ഒരു ജാപ്പനീസ് പഴമൊഴി പറയുന്നത് "വിളവിന്‍റെ പകുതി നിര്‍ണയിക്കുന്നത് തൈകളാണ്" എന്നാണ്. പച്ചക്കറി വിളകളുടെ പരിപൂര്‍ണ ഉല്‍പ്പാദനം സാധ്യമാകണമെങ്കില്‍ ആരോഗ്യവും കരുത്തുമുള്ള രോഗ-കീടവിമുക്തമായ തൈകള്‍ ഉപയോഗിക്കണം. തൈകള്‍ ഏറെ ലോലവും ഇളം തണ്ടോടു കൂടെയുള്ളതും ആകയാല്‍, നിരവധി രോഗ-കീടങ്ങള്‍ ബാധിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ പോളിഹൗസിനുള്ളിലും തുറസ്സായ സ്ഥലത്തും നടുവാനുള്ള പച്ചക്കറി തൈകള്‍ക്കു ശ്രദ്ധയോടെയുള്ള പരിപാലനം നല്‍കി വളര്‍ത്തിയെടുക്കണം. പ്രത്യേകിച്ചും അത്യുല്‍പ്പാദനശേഷിയുള്ള ഹൈബ്രിഡ് വിത്തുകള്‍ക്കു വില വളരെ കൂടുതല്‍ ആയതിനാല്‍ ഒരു വിത്തുപോലും നഷ്ടപ്പെടാതെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള ഹൈടെക് പച്ചക്കറിതൈ ഉല്‍പ്പാദനം ലക്ഷ്യമിടുന്നത് ഓരോ വിത്തില്‍നിന്നും "ഓരോ ചെടി" എന്നതാണ്. ആരോഗ്യമുള്ള പച്ചക്കറി തൈകളുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ താഴെപറയുന്നു.
1. ഹൈടെക് തൈ ഉല്‍പ്പാദനം
ഗുണമേന്മയും ആരോഗ്യവും കരുത്തുമുള്ള പച്ചക്കറിതൈ ഉല്‍പ്പാദനത്തിനുള്ള ആധുനിക സാങ്കേതികവിദ്യയാണിത്. പോളിഹൗസിനുള്ളില്‍ പ്രോപഗേഷന്‍ ട്രേകളില്‍ (പ്രോട്രേ/പ്ലഗ് ട്രേ) കൃത്രിമ മാധ്യമം നിറച്ച് വിത്തുകള്‍ പാകി മുളപ്പിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭാഗികമായോ പൂര്‍ണമായോ നിയന്ത്രിത അന്തരീക്ഷസാഹചര്യങ്ങളിലാണ് ഇതു ചെയ്യുന്നത്. ചകിരിച്ചോറ് (കോകോപീറ്റ്), വെര്‍മികുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 അനുപാതത്തില്‍ കലര്‍ത്തി മാധ്യമമായി ഉപയോഗിക്കുന്നു.
അടിസ്ഥാനപരമായ ആവശ്യങ്ങള്‍
ഹൈടെക് തൈ ഉല്‍പ്പാദനത്തിനായി സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
2. മാധ്യമം
മേല്‍പറഞ്ഞ മൂന്നു വസ്തുക്കളും യഥാക്രമം 3:1:1 എന്ന അനുപാതത്തില്‍ മിശ്രണം ചെയ്യുന്നു. മിശ്രിതത്തില്‍ ഓരോ വസ്തുവിന്‍റെയും ധര്‍മ്മം ഇപ്രകാരമാണ്. കോകോപീറ്റ്-വളരുവാനുള്ള മാധ്യമം, ഈര്‍പ്പം.
വെര്‍മികുലൈറ്റ്-വളരുവാനുള്ള മാധ്യമത്തിന്‍റെ ഭാഗം പെര്‍ലൈറ്റ്-നീര്‍വാര്‍ച്ചയ്ക്കു സഹായിക്കുന്നു.
മിശ്രണം തയാറാക്കുന്നതിനുമുമ്പ് കോകോപീറ്റ് നന്നായി വെള്ളത്തില്‍ കഴുകി അതിന്‍റെ അമ്ലത കുറയ്ക്കേണ്ടതാണ്.
