പോളി എത്തിലീന്‍ ഷീറ്റ്
ഗ്ലാസ്സിനെ അപേക്ഷിച്ച് ഇതിന് വില കുറവാണ്. ഭാരം വളരെ കുറവായതിനാല്‍ ഹരിതഗൃഹം ചട്ടക്കൂട് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മരം/സ്റ്റീല്‍/ജി.ഐ. പൈപ്പ് എന്നിവയുടെ അളവ് വളരെ കുറവ് മതിയാകും. ഈ ഷീറ്റുകള്‍ മടക്കി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനെളുപ്പമാണ്. 300C മുതല്‍ 600C വരെ ചൂട് താങ്ങാനുള്ള കഴിവുണ്ട്. 600C മുകളില്‍ അതിന്‍റെ ശക്തി കുറഞ്ഞുവരികയും 800C നു മുകളില്‍ ഉയരുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഷീറ്റുകളില്‍ സൂര്യരശ്മി പതിക്കുമ്പോള്‍ പഴകി പെട്ടെന്ന് കീറിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത് പ്ലാസ്റ്റിക് ഷീറ്റിനെ യു.വി. സ്റ്റെബിലൈസ്ഡ് ആക്കി മാറ്റുന്നു. യു.വി. സ്റ്റെബിലൈസ്ഡ് അല്ലാത്ത ഷീറ്റുകള്‍ ആറു മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നശിച്ചുപോകുന്നു.
എന്നാല്‍ വേണ്ടരീതിയില്‍ പരിചരിച്ചാല്‍ യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റുകള്‍ മൂന്നു മുതല്‍ നാലു വര്‍ഷം വരെ കേടുകൂടാതെ നില്‍ക്കും. ഇത്തരം ഷീറ്റുകളാണ് ഹരിതഗൃഹങ്ങള്‍ ഉണ്ടാക്കുന്നതിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഗ്ലാസ്സിനെ അപേക്ഷിച്ച് ഇവയ്ക്ക് വില താരതമ്യേന കുറവാണ്. ആദ്യകാലത്ത് ഒറ്റപ്പാളിയുള്ള ഷീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് മൂന്നും അഞ്ചും പാളികളുള്ള ഷീറ്റുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതും (UV-C യും UV-B യും), പൊടിപിടിക്കാത്തതും, ചിതറിയ പ്രകാശം തരുന്നതും, മഞ്ഞുകണങ്ങളെ ഒഴുക്കിവിട്ട് ഹരിത ഗൃഹാന്തരീക്ഷത്തിന്‍റെ ഈര്‍പ്പം ചെടികള്‍ക്ക് യോജിച്ച രീതിയില്‍ നിലനിര്‍ത്തുന്നതും. ഇന്‍ഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതും, ഗന്ധക പ്രതിരോധം എന്നീ ഗുണങ്ങളെ കോ-എക്സ്ട്രൂഷന്‍വഴി ഒറ്റ ഷീറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. UV രശ്മികളെ തടയപ്പെടുന്നതിനാല്‍ കീടങ്ങളുടെ കാഴ്ച തടസ്സപ്പെടുന്നു. അതിനാല്‍ ഇവയ്ക്ക് രോഗം പരത്തുവാന്‍ കഴിയുന്നില്ല.
