പയര്‍വര്‍ഗങ്ങള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതെങ്ങനെ സാധിക്കുന്നു എന്നതിനെപ്പറ്റി നാം ചിന്തിക്കാറില്ല. പയറുവര്‍ഗങ്ങളുടെ വേരില്‍ ചെറുമുഴുകള്‍ ധാരാളമായി നാം ശ്രദ്ധിക്കാറുണ്ട്. ഇവയെ ഇംഗ്ലീഷില്‍ Nodules എന്നും മലയാളത്തില്‍ പര്‍വങ്ങളെന്നും പറയുന്നു. ഈ പര്‍വങ്ങളില്‍ 'റൈസോബിയം' എന്നൊരിനം ബാക്ടീരിയ ജീവിക്കുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപമായ അമോണിയ നൈട്രജനാക്കി മാറ്റാന്‍ കഴിവുണ്ട്. ഈ ബാക്ടീരിയയ്ക്ക് ജീവിക്കാന്‍ ആവശ്യമായ ഊര്‍ജം പയറുചെടികള്‍ നല്‍കുന്നു. പകരം പയറുചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍ ഈ ബാക്ടീരിയകള്‍ നല്‍കുന്നു. പയറുചെടികളുടെ വേരിലുള്ള പര്‍വങ്ങളില്‍ നൈട്രജന്‍ ശേഖരിക്കുന്ന പ്രക്രിയയ്ക്ക് നൈട്രജന്‍ യൗഗീകരണമെന്ന് പറയുന്നു. പയറുചെടികള്‍ മണ്ണില്‍ അഴുകിച്ചേരുന്നതോടെ ധാരാളം നൈട്രജന്‍ മണ്ണിലെത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തില്‍ ഭൂമിയിലെ ഒരു ഹെക്ടര്‍ സ്ഥലത്തിന് മുകളിലായി 78,000 ടണ്‍ നൈട്രജനുണ്ട്. ഈ നൈട്രജന്‍ ചെടികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ല. വലിയ മുതല്‍മുടക്കില്‍ രാസവള കമ്പനികള്‍ ഉണ്ടാക്കി വലിയ മര്‍ദവും ഉയര്‍ന്ന ഊഷ്മാവും ഉപയോഗിച്ചാണ് ഈ നൈട്രജനെ രാസവളമാക്കി മാറ്റി ചെടികള്‍ക്ക് എത്തിക്കുക. എന്നാല്‍ പയറുകളുടെ വേരിലുള്ള ബാക്ടീരിയയ്ക്ക് ഇത് നിഷ്പ്രയാസം വലിച്ചെടുക്കാം. പിന്നീട് ചെടികള്‍ക്ക് ഉപയോഗിക്കാം.
ഒരു ഇനം റൈസോബിയത്തിന് എല്ലാത്തരം പയറുവര്‍ഗങ്ങളിലും സംക്രമണം നടത്തി നൈട്രജന്‍ യൗഗികീരണം നടത്താന്‍ പറ്റില്ല. ഒരിനം പയറുവര്‍ഗത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത റൈസോബിയത്തിന് ആ ഇനത്തിന് പുറമേ സംക്രമണം നടത്താന്‍ കഴിയുന്ന പയറുവര്‍ഗങ്ങളുടെ സമൂഹത്തെ സങ്കരനിവേശന വിഭാഗമെന്ന് (Cross Inoculation Group) പറയും.
റൈസോബിയം ബാക്ടീരിയയെ പാക്കറ്റിലാക്കുന്ന വിധം
കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ റൈസോബിയം ബാക്ടാരിയകളെ ലാബറട്ടറികളില്‍ വളര്‍ത്തിയെടുത്ത് നന്നായി പൊടിച്ച പീറ്റ് (ഒരിനം മണ്ണ്), പീറ്റ്-കരിമിശ്രിതം), ലിഗ്നൈറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു വാഹകവസ്തുവായി കലര്‍ത്തി പാക്കറ്റിലാക്കി മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പതിവ്. ഇത്തരം പാക്കറ്റുകള്‍ മൂന്നുതരത്തില്‍ നിര്‍മിക്കാറുണ്ട്:
എന്തിനാണ് റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നത്?
നൈട്രജന്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സസ്യമൂലകമാണ്. ഈ മൂലകത്തെ ഉപയോഗപ്പെടുത്തി സസ്യങ്ങള്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു. പ്രോട്ടീനുകളാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വസ്തു.
മണ്ണില്‍ ഏറ്റവുമധികം ചലനമുള്ള മൂലകം നൈട്രജനാണ്. മണ്ണിലുള്ള നൈട്രജന്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം നൈട്രേറ്റ് രൂപത്തില്‍ എത്തുന്നു. നൈട്രേറ്റുകള്‍ വെള്ളത്തില്‍ക്കൂടി വാര്‍ന്ന് നഷ്ടപ്പെടുന്നു. തന്മൂലം മിക്ക കൃഷിയിടങ്ങളിലും നൈട്രജന്‍റെ അഭാവം തീര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് നാം രാസവള നൈട്രജനെ ആശ്രയിക്കുന്നത്.
