പോളി ഹൗസ് / ഗ്രീന്‍ഹൗസ് : ഹരിതഗൃഹം- പ്രധാന ഭാഗങ്ങള്‍


1. ഫ്രെയിം അഥവാ ചട്ടക്കൂട്


2. ആവരണം 


3. പരിസ്ഥിതി നിയന്ത്രണ സംവിധാനങ്ങള്‍ (താപനിലയും ആര്‍ദ്രതയും)


4. ഫെര്‍ട്ടിഗേഷന്‍ സംവിധാനം


ചട്ടക്കൂട് ജി.ഐ. പൈപ്പ് കൊണ്ടോ ചിലവ് കുറഞ്ഞ (Low cost)  മുള, കവുങ്ങ്, കാറ്റാടി എന്നിവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. ആവരണമായി ഷേഡ് ഹൗസുകള്‍ക്ക് തണല്‍ വലയും മറ്റ് ഉപയോഗങ്ങള്‍ക്ക് 200 മൈക്രോണ്‍ യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റുകളും ഉപയോഗിക്കാവുന്നതാണ്. 


സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളും (200-400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ളത്), നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും (visible rays)   (400-700 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ളത്), ഇന്‍ഫ്രാറെഡ് രശ്മികളും (700 മുതല്‍ 800 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യമുള്ളത്) ആണ് ഉള്ളത്. ചെടികള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികള്‍ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം ചെയ്യുന്നു. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഇലകളെയും മറ്റും ചൂടാക്കുകയാണ് ചെയ്യുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ UV-A (315-400 nm), UV-B (280-315), UV-C (200-280 nm) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതില്‍ UV-B യും, UV-C യും ചെടികള്‍ക്ക് ദോഷകരമാണ്. UV-A ചെടികളുടെ ഫലങ്ങളുടെ നിറം, സ്വാദ്, മണം എന്നിവയെ സ്വാധീനിക്കുന്നതിനാല്‍ ചെടികള്‍ക്ക് ആവശ്യമാണ്. അതിനാല്‍ പോളി എത്തിലീന്‍ ഷീറ്റില്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത് UV-B, UV-C,  ലോങ് ഇന്‍ഫ്രാറെഡ് രശ്മികള്‍ എന്നിവ കടത്തിവിടാത്ത വിധത്തിലാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ 381 nm വരെയുള്ള UV-A  രശ്മികളും തടയപ്പെടുന്നുണ്ട്.

 

അതിനാല്‍ യുവി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റ് ഉപയോഗിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും ഷോര്‍ട്ട് ഇന്‍ഫ്രാറെഡ് രശിമികളും (short infrared rays),
UV-A രശ്മികളും ഹരിത ഗൃഹത്തിനുള്ളിലേക്ക് കടത്തിവിടുന്നു. എന്നാല്‍ ഷോര്‍ട്ട് ഇന്‍ഫ്രാറെഡ് രശ്മികള്‍ (short infrared rays) ഷീറ്റുകള്‍, ചെടികളുടെ ഇലകള്‍, മണ്ണ് എന്നിവയില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ ലോങ് ഇന്‍ഫ്രാറെഡ് രശ്മികളായി മാറുന്നു. അതിനാല്‍ ഈ രശ്മികള്‍ക്ക് ഹരിതഗൃഹത്തില്‍ നിന്ന് തിരിച്ചുപോകാനും കഴിയുന്നു. (ഷീറ്റ് ലോങ് ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിടാത്തതിനാല്‍). ഇന്‍ഫ്രാറെഡ് രശ്മികള്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില ഉയര്‍ത്തുന്നതിനാല്‍ ഹരിതഗൃഹത്തിലെ ചൂട് 30C മുതല്‍ 150C വരെ (മതിയായ വെന്‍റിലേഷന്‍ സംവിധാനങ്ങളൊന്നും ഇല്ലെങ്കില്‍) കൂടാന്‍ കാരണമാകുന്നു. ഇത് അന്തരീക്ഷത്തില്‍ ഹരിതവാതകങ്ങള്‍ (greenhouse gases) മൂലമുണ്ടാകുന്ന ഗ്രീന്‍ഹൗസ് ഇഫക്ടിന് തുല്യമായ പ്രതിഭാസമായതിനാലാണ് ഹരിതഗൃഹത്തിന് "ഗ്രീന്‍ഹൗസ്" എന്ന പേര്‍ ലഭിച്ചത്. പാശ്ചാത്യനാടുകളില്‍ തണുത്ത കാലാവസ്ഥയായതിനാല്‍ ഹരിതഗൃഹത്തിനുള്ളില്‍ ചൂടു കൂടുന്നത് വലിയ ഗുണം ചെയ്യും. എന്നാല്‍ നമുക്ക് കേരളത്തില്‍ ചൂട് കുറക്കുകയാണ് ചെയ്യേണ്ടത്. 


