പോളി ഹൗസ് / ഗ്രീന്‍ഹൗസ് : ഹരിതഗൃഹത്തിലെ ജലസേചനം


ഹരിതഗൃഹത്തിലെ താപനില കൃത്രിമമായി നിയന്ത്രിക്കുന്ന മിസ്റ്ററുകള്‍ക്കും ഫോഗറുകള്‍ക്കും പ്രചാരമേറിവരികയാണ്. ഈ രണ്ട് സംവിധാനവും പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതിയോ മറ്റേതെങ്കിലും ഊര്‍ജ്ജമോ വേണ്ടിവരും. എങ്കിലും ഇത് കേരളത്തില്‍ പ്രായോഗികമല്ല. 


മിസ്റ്ററുകളില്‍ വെള്ളം ശക്തിയായ മര്‍ദ്ദത്തില്‍ വളരെ ചെറിയ നോസിലൂടെ പുറത്തേക്ക് വരുന്നതിനാല്‍ ജലകണങ്ങള്‍ക്ക് 100 മുതല്‍ 180 മൈക്രോണ്‍ വലിപ്പമേ ഉണ്ടാകൂ. ഇത് വായുവില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കും. ഈ ജലകണങ്ങള്‍ ആവിയായി മാറുന്നതിന് ഹരിതഗൃഹാന്തരീക്ഷത്തിലെ താപത്തെ ഊര്‍ജ്ജമായി ഉപയോഗിക്കുന്നതിനാല്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില കുറയുന്നു (30C-60C). ഈ സംവിധാനം ഉപയോഗിച്ച് ഹരിതഗൃഹാന്തരീക്ഷത്തിലെ ഈര്‍പ്പം 60 മുതല്‍ 75 ശതമാനം ആയി നിലനിര്‍ത്താം.


ഫോഗറുകളില്‍ വെള്ളം കുറെക്കൂടി ശക്തയായ മര്‍ദ്ദത്തില്‍ വളരെ ചെറിയ നോസിലുകളില്‍ക്കൂടി പുറത്തുവരുന്നതിനാല്‍ വെള്ളത്തുള്ളികളുടെ വലിപ്പം 90-120 മൈക്രോണ്‍ ആയിരിക്കും. ഈ ജലകണങ്ങള്‍ വളരെ ചെറുതായതിനാല്‍ ബാഷ്പീകരിക്കുമ്പോഴും ഹരിതഗൃഹത്തിലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കും. ജലകണങ്ങള്‍ മഞ്ഞുപോലെ ഹരിതഗൃഹത്തിനുള്ളില്‍ മുഴുവനായും വ്യാപിക്കുന്നു. ഈ ജലകണങ്ങള്‍  അന്തരീക്ഷത്തില്‍ നില്‍ക്കുന്നതിനാല്‍ ചെടികളുടെ ഇലകളെ നനയ്ക്കുന്നില്ല. അതിനാല്‍ രോഗകീടബാധ താരതമ്യേന കുറവായിരിക്കും. മിസ്റ്ററുകളില്‍ വെള്ളത്തുള്ളികളുടെ വലിപ്പം താരതമ്യേന കൂടുതലായതിനാല്‍ അവ മുഴുവനായി നീരാവിയായി പോകുന്നില്ല.

 

ചില ജലകണങ്ങള്‍ തുള്ളിയായി ചെടികളുടെ ഇലകളിലും യു.വി.ഷീറ്റുകളിലും നിക്ഷേപിക്കപ്പെടുന്നു. ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇത് നല്ലതല്ല. അതിനുപുറമേ, ജലകണങ്ങള്‍ മുഴുവനായും നീരാവിയായി പോകാത്തതിനാല്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില, ഫോഗ് സംവിധാനത്തിലെ പോലെ താഴുന്നില്ല. ഫോഗറുകള്‍ക്ക് ഹരിതഗൃഹത്തിലെ താപനില 3 മുതല്‍ 6 ഡിഗ്രി വരെ കുറയ്ക്കാനാകും. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍
ഉണ്ടെങ്കില്‍ താപനില അധികം താഴുകയില്ല. ഫോഗറുകള്‍ വിത്ത് മുളപ്പിക്കുന്നതിനും പതിവച്ച (ലെയര്‍) ചെടികള്‍ വേര് പിടിപ്പിച്ചെടുക്കുന്നതിനും ഏറ്റവും യോജിച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 


ഈ പറഞ്ഞ ഫോഗിങ് സംവിധാനത്തോട് ഹ്യൂമിഡിസ്റ്റാറ്റ് കണ്‍ട്രോള്‍ സിസ്റ്റം ഘടിപ്പിക്കുകയാണെങ്കില്‍ ഹരിതഗൃഹത്തിലെ ഈര്‍പ്പം ആവശ്യമുള്ള അളവില്‍ നിലനിര്‍ത്താം. ഈര്‍പ്പത്തിന്‍റെ അളവ് 65 ശതമാനത്തിനും 75 ശതമാനത്തിനും ഇടയ്ക്കാണ് വേണ്ടതെങ്കില്‍ ഹ്യൂമിഡിസ്റ്റാറ്റ്, ഫോഗിങ് സംവിധാനത്തോട് ഘടിപ്പിക്കുകയും ഈര്‍പ്പത്തിന്‍റെ തോത് 65-75 ശതമാനം എന്ന കണക്കിന് ക്രമീകരിച്ചുവയ്ക്കുകയും വേണം. ഈര്‍പ്പത്തിന്‍റെ അളവ് കുറഞ്ഞ് 65 ശതമാനം ആവുകയാണെങ്കില്‍ ഹ്യൂമിഡിസ്റ്റാറ്റ് ഫോഗിങ് സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നു.

 

കുറച്ചുസമയം ഫോഗറുകള്‍ പ്രവര്‍ത്തിച്ചാല്‍ ഈര്‍പ്പം കൂടുകയും 75 ശതമാനം ആകുമ്പോള്‍ ഫോഗിങ് സംവിധാനത്തെ ഹ്യൂമിഡിസ്റ്റാറ്റ് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും. ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ ഹരിതഗൃഹത്തിലെ ഈര്‍പ്പത്തിന്‍റെ നില ശരിയായ തോതില്‍ ക്രമീകരിക്കാനാകും. ഈര്‍പ്പം കൂടുന്നതിനാനുപാതികമായി താപനില കുറയുമെന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. താരതമ്യേന ഉയര്‍ന്ന ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ഈര്‍പ്പ സാന്ദ്രതയും ഉള്ള പ്രദേശങ്ങളില്‍ ആണ് ഈ രീതി ഏറ്റവും പ്രായോഗികം. കേരളത്തില്‍ ഈ കാര്യത്തിന് താരതമ്യേന പ്രസക്തി കുറവാണ്. ഇവ പരമാവധി 50-60 സെക്കന്‍റ് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ.

 

അന്തരീക്ഷ ഈര്‍പ്പം കുറവുള്ള വരണ്ട പ്രദേശങ്ങളില്‍ മിസ്റ്ററുകള്‍/ഫോഗിങ് സംവിധാനം നിയന്ത്രിക്കുന്നതിന് തെര്‍മോ സ്റ്റാറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. നേരത്തെ പറഞ്ഞതുപോലെ താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് ക്രമീകരിക്കണമെങ്കില്‍ തെര്‍മോസ്റ്റാറ്റ് ഈ റേഞ്ചില്‍ ക്രമീകരിക്കണം. അങ്ങനെ ചെയ്താല്‍ ഓരോ തവണയും താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ മിസ്റ്ററുകള്‍/ഫോഗറുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും, 28 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു.

 

തെര്‍മോസ്റ്റാറുകള്‍ കൂടണമെങ്കില്‍ മൈക്രോപ്രോസസറും തെര്‍മോകപ്പിളും തെര്‍മിസ്റ്ററും ഉപയോഗിച്ച് കമ്പ്യൂട്ടര്‍വല്‍കരിച്ച സംവിധാനം ഉപയോഗിക്കാം. ഫോഗിങ്ങ് സംവിധാനം, ഹരിതഗൃഹത്തിന്‍റെ തറനിരപ്പില്‍ നിന്ന് 3.5-4.5 മീറ്റര്‍ ഉയരത്തിലും (വശങ്ങളുടെ/ഗട്ടറുകളുടെ ഉയരത്തില്‍) നോസിലുകള്‍ തമ്മിലുള്ള ദൂരം 2 മീ-2..5 മീറ്ററും ആയി ക്രമീകരിക്കണം. (ഫോഗറില്‍നിന്നും വമിക്കുന്ന ജലകണങ്ങള്‍ എത്ര ദൂരത്തേക്ക് തെറിക്കും എന്നതിനെ ആസ്പദമാക്കി).


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145243