ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്നതിന് യോജിച്ച ഒരിനം ബാക്ടീരിയയാണിത്. ചെടികളുടെ വേരിലും പരിസരത്തുമാണ് ഇവ വളരുക. ജൈവാംശം കൂടിയതും അമ്ലത്വം ഇല്ലാത്തതുമായ മണ്ണാണ് ഇതിന്‍റെ വളര്‍ച്ചയ്ക്കാവശ്യം. ജൈവാംശം കുറഞ്ഞ മണ്ണിലും ഈ സൂക്ഷ്മജീവിക്ക് വളരാന്‍ സാധിക്കും.
ധാന്യവിളകള്‍, പുല്ലുവര്‍ഗത്തില്‍പ്പെട്ട വിളകള്‍ മുതലായവയുടെ വേരുകളുടെ സാമീപ്യത്തില്‍ ജീവിച്ച് അന്തരീക്ഷത്തിലുള്ള നൈട്രജനെ യൗഗികീകരിച്ച് വിളകള്‍ക്ക് നല്‍കാന്‍ കഴിവുള്ള ബാക്ടീരിയകളാണ് ഇവ. അസോസ്പൈറില്ലം ലിപോഫെറം, അ.ബ്രസിലെന്‍സ് എന്നീ രണ്ടു സ്പീഷീസില്‍പ്പെടുന്നവയാണ് അധികം അസോസ്പൈറില്ലങ്ങളും. ധാന്യവിളകളായ ഗോതമ്പ്, നെല്ല്, ബാര്‍ളി, ചോളം, ബജ്റ, വരക്. ചാമ, റാഗി മുതലായ ധാന്യവിളകളില്‍ ഈ ബാക്ടീരിയ നിവേശനം കൊണ്ട് അധികവിളവ് ലഭിക്കുന്നതായി ഗവേഷണങ്ങളില്‍ കണ്ടിട്ടുണ്ട്. രാസവളമായി 60-80 കി.ഗ്രാം നൈട്രജന്‍ കൊടുക്കുന്നതിനുപകരം 40 കി.ഗ്രാം നൈട്രജനും ഈ ബാക്ടീരിയ നിവേശനവും നടത്തുന്നത് തുല്യമായ വിളവുകള്‍ തരുന്നതിന് ഉപകരിക്കുമെന്നാണ് കാണുന്നത്. ബാക്ടീരിയകളില്‍നിന്നും വിസര്‍ജിക്കപ്പെടുന്ന ഹോര്‍മോണുകള്‍ വിളകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
നമ്മുടെ നാട്ടില്‍ തെങ്ങ്, കുരുമുളക്, റബ്ബര്‍ മുതലായ വിളകളുടെ വേരുകളുമായി ബന്ധപ്പെട്ട് ഇവ വളരുന്നുണ്ടെന്നും കണ്ടിട്ടുണ്ട്.
വാഹകവസ്തുക്കളുമായി കൂട്ടിക്കലര്‍ത്തി പാക്കറ്റുകളില്‍ അസോസ്പൈറില്ലം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ധാന്യവിളകളുടെ വിത്തില്‍ പുരട്ടിയാണ് ഇവ ഉപയോഗിക്കാറ്. ഞാറുകളുടെ വേര് ഇതിന്‍റെ ലായനിയില്‍ മുക്കിയും നടാന്‍ ഉപയോഗിക്കാം. അമ്ല മണ്ണില്‍ ഈ ജീവിവളം വളരാറില്ല. ഇത്തരം മണ്ണിലെ അമ്ലത്വം കുമ്മായം ഉപയോഗിച്ച് നീര്‍വീര്യമാക്കിയാലേ ഈ ബാക്ടീരിയ്ക്ക് വളരുവാന്‍ കഴിയൂ.
www.karshikarangam.com