3. ട്രേകള്‍
അറകളുടെ എണ്ണം അനുസരിച്ചും വലിപ്പം അനുസരിച്ചും വിവിധ വലിപ്പത്തിലുള്ള പ്രോട്രേകളും (വിത്തുപാകുന്നതിന്) ബേസ്ട്രേകളും (പ്രോട്രേകള്‍ വയ്ക്കുന്നതിന്) ഉപയോഗിക്കുന്നു. പ്രോട്രേകള്‍ നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കി ഉപയോഗിക്കണം.
മാധ്യമം തയാറാക്കിയശേഷം അവ ട്രേകളില്‍ നിറയ്ക്കുന്നു. വിത്തുപാകുന്നത് ശ്രദ്ധയോടെ ചെയ്യേണ്ടകാര്യമാണ്. ഇതിനായി മാനുഷികാധ്വാനം കൂടുതല്‍ വേണ്ടിവരുന്നു. വിത്തുപാകുന്ന യന്ത്രം ഇപ്പോള്‍ ലഭ്യമാണ്. വിത്തുപാകിയശേഷം ട്രേകള്‍ 5-6 ദിവസം 280C-320C താപനിലയില്‍ സൂക്ഷിക്കണം. അതിനുശേഷം നഴ്സറിക്കുള്ളിലേക്കു ട്രേകള്‍ മാറ്റാവുന്നതാണ്.
4. വിത്തുകള്‍ മുളയ്ക്കുവാനുള്ള സമയം
വിവിധ വിളകളുടെ വിത്തുമുളയ്ക്കുവാനുള്ള സമയം ഇപ്രകാരമാണ്.
തക്കാളി |
6 ദിവസം |
ക്യാപ്സികം |
9 ദിവസം |
മുളക് |
9 ദിവസം |
കത്തിരി |
6 ദിവസം |
കാബേജ്/കോളിഫ്ളവര്‍ |
4 ദിവസം |
5. പറിച്ചുനടുവാനുള്ള സമയം
പച്ചക്കറി ഇനങ്ങള്‍ക്കനുസരിച്ച് പറിച്ചുനടുവാനുള്ള സമയവും വ്യത്യസ്തമായിരിക്കും.
സലാഡ് വെള്ളരി |
15-20 ദിവസം |
തക്കാളി |
30-35 ദിവസം |
ക്യാപ്സിക്കം |
30-40 ദിവസം |
രോഗ നിയന്ത്രണത്തിനായി വിത്തുകള്‍ പാകുന്നതിനുമുന്‍പ് ഒരു കിലോ വിത്തിന് 4 ഗ്രാം ട്രൈക്കോഡെര്‍മ എന്ന കണക്കിന് ട്രീറ്റ് ചെയ്യേണ്ടതാണ്.
6. വളപ്രയോഗം
താഴെപ്പറയുന്ന കണക്കിനു വളങ്ങള്‍ ഇലകളില്‍ തളിച്ചു കൊടുക്കേണ്ടതാണ്.
8-18 ദിവസം NPK 191919-2g/1
15-20 ദിവസം Calcium Nitrate-2g/1
7. കീടനിയന്ത്രണം
8. തൈകളുടെ പായ്ക്കിങും ട്രാന്‍സ്പോര്‍ട്ടേഷനും
ഉല്‍പ്പാദന സ്ഥലത്തുനിന്ന് നടേണ്ട സ്ഥലത്തേക്കു തൈകള്‍ സുരക്ഷിതമായി കൊണ്ടുപോകുക എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. 5-6 അധികം കാര്‍ട്ടണുകള്‍ ഒന്നിനു മുകളിലായി അടുക്കി വെയ്ക്കുവാന്‍ പാടില്ല. സമീപപ്രദേശത്തേയ്ക്കാണ് തൈകള്‍ കൊണ്ടുപോകേണ്ടതെങ്കില്‍ വിവിധ തട്ടുകളായി തിരിച്ചു വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടതാണ്
9. പറിച്ചു നടല്‍
തൈകള്‍ വൈകുന്നേരങ്ങളില്‍ പറിച്ചു നടുന്നതാണ് ഏറെ ഉത്തമം. പറിച്ചു നട്ടാല്‍ ഉടന്‍ തന്നെ വെള്ളം നനച്ചു കൊടുക്കേണ്ടതാണ്.