സാധാരണ, തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍  (open field cultivation) ഓരോ വിളകളും കാലാവസ്ഥ അനുസരിച്ച് മാത്രമേ കൃഷി ചെയ്യാനാകൂ. എന്നാല്‍ ഹരിതഗൃഹത്തിനുള്ളിലെ ഈര്‍പ്പവും താപനിലയും നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ ഏതു വിളകളും ഏതു സമയത്തും ഏതു സ്ഥലത്തും ഹരിതഗൃഹത്തിനുള്ളില്‍ കൃഷി ചെയ്യാന്‍ സാധിക്കും. അതിനാല്‍ ചെടികളുടെ ഫലങ്ങള്‍, അവയുടെ ആവശ്യകത അധികമുള്ളപ്പോഴും എന്നാല്‍ ലഭ്യത വളരെ പരിമിതമായിരിക്കുകയും ചെയ്യുന്ന സമയത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാന്‍ തക്കരീതിയില്‍ കൃഷി ചെയ്യുന്ന സമയം ക്രമീകരിച്ച് എത്തിക്കുവാനും, കര്‍ഷകന് മുന്തിയ വിലനേടുവാനും കഴിയും. ഇതിനായി വിളകള്‍ ഇറക്കു സമയം വേണ്ടവിധം ക്രമീകരിച്ചാല്‍ മാത്രം മതിയാകും. 


ഹരിതഗൃഹത്തിലെ ചെടികളുടെ ഉല്‍പ്പാദനക്ഷമത തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച് 3 മുതല്‍ 10 മടങ്ങ് വരെ കൂടുതലാണ്. ഇതിനുപുറമെ, ഹരിതഗൃഹങ്ങളില്‍ വളരുന്ന ചെടികള്‍, തുറസ്സായ സ്ഥലത്ത് വളരുന്നവയെ അപേക്ഷിച്ച് വളരെ ഗുണമേന്മയുള്ള പൂക്കളും ഫലങ്ങളും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.


ഹരിതഗൃഹങ്ങളില്‍, ചെടികളില്‍നിന്നും മണ്ണില്‍ നിന്നും വെള്ളം നഷ്ടമാകുന്നത്  (transpiration and evaporation) താരതമ്യേന വളരെ കുറവാണ്. അതിനാല്‍ 30 മുതല്‍ 70% വരെ വെള്ളം ഹരിതഗൃഹകൃഷിയില്‍ പാരമ്പര്യകൃഷി രീതികളെ അപേക്ഷിച്ച് ലാഭിക്കാനാകും. 


