വെള്ളത്തിന് മുകളില്‍ പൊന്തിക്കിടക്കുന്ന ഒരിനം ചെടിയാണ് അസോള. ത്രികോണാകൃതിയോ ബഹുഭുജാകൃതിയോ ആയിരിക്കും ഇവയുടെ ആകൃതി. ഇലകളും വേരുകളുമുള്ള ഈ ചെടികള്‍ ചെറുതാണ്. അനേകം ചെടികള്‍ കൂട്ടിക്കെട്ടിയാണ് ഇവ ജലനിരപ്പില്‍ കാണപ്പെടുന്നത്. ജലവിതാനത്തിന് മുകളില്‍ ഇലകളുടെ മടക്കില്‍ ഒരിനം നീലഹരിത ആല്‍ഗകള്‍ താമസിക്കുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തില്‍നിന്നും നേരിട്ട് നൈട്രജനെ യൗഗികീകരിക്കുന്നതിന് കഴിവുണ്ട്. തന്മൂലം നമ്മുടെ നാട്ടില്‍ നൈട്രജന്‍ രാസവളങ്ങളുടെ ഉപയോഗം നെല്‍കൃഷിയില്‍ കുറക്കുന്നതിന് അസോളയെ ഉപയോഗപ്പെടുത്താമെന്ന് കണ്ടിട്ടുണ്ട്.
ഇന്ത്യ, ചൈന, വിയറ്റ്നാം, തായ്ലണ്ട്, ഫിലിപ്പൈന്‍സ് മുതലായ രാജ്യങ്ങളില്‍ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റിയ ഒരിനം അസോളയാണ് അസോള പിന്നേറ്റാ വെറൈറ്റി പിന്നേറ്റ. ഈ അസോളയിലുള്ള നീലഹരിത ആല്‍ഗങ്ങളുടെ ശരീരത്തില്‍ പ്രത്യേകതരം കോശങ്ങളുണ്ട്. അവയെ ഇംഗ്ലീഷില്‍ ഹെറ്റിറോസിസ്റ്റ് എന്നു പറയും. ഈ അറകളിലാണ് അവ നൈട്രജനെ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപമായ അമോണിയയായി സൂക്ഷിക്കുന്നത്. അസോള അതിന്‍റെ വളര്‍ച്ചയ്ക്ക് ഈ നൈട്രജന്‍ ഉപയോഗിക്കുന്നു. പകരം ആല്‍ഗകള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ആഹാരം അസോളയില്‍നിന്ന് ശേഖരിക്കും.
നെല്‍കൃഷിയില്‍ അസോളയുടെ പ്രയോഗം
ഉണക്കിയെടുത്ത അസോളയില്‍ ഉദ്ദേശം 4-6% നൈട്രജന്‍, 0.5% - 0.8% ഫോസ്ഫറസ്, 0.45% മഗ്നീഷ്യം, 0.35% - 0.9% കാല്‍സ്യം, 2 - 6% പൊട്ടാസ്യം, 0.11 - 0.16% മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. നൈട്രജനു പുറമെ മറ്റു മൂലകങ്ങളും കിട്ടുന്നതിനാല്‍ ഇതിനെ പ്രധാനമായും ഒരു പച്ചിലവളം എന്ന കണക്കിനാണ് കരുന്നത്. ഒരു ഹെക്ടര്‍ നെല്‍പ്പാടത്ത് അസോള നന്നായി വളരുന്നതായാല്‍ 6 ടണ്‍ പച്ചില വളം കിട്ടും. അസോളയെ രണ്ടുതരത്തില്‍ നെല്‍പ്പാടത്ത് ചേര്‍ക്കാവുന്നതാണ്.