10. ഗ്രാഫ്റ്റിങ്: പച്ചക്കറി തൈകളില്‍
വെവ്വേറെ വളരുന്ന രണ്ട് സസ്യങ്ങളെ ഒട്ടിച്ചു ചേര്‍ക്കുന്ന ഗ്രാഫ്റ്റിങ് രീതി രോഗപ്രതിരോധശേഷിയും അത്യുല്‍പ്പാദനക്ഷമതയും ഉള്ള പച്ചക്കറിതൈകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഈ സമ്പ്രദായത്തില്‍ രോഗപ്രതിരോധശേഷിയുള്ളതും കരുത്തുറ്റ വേരുവളര്‍ച്ച ഉള്ളതുമായ ഇനങ്ങളെ റൂട്ട് സ്റ്റോക്ക് (Root Stock) ആയും അത്യുല്‍പ്പാദനശേഷിയും വാണിജ്യാടിസ്ഥാനത്തില്‍ സ്വീകാര്യതയും ഉള്ള ഇനങ്ങളെ സയോണ്‍ (Scion) ആയും ഉപയോഗിക്കുന്നു. ഈ രീതി അവലംബിക്കുന്നതിലൂടെ മണ്ണിലൂടെ പകരുന്ന രോഗങ്ങളും നിമാവിര പോലുള്ള കീടങ്ങളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാവുന്നതാണ്.
ഗ്രാഫ്റ്റ് ഇന്‍കൊംപാറ്റിബിലിറ്റി (ശരിയായ രീതിയില്‍ ഒട്ടിച്ചേരാതിരിക്കല്‍) സംഭവിക്കുകയാണെങ്കില്‍ സയോണിന് അമിത വളര്‍ച്ച ഉണ്ടാകുകയും ക്രമേണ ചെടി നശിച്ചു പോകുകയും ചെയ്യും.
നൂനത പായ്ക്കിങ് സംവിധാനങ്ങള്‍
പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്നതില്‍, മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയ്ക്ക് തൊട്ടുപുറകിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നിരുന്നാലും, ഫലങ്ങളുടെ ആളോഹരി പോഷക ആവശ്യകതയും അവയുടെ ലഭ്യതയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നഷ്ടങ്ങള്‍, സംഭരണ സംസ്കരണ വിതരണ മേഖലകളിലുള്ള പോരായ്മകള്‍, ജനസംഖ്യാവര്‍ധനവ് തുടങ്ങിയവ ഗുണനിലവാരമുള്ള പഴം-പച്ചക്കറികളുടെ ലഭ്യതയ്ക്ക് ഒരു തടസ്സമാണ്. വിളവെടുപ്പ്, തരംതിരിക്കല്‍, തുടര്‍ന്നുള്ള പാക്കിങ്, ഗതാഗതം, സംഭരണ-വിപണന മാര്‍ഗങ്ങള്‍ എന്നിവയിലെ അപര്യാപ്തത മൂലം 30 മുതല്‍ 40% വരെ പഴം-പച്ചക്കറികള്‍ നഷ്ടമാകുന്നു. മികച്ച സംഭരണ പാക്കിങ് രീതികള്‍ അവലംബിക്കുന്നതിലൂടെയും, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ഈ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. ഉചിതമായ പാക്കിങ് രീതികള്‍ സ്വീകരിക്കുന്നതുമൂലം, ഉല്‍പ്പന്നങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും നല്ല നിലവാരത്തിലും ഉപഭോക്താക്കളിലെത്തിക്കാന്‍ സഹായിക്കുന്നു.
സമീപകാലത്ത് സംഭരണ പാക്കിങ് മേഖലയിലുണ്ടായ വന്‍വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വം, സൂക്ഷിച്ചുവയ്ക്കാനുള്ള കാലപരിധി, വിലക്ഷമത, പാരിസ്ഥിതിത പ്രശ്നങ്ങള്‍, ഉപഭോക്താവിന്‍റെ സൗകര്യം തുടങ്ങിയ കണക്കിലെടുത്തുള്ള നടപടികളാണ്. മേല്‍പ്പറഞ്ഞ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ട് നൂതനമായ പായ്ക്കിങ് സംവിധാനങ്ങള്‍ ലോകത്തെമ്പാടും ഇപ്പോള്‍ സ്വീകരിച്ചുവരുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും, സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ കാര്യക്ഷമമായ പാക്കിങ് വഹിക്കുന്ന പങ്ക് വലുതാണ്.
