ഹെവിയ ബ്രസീലിയന്‍സിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന റബ്ബര്‍മരം സ്വാഭാവിക റബ്ബറിന്‍റെ പ്രധാന വാണിജ്യ സ്രോതസ്സാണ്. ഈ മരത്തില്‍നിന്നും ലഭിക്കുന്ന കറയാണ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്നത്. ഫ്രഞ്ചുകാരാണ് ആദ്യമായി റബ്ബറിന്‍റെ സ്രോതസ്സായി റബ്ബര്‍ മരത്തിന്‍റെ കറ ഉപയോഗിച്ചത്. പെന്‍സില്‍ മാര്‍ക്കുകള്‍ മായ്ക്കാനുള്ള ഇതിന്‍റെ കഴിവില്‍ നിന്നാണ് റബ്ബര്‍ എന്ന പേരിന്‍റെ ഉത്ഭവം.
തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിതീര തടങ്ങളാണ് റബ്ബറിന്‍റെ ജന്മദേശമായി അംഗീകരിച്ചിരിക്കുന്നത്. 1876-ല്‍ ബ്രസീലില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് റബ്ബര്‍ വിത്തുകള്‍ കൊണ്ടുവന്നത് സര്‍ ഹെന്‍ട്രിവിക്കാം എന്ന ഗവേഷകനായിരുന്നു. യു.കെയിലെ ക്യൂന്‍ ഗാര്‍ഡനില്‍നിന്നും ഈ വിത്തുകള്‍ ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് അയച്ചുകൊടുത്തു. ഇന്ന് ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്ക് റബ്ബര്‍ വ്യാപിച്ചിരിക്കുകയാണ്.
വിസ്തൃതിയും ഉല്‍പ്പാദനവും
ഇന്തോനേഷ്യ, തായ്ലാന്‍ഡ്, മലേഷ്യ, ചൈന, ഇന്ത്യ എന്നിവയാണ് പ്രധാനപ്പെട്ട റബ്ബര്‍ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍. വിസ്തൃതിയില്‍ ഒന്നാമത് ഇന്തോനേഷ്യ ആണെങ്കിലും ഉല്‍പ്പാദനത്തില്‍ തായ്ലന്‍ഡാണ് ഒന്നാമത്. ആഗോളതലത്തില്‍ സ്വാഭാവിക റബ്ബര്‍ ഉല്‍പ്പാദനത്തിലും, ഉപയോഗത്തിലും ഇന്ത്യ നാലാം സ്ഥാനത്താണ്. ലോകത്തിലെ മൊത്തം റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ ഒമ്പതു ശതമാനമാണ് 5.45 ലക്ഷം ഹെക്ടറില്‍നിന്ന് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ഉല്‍പ്പാദനം 5.9 ലക്ഷം ടണ്ണാണ്.
ഇന്ത്യയിലെ റബ്ബര്‍ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മൊത്തം റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ 98%വും കേരളം, തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. പരമ്പരാഗത പ്രദേശങ്ങളില്ലാത്ത ത്രിപുര, കര്‍ണ്ണാടക, ആസ്സാം, മേഘാലയ, മഹാരാഷ്ട്ര, ഗോവ, ഒറീസ്സ എന്നിവിടങ്ങളിലേക്കും ഇന്ന് റബ്ബര്‍ കൃഷി വ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ 87% ഉം ചെറുകിട കര്‍ഷകരില്‍നിന്നാണ് ലഭിക്കുന്നത്. മറ്റ് മൂന്ന് പ്രധാന റബ്ബര്‍ ഉല്‍പ്പാദന രാഷ്ട്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ റബ്ബര്‍ ഉല്‍പ്പാദനത്തില്‍ ചില പ്രത്യേകതകളുണ്ട്. ഇവിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ കൂടുതലായതിനാല്‍ 71% സ്വാഭാവിക റബ്ബറിനെ ആശ്രയിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ 60%ത്തിലും കൃത്രിമ റബ്ബര്‍ കയ്യടക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി നമ്മുടെ സ്വാഭാവിക റബ്ബറിന്‍റെ ഉല്‍പ്പാദനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്; ആവശ്യവും വിതരണവും തമ്മിലുള്ള അന്തരവും കൂടിക്കൊണ്ടിരിക്കുