ഏറെ ശ്രദ്ധയോടും കരുതലോടും കൂടി ഏറ്റെടുക്കേണ്ട കാര്യമാണ് ഹൈടെക്ക് കൃഷി. വന്‍തുക ചെലവഴിച്ച് പോളിഹൗസ് നിര്‍മിച്ചതു കൊണ്ടു മാത്രം വര്‍ധിച്ച ഉത്പാദനവും മെച്ചപ്പെട്ട വരുമാനവും ലഭിക്കണമെന്നില്ല. പോളിഹൗസിന്‍റെ നിര്‍മാണം, നടുവാനുള്ള മാധ്യമം തയ്യാറാക്കല്‍, വിളയും വിത്തും തിരഞ്ഞെടുക്കല്‍, വിളപരിപാലനം, പോളിഹൗസിനുള്ളിലെ അന്തരീക്ഷ ക്രമീകരണം, വളപ്രയോഗം, വിളവെടുപ്പ് എന്നിങ്ങനെ ഓരോ ഘട്ടത്തിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയാല്‍ മാത്രമേഹൈടെക്ക് കൃഷിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കൂ.
കുറ്റമറ്റ രീതിയില്‍ പോളിഹൗസ് നിര്‍മിക്കുക എന്നതാണ് ഹൈടെക്ക് കൃഷിയില്‍ വിജയം വരിക്കുന്നതിനുള്ള ഒന്നാമത്തെ പടി. കേരളത്തില്‍ നിര്‍മിക്കുന്ന പോളിഹൗസുകളെല്ലാം തന്നെ നാച്ചുറലി വെന്‍റിലേറ്റഡ് എന്നയിനമാണ്. ഈയിനങ്ങളില്‍ ഉള്ളിലെ ചൂട് പുറത്തേക്കു പോകുന്നത് സ്വാഭാവികമായ രീതില്‍ തണുത്ത വായു ചൂടുവായുവിനെ പുറത്തേക്കു തള്ളുന്നതു മൂലമായിരിക്കണം. ഇതിന് ശരിയായ തോതില്‍ വായുസഞ്ചാരം ലഭിക്കത്തക്ക രീതിയില്‍ പോളിഹൗസിന്‍റെ ഉയരവും മതിയായ രീതിയിലുള്ള വെന്‍റിലേഷനും ഉറപ്പു വരുത്തേണ്ടതാണ്.
അതുപോലെ കീടങ്ങളുടെ പ്രവേശനം പൂര്‍ണമായി തടയുന്ന രീതിയിലായിരിക്കണം നിര്‍മാണം. കാറ്റിനെയും മഴയെയും പ്രതിരോധിക്കുന്നതിന് കഴിയുന്ന തരത്തില്‍ സ്ട്രക്ചര്‍ ബലവത്താക്കുന്നതിന് ഗുണമേډയുള്ള വസ്തുക്കള്‍ ആവശ്യമായ അളവില്‍ ശുപാര്‍ശയനുസരിച്ച് ഉപയോഗിക്കണം. പോളിഹൗസ് കുറ്റമറ്റ രിതിയില്‍ നിര്‍മിച്ചാല്‍ ഹൈടെക് കൃഷി പാതിഭാഗം വിജയിച്ചു എന്നു പറയാം. അപാകതകളുള്ള പോളിഹൗസാണ് നിര്‍മിക്കുന്നതെങ്കില്‍ ഏതൊക്കെ വിത്തിനങ്ങള്‍ ഉപയോഗിച്ചാലും എന്തെല്ലാം അനുബന്ധ സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചാലും സംരംഭം വിജയകരമാകില്ല.
ശരിയായ നിര്‍മാണ വൈദഗ്ധ്യമുള്ളവരെക്കൊണ്ടുതന്നെ പോളിഹൗസുകളുടെ നിര്‍മാണം നടത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഇതുപോലെ പ്രധാനമാണ് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുന്നതും. സൂര്യപ്രകാശത്തിന്‍റെ ലഭ്യത, കാറ്റിന്‍റെ ഗതി, ഭൂമിയുടെ ചെരിവ്, ജലലഭ്യത, ജലത്തിന്‍റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം സ്ഥലം നിശ്ചയിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ നിഴല്‍ വീഴുന്ന സ്ഥലങ്ങള്‍ പോളിഹൗസിനു യോജിച്ചതല്ല.
കൃത്യമായ രീതിയില്‍ മണ്ണൊരുക്കി തടമെടുത്ത് അതില്‍ വിളകള്‍ വളര്‍ത്തുന്നതാണ് പോളിഹൗസിലെ സാധാരണ രീതി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി കൃഷി മാധ്യമങ്ങളായ ചകിരിച്ചോറ്, പെര്‍ലൈറ്റ് - വെര്‍മിക്കുലേറ്റ് മിശ്രിതം തുടങ്ങിയവയും ഉപയോഗിക്കാം.
കൃഷിക്കായുള്ള വിളകളുടെ തിരഞ്ഞെടുപ്പിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവ പോളിഹൗസിലെ കൃഷിക്ക് അനുയോജ്യമാണെന്നുറപ്പു വരുത്തണം. വിളകളുടെ പരാഗണരീതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പടര്‍ന്നു വളരുന്നതിനെക്കാള്‍ ഉയരത്തിലേക്കു വളര്‍ന്നു കയറുന്ന വിളകളാണ് പോളിഹൗസില്‍ കൂടുതല്‍ ആദായകരമായി മാറുന്നത്. വിളവു കൂടുതല്‍ ലഭിക്കുന്നതും ഇത്തരം വിളകളില്‍ നിന്നായിരിക്കും. ഉദാഹരണം സാലഡ് വെള്ളരി, തക്കാളി, വള്ളിപ്പയര്‍, കാപ്സിക്കം തുടങ്ങിയവ. പരമ്പരാഗത വിത്തിനങ്ങളെക്കാലും അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനങ്ങളാണ് മെച്ചപ്പെട്ട വിളവു തരുന്നത്. തക്കാളിയുടെ ഗ്രാഫ്റ്റ് തൈകള്‍ ഉപയോഗിക്കുന്നത് രോഗപ്രതിരോധത്തിനും മികച്ച വിളവിനും സഹായിക്കും.
കണികജലസേചനത്തോടൊപ്പം വെളത്തില്‍ ലയിക്കുന്ന വളങ്ങള്‍ കൂടി നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍ രീതിയിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇപ്രകാരം നല്കുന്ന വളങ്ങളുടെ കാര്യത്തില്‍ കൃത്യത പരമപ്രധാനമാണ്. നിശ്ചയിച്ചിരിക്കുന്ന നേര്‍മയിലും അളവിലും ഇടവേളയിലും വളം നല്‍കണം. എല്ലാ വിളകള്‍ക്കും എല്ലാ പോളിഹൗസുകള്‍ക്കും ഒരേ രീതിയിലുള്ള ഫെര്‍ട്ടിഗേഷന്‍ ഷെഡ്യുള്‍ നിര്‍ദേശിക്കുന്നതു പ്രായോഗികമല്ല. ഇക്കാര്യത്തില്‍ വിദഗ്ധസഹായം തേടണം. ഫെര്‍ട്ടിഗേഷന്‍ ശരിയായില്ലെങ്കില്‍ സമ്പൂര്‍ണവിളപരാജയം വരെ സംഭവിക്കാം.
പോളിഹൗസില്‍ ജലസംരക്ഷണം ഉറപ്പുവരുത്തുന്നതും പോഷകനഷ്ടം ഒഴിലാക്കുന്നതും കളകളുടെ വളര്‍ച്ച തടയുന്നതുമാണ് അടുത്തതായി പ്രാധാന്യം അര്‍ഹിക്കുന്നത്. ഇതിന് പ്ലാസ്റ്റിക് പുതയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം.
വിളപരിപാലനവും പ്രാധാന്യമുള്ള കാര്യമാണ്. പോളിഹൗസിനുള്ളില്‍ രോഗങ്ങളുടെയോ കീടങ്ങളുടെയോ ആക്രമണം എത്ര ചെറിയ തോതിലാണെങ്കിലും ഉണ്ടായാല്‍ അവ അതിവേഗം വ്യാപിക്കുകയും കൃഷി പൂര്‍ണ പരാജയമായി മാറുകയും ചെയ്യും. അതിനാല്‍ രോഗ - കീടബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി മനസ്സിലാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഇതിനു കൃത്യവും ക്രമബദ്ധവുമായ നിരീക്ഷണം ആവശ്യമാണ്.
പോളിഹൗസുകളില്‍ കൃഷിചെയ്യുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയോ കൃഷിവകുപ്പിന്‍റെയോ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍റെയോ പരിശീലന പരിപാടികളില്‍ പങ്കെടുത്ത് വൈദഗ്ധ്യം നേടേണ്ടതാണ്. വിളയുടെ ഓരോ ഘട്ടത്തിലും വിദഗ്ധരുടെയോ പരിചയ സമ്പന്നരായ കര്‍ഷകരുടെയോ സഹായം തേടുന്നത് അഭികാമ്യമായിരിക്കും.
www.karshikarangam.com