ഉപഭോക്താവിന്‍റെ ആവശ്യകത നിറവേറ്റുക എന്നതാണ് ഒരു പാക്കിങ് സംവിധാനത്തിന്‍റെ അടിസ്ഥാന ധര്‍മം. കൂടാതെ, ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘദൂരം കൊണ്ടു പോകേണ്ടിവരിക, പലവിധത്തിലുള്ള കൈകാര്യം ചെയ്യാന്‍, സംഭരണ സ്ഥലങ്ങളിലുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലും നിലനില്‍ക്കാന്‍ ഉന്നത ഗുണനിലവാരമുള്ള പാക്കിങ് സംവിധാനത്തിനു കഴിയണം. ഉല്‍പ്പന്നത്തിന്‍റെ ഭൗതികഗുണങ്ങളും അതോടൊപ്പം തന്നെ വിതരണ ശൃംഖലയയുടെ സ്വഭാവവും ഉപഭോക്താവിന്‍റെ അഭിരുചിയും കണക്കിലെടുത്തുവേണം പാക്കിങ് സംവിധാനങ്ങള്‍ തിരഞ്ഞെടുക്കാന്‍. നൂതന പാക്കിങ് സംവിധാനങ്ങള്‍
താഴെപ്പറയുന്ന ആവശ്യം നിറവേറ്റുന്നവയായിരിക്കണം.
1. ഗതാഗത സംഭരണ സമയത്തുണ്ടാകുന്ന ആഘാതങ്ങളെ അതിജീവിക്കാനുള്ള കഴിവ്
2. ഉല്‍പ്പന്നങ്ങളിലേക്കു വ്യാപിക്കുന്ന രാസവസ്തുക്കളുടെ അഭാവം
3. വാണിജ്യാടിസ്ഥാനത്തിലുള്ള ഭാരം, വലുപ്പം, ആകൃതി
4. ശ്വസനവാതകങ്ങളുടെ വ്യാപനക്ഷമത
5. പാക്കിങ് ആര്‍ദ്രതയേയും ഈര്‍പ്പത്തിന്‍റെ അളവിലുമുള്ള വ്യതിയാനങ്ങളേയും അതിജീവിക്കാന്‍ കഴിവുള്ളതായിരിക്കണം.
6. പാക്കിങ്ങിന്‍റെ ഭദ്രത, കൈകാര്യം ചെയ്യുന്നതിലെ എളുപ്പം എന്നിവ വിപണന മേഖലയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
7. സുതാര്യത
8. പുനരുപയോഗത്തിനും പുനരുല്‍പ്പാദനത്തിനുമുള്ള അനുയോജ്യത
9. സൂക്ഷ്മ ജീവികളുടെയും കീടങ്ങളുടെയും ആക്രമണത്തില്‍നിന്നുള്ള സംരക്ഷണം
അശാസ്ത്രീയവും അനുയോജ്യമല്ലാത്തതുമായ പാക്കിങ് രീതികളാണ് ഇന്നും നമ്മുടെ രാജ്യത്ത് പ്രധാനമായും അവലംബിച്ചുവരുന്നത്. മുക്കൂടകള്‍, തടിപ്പെട്ടികള്‍, ചാക്ക് മുതലായ പരമ്പരാഗത രീതികളാണ് ഇന്നും തുടര്‍ന്നു വരുന്നത്. ആഘാതങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള കാര്‍ഡ്ബോര്‍ഡ് പെട്ടികളുടെ ഉപയോഗം ഇന്ന് പരിമിതമാണ്. ആവശ്യാനുസരണമുള്ള വായുസഞ്ചാരത്തിന്‍റെ അഭാവവും, കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടും ഇത്തരം പരമ്പരാഗത രീതികളുടെ പരിമിതികളാണ്. ദീര്‍ഘകാല ഉപയോഗവും മറ്റു സാമ്പത്തിക ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ നൂതന പാക്കിങ് രീതികളായ കൊറുഗേറ്റഡ് ഫൈബര്‍ ബോര്‍ഡ് ബോക്സ്, പ്ലാസ്റ്റിക് ട്രേ, ശ്രിങ്ക് റാപ്പിങ് മുതലായവയാണ് അനുയോജ്യം.
തടി, മുള, ദൃഢമായ പ്ലാസ്റ്റിക്, കട്ടിയുള്ള കാര്‍ഡ്ബോര്‍ഡ് മുതലായവ എളുപ്പത്തില്‍ ചീത്തയാകുന്ന വസ്തുക്കള്‍ പൊതിയാന്‍ ഉപയോഗിക്കുന്നു. ഉല്‍പ്പന്നമൂല്യം, വാണിജ്യ ആവശ്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തു വേണം പാക്കിങ് സംവിധാനം നിര്‍ണയിക്കാന്‍. പാക്കിങ്ങിനെ താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാം.