അതിനാല്‍ ഇത്തരം ഷീറ്റിനെ ആന്‍റി വൈറസ് ഷീറ്റ് എന്നും അറിയപ്പെടുന്നു. ഡിഫ്യൂസ്ഡ് ഷീറ്റിലൂടെ സൂര്യപ്രകാശം ചിതറിവരുന്നതിനാല്‍ ഹരിതഗൃഹത്തിലെ വിളകളുടെ എല്ലാ ഇലകളില്‍ പതിക്കുന്നു. മുകളിലത്തെ ഇലകളുടെ നിഴല്‍ താഴത്തെ ഇലകളിലും പതിക്കുന്നില്ല. അതിനാല്‍ എല്ലാ ഇലകളും അന്നജം ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ പങ്കെടുക്കുകയും ഉല്‍പ്പാദനക്ഷമത കൂടുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ ഹരിതഗൃഹത്തില്‍ വളരുന്ന ചെടികളും ലംബമായാണ് വളര്‍ത്തുന്നത്. അതിനാല്‍ പുറത്ത് ഒരു ഏക്കറില്‍ നടാന്‍ കഴിയുന്ന ചെടികള്‍ ഹരിതഗൃഹത്തില്‍ 25 സെന്‍റില്‍ നടാനാകും.
യു.വി. സ്റ്റെബിലൈസിഡ് 5 ലെയറുള്ള ഷീറ്റുകള്‍ ഗിനീഗര്‍ പ്ലാസ്റ്റിക് പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന ഇസ്രായേല്‍ കമ്പനിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതിന്‍റെ ഡീലേഴ്സ് അഗ്രിപ്ലാസ്റ്റ് എന്ന കമ്പനിയാണ്. എസ്സന്‍ മള്‍ട്ടിപാക്ക് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി 3 ലെയറുകളും 5 ലെയറുകളും ഉള്ള ഷീറ്റുകള്‍ നിര്‍മിക്കുന്നു.
ഹരിതഗൃഹം നിര്‍മിക്കുന്നതിന് ജി.ഐ. പൈപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എം.എസ്. പൈപ്പ് എളുപ്പത്തില്‍ തുരുമ്പിക്കും. ജി.ഐ. പൈപ്പ് കൊണ്ട് നിര്‍മിച്ച ചട്ടക്കൂടുകള്‍, നല്ലപോലെ പരിചരിക്കുകയാണെങ്കില്‍ 20 വര്‍ഷം വരെ കേടുപാടുകള്‍ സംഭവിക്കാതെയിരിക്കും. ഹരിതഗൃഹം നിര്‍മിക്കാന്‍ ബി. ക്ലാസ്സ് ജി.ഐ. പൈപ്പുകളാണ് ഉപയോഗിക്കേണ്ടത്. എ ക്ലാസ് പൈപ്പുകള്‍ക്ക് ബലം കുറവായിരിക്കും. 2 മി.മീറ്റര്‍ കനമുള്ള ജി.ഐ. പൈപ്പുകളാണ് ഹരിതഗൃഹനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ബി. ക്ലാസ് പൈപ്പിന്മേല്‍ നീലനിറത്തിലും എ ക്ലാസ് പൈപ്പിന്മേല്‍ മഞ്ഞനിറത്തിലും, സി ക്ലാസ് പൈപ്പുകള്‍ക്കു ചുവപ്പുനിറത്തിലും മുകളില്‍ ചായമടിച്ചിരിക്കും. ഒരു ചതുരശ്ര മീറ്റര്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ ഏകദേശം 6.5 കിലോ ജി.ഐ. പൈപ്പ് വേണ്ടിവരും. അതായത് 1000 ചതുരശ്ര മീറ്റര്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ 6500 കിലോ ജി.ഐ. പൈപ്പ് വേണ്ടിവരും.
