ജാതിയും തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യാം. മണല്‍ ഇഷ്ടപ്പെടുന്ന മരമാണ് ജാതി. പൂഴിമണ്ണും ചതുപ്പുനിലവുമൊഴിച്ചുള്ള ഏതു മണ്ണിലും ജാതി വളരും. പുഴയോരത്തെ എക്കല്‍ കലര്‍ന്ന മണ്ണാണ് ജാതികൃഷിക്ക് ഏറെ യോജിച്ചത്. പറമ്പുകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഒരേ ചെടിയില്‍നിന്ന് രണ്ട് വ്യത്യസ്ത ഉല്‍പ്പന്നങ്ങളായ ജാതിക്കയും ജാതിപത്രിയും ലഭിക്കുന്നുവെന്നതാണ് ഈ മരത്തിന്‍റെ പ്രത്യേകത. പഴുത്തു പാകമായ കായയുടെ ഉള്ളിലെ വിത്തുണക്കി പാകപ്പെടുത്തി കിട്ടുന്നതാണ് ജാതിക്ക. വിത്തിന്‍റെ പുറത്തു കാണുന്ന ചുവന്ന നാരു പടലങ്ങളാണ് ജാതിപത്രി. ജാതിപത്രിക്കു ജാതിയ്ക്കയേക്കാള്‍ വില കിട്ടും.
വിത്തില്‍നിന്നുള്ള തൈകളോ ഗ്രാഫ്റ്റ്, ബഡ് തൈകളോ നടാം. വിത്തില്‍നിന്നുള്ള ചെടികള്‍ പൂക്കാന്‍ 8-10 വര്‍ഷമെടുക്കും. ഗ്രാഫ്റ്റ്, ബഡ് തൈകള്‍ക്ക് 3-4 വര്‍ഷം മതി. ജാതി ചെടിയില്‍ ആണ്‍മരങ്ങളും പെണ്‍മരങ്ങളുമുണ്ട്. രണ്ടും പൂക്കുമെങ്കിലും പെണ്‍മരത്തിലേ കായ പിടിക്കൂ. ആണ്‍മരങ്ങളില്‍ എല്ലാക്കാലത്തും പൂക്കള്‍ കാണും. പെണ്‍മരങ്ങള്‍ ഏറ്റവും കൂടുതല്‍ പൂക്കുന്നത് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയങ്ങളിലാണ്. പൂത്തു തുടങ്ങുന്നതിനു മുന്‍പ് ചെടി ആണോ പെണ്ണോ എന്നറിയുക വിഷമമാണ്. ഇലയുടെയും ചെടിയുടെയും മറ്റും ആകൃതി- പ്രകൃതി കണ്ടുള്ള പ്രവചനം എപ്പോഴും ശരിയാകണമെന്നില്ല. വിത്തുതൈകളില്‍ പകുതി മാത്രമേ പെണ്‍ചെടികളായി തീരാറുള്ളൂ. പെണ്‍ചെടികളില്‍ കായപിടിക്കാന്‍ അടുത്തെവിടെയെങ്കിലും ഒരാണ്‍മരമുണ്ടായാല്‍ മതി. പത്തു പെണ്‍ചെടികള്‍ക്ക് ഒരാണ്‍ ചെടി മതിയാകുമത്രെ. ആണ്‍ചെടികളെ ഒട്ടിക്കല്‍ മുഖേന പെണ്‍ചെടികളാക്കി മാറ്റുന്ന സൂത്രവിദ്യയും നിലവിലുണ്ട്.
