ഒരു സ്ഥലത്തിനനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതും ശരിയായ രീതിയില്‍ ക്രമീകരിച്ചതുമായ ഹരിതഗൃഹങ്ങള്‍ക്ക് ചെടികള്‍ക്കനുയോജ്യമായ താപനിലയും ഈര്‍പ്പവും പ്രദാനം ചെയ്യാനും വിളവ് വളരെ അധികം വര്‍ധിപ്പിക്കാനും കഴിയും. ഇതിനായി, ഹരിതഗൃഹങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും നിര്‍മിക്കുമ്പോഴും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഹരിതഗൃഹം കഴിവതും തെക്ക്-വടക്ക് ദിശയില്‍ പണിയാന്‍ ശ്രദ്ധിക്കണം. കേരളം ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ നിര്‍മിച്ചാല്‍ ചൂട് കൂടാന്‍ ഇടവരും. ഹരിതഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് തെക്ക്-വടക്ക് ദിശയിലുള്ള ഹരിതഗൃഹക്രമീകരണം സഹായിക്കും. ഇതിനുപുറമേ തെക്ക്-വടക്ക് ദിശയില്‍ ക്രമീകരിച്ചാല്‍ ഹരിതഗൃഹത്തിന്‍റെ ചട്ടക്കൂട് നിര്‍മിക്കാനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ (പട്ടികകളും തൂണുകളും) മൂലമോ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഏതെങ്കിലും മരം/കെട്ടിടം/ഹരിതഗൃഹം മൂലമുണ്ടാകുന്ന തണല്‍, ഒരു പ്രത്യേക സ്ഥലത്തുമാത്രം കേന്ദ്രീകരിച്ച് ആ സ്ഥലത്തുള്ള ചെടികളുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ ഇടവരില്ല. ഹരിതഗൃഹം തെക്ക്-വടക്ക് സ്ഥാപിച്ചാല്‍ തണല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു സ്ഥലത്തെ ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ വരില്ല.
ഹരിതഗൃഹത്തിന്‍റെ വശങ്ങളിലെ വെന്‍റിലേറ്റര്‍ ഏറ്റവും താഴെയും (തറയോടടുപ്പിച്ച്) മേല്‍ക്കൂരയിലേത്, ഏറ്റവും മുകളിലും വയ്ക്കുന്നതാണ് നല്ലത്. വെന്‍റിലേറ്ററുകള്‍ കൊടുത്തിരിക്കുന്ന ഭാഗത്തുകൂടി കീടങ്ങള്‍ അകത്ത് കടക്കാതിരിക്കാന്‍ അവിടെ കീടങ്ങളെ തടയുവാനുള്ള വല ഘടിപ്പിക്കണം. വശങ്ങളിലേയും മേല്‍ക്കൂരയിലെയും വെന്‍റിലേറ്ററുകള്‍ തമ്മിലുള്ള അകലം കൂടുന്തോറും ഹരിതഗൃഹത്തിലെ താപനില കുറഞ്ഞുവരും. എന്നിരുന്നാലും ഹരിതഗൃഹത്തിന്‍റെ താഴെ 60 സെ.മീ. മുതല്‍ 80 സെ.മീ. ഉയരത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊടുത്ത് അതിനുമുകളില്‍ ഇന്‍സെക്ട് പ്രൂഫ് നെറ്റ് കൊടുക്കുകയാണ് ചെയ്തുവരുന്നത്. ഇത് മണ്ണിലോട്ട് 30-40 സെ.മീറ്റര്‍ ലംബമായും 20 സെ.മീറ്റര്‍ തിരശ്ചീനമായും ഇടുന്നു. ഇത് കീടങ്ങള്‍, നിമാവിര, എലി തുടങ്ങിയവ ഹരിതഗൃഹത്തിന്‍റെ ഉള്ളിലോട്ട് കയറുന്നത് ഒരുപരിധിവരെ തടയും. ഹരിതഗൃഹത്തിന് അതിന്‍റെ തറ വിസ്തീര്‍ണ്ണത്തിന്‍റെ 30 ശതമാനം എങ്കിലും വിസ്തീര്‍ണ്ണത്തില്‍ വെന്‍റിലേറ്റര്‍ (30% effective ventilation) കൊടുക്കണം.
