മണ്ണില്‍ സ്വയമേ വളരുന്നതിനും അന്തരീക്ഷത്തിലുള്ള നൈട്രജനെ യൗഗികീകരിക്കുന്നതിനും കഴിവുള്ള സൂക്ഷ്മജീവി വിഭാഗത്തില്‍പ്പെട്ട ഒരിനം ബാക്ടീരിയയാണിത്. മണ്ണിലുള്ള ജൈവവസ്തുക്കളെ വിഘടിപ്പിച്ചാണ് ഇതിന്‍റെ വളര്‍ച്ചക്ക് ആവശ്യമായ ഊര്‍ജം സംഭരിക്കുന്നത്. തന്മൂലം, ജൈവാംശം കൂടുതലുള്ള മണ്ണില്‍ ഈ ബാക്ടീരിയ കൂടുതലായി കാണാം.
പലതരം സ്പീഷീസുകളില്‍പ്പെട്ടതാണ് അസറ്റോബാക്ടര്‍. പ്രധാനപ്പെട്ടവ അസറ്റോബാക്ടര്‍ ക്രൂകോക്കം, അ.വിനെലാന്‍ഡി, അ.ബിജെറിന്‍ക്യൂ, അ. പാസ്പാലി എന്നിവയാണ്. ഏതുതരം പ്രതിരോധ കാലാവസ്ഥയും താങ്ങാന്‍ കഴിവുള്ളവയാണ് ഇവയെല്ലാം. അന്തരീക്ഷത്തില്‍നിന്നും നൈട്രജന്‍ യൗഗികീകരിക്കുന്നതിനുപുറമെ വിളകളെ ഉപദ്രവിക്കാറുള്ള ആള്‍ട്ടര്‍നേരിയ ഹെര്‍മിന്തോസ്പോറിയം, ഫ്യൂസേറിയം മുതലായ ഫംഗസുകളുടെ വളര്‍ച്ചയെ ഇവ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒരു ഗ്രാം മണ്ണില്‍ 10,000 മുതല്‍ ഒരു ലക്ഷം വരെ അസറ്റോബാക്ടീരിയകളെ സാധാരണ കാണാറുണ്ട്. ഇവ വേരിന്‍റെ പുറത്ത് പറ്റിച്ചേര്‍ന്ന് വളരാറില്ല. വേരില്‍നിന്നും അല്‍പ്പം വിട്ട് മണ്ണിലാണ് വളരുന്നത്. ചെടിയുടെ വേരില്‍നിന്നും വിസര്‍ജിക്കുന്ന അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, അമ്ലങ്ങള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയ്ക്കു പുറമെ പ്രായം വന്ന് അഴുകുന്ന വേരുകള്‍ എന്നിവയില്‍നിന്നും ഇവ ഊര്‍ജം സംഭരിക്കുന്നു. മണ്ണില്‍ ഫോസ്ഫറസും കാല്‍സ്യവും ഉണ്ടായിരിക്കുന്നത് ഈ ബാക്ടീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. നൈട്രജന്‍ അധികമുണ്ടാകുന്നത് നൈട്രജന് യൗഗികീകരണത്തെ പ്രതികൂലമായി ബാധിക്കും.
വാഹകവസ്തുക്കളുമായി കലര്‍ത്തി പാക്കറ്റുകളിലാണ് ഇത് കര്‍ഷകര്‍ക്ക് കിട്ടുന്നത്. ഗോതമ്പ്, നെല്ല്, ചോളം, മക്കച്ചോളം, പരുത്തി, കരിമ്പ്, കാബേജ്, വഴുതിന, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ വിളകളില്‍ അസറ്റോബാക്ടര്‍ നിവേശനം മൂലം വിളവ് വര്‍ധനയുള്ളതായി പരീക്ഷണങ്ങളില്‍ കണ്ടിട്ടുണ്ട്.
നെല്‍ക്കൃഷിയില്‍ മൂന്നു രീതിയിലാണ് ഇവയെ ഉപയോഗപ്പെടുത്തുന്നത്. ആദ്യത്തെ രീതിയില്‍ ഒരു ഹെക്ടര്‍ നിലത്ത് വിതയ്ക്കാനുള്ള വിത്ത് വെള്ളത്തില്‍ കുതിര്‍ത്തുവെച്ചതില്‍ 2 പാക്കറ്റ് (400-500 ഗ്രാം) കള്‍ച്ചര്‍ പൊടിച്ചു ചേര്‍ക്കുന്നു. നന്നായി യോജിപ്പിച്ചശേഷം രാത്രി മുഴുവനും വെക്കണം. പിറ്റേ ദിവസം വിത്ത് വിതക്കാം. കുതിര്‍ത്തുവെച്ച വെള്ളം ഞാറ്റടിയില്‍ തളിക്കാനും ഉപയോഗിക്കണം.
രണ്ടാമത്തെ രീതിയില്‍ ഞാറിന്‍റെ വേരാണ് നിവേശന ദ്രവത്തില്‍ മുക്കുന്നത്. ഒരു കി.ഗ്രാം കള്‍ച്ചര്‍ 40 ലി. വെള്ളത്തില്‍ ചേര്‍ക്കുക. ഇതില്‍ ഒരു ഹെക്ടറില്‍ നടാനുള്ള ഞാറിന്‍റെ വേര് 15 മിനിറ്റ് മുക്കിവെച്ചശേഷം നടുക.
മൂന്നാമത്തെ രീതിയില്‍ കള്‍ച്ചര്‍ പാടത്ത് വിതറിക്കൊടുക്കുകയാണ് പതിവ്. രണ്ട് കി.ഗ്രാം കള്‍ച്ചര്‍, 25 കി.ഗ്രാം ചാണകപ്പൊടിയുമായി കലര്‍ത്തിയശേഷം 25 കി.ഗ്രാം മണ്ണുമായി കലര്‍ത്തി യോജിപ്പിക്കുന്നു. ഈ മിശ്രിതം പാടത്ത് വിതറിയശേഷം ഞാറ് നടുന്നു.
മറ്റു വിളകളില്‍ ഇവയെ ഉപയോഗിക്കുന്ന രീതി ഇങ്ങനെയാണ്. നിവേശനദ്രവത്തെ ചാണകപ്പൊടിയുമായി കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ വിതറിക്കൊടുക്കുകയോ, കള്‍ച്ചര്‍ വെള്ളത്തില്‍ കലര്‍ത്തി വിളയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ, ആകാം. ദൈര്‍ഘ്യം കൂടിയ വിളകള്‍ക്ക് (കരിമ്പ്) ഒന്നിലധികം തവണയായി കൊടുക്കുന്നതാണ് നല്ലത്.
www.karshikarangam.com