടാം സ്ഥാനമുള്ള ഗ്രാമ്പൂ തെങ്ങിന്‍തോപ്പുകളിലും കവുങ്ങിന്‍തോപ്പുകളിലും ഇടവിളയായി വളര്‍ത്താം. നല്ല വളക്കൂറും ആഴവും നീര്‍വാര്‍ച്ചയുമുള്ള എക്കല്‍ മണ്ണാണ് ഗ്രാമ്പൂകൃഷിക്കു പറ്റിയത്. ഒരു വിധം തണലുള്ള പറമ്പുകളാണിവയ്ക്കിഷ്ടം. വിത്തുമുളപ്പിച്ച തൈകളാണ് നടീല്‍ വസ്തു. തൈകള്‍ നഴ്സറികളിലുണ്ടാകാം. തൈകള്‍ പറിച്ചു നടുന്നതുവരെ നഴ്സറികളില്‍ നിര്‍ത്തുകയോ വിത്തുപാകി 6 മാസമാകുമ്പോള്‍ പോളിത്തീന്‍ കവറുകളിലേക്കു മാറ്റി ഒന്നൊന്നര വര്‍ഷം അതില്‍ വളര്‍ത്തിയശേഷം വിപണിയില്‍ എത്തിക്കുകയുമാവാം.

അറുപത് സെ.മീ. ചതുരത്തിലും ആഴത്തിലുമെടുത്ത കുഴികളില്‍ കമ്പോസ്റ്റും മേല്‍മണ്ണുമിട്ട് മൂടിയശേഷം തൈകള്‍ നടാം. ഗ്രാമ്പൂ തൈകള്‍ മാത്രമായി നട്ടുവളര്‍ത്തുമ്പോള്‍ 6 മീറ്റര്‍ അകലമെങ്കിലും ചെടികള്‍ തമ്മിലുണ്ടായിരിക്കണം. മേയ്-ജൂണ്‍ മുതല്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ വരെയുള്ള മഴക്കാലമാണ് തൈകള്‍ നടാന്‍ പറ്റിയത്.

നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ ചെടി ഒന്നിന് 15 കി.ഗ്രാം ജൈവവളത്തിനു പുറമേ 45 ഗ്രാം യൂറിയ, 90 ഗ്രാം മസൂറി ഫോസ്, 85 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം. രണ്ടാം വര്‍ഷം രാസവളത്തിന്‍റെ തോത് ഇരട്ടിയാക്കാം. ഇതു ക്രമേണ വര്‍ധിപ്പിച്ച് 15 കൊല്ലം പ്രായമാകുമ്പോഴേക്കും യഥാക്രമം 600 ഗ്രാം, 1250 ഗ്രാം മസൂറിഫോസ്, 1275 ഗ്രാം പൊട്ടാഷ് എന്നീ അളവിലെത്തിക്കാം. രാസവളങ്ങള്‍ കാലവര്‍ഷത്തിനു മുന്‍പും പിന്‍പും രണ്ടു തവണയായി നല്‍കുന്നതാണ് നല്ലത്. ചെടിയുടെ ചുവട്ടില്‍നിന്നും 1.5 മീറ്റര്‍ വിട്ടുവേണം വളം ചേര്‍ക്കാന്‍. വേനല്‍ക്കു നനയും തണലും ആദ്യ വര്‍ഷങ്ങളില്‍ കൂടിയേ തീരൂ.
വിവിധതരം കുമിള്‍മൂലം ഗ്രാമ്പൂ ചെടിയുടെ ഇലകളില്‍ കറുത്ത പാടുകള്‍ ഉണ്ടാകുക, കൊമ്പുണങ്ങുക, മൊട്ടും പൂവും കൊഴിയുക എന്നീ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന് 1 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം 1-2 മാസത്തെ ഇടവേളയില്‍ തളിച്ചു കൊടുക്കാം. ചെടികളില്‍ മൊട്ടുകള്‍ ഉണ്ടാകുന്നതോടെ മരുന്നുതളി നടത്തണം.

നട്ട് 7-8 വര്‍ഷം കഴിഞ്ഞാല്‍ ഗ്രാമ്പൂ വിളവുതരും. വിരിയാത്ത പൂമൊട്ടുകള്‍ പച്ചനിറം വിട്ടു തുടങ്ങുമ്പോള്‍ പറിച്ചെടുത്തു കടുംതവിട്ടു നിറമാകുന്നതുവരെ വെയിലത്തുണക്കി സൂക്ഷിക്കാം.

ഗ്രാമ്പൂവിന്‍റെ ഉപയോഗം പലതാണ്. പൂമൊട്ട് അങ്ങനെതന്നെയും പൊടിച്ചും ഉപയോഗിക്കാം. കൂടാതെ ഓളിയോറൈസിന്‍ എന്ന പദാര്‍ത്ഥവും ഗ്രാമ്പൂതൈലവും വേര്‍തിരിച്ചെടുക്കാം. പൂഞെട്ടില്‍നിന്നും ഇലയില്‍നിന്നും ഗ്രാമ്പൂ തൈലം വാറ്റിയെടുക്കാം. മൊട്ടില്‍നിന്നെടുക്കുന്ന തൈലമാണ് ഒന്നാംതരം. പല്ലുവേദനയ്ക്കു ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കിവയ്ക്കുന്നതു സാധാരണമാണ്. ചിലടുത്ത് പേസ്റ്റിലും ഗ്രാമ്പൂതൈലം ചേര്‍ക്കുന്നുണ്ട്. നാലും കൂട്ടി മുറുക്കുമ്പോള്‍ ഗ്രാമ്പൂ അഞ്ചാമനാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145098