ഹരിതഗൃഹം നിര്‍മിക്കുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം. വെള്ളക്കെട്ട് ഉണ്ടാകാന്‍ പാടില്ല. ഹരിതഗൃഹത്തിന്‍റെ തറ പുറത്തുള്ള ഭൂമിയില്‍ നിന്നും 15 മുതല്‍ 20 സെ.മീ. ഉയര്‍ന്നിരിക്കത്തക്കവണ്ണം മണ്ണിട്ടുയര്‍ത്തണം. ഹരിതഗൃഹം പണിയുന്ന സ്ഥലത്ത് നിഴല്‍ ഉണ്ടാകാന്‍ പാടില്ല. ഏതെങ്കിലും മരങ്ങളോ കെട്ടിടമോ അടുത്തുണ്ടെങ്കില്‍ അതിന്‍റെ ഉയരത്തിന്‍റെ രണ്ട് ഇരട്ടി അകലത്തില്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ തുറസ്സായ സ്ഥലത്ത് നിര്‍മിച്ചാല്‍, ശക്തിയായ കാറ്റ് ഹരിതഗൃഹത്തിന് കേടുപാടുണ്ടാക്കാനിടയുണ്ട്. അതിനാല്‍ ഹരിതഗൃഹത്തിന്‍റെ 30 മീറ്റര്‍ അകലത്തില്‍ കാറ്റിന്‍റെ ശക്തി കുറയ്ക്കാനുതകുന്ന മരങ്ങളോ കെട്ടിടങ്ങളോ ഉണ്ടായിരിക്കണം.
ഹരിതഗൃഹം പണിയുമ്പോള്‍ ഓരോ പില്ലറിന്‍റെയും അസ്ഥിവാരം 75 സെ.മീ. എങ്കിലും ഭൂമിയുടെ അടിയിലേക്ക് പോകുംവിധം വേണം നിര്‍മിക്കാന്‍. ഉറപ്പില്ലാത്ത മണ്ണാണെങ്കില്‍ ഹരിതഗൃഹങ്ങളുടെ അസ്ഥിവാരത്തിന് 90 സെ.മീ. ആഴം നിശ്ചയമായും നല്‍കണം. പില്ലറിന്‍റെ അസ്ഥിവാരം ടെലസ്കോപ്പിക്ക് ആയി നിര്‍മിക്കാം. ഇതിനായി ആദ്യം 25cm x 25cm വ്യാസമുള്ളതും 75/90 സെ.മീ. ആഴമുള്ളതുമായ കുഴികള്‍ കുഴിക്കുന്നു. 1000 ച.മീറ്ററോ അതില്‍ കൂടുതലോ തറ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന്, 2 inch വ്യാസമുള്ള അസ്ഥിവാരപൈപ്പ് കുഴിയില്‍ ഇറക്കിവച്ച് 1:2:4 മിശ്രിതം ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതിനുശേഷം 10 ദിവസം നല്ലപോലെ നനച്ചുകൊടുക്കണം.
അതിനുശേഷം 3 inch വ്യാസമുള്ള ജി.ഐ. പൈപ്പ് (ബി ക്ലാസ് 2 മി.മീ. കനമുള്ളത്) അസ്ഥിവാരപൈപ്പിനു മുകളില്‍ ഇറക്കിവച്ച് ബോള്‍ട്ട് ചെയ്യുന്നു. ഈ വിധത്തില്‍ ഹരിതഗൃഹത്തിന്‍റെ പില്ലറുകള്‍ സ്ഥാപിച്ചാല്‍ കാറ്റ് ശക്തിയായി വീശുമ്പോള്‍ ഹരിതഗൃഹത്തിന് ഒരു പരിധിവരെ കാറ്റിനെ പ്രതിരോധിക്കാനാകും. (അസ്ഥിവാരപൈപ്പിനും പില്ലര്‍ പൈപ്പിനും ഇടയ്ക്ക് ചെറിയ ഗ്യാപ്പ് ഉള്ളതിനാല്‍). 1000 ച.മീറ്ററോ അതിലധികമോ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന്‍റെ പില്ലര്‍ പൈപ്പുകള്‍ക്ക് 76 മി.മീറ്റര്‍ വ്യാസം ഉണ്ടായിരിക്കുന്നതാണ് നല്ലത്. 2 പില്ലറുകള്‍ തമ്മിലുള്ള ദൂരം 4 മീ.ആയിരിക്കണം. ചെറിയ ഹരിതഗൃഹങ്ങള്‍ക്ക് അസ്ഥിവാരപൈപ്പും പില്ലര്‍പൈപ്പും കൂടി ഒറ്റ പൈപ്പായി കൊടുക്കാവുന്നതാണ്. ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
ജി.ഐ. പൈപ്പ് ഉപയോഗിച്ച് ഹരിതഗൃഹം നിര്‍മിക്കുമ്പോള്‍ അതിന്‍റെ ഓരോ ട്രസ്സുകളും വെവ്വേറെ നിര്‍മിച്ച് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിക്കണം. അപ്പോള്‍ ആവശ്യമെങ്കില്‍ അവ ഊരി മാറ്റാനും കഴിയും. എല്ലാ പില്ലറുകളും സ്ഥാപിച്ചതിനുശേഷം ചട്ടക്കൂടിന്‍റെ മറ്റു ഭാഗങ്ങളും ഘടിപ്പിക്കുന്നു. അതിനുശേഷം ഹരിതഗൃഹത്തിനുമുകളില്‍ 5 പാളികളുള്ള 200 മൈക്രോണിന്‍റെ യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റുകൊണ്ട് ആവരണം ചെയ്യുന്നു.