1. പ്ലാസ്റ്റിക് ജൂട്ട് കൊണ്ട് നിര്‍മിച്ച ബാഗുകളും നെറ്റുകളും
2. തടിപ്പെട്ടികള്‍
3. കാര്‍ട്ടനുകള്‍
4. പ്ലാസ്റ്റിക് കൂടകള്‍
5. ഷിപ്പിങ് കണ്ടെയ്നേര്‍സ്
6. ഇലകള്‍, മുളകള്‍, പ്ലാസ്റ്റിക് മുതലായവ കൊണ്ട് നെയ്ത കുട്ടകള്‍
1. ചാക്കുകള്‍
പ്രകൃതിജന്യമായ ചണംപോലുള്ള നാരുകള്‍ ഉപയോഗിച്ചാണ് സാധാരണ ചാക്കുകള്‍ നിര്‍മിച്ചുവരുന്നത്. ഒരു ടണ്‍ പച്ചക്കറി പാക്കിങ്ങിന് ഏതാണ്ട് 250 കി.ഗ്രാം ചാക്ക് ആവശ്യമായി വരുന്നു. വിപണന മൂല്യവും മറ്റു ഘടകങ്ങളും കണക്കിലെടുത്തുകൊണ്ട് പ്രകൃതിദത്ത നാരുകള്‍ക്കു പകരമായി ഇന്ന് കൃത്രിമ നാരുകളും ചാക്കു നിര്‍മാണത്തിനുപയോഗിച്ചുവരുന്നു.
2. ഫൈബര്‍ ബോര്‍ഡ് ബോക്സ്
തക്കാളി, വെള്ളരി, ഇഞ്ചി മുതലായവയ്ക്കാണ് സാധാരണ fibre board box ഉപയോഗിക്കുന്നത്. ഓറഞ്ച്, ആപ്പിള്‍, കയറ്റുമതിക്കുള്ള മാങ്ങ തുടങ്ങിയവ ഇത്തരം പാക്കിങ് ഉപയോഗിച്ച് അയയ്ക്കുന്നു. കൈകാര്യം ചെയ്യുന്നതിലെ എളുപ്പവും, ഭാരക്കുറവും, പല അളവുകളിലുള്ള ലഭ്യതയും ഇവയുടെ പ്രത്യേകതയാണ്. എന്നാല്‍ കൂടിയ അന്തരീക്ഷ ആര്‍ദ്രത ഇവയുടെ ശക്തിക്ഷയത്തിനു കാരണമാകുന്നു. അതുകൊണ്ടുതന്നെ ഈര്‍പ്പം കൂടുതലുള്ള പഴം-പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ഇവ അനുയോജ്യമല്ല. പല അടുക്കുകള്‍ വച്ചുള്ള പെട്ടികളാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയ്ക്കു കോട്ടം തട്ടാത്ത രീതിയിലുള്ള വാതക വിനിമയ സൗകര്യവും താപനില ക്രമീകരണവും ഇത്തരം പെട്ടികളില്‍ ഉറപ്പുവരുത്തേണ്ടതാണ്.
3. തടിക്കൂടകള്‍
തക്കാളി, ഉരുളക്കിഴങ്ങ് മുതലായ പച്ചക്കറികള്‍ക്കും ഓറഞ്ച് പോലുള്ള പഴവര്‍ഗങ്ങള്‍ക്കുമാണ് തടിക്കൂടകള്‍ ഉപയോഗിച്ചുവരുന്നത്. തണ്ണിമത്തന്‍പോലുള്ള വലിയ പഴങ്ങള്‍ സംഭരിക്കുന്നതിനും ഇത്തരം കൂടകള്‍ വളരെയധികം ഉപയോഗിക്കുന്നു. പരുക്കന്‍ പ്രതലവും പെയിന്‍റ് അടിച്ചു കഴിയുമ്പോള്‍ കൂടയില്‍ തങ്ങി നില്‍ക്കുന്ന ദുര്‍ഗന്ധവും, മരപ്പലകകള്‍ക്കുണ്ടാകുന്ന ചെറുപ്രാണികളുടെ ആക്രമണവും ഇത്തരം കൂടകളുടെ ന്യൂനതയാണ്.