ആദ്യത്തെ രീതി അസോളയെ ജലാശയങ്ങളില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. പാടത്ത് ഒരു ഭാഗത്ത് അസോള ഞാറ്റടികള്‍ തയാറാക്കുകയാണ് ആദ്യ പരിപാടി. ഞാറ്റടിക്ക് 2 x 4മീ. വലുപ്പമുണ്ടാകണം. ഇതിന് 4 സെ.മീ. വരെ വെള്ളം കെട്ടിനിര്‍ത്തണം. ഒരു ച.മീ. 600 ഗ്രാം മുതല്‍ ഒരു കി.ഗ്രാം വരെ അസോള വിതറിക്കൊടുക്കുന്നു. അധികം ഊഷ്മാവും സൂര്യപ്രകാശവും ഏല്‍ക്കാതിരിക്കാന്‍ തണല്‍ നല്‍കുന്നതും ഉചിതമാണ്. അസോളയുടെ വളര്‍ച്ച ത്വരിതപ്പെടാന്‍ ഒരു ചതുരശ്ര മീറ്ററിന് 5 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 3 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 0.5 ഗ്രാം തുരിശ്, 0.3 ഗ്രാം ഫ്യുറഡാന്‍, 250 ഗ്രാം ചാണകം എന്നിവ ചേര്‍ത്ത് കൊടുക്കണം. ഇങ്ങനെയെല്ലാം ചെയ്താല്‍ 20 ദിവസംകൊണ്ട് അസോള ഏതാണ്ട് ആറിരട്ടിവരെ വര്‍ധിക്കും.
ഇങ്ങനെ തയാറാക്കിയ അസോള രണ്ടുതരത്തില്‍ ഉപയോഗപ്പെടുത്താം. നടുന്നതിന് വളരെ മുന്‍പ് തന്നെ അസോള വയലില്‍ വിതറുന്നു. അവ തനിയെ വളര്‍ന്ന് വയലില്‍ നിറയുമ്പോള്‍ 10 ദിവസം വീതം ഇടവിട്ട് രണ്ടോ മൂന്നോ തവണ മണ്ണില്‍ ചേര്‍ക്കുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വയലില്‍ 5 തൊട്ട് 6 ടണ്‍ വരെ ജൈവവളം കിട്ടുന്നതാണ്. സ്ഥലസൗകര്യമുണ്ടെങ്കില്‍ അസോള വളര്‍ത്തിയെടുത്ത് പച്ചിലവളം ചേര്‍ക്കുന്നതുപോലെ ഉഴുന്നതിനോടൊപ്പം വയലില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.
ഞാറു നട്ട് ഒരാഴ്ച കഴിഞ്ഞശേഷം അസോള വയലില്‍ വിതറി കൊടുക്കുന്നു. ഇതാണ് രണ്ടാമത്തെ രീതി. ഞാറും അസോളയും ഒന്നിച്ചു വളരുന്നു. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ഒരു ച.മീറ്ററിന് 100 - 300ഗ്രാം വിതറിക്കൊടുക്കണം. രണ്ടാഴ്ച കഴിയുമ്പോള്‍ ഇവ വയലില്‍ മുഴുവന്‍ നിറയും. ആദ്യത്തെ കള എടുക്കുന്ന സമയത്ത് വയലില്‍ വെള്ളം വാര്‍ന്നശേഷം അസോളയെ ചവിട്ടി താഴ്ത്തണം. ഇതില്‍നിന്നും രക്ഷപ്പെടുന്ന അസോള വീണ്ടും പെരുകുന്നു. ഇവ നട്ട് ഏതാണ്ട് ഒന്നര മാസമാകുമ്പോള്‍ ഒന്നുകൂടി ചവിട്ടി താഴ്ത്തണം.
നെല്‍ക്കൃഷിക്ക് അസോള ചേര്‍ക്കുന്നതുകൊണ്ട് മറ്റു ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് വേണ്ടെന്ന് വെക്കാം. ഇതുവഴി ഹെക്ടറിന് ഉദ്ദേശം 30 കി.ഗ്രാം നൈട്രജന്‍ ലഭിക്കും.
www.karshikarangam.com