അനുയോജ്യമായ ചെടികള്‍ ചെറുതും പരന്നതുമായ ചട്ടികളില്‍ നടുന്നു. വീട്ടുപറമ്പില്‍ വളരുന്ന ചെടികള്‍ സൂക്ഷിച്ച് വേരുകളോടെ പിഴുതെടുത്താല്‍ മതി. ആദ്യം സാധാരണ ചട്ടിക്കകത്തു നട്ട് ഒന്നോ രണ്ടോ വര്‍ഷം വളര്‍ത്തണം. അതിനുശേഷം അധികം താഴ്ചയില്ലാത്ത ചട്ടിയില്‍ മാറ്റി നടണം.
പാഴ്ച്ചെടി മണ്ണില്‍നിന്നും ഇളക്കിയെടുത്ത ശേഷം അതിലുള്ള വേരുകളും ശിഖരങ്ങളും കോതണം. തുടര്‍ന്നു ചട്ടിയില്‍ നടാം.
ഉപയോഗിക്കുന്ന ചട്ടികള്‍
കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല. ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം.
മണ്ണ്
ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്‍ക്കത്തക്കവിധം കളിമണ്ണിന്‍റെ അംശം അധികമാകാന്‍ പാടില്ല. നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. അധികം വളാംശം ആവശ്യമില്ല. അധികം പശയുള്ള മണ്ണോ വെറും മണലോ ആകരുത്. അഴുകിപ്പൊടിഞ്ഞകരിയില മണ്ണുമായി കലര്‍ത്താം.
ചെടികോതല്‍
കനമുള്ള വേരുകളും കെട്ടുപിണഞ്ഞ കനം കുറഞ്ഞ വേരുകളുടെ അഗ്രവും നീക്കം ചെയ്യണം. ശിഖരങ്ങള്‍ കൂട്ടമായി കാണുന്നെങ്കില്‍ അവ മുറിച്ചുമാറ്റണം. ഇതു ചെടിക്കു കുള്ളന്‍ ആകൃതി ലഭിക്കാന്‍ സഹായിക്കും. ശിഖരങ്ങളൊന്നുമില്ലാതെയാണു ചെടി വളരുന്നതെങ്കില്‍ അതിന്‍റെ തലപ്പ് ഒരു നിശ്ചിത അളവില്‍ മുറിച്ചുമാറ്റണം-ശിഖരങ്ങള്‍ ചെറുതും നന്നായി ക്രമീകരിച്ചിരിക്കുന്നതുമാണെങ്കില്‍ കോതേണ്ട ആവശ്യമില്ല. ചെടി കോതുന്നതെപ്പോഴും അതിന്‍റെ വളര്‍ച്ചാനിരക്കും ചെടി പ്രതികരിക്കുന്ന രീതിയും കണക്കിലെടുത്തുവേണം. വലുപ്പമുള്ള ഇലകളുള്ള ചെടികളില്‍ ഇലകോതല്‍ കൂടുതലും ചെറിയ ഇലയുള്ള ചെടികളില്‍ ഇലകോതല്‍ കുറവുമായിരിക്കും.
www.karshikarangam.com