4. പ്ലാസ്റ്റിക് പെട്ടികള്‍
ദീര്‍ഘകാലം ഈടുനില്‍ക്കുന്നു എന്നതാണ് ഇത്തരം കൂടകളുടെ പ്രത്യേകത. കൈകാര്യം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള എളുപ്പം, പദാര്‍ത്ഥത്തിന്‍റെ ശക്തി എന്നിവ ഇത്തരം കൂടകളുടെ ഉപയോഗത്തെ മുന്‍പന്തിയിലാക്കുന്നു. അന്തരീക്ഷ വ്യതിയാനങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. പുറത്ത് ഒരു ആവരണം കൊടുത്തുകൊണ്ടാണ് ഇത്തരം കൂടകള്‍ സാധാരണയായി ഉപയോഗിക്കുന്നത്.
ഇന്ന് ഏത് പാക്കിങ് രീതികളും ഉല്‍പ്പന്നത്തെയും ഉപഭോക്താവിന്‍റെ ആവശ്യത്തെയും ആശ്രയിച്ചാണ് രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. അളവിനെക്കാളും ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയ്ക്കാണ് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. ഉല്‍പ്പന്നത്തിന്‍റെ പുതുമയും ഗുണമേന്മയും നഷ്ടമാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഉതകുന്ന ഒരു രീതിയാണ് മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് (മാറ്റിയഅന്തരീക്ഷ പാക്കിങ്).
പെട്ടെന്നു കേടാകുന്ന ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന ഈ നൂതന രീതിയില്‍, പാക്കിങ്ങിനകത്തുള്ള അന്തരീക്ഷ ഘടനയില്‍ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി ഉള്ളിലുള്ള വായുവിനെ നീക്കം ചെയ്യുകയും പകരം ഒരു വാതകമിശ്രിതം ഉള്ളിലേക്കു നിറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഉല്‍പ്പന്നങ്ങളില്‍ സംഭവിക്കുന്ന വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഫലത്തിലും, ശ്വസനത്തിന്‍റെ നിരക്കിലും ഈ വാതകമിശ്രിതത്തിന്‍റെ സാന്നിധ്യത്തില്‍ അളവില്‍ മാറ്റം സംഭവിക്കുന്നു.
കേടുപാടുകളില്ലാതെ ദീര്‍ഘകാലം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക, ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയും മറ്റു ഉപഭോക്തൃ സംബന്ധഘടകങ്ങളിലും ഉണ്ടാകുന്ന വ്യത്യാസങ്ങളെ കുറയ്ക്കുക, പോഷക ഘടനയിലുണ്ടാകുന്ന മാറ്റം കുറയ്ക്കുക തുടങ്ങിയവയാണ് മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിന്‍റെ പ്രത്യേക ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത് താഴെ പറയുന്ന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഉല്‍പ്പന്നത്തിലുണ്ടാകുന്ന ജൈവരാസമാറ്റങ്ങളെ കുറയ്ക്കുന്നു. സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ കുറയ്ക്കുന്നു. ഉല്‍പ്പന്ന മലിനീകരണത്തെ തടയുന്നു. സാധാരണയായി മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിലെ വാതകഘടന താഴെ പറയുന്ന വിധത്തിലാണ്.
2-5% ഓക്സിജന്‍, 2-5% CO2 ബാക്കി N2. പ്രധാനമായും രണ്ടു രീതിയില്‍ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിനെ തരംതിരിക്കാം.
പഴങ്ങളും പച്ചക്കറികളും വിളവെടുപ്പിനുശേഷവും ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുകയും കാര്‍ബണ്‍ഡൈഓക്സൈഡും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നു. ഒരു വസ്തുവിന്‍റെ ശ്വസനത്തിലുള്ള സവിശേഷതകള്‍ ഒരു ഫിലിമിന്‍റെ വ്യാപനക്ഷമതയുമായി കൃത്യമായി ഒത്തുപോകുന്നുണ്ടെങ്കില്‍ അനുകൂലമായ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് ഉറപ്പിക്കാം. അനുകൂലമായതും സന്തുലിതവുമായ മോഡിഫൈഡ് അറ്റ്മോസ്ഫറിക് ഘടകങ്ങള്‍ Passive ആയി നേടിയെടുക്കുമ്പോള്‍ പ്രവര്‍ത്തനത്തിനാവശ്യമായ ചെലവും സംരക്ഷണച്ചെലവും കുറയ്ക്കാന്‍ സാധിക്കും. പഴം-പച്ചക്കറികളുടെ ജീവശാസ്ത്ര പ്രത്യേകതകളും പൊതിയുവാനുപയോഗിക്കുന്ന ഫിലിമിന്‍റെ സ്വഭാവങ്ങളും അനുയോജ്യമായ PMAP ലഭിക്കുന്നതിനെ സ്വാധീനിക്കുന്നു.