ഇതിനായി ഷീറ്റ് ഉറപ്പിക്കേണ്ട ഭാഗങ്ങളിലെല്ലാം ജി.ഐ. പൈപ്പിനോട് ചേര്‍ത്ത് അലുമിനിയം പ്രൊഫൈല്‍ സെല്‍ഫ് ഡ്രില്ലിങ്സ്ക്രൂ ഉപയോഗിച്ച് ഘടിപ്പിക്കണം. അലുമിനിയം പ്രൊഫൈലിനുള്ളില്‍ പോളി എത്തിലീന്‍ ഷീറ്റ് കടത്തിവച്ച് അതിനുള്ളില്‍ പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ജി.ഐ.യുടെ സിഗ്സാഗ് സ്പ്രിങ് കടത്തിവച്ചാണ് പോളി എത്തിലീന്‍ ഷീറ്റ് ഉറപ്പിക്കുന്നത്. വശങ്ങളില്‍ ഇന്‍സെക്ട് പ്രൂഫ് നെറ്റും ഇതുപോലെ ഘടിപ്പിക്കാനാകും. മേല്‍ഭാഗത്തായി പോളി എത്തിലീന്‍ ഷീറ്റിനു താഴെ പ്രകാശത്തിന്‍റെ സാന്ദ്രത ക്രമീകരിക്കുന്നതിന്, ആവശ്യത്തിന് തണല്‍ തരുന്ന തണല്‍ വലകള്‍ ഗട്ടറിന്‍റെ ഉയരത്തില്‍ സ്ഥാപിക്കാം. തണല്‍ വലകള്‍ താഴെ നിന്ന് നിവര്‍ത്തിയിടാനും ചുരുക്കിയിടാനും കഴിയുംവിധം ഘടിപ്പിക്കണം. ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഏറ്റവും താഴെ കൊടുത്താല്‍ കൂടുതല്‍ വെന്‍റിലേഷന്‍ ലഭിക്കും. എന്നാല്‍ ഹരിതഗൃഹത്തിന്‍റെ തറനിരപ്പില്‍നിന്നും 60-80 സെ.മീറ്റര്‍ ഉയരത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ താഴെഭാഗത്ത് സ്ഥാപിക്കുന്ന ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ്/പ്ലാസ്റ്റിക് 30-40 സെ.മീ. എങ്കിലും താഴോട്ടും പിന്നീട് 20 സെ.മീ. തിരശ്ചീനമായും മണ്ണിനടിയില്‍ പോകത്തക്കവിധം സ്ഥാപിക്കണം. ഹരിതഗൃഹത്തിന്‍റെ എല്ലാ വശങ്ങളിലും 1 അടി വീതിയിലും ഉയരത്തിലും തിട്ടപിടിപ്പിക്കണം. ഈ തിട്ടയോട് ചേര്‍ന്ന് 2 വശങ്ങളിലും വെള്ളം ഒഴുകി പോകാനുള്ള ചാലും (1 അടി വീതിയിലും 1 അടി ആഴത്തിലും) നിര്‍മിക്കണം. ഹരിതഗൃഹത്തില്‍നിന്നും ഒഴുകിവരുന്ന മഴവെള്ളം ഒഴുക്കിവിടാന്‍ വേണ്ടിയാണിത്. അതല്ലെങ്കില്‍ ഗട്ടറുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പൈപ്പിന്‍റെ സഹായത്താല്‍ ശേഖരിച്ച് മഴവെള്ള സംഭരണിയിലേക്ക് തിരിച്ചുവിട്ടാല്‍ ഹരിതഗൃഹത്തിലെ ചെടികള്‍ക്ക് നനക്കാനായി ഉപയോഗിക്കാം.
