ജീവാണുവളങ്ങള്‍ : വാം


ചെടികള്‍ക്ക് ഉപകാരപ്രദമായ ചില കുമിളുകള്‍ അവയുടെ വേരിന് ഉള്ളിലും പുറമേയുമായി അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. ഈ ബന്ധത്തെയാണ് മൈക്കോറൈസ എന്നു പറയുന്നത്. വേരുകള്‍ കൂടാതെ ഈ കുമിളുകള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഗ്ലോമസ്, ജിജാസ്പോറ, അക്കോലോസ്പോറ, എന്‍ട്രോഫോസ്സ്പോറോ, സ്ക്ലീറോസിസ്റ്റിസ് മുതലായ ജീനസ്സില്‍പ്പെട്ട കുമിളുകളാണ് ഇങ്ങനെ ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ട് കഴിയുന്നത്.


നമ്മുടെ നാട്ടില്‍ വളരുന്ന വൃക്ഷവിളകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധവ്യജ്ഞനവിളകള്‍, പുല്ലുവര്‍ഗങ്ങള്‍ എന്നിവയുടെ വേരുകളുമായി ബന്ധപ്പെട്ട് ഈ കുമിളുകള്‍ വളരുന്നുണ്ട്. ഈ കുമിളുകളുടെ തണ്ടില്‍ വെസിക്യൂള്‍സ് ആര്‍ബസ്ക്യൂള്‍സ് എന്നീ രണ്ട്തരത്തിലുള്ള മുഴകള്‍ കാണാം. ആര്‍ബസ്ക്യൂള്‍സ് വിഭാഗത്തില്‍പ്പെട്ട മുഴകള്‍ കുമിളില്‍നിന്നും മൂലകങ്ങള്‍ ചെടിയുടെ വേരിലേക്ക് മാറ്റും. വെസിക്യൂള്‍സ് എന്ന മുഴകളില്‍ ഫോസ്ഫറസിന്‍റെ കരുതല്‍ ശേഖരമാണ്. ഇതും ചെടികള്‍ക്ക് ഉപയോഗിക്കാമത്രെ. പകരം ചെടിയില്‍നിന്നും കുമിളുകള്‍ അന്നജം ഉപയോഗിക്കാം.
ഈ ബന്ധത്തില്‍നിന്ന് ചെടികള്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്:

 

  • ചെടികള്‍ക്ക് ഫോസ്ഫറസ്, നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, മഗ്നീഷ്യം മുതലായ മൂലകങ്ങള്‍ ഈ കുമിളുകള്‍ ലഭ്യമാക്കുന്നു. ഒരു സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളുകളുടെ തണ്ടുകള്‍ മണ്ണിലൂടെ വളര്‍ന്ന് ലഭ്യത കൂടുതലുള്ള സ്ഥലത്തുനിന്ന് പ്രസ്തുത മൂലകങ്ങള്‍ വലിച്ചെടുക്കും.

 

  • ഇവര് ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കും.

 

  • ചെടികള്‍ക്ക് ഉപകാരപ്രദമായ അസറ്റോബാക്ടര്‍, ആസോസ്പൈറില്ലം, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും ഈ കൂട്ടര്‍ സഹായകമാണ്.

 

  • വേരുകളെ മറ്റു കുമിളുകളുടെ ഉപദ്രവത്തില്‍നിന്നും സംരക്ഷിക്കും. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറ, പിത്തിയം, റൈസക്ടോണിയ മുതലായ ഉപദ്രവകാരികളായ കുമിളുകളില്‍നിന്നും. ഈ കുമിളുകള്‍ നമ്മുടെ നാട്ടില്‍ വളരുന്ന മിക്ക വിളകളിലും രോഗം വരുത്തുന്നവയാണ്.

 

വാം കുമിളുകളുടെ ഉപയോഗം വിജയിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

 

  • പൊതുവെ വളക്കൂറ് കുറഞ്ഞ മണ്ണിലാണ് ഇവ പെട്ടെന്ന് വളരുകയും വംശവര്‍ധനവ് നടത്തുകയും ചെയ്യുക.

 

  • ചെടികളുടെ വേരില്‍ ഫോസ്ഫറസിന്‍റെ അളവ് കൂടിയാല്‍ അത്തരം വേരുകളുടെ അടുത്ത് ഈ കുമിളുകളുടെ സംഖ്യ കുറവാണ്.

 

  •  ജൈവവളം ഈ കുമിളുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

 

  • രണ്ടു വിളകള്‍ തമ്മില്‍ ഇടവേള കൂടിയാല്‍ ഇവയുടെ വളര്‍ച്ചയ്ക്ക് മങ്ങലാകും.

 

  • വിളകള്‍ മാറി മാറി വളര്‍ത്തുമ്പോഴാണ് ഇവയുടെ വളര്‍ച്ചയും വംശവര്‍ധനവും കൂടുക.

 

  • ഉഷ്ണക്കാലത്ത് ഇവയുടെ എണ്ണം കുറയും.

 

  • ബിനോമില്‍ മുതലായ കുമിള്‍നാശിനി ഉപയോഗിക്കുന്നത് ഇവര്‍ക്ക് ഹാനികരമാണ്.

 

  • കൂടുതല്‍ കാലം വെള്ളം കെട്ടിക്കിടക്കുക, ഫ്യൂമിഗേഷന്‍, സൊളാറൈസേഷന്‍ (പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മണ്ണില്‍ ചൂട് വര്‍ധിപ്പിക്കുക) എന്നിവ ഇവര്‍ക്ക് ഹാനികരമാണ്.

 

ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് മുതലായ കള്‍ച്ചറുകള്‍ പോലെ ഇതിന്‍റെ കള്‍ച്ചര്‍ നിലത്ത് വിതറാനുള്ള സൗകര്യമില്ല. കാരണം വലിയ അളവില്‍ വാമിന്‍റെ കള്‍ച്ചര്‍ ഉണ്ടാക്കുന്നത് അസൗകര്യമാണ്. മേല്‍പ്പറഞ്ഞ ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് എന്നിവ സ്വയമേ വളര്‍ത്താന്‍ കഴിയുമ്പോള്‍ വാം ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ടേ വരുകയുള്ളു. അതിനാല്‍ വാമിന്‍റെ കള്‍ച്ചര്‍ നേഴ്സറി തടങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കുകയാണ് പതിവ്. ഉപയോഗിക്കുന്ന ക്രമങ്ങള്‍ പാക്കറ്റുകളിലോ അതിനോട് ബന്ധപ്പെട്ടുള്ള ലഘുലേഖകളിലോ ലഭ്യമാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145249