പായ്ക്കറ്റിനുള്ളിലെ ആന്തരിക വായുഘടന കൃത്രിമമായി സൃഷ്ടിച്ച്, ഉല്‍പ്പന്നങ്ങള്‍ ഏറെക്കാലം കേടുപാടില്ലാതെ സൂക്ഷിക്കുന്ന രീതിയാണിത്. വായുവിലെ വിവിധ ഘടകങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള രാസമിശ്രിതങ്ങളും, പമ്പ് ചെയ്യുന്നതിനുള്ള ഗ്യാസ് സിലിണ്ടറുകളും ഇന്ന് വിപണിയില്‍ സുലഭമാണ്.
മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് കൊണ്ട് ഉല്‍പ്പാദകര്‍ക്കും, ഉപഭോക്താക്കള്‍ക്കും നേട്ടങ്ങളുണ്ട്. ഉപഭോക്താക്കള്‍ക്കു യോജിച്ചതും, ഗുണമേന്മയുള്ളതും, കൂടുതല്‍ കാലം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുമായ ഭക്ഷണോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഭക്ഷണസാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുള്ള രാസവസ്തുക്കളുടെ ആവശ്യം ഇല്ലാതാകുന്നതോടെ കൂടുതല്‍ പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഇതിനൊപ്പം തന്നെ ഉല്‍പ്പാദകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്നതിനാല്‍ നഷ്ടം ഒഴിവാക്കാനും കൂടുതല്‍ ലാഭം നേടാനും സാധിക്കുന്നു.
മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് കൊണ്ട് ചില കോട്ടങ്ങളും ഉണ്ട്. മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും വേണ്ട വ്യത്യസ്തമായ വാതകത്തിന്‍റെ മിശ്രിതത്തിന്‍റെ ആവശ്യമുണ്ട്. ഈ സംവിധാനത്തിനു വില കൂടിയതും പ്രത്യേക സംവിധാനമുള്ള ഉപകരണത്തിന്‍റെ ആവശ്യമുണ്ട്. അതുപോലെ ഉല്‍പ്പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്കു പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്. മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും, അതു ശേഖരിച്ചു വയ്ക്കുന്ന സ്ഥലത്ത് താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. ഉപഭോക്താക്കള്‍ പാക്കേജ് തുറന്നുകഴിഞ്ഞാല്‍ അതിന്‍റെ ഗുണങ്ങള്‍ സമയം കഴിയുന്നതനുസരിച്ച് കുറയുന്നു. 20-250ഇല്‍ സൂക്ഷിക്കുമ്പോള്‍ ഒരു വസ്തുവിന്‍റെ കാലദൈര്‍ഘ്യം ഒരു ദിവസമാണെങ്കില്‍ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് ഉപയോഗിക്കുമ്പോള്‍ അത് ഇരട്ടിയാകുന്നു. ശീതീകരണത്തിലൂടെ മൂന്നു മടങ്ങും ശീതീകരണവും മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പായ്ക്കിങ്ങും കൂടി യോജിക്കുമ്പോള്‍ നാലു മടങ്ങും വര്‍ധിക്കുന്നു. കുറച്ചു ഫിലിമുകള്‍ മാത്രമാണ് മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് സംവിധാനത്തില്‍ ഉപയോഗിക്കുന്നത്. Polyvinyl Chloride (PVC), Polystyrene (PS) Polyethyline (PE) Polypropylene (PP) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്.