രാസവളരൂപത്തില്‍ നൈട്രജന്‍ എങ്ങനെയാണ് ഉണ്ടാക്കപ്പെടുന്നത്? അന്തരീക്ഷത്തിലുള്ള നൈട്രജനെ ഫാക്ടറികളില്‍ വലിച്ചെടുക്കുന്നു. ഇതിനെ ഹൈഡ്രജനുമായി ഒന്നിക്കുമ്പോള്‍ അമോണിയ ഉണ്ടാകുന്നു. അമോണിയ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി ചേരുമ്പോള്‍ യൂറിയ ഉണ്ടാകുന്നു. അമോണിയ സള്‍ഫ്യൂറിക് ആസിഡുമായി ചേരുമ്പോള്‍ അമോണിയം സള്‍ഫേറ്റ് ആകുന്നു. ഫാക്ടറികളില്‍ ഇപ്രകാരം നൈട്രജന്‍ വളങ്ങള്‍ ഉണ്ടാക്കി പാടത്തേക്ക് വരുമ്പോള്‍ ചെലവ് ഏറും. സബ്സിഡികള്‍ മാറുമ്പോള്‍ നൈട്രജന്‍ രാസവങ്ങള്‍ ചെലവേറിയ ഒന്നായി മാറുമെന്നതില്‍ സംശയമില്ല.
ഫാക്ടറികളില്‍ നൈട്രജന്‍ വളങ്ങള്‍ നിര്‍മിക്കുന്നതിന് തുല്യമാണ് പയറുവര്‍ഗങ്ങളുടെ വേരില്‍ ബാക്ടീരിയ നൈട്രജന് യൗഗികീകരിക്കുന്നത്. തന്മൂലം പയറുവര്‍ഗങ്ങള്‍ വളര്‍ത്തി മണ്ണില്‍ നൈട്രജന്‍റെ ലഭ്യത കൂട്ടുന്നത് രാസവളങ്ങളെ ആശ്രയികകുന്നതിലും ഏറെ അഭികാമ്യമാണ്. പയറുവര്‍ഗങ്ങളുടെ വേരില്‍ നൈട്രജന്‍ യൗഗികീകരണത്തിന് ഏറ്റവും യോജിച്ച റൈസോബിയത്തെ ലഭ്യമാക്കാമെങ്കില്‍ ഈ പ്രക്രിയ കാര്യക്ഷമമായി നടക്കും എന്നതില്‍ സംശയമില്ല. വന്‍പയര്‍ നന്നായി കൃഷി ചെയ്യാമെങ്കില്‍ ഒരു ഹെക്ടറില്‍ 90 കി.ഗ്രാം നൈട്രജന്‍ ലഭിക്കുമെന്ന് കണ്ടിട്ടുണ്ട്. ഇത്രയും നൈട്രജന്‍ മണ്ണില്‍ എത്തണമെങ്കില്‍ 195 കി.ഗ്രാം യൂറിയയോ 450 കി.ഗ്രാം അമോണിയം സള്‍ഫേറ്റോ വേണ്ടിവരും. രാസവളത്തില്‍നിന്നും കിട്ടുന്ന നൈട്രജന്‍റെ ശരാശരി 50% മാത്രമേ വിളകള്‍ക്ക് കിട്ടുകയുള്ളൂ.
ബാക്കിയുള്ളത് പല രീതിയില്‍ നഷ്ട്പെടും. എന്നാല്‍ പയറുവര്‍ഗത്തില്‍നിന്നും കിട്ടുന്നതിന്‍റെ ഏറിയ പങ്കും മണ്ണില്‍ നിലനില്‍ക്കുകയും വിളകള്‍ക്ക് കിട്ടുകയും ചെയ്യും.
പയറുവര്‍ഗത്തില്‍ നൈട്രജന്‍ യൗഗികീകരണം വര്‍ധിപ്പിക്കുവാന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനത്തെ മുളച്ചുവരുന്ന ഇളംവേരുകളുടെ അടുത്ത് എത്തിക്കുന്നതിനാണ് വിത്തുകളില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത്. ഇതിനെ റൈസോബിയം നിവേശനം (Inoculation) എന്നാണ് പറയുക.
റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നവിധം
റൈസോബിയം ബാക്ടീരിയകളെ വാഹകവസ്തുക്കളില്‍ കലര്‍ത്തി പാക്കറ്റിലാക്കിയാണ് കൃഷിക്കാര്‍ക്ക് കിട്ടുന്നത്. ഇവയെ വിത്തില്‍ പുരട്ടുന്നതിന് താഴെ പറയുന്ന രീതികളിലൊന്ന് അവലംബിക്കാവുന്നതാണ്:
www.karshikarangam.com