ജീവാണുവളങ്ങള്‍ : നീലഹരിത ആല്‍ഗകള്‍


 

അന്തരീക്ഷത്തില്‍നിന്നും നൈട്രജന്‍ വലിച്ചെടുത്ത് നെല്‍പ്പാടങ്ങളില്‍ വളക്കൂറ് നിലനിര്‍ത്തുവാന്‍ ഉതകുന്ന മറ്റൊരു സൂക്ഷ്മജീവിവളമാണ് നീലഹരിത ആല്‍ഗകള്‍. ഒരു വിളക്കാലത്ത് ഏകദേശം 20-25 കി.ഗ്രാം നൈട്രജന്‍ ഒരു ഹെക്ടറില്‍ യൗഗികീകരിക്കാന്‍ കഴിവുള്ളവയാണ് ഇവ. നൈട്രജന് പുറമേ അമിനോ ആസിഡുകള്‍, ഹോര്‍മോണുകള്‍ മുതലായി നെല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വസ്തുക്കളും ഈ ആല്‍ഗകളില്‍നിന്നും നെല്‍ച്ചെടിക്ക് ലഭ്യമാണെന്ന് കണ്ടിട്ടുണ്ട്.
നീലഹരിത ആല്‍ഗകള്‍ അടങ്ങിയ പാക്കറ്റ് ഇന്ന് മാര്‍ക്കറ്റില്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇവയെ വര്‍ധിപ്പിച്ച് നെല്‍പ്പാടങ്ങളില്‍ വിതറുന്നതിനുള്ള മാര്‍ഗം താഴെ പറയുന്നു. വയലിന്‍റെ ചെറിയൊരു ഭാഗം വരമ്പുകൊണ്ട് വേര്‍തിരിച്ച് തടങ്ങളാക്കുക. മണ്ണില്‍ ചെറിയ അളവില്‍ സൂപ്പര്‍ ഫോസ്ഫേറ്റ്  വിതറി മണ്ണില്‍ ചേര്‍ക്കുക. കൊതുകുകള്‍ വളരാതിരിക്കുന്നതിന് മാലത്തിയോണോ, ഫ്യൂറഡാനോ ഉപയോഗിക്കുന്നത് നന്നായിരിക്കും. തടങ്ങളില്‍ ചെറിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തി ആല്‍ഗകളുടെ കള്‍ച്ചര്‍ ഇതില്‍ വിതറുക. രണ്ട് മൂന്ന് ആഴ്ചകൊണ്ട് നീലഹരിത ആല്‍ഗകളുടെ ഒരു കനത്ത പാളിതന്നെ വളര്‍ന്നുനില്‍ക്കുന്നതായി കാണാം. ഇവയെ വെയിലത്ത് ഉണക്കി പൊടിച്ച് പാടത്ത് വിതറാം. ഒരു ഹെക്ടറിന് 10 കി.ഗ്രാമെങ്കിലും വിതറണം. ഞാറ് നട്ട് ഒരാഴ്ച കഴിഞ്ഞ് വേണം ഇങ്ങനെ വിതറാന്‍. വിതറുമ്പോള്‍ നെല്‍പ്പാടത്ത് വെള്ളമുണ്ടാകണം. നെല്‍പ്പാടത്ത് തട്ടങ്ങളുണ്ടാക്കുന്നതിനുപകരം സിമന്‍റുകൊണ്ടുള്ള തട്ടങ്ങളും മതിയാകും. അല്ലെങ്കില്‍ മണ്ണില്‍ കുഴികളുണ്ടാക്കി പോളിത്തീന്‍ ഷീറ്റുവിരിച്ചും ഈ ആവശ്യത്തിന് ഉപയോഗിക്കാം.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7167344