Vaccum packing sunction-ല്‍ യന്ത്രം ഉപയോഗിച്ച് പായ്ക്കറ്റിന്‍റെ അകത്തുള്ള വായുവിനെ നീക്കം ചെയ്യുന്നു. ഈ സംവിധാനത്തിലൂടെ പായ്ക്കറ്റിന്‍റെ അകത്തെ ഓക്സിജന്‍റെയും നൈട്രജന്‍റെയും അളവ് കുറയ്ക്കാന്‍ സാധിക്കുന്നതുമൂലം പഴങ്ങള്‍ കൂടുതല്‍ കാലം കേടുവരാതെ ഇരിക്കും. പായ്ക്കറ്റിനുള്ളിലെ അന്തരീക്ഷത്തില്‍ കാര്യമായിട്ടുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള പ്രക്രിയയെയാണ് വാക്വം പായ്ക്കിങ് എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമൂലം പായ്ക്കറ്റിനുള്ളിലെ വായുവിന്‍റെ അളവ് കുറയ്ക്കുവാനും തല്‍ഫലമായി ഓക്സിജന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന രാസപ്രക്രിയകളും സൂക്ഷ്മജീവികളുടെ വളര്‍ച്ചയും തടയാനും സാധിക്കുന്നു. അയവുള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തു ഉല്‍പ്പന്നത്തില്‍ ഒട്ടിച്ചേര്‍ന്നിരിക്കുകയും leadspace ഇല്ലാതാക്കുകയും ചെയ്യുന്നു. ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്ന മുറികളിലും, കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും വാക്വം (വായുവില്ലാത്ത അവസ്ഥ) നിലനിര്‍ത്തുന്നു. ഈ സാങ്കേതിക വിദ്യയെ hypoboric storage അല്ലെങ്കില്‍ കുറഞ്ഞ മര്‍ദ്ദത്തിലുള്ള സ്റ്റോറേജ് എന്നു പറയുന്നു. ശ്വസനപ്രക്രിയ കുറവുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പായ്ക്ക് ചെയ്യുവാനാണ് ഈ പ്രക്രിയ സാധാരണ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, കശുവണ്ടിപരിപ്പ്, കപ്പലണ്ടി എന്നിവ.
ഭക്ഷ്യയോഗ്യമായ വസ്തുക്കളുപയോഗിച്ചുള്ള രണ്ടു രീതിയില്‍ ചെയ്യാവുന്നതാണ്. ഭക്ഷ്യയോഗ്യമായ വസ്തുക്കളോ, ദ്രാവകമോ ഉപയോഗിച്ച് പഴം-പച്ചക്കറികളുടെ ഉപരിതലത്തില്‍ ആവരണം ഉണ്ടാക്കുകയാണ് ആദ്യത്തേത്. ഭക്ഷ്യയോഗ്യമായ ഫിലിമുകള്‍ ഉപയോഗിച്ചുള്ളതാണ് രണ്ടാമത്തെ രീതി. ഇതിനായി ജന്തുജന്യമോ, സസ്യജന്യമോ ആയ അന്നജം/മാംസ്യം/കൊഴുപ്പ് എന്നിവയും പ്രകൃതിദത്ത മെഴുകും ഉപയോഗിച്ചുവരുന്നുണ്ട്. ഇവയെ ആസ്പദമാക്കിയുള്ള ഗവേഷണങ്ങള്‍ ധാരാളം നടന്നു വരുന്നുണ്ട്.
പായ്ക്ക് ചെയ്യുന്ന ഉല്‍പ്പന്നത്തിന്‍റെ വിശദാംശങ്ങളും, ഗുണമേന്മയും പായ്ക്കറ്റിനുള്ളിലെ വായു ഘടനയെക്കുറിച്ചും മറ്റും ഉപഭോക്താവിന് സൂചന നല്‍കുന്ന Biosensors (അഥവാ ജൈവ സൂചകങ്ങള്‍) അടങ്ങിയിട്ടുള്ള പായ്ക്കിങ് രീതിയാണിത്. ഇതിനായി ബാഹ്യസൂചകങ്ങളോ ആന്തരിക സൂചകങ്ങളോ ഉപയോഗിച്ചുവരുന്നു. നിറവ്യത്യാസത്തിലൂടെയാണ് പ്രധാനമായും ഈ സൂചകങ്ങള്‍ ഉപഭോക്താവിന് ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. സമയ/താപനില സൂചകങ്ങള്‍ ബാഹ്യമായും ആന്തരികഘടന/സൂക്ഷ്മാണുക്കളുടെ അളവ് എന്നിവ ആന്തരിക സൂചകങ്ങളായും ഉപയോഗിച്ചു വരുന്നു.
www.karshikarangam.com