പരമ്പരാഗത കൃഷിരീതിയില്‍ മൊത്തം വളം രണ്ടോ മൂന്നോ തവണകളായി നല്‍കുന്നതിനാലും ജലത്തില്‍ പൂര്‍ണമായും അലിയുന്നവയല്ലാത്തതിനാലും ഭൂരിഭാഗം വളവും അന്തരീക്ഷത്തിലേക്കോ ചെടികളുടെ വേരുമണ്ഡലത്തിനു പുറത്തേക്കോ പോകുന്നതിനാല്‍ വിളകള്‍ക്ക് ലഭിക്കാതെ നഷ്ടപ്പെട്ടുപോകുന്നു. അതിനാല്‍ നല്‍കുന്ന വളത്തിന്‍റെ 30 മുതല്‍ 40% മാത്രമാണ് ചെടികള്‍ ഉപയുക്തമാക്കുന്നത്. ഇതിനുപുറമേ, പാരമ്പര്യ കൃഷി രീതികളില്‍ വെള്ളവും വളവും നല്‍കുമ്പോള്‍ കാലാവസ്ഥയിലോ, മണ്ണിലെ മൂലകങ്ങളിലോ ഉള്ള വ്യത്യാസവും മണ്ണിന്‍റെ രാസ ഭൗതിക സ്വഭാവവും കണക്കിലെടുക്കാറില്ല. എന്നാല്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ സ്ഥലത്തേയും മണ്ണിലുള്ള പ്രധാനപ്പെട്ട മൂലകങ്ങളുടെയും ദ്വിതീയ മൂലകങ്ങളുടെ സൂക്ഷ്മമൂലകങ്ങളുടെയും ചെടികള്‍ക്ക് ലഭ്യമായ തരത്തിന്‍റെ അളവുകള്‍ തിട്ടപ്പെടുത്തി, ചെടിയുടെ ആവശ്യാനുസരണം മൂലകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സൂക്ഷ്മകൃഷിയില്‍ ഓരോ കൃഷിയിടത്തേയും മണ്ണിലെ മൂലകങ്ങളുടെ അളവ് കൃത്യമായി കണ്ടെത്തി ചെടിക്ക് ആവശ്യമായ അളവില്‍ മൂലകങ്ങളും വെള്ളവും അതിന്‍റെ വേരുമണ്ഡലത്തില്‍തന്നെ നല്‍കുകയാണ് ചെയ്യുന്നത്.

 

മൂലകങ്ങള്‍ കണിക ജലസേചനത്തോടൊപ്പം ചെടികള്‍ക്ക് ലഭ്യമായ രൂപത്തില്‍ കൃത്യമായ അളവില്‍ പല തവണകളായി നല്‍കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കാനും മൂലകങ്ങള്‍ അടങ്ങിയ വളം വേരുമണ്ഡലത്തിന് താഴേക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലം മലിനീകരിക്കപ്പെടുന്നത് ഇല്ലാതാക്കാനും കഴിയുന്നു. അതിനാല്‍ വെള്ളം 30 മുതല്‍ 70 ശതമാനവും വളം 30 മുതല്‍ 50 ശതമാനവും ലാഭിക്കാന്‍ കഴിയും. പാരമ്പര്യ ജലസേചനരീതികള്‍ക്ക് 30 മുതല്‍ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോള്‍ സൂക്ഷ്മജലസേചനരീതി, 75 മുതല്‍ 95% വരെ കാര്യക്ഷമമായി ജലം ചെടികള്‍ക്ക് ലഭ്യമാക്കുന്നു. 

 

ഹരിതഗൃഹങ്ങളില്‍ രോഗകീടബാധകള്‍ വളരെ കുറവായിരിക്കും. മുഴുവനായി അടച്ചുകെട്ടിയതും പൂര്‍ണ്ണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളില്‍ സാധാരണയായി രോഗകീടബാധ ദുര്‍ലഭമായേ ഉണ്ടാകാറുള്ളൂ. ഈ സംവിധാനത്തില്‍, സാധാരണ ജൈവകീടനാശിനികള്‍ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. വിഷാംശമില്ലാത്ത ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ആവശ്യകത വര്‍ദ്ധിച്ചു വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ജൈവകൃഷിയില്‍ താല്‍പര്യം കൂടിവരുന്നുണ്ട്. രോഗാണുക്കളുടേയും കീടങ്ങളുടേയും ആക്രമണമാണ് ജൈവകര്‍ഷകരെ അലട്ടുന്നത്. സംരക്ഷിത കൃഷിരീതി അവലംബിക്കുന്നതുവഴി ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കുന്നു. 


തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച്, ഹരിതഗൃഹങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതും ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ പിടിച്ചു കിട്ടുന്നതും കൂടുതലായി വിജയിച്ചുവരുന്നു (97-99%).
ടിഷ്യുകള്‍ച്ചര്‍ ചെയ്ത തൈകള്‍, തുറസ്സായ കൃഷിയിടത്തില്‍ നേരിട്ട് വെയ്ക്കുന്നതിനുമുമ്പ് കുറച്ചുദിവസം ഹരിതഗൃഹങ്ങളില്‍ വച്ചാല്‍ കൂടുതല്‍ തൈകള്‍ കേടുകൂടാതെ സംരക്ഷിച്ചെടുക്കാനാകും. ഹരിതഗൃഹങ്ങളില്‍ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വയ്ക്കുമ്പോള്‍ രാത്രിയും പകലും അവയ്ക്കനുയോജ്യമായ പ്രകാശവും ഈര്‍പ്പവും താപനിലയും ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ടിഷ്യുകള്‍ച്ചര്‍ ചെയ്ത ചെടികള്‍ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹരിതഗൃഹങ്ങളില്‍ വയ്ക്കേണ്ടത്. രോഗകീടബാധ കുറയ്ക്കുന്നതിനായി ഹരിതഗൃഹത്തിന്‍റെ നിലം കോണ്‍ക്രീറ്റ് ചെയ്ത്, അതിനുമുകളില്‍ ടിഷ്യുകള്‍ച്ചര്‍ ചെയ്ത ചെടികള്‍ നട്ട പ്ലാസ്റ്റിക് കവറുകള്‍ നിരത്തുന്നതാണ് നല്ലത്. ഹരിതഗൃഹങ്ങളില്‍ 30 മുതല്‍ 45 ദിവസം വരെ ചെടികള്‍ വെച്ചശേഷം തുറസ്സായ സ്ഥലത്തു നടുകയാണെങ്കില്‍ 98 മുതല്‍ 100 ശതമാനം വരെ ചെടികള്‍ പിടിച്ചുകിട്ടുന്നതായി കണ്ടിട്ടുണ്ട്. 


ഹരിതഗൃഹങ്ങളില്‍ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന കൃഷിരീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. രാസലായനി, ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, നെല്ലിന്‍റെ ഉമി, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നീ മാധ്യമങ്ങളില്‍ ചെടികള്‍ നട്ട് ഹരിതഗൃഹങ്ങളില്‍ വളര്‍ത്തുന്ന രീതിക്ക് പ്രചാരം സിദ്ധിച്ചുവരുന്നു.  സ്വാഭാവിക വെന്‍റിലേഷന്‍ സംവിധാനമുള്ളതും ജിഐ പൈപ്പും യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റും ഉപയോഗിച്ച് ഹരിതഗൃഹം സ്ഥാപിക്കുന്നതിന് ഒരു ചതുരശ്ര മീറ്ററിന് 935 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 


ഹരിതഗൃഹങ്ങളുടെ മേല്‍ക്കൂരയും വശങ്ങളും യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റുകള്‍/ഗ്ലാസ്സുകള്‍/പോളികാര്‍ബണേറ്റ്/എക്രിലിക് ഷീറ്റുകള്‍ എന്നിവയിലേതെങ്കിലുംകൊണ്ട് ആവരണം ചെയ്യും. എങ്കിലും വിലയും പരിപാലനത്തിനും അറ്റകുറ്റപണികള്‍ക്കുള്ള ചിലവും ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ നിലവില്‍ ഏറ്റവും അനുയോജ്യമായ ആവരണം യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റുകളാണ്. ഇവയ്ക്കുള്ളിലെ താപനില, ഈര്‍പ്പം, പ്രകാശത്തിന്‍റെ ദൈര്‍ഘ്യവും തീവ്രതയും, കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ അളവ് എന്നിവ വിവിധ മാര്‍ഗങ്ങളിലൂടെ അവയ്ക്കുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് അനുയോജ്യമായ അളവില്‍ ക്രമീകരിക്കാം. ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ സ്ഥലകാലഭേദമന്യേ ഏത് വിളകളും ഇവയ്ക്കുള്ളില്‍ കൃഷി ചെയ്യാം. പല ആകൃതിയിലുള്ള ഹരിതഗൃഹചട്ടക്കൂടുകള്‍ (green house structures) ഇന്ന് പ്രചാരത്തിലുണ്ട്. ഓരോ സ്ഥലത്തെ കാലാവസ്ഥയ്ക്കനുസൃതമായി, അതിനുള്ളില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ചെടികള്‍ക്കനുയോജ്യമായ കാലാവസ്ഥ സംജാതമാക്കാന്‍ കഴിയുന്ന ആകൃതിയിലുള്ള ഹരിതഗൃഹമാണ് തിരഞ്ഞെടുക്കേണ്ടത്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7250535