മേല്‍ക്കൂരയിലെ വെന്‍റിലേറ്റര്‍ ഒരു വശത്ത് മാത്രമാണ് കൊടുക്കുന്നതെങ്കില്‍ കാറ്റ് ഏത് വശത്തേക്കാണോ വീശുന്നത് അവിടെ വേണം സ്ഥാപിക്കാന്‍. അതായത് കാറ്റ് കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് വീശുന്നതെങ്കില്‍ മേല്‍ക്കൂരയിലെ വെന്‍റിലേറ്റര്‍ പടിഞ്ഞാറുവശത്ത് വേണം സ്ഥാപിക്കാന്‍. കാറ്റ് വരുന്ന വശത്ത് (കിഴക്ക് ഭാഗത്ത്) മേല്‍ക്കൂരയില്‍ വെന്‍റിലേറ്റര്‍ സ്ഥാപിച്ചാല്‍ വിപരീതഫലമാവും ഉണ്ടാവുക. അതിനുപുറമെ കാറ്റുവരുന്ന ഭാഗത്ത് മേല്‍ക്കൂരയില്‍ വെന്‍റിലേറ്റര്‍ കൊടുത്താല്‍ നല്ല കാറ്റുള്ള സമയത്ത് അതുവഴി കാറ്റ് ഉള്ളില്‍ പ്രവേശിച്ച് ഹരിതഗൃഹത്തെ പിടിച്ച് കുലുക്കാനും, ഇതുമൂലം ഹരിതഗൃഹത്തിന് കേടുപാടുകള്‍ സംഭവിക്കാനും കാരണമാകും. കേരളത്തില്‍ കാറ്റ് രണ്ട് വശത്തോട്ടും വീശുന്നതുകൊണ്ട് രണ്ട് വശങ്ങളിലും വെന്‍റിലേറ്റര്‍ കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നാല്‍ ഇത്തരം ഹരിതഗൃഹം നിര്‍മിക്കുന്നതിന് ചെലവ് കൂടുതലായിരിക്കും.
സ്വാഭാവിക വെന്‍റിലേഷന്‍ കൊടുത്ത ഹരിതഗൃഹത്തില്‍ ഫോഗറുകളോ മിസ്റ്ററുകളോ ഘടിപ്പിക്കുകയും രാവിലെ 11 മണിമുതല്‍ വൈകുന്നേരം 3.30 മണിവരെയുള്ള സമയത്ത്, ആവശ്യാനുസരണം ഇടവിട്ട സമയങ്ങളില്‍ ഇവ പരമാവധി ഒരു മിനിറ്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഹരിതഗൃഹത്തില്‍ ഉച്ചയ്ക്ക് അനുഭവപ്പെടുന്ന ഉയര്‍ന്ന താപനില കുറച്ച്, ചെടികള്‍ക്ക് യോജിച്ച താപനില നിലനിര്‍ത്താനാകും.
കേരളത്തിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളതുകൊണ്ട് ഹരിതഗൃഹത്തിന് കൂടുതല്‍ ഉയരം കൊടുക്കുന്നതാണ് നല്ലത്.
ഹരിതഗൃഹത്തിന്‍റെ തറ വിസ്തീര്‍ണ്ണവും ഉയരവും
തറവിസ്തീര്‍ണ്ണം (ച.മീറ്റര്‍) |
വശങ്ങളിലെ ഉയരം (മീറ്റര്‍) |
മദ്ധ്യഭാഗത്തെ ഉയരം (മീറ്റര്‍) |
40 |
2.5 |
3.75-4.0 |
80 |
2.75-3.0 |
4.8-5.0 |
120 |
3.0-3.25 |
5.00 |
200 |
3.15-3.5 |
5.25-5.5 |
500 |
3.5-4.0 |
6.25-6.75 |
1000 |
4.0-4.25 |
7.0-7.5 |
1000 |
4.25-4.5 |
7.25-8.0 |
വെന്‍റിലേറ്ററുകള്‍ താഴെനിന്ന് മുകളിലോട്ട് പൊക്കി മുഴുവനായും തുറന്നുവയ്ക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. യു.വി. ഷീറ്റുകളാണെങ്കില്‍ കൈകൊണ്ടോ യന്ത്രസംവിധാനം ഉപയോഗിച്ചോ മുകളിലേയ്ക്ക് ചുരുട്ടിവയ്ക്കാം. 45 ഡിഗ്രി ചരിച്ച് തുറന്നുവയ്ക്കുന്ന രീതിയിലുള്ള വെന്‍റിലേറ്ററുകള്‍ ഉദ്ദേശിച്ച ഫലം തരികയില്ല.