ഹരിതഗൃഹത്തിന്‍റെ മേല്‍ക്കൂര വശങ്ങളിലേക്ക് തിരശ്ചീനമായി 75 സെ.മീ. നീട്ടിയെടുക്കുകയോ മേല്‍ക്കൂരയിലൂടെ ഒഴുകിവരുന്ന വെള്ളം ഗട്ടര്‍ പൈപ്പ് ഉപയോഗിച്ച് ശേഖരിച്ച് ഹരിതഗൃഹത്തിന് ദോഷം വരാത്തവിധം ടാങ്കിലോ മറ്റോ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ മഴക്കാലത്ത് ഹരിതഗൃഹത്തിലേക്ക് വെള്ളം ഒഴുകിവരുന്നത് തടയാനാകും. ഹരിതഗൃഹത്തിന് 2 വാതിലുകള്‍ കൊടുത്താല്‍ രോഗകീടബാധ കുറക്കുവാന്‍ സാധിക്കും. വാതിലുകള്‍ വശങ്ങളിലേക്ക് തള്ളിനീക്കാന്‍ കഴിയുന്ന തരത്തില്‍ ആയാല്‍, ആവശ്യത്തിനു മാത്രം തുറക്കാന്‍ കഴിയുന്നതിനാല്‍ പ്രാണികള്‍ ഉള്ളില്‍ കയറുന്നത് കുറയ്ക്കാം. വാതിലുകള്‍ കൂടുതല്‍ വീതിയില്‍ (2 മീറ്റര്‍ വരെ) കൊടുക്കാന്‍ കഴിയുന്നതുകൊണ്ട് വളം/തൈകള്‍ തുടങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ ഹരിതഗൃഹത്തിലെത്തിക്കാനും ഹരിതഗൃഹത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകാനും കഴിയും.
ഹരിതഗൃഹത്തിന് വശങ്ങളിലും മേല്‍ക്കൂരയിലും വെന്‍റിലേഷന്‍ കൊടുക്കണം. മേല്‍ക്കൂരയിലെ വെന്‍റിലേറ്റര്‍ കാറ്റ് എവിടേക്കാണോ വീശുന്നത് ആ ഭാഗത്തേക്ക് തുറക്കുന്ന രീതിയില്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. വെന്‍റിലേറ്ററുകളില്‍ 40 മെഷ് ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് കൊടുത്തിരിക്കണം. 500 ച.മീ. തറ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന്‍റെ പില്ലറുകള്‍ക്ക് 1.5" ഉം 200 ച.മീ. തറ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന് 2" ഉം വ്യാസമുള്ള ജി.ഐ. പൈപ്പുകള്‍ ഉപയോഗിക്കാം. 2" ന് താഴെ വ്യാസമുള്ള പൈപ്പുകള്‍ പില്ലര്‍ പൈപ്പുകളായി ഉപയോഗിക്കരുത്.
ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ്നെറ്റിനെ ആവരണം ചെയ്തുകൊണ്ട് 200 മൈക്രോണിന്‍റെ യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റ് നിവര്‍ത്തിയിടാനും ചുരുട്ടിയിടാനും കഴിയുംവിധം സ്ഥാപിക്കണം. വൈകുന്നേരം 5.30 നുശേഷം ഷീറ്റ് നിവര്‍ത്തിയിട്ടാല്‍ ചെടികള്‍ രാത്രി ശ്വസിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് ശേഖരിച്ചു വയ്ക്കാനും രാവിലെ 6 മണിക്ക് സൂര്യന്‍ ഉദിച്ചുവരുമ്പോള്‍ ഈ കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ച് ചെടികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി അന്നജം ഉല്‍പ്പാദിപ്പിക്കാനും കഴിയും. രാവിലെ 8 മണി ആകുമ്പോഴേക്കും ഷീറ്റ് പൊക്കിവയ്ക്കണം. അല്ലെങ്കില്‍ ഹരിതഗൃഹത്തിലെ താപനില ഉയരാന്‍ ഇടവരും. ശക്തിയായ മഴപെയ്യുന്ന സമയത്ത് ഈ ഷീറ്റ്, താഴ്ത്തിയിട്ടാല്‍ മഴവെള്ളം ഹരിതഗൃഹത്തിലേക്ക് കാറ്റടിമൂലം കടന്നു ചെടികള്‍ നനയുന്നത് തടയാനാകും.
ഹരിതഗൃഹത്തില്‍ വളരുന്ന ചെടികളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിന് അതിനുള്ളിലെ താപനില, ഈര്‍പ്പം, പ്രകാശത്തിന്‍റെ തീവ്രത, പ്രകാശദൈര്‍ഘ്യം, വായുവിന്‍റെ ഘടന (പ്രധാനമായും വായുവിന്‍റെ കാര്‍ബണ്‍ഡൈഓസൈഡിന്‍റെ അളവ്) സസ്യപോഷകമൂലകങ്ങള്‍ എന്നിവ ക്രമീകരിക്കണം. ഇത് ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനുകൂലമാം വിധമായിരിക്കണം.
മേല്‍പ്പറഞ്ഞ ഘടകങ്ങളില്‍ ഈര്‍പ്പവും താപനിലയും ആണ് ഏറ്റവും പ്രാഥമികവും പ്രാധാന്യമേറിയതുമായ ഘടകങ്ങള്‍. ഈ ഘടകങ്ങള്‍ താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ ക്രമീകരിക്കാം. ഹരിതഗൃഹത്തിലെ താപനില, ചെടികള്‍ക്കനുകൂലമായി ക്രമീകരിച്ചാല്‍, സ്വാഭാവികമായി ചെടികള്‍ക്കു വേണ്ട അളവില്‍ ഈര്‍പ്പവും ലഭിക്കും. താപനില താഴുമ്പോള്‍ ഈര്‍പ്പം കൂടുന്നു. ഈ രണ്ട് ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കേരളം, ഉഷ്ണമേഖലാ പ്രദേശമായതിനാല്‍ ഹരിതഗൃഹങ്ങളില്‍ ചെടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാകുന്നതിന് ചൂട് കുറയ്ക്കുകയും ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. ഇതിനായി കൃത്രിമ വെന്‍റിലേഷനോ സ്വാഭാവിക വെന്‍റിലേഷനോ ഉപയോഗിക്കാം.
ഒരു സ്ഥലത്തെ കാലാവസ്ഥ, ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ചെടികള്‍, അവയ്ക്ക് വിപണിയില്‍ ലഭിക്കുന്ന വില എന്നിവയെ ആസ്പദമാക്കി വേണം ഹരിതഗൃഹത്തിന്‍റെ ആകൃതിയും അതിലെ കാലാവസ്ഥ ക്രമീകരണ സംവിധാനവും രൂപകല്‍പ്പന ചെയ്യാന്‍.
www.karshikarangam.com