നഴ്സറികളില്‍ വിത്തുപാകി മുളപ്പിച്ചെടുത്ത തൈകള്‍ പോളിത്തീന്‍ കൂടുകളിലാക്കിയാണ് വില്‍പനയ്ക്കെത്തിക്കുന്നത്. ഒന്നൊന്നര വര്‍ഷം പ്രായമായ തൈകളാണ് നടേണ്ടത്. ഏകദേശം ഒരു മീ. ചതുരത്തിലും ആഴത്തിലുമെടുത്ത കുഴികളില്‍ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേര്‍ത്തിളക്കിയതില്‍ തൈകള്‍ നടാം. കുഴികള്‍ തമ്മില്‍ ചുരുങ്ങിയത് 7-8 മീറ്റര്‍ അകലമെങ്കിലും വേണം. ഇരുപത് വര്‍ഷമെങ്കിലും പ്രായമായ തെങ്ങുകളുള്ള തോട്ടങ്ങളാണ് ഇടവിളയായി ജാതി നടാന്‍ പറ്റിയത്. ചെടികള്‍ക്ക് ആദ്യത്തെ ഒന്നു രണ്ടു കൊല്ലം വേനല്‍ക്കു നന കൂടിയേ തീരൂ. ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് ആണ്ടില്‍ 10 കി.ഗ്രാം ജൈവവളം ചേര്‍ക്കേണ്ടിവരും. പൂര്‍ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ക്ക് 50 കി.ഗ്രാം വരെ ജൈവവളം ചേര്‍ക്കാം. ഗ്രാമ്പൂവിന് നല്‍കുന്ന തോതിലും സമയത്തും ജാതിക്കും രാസവളപ്രയോഗം നടത്താം. പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ക്കു യൂറിയയും പൊട്ടാഷും അല്‍പം കൂടെ വര്‍ധിപ്പിക്കുന്നതിലും തെറ്റില്ല. ചെടിയുടെ ഭൂരിഭാഗം വേരുകളും മണ്ണിന്‍റെ മുകള്‍തട്ടിലായതുകൊണ്ട് വളര്‍ച്ചയെത്തിയ ചെടിക്കു ചുറ്റും രണ്ടു മീറ്ററെങ്കിലും വിട്ടുവേണം മണ്ണിളക്കാന്‍.
ജാതിമരങ്ങളില്‍നിന്ന് കായപറിക്കാന്‍ 10-15 വര്‍ഷങ്ങളെങ്കിലും വേണ്ടിവരും. വിളഞ്ഞുപാകമായ കായകള്‍ പറിച്ചെടുക്കുകയോ മണ്ണില്‍ വീഴുന്നത് ശേഖരിക്കുകയോ ചെയ്യാം. അന്‍പത്-അറുപത് വര്‍ഷം മരത്തില്‍നിന്നും സാമാന്യം നല്ല തോതില്‍ കായ കിട്ടും. കായയുടെ തൊണ്ടു നീക്കി ജാതിക്കയും ജാതിപത്രിയും വെവ്വേറെ ഉണ്ടാക്കി സംഭരിക്കണം. ഇവ ഒരിക്കലും പുകകൊള്ളിച്ചു വയ്ക്കരുത്. ജാതിക്കയും ജാതിപത്രിയും രാത്രികാലങ്ങളില്‍ മുറിക്കകത്ത് മൂടിവയ്ക്കേണ്ടതാണ്. പുറത്തിട്ടാല്‍ നിറം മങ്ങാനും പൂപ്പലടിക്കാനും സാധ്യതയുണ്ട്. നല്ലതുപോലെ ഉണക്കിക്കിട്ടുന്ന 100 കി.ഗ്രാം ജാതിക്കയ്ക്ക് 15 കി.ഗ്രാം പത്രി കിട്ടുമെന്നതാണ് ഏകദേശം കണക്ക്.
പൂപ്പ്, കായപൊഴിച്ചില്‍, തണ്ടുണക്കം, ഇലപ്പുള്ളിരോഗം, ഇലകരിച്ചില്‍ എന്നീ രോഗങ്ങള്‍ ജാതിച്ചെടികളില്‍ കാണാറുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചാല്‍ മതിയാകും.
ജാതി എണ്ണ, ജാതി വെണ്ണ, ഓറിയോറൈസിന്‍ എന്ന സത്ത് എന്നിവയാണ് ജാതിയില്‍നിന്നു കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍. സുഗന്ധദ്രവ്യമെന്ന നിലയില്‍ ഇവയ്ക്ക് വിപണിയില്‍ നല്ല വിലയുണ്ട്.
www.karshikarangam.com