വായുബന്ധിതമായ ഹരിതഗൃഹങ്ങളില്‍ രാവിലെ 10-11 മണിക്കുശേഷം വായുവിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് പുറത്തുള്ള അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ വളരെ കുറവായിരിക്കും. സ്വാഭാവിക വെന്‍റിലേഷന്‍ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് എല്ലായ്പ്പോഴും പുറത്തുള്ള അന്തരീക്ഷത്തിലേതിന് തുല്യമായിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ കുറവ് മൂലം ഉല്‍പ്പാദനക്ഷമതയില്‍ ഉണ്ടാകുന്ന കുറവ് സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹത്തില്‍ ഉണ്ടാവുകയില്ല. സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഘടിപ്പിച്ചിട്ടുള്ളടത്ത് യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റ് കൊണ്ടുള്ള റോളിങ്ങ് രീതിയുള്ള കര്‍ട്ടന്‍ സ്ഥാപിക്കുന്നതും വൈകുന്നേരം മുതല്‍ രാവിലെ 11 മണി വരെ ഇത് താഴ്ത്തി ഇടുന്നതും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് പോളിഹൗസില്‍ കൂട്ടും.
ഹരിതഗൃഹത്തില്‍ ഫാനും പാഡും/ഫോഗര്‍/മിസ്റ്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിലും സ്വാഭാവിക വെന്‍റിലേറ്ററുകളും കൂടി കൊടുക്കുകയാണെങ്കില്‍ വൈദ്യുതി ഇല്ലാത്ത സമയത്ത് വെന്‍റിലേറ്റര്‍ തുറന്നിട്ട് താപനില കുറയ്ക്കാനും അതുപോലെ രാത്രി സമയത്ത് വെന്‍റിലേറ്റര്‍ അടച്ച് ഹരിതഗൃഹത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് കൂട്ടാനും കഴിയും.
ശരിയായ രീതിയില്‍ ചൂടുവായു പുറത്തുപോകാനും ഹരിതഗൃഹത്തില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഹരിതഗൃഹത്തിന്‍റെ വീതി 5 മുതല്‍ 9 മീറ്റര്‍ വരെ ആയിരിക്കുന്നതാണ് നല്ലത്. വീതി കൂടുന്തോറും നിര്‍മാണച്ചെലവ് കുറയും. എന്നാല്‍ 9 മീറ്ററിലും കൂടുതല്‍ വീതി ആയാല്‍ ചൂട് കൂടുതലായിരിക്കും. ഹരിതഗൃഹത്തിന്‍റെ വീതി കൂടുന്തോറും ചൂട് കൂടും. യു.വി. ഷീറ്റ് ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ഹരിതഗൃഹത്തില്‍ ചൂട് കുറഞ്ഞിരിക്കാനും നിര്‍മാണ ചെലവ് കുറയ്ക്കാനും ഹരിതഗൃഹത്തിന്‍റെ വീതി (ഒറ്റ സ്പാന്‍ മാത്രമുള്ള ഹരിതഗൃഹമാണെങ്കില്‍) അഥവാ സ്പാനിന്‍റെ വീതി (സോ ടൂത്ത് അഥവാ അറക്കവാള്‍ മാതൃകയിലുള്ള ഹരിതഗൃഹം) 7 മുതല്‍ 9 വരെ ആയിരിക്കുന്നതാണ് നല്ലത്.
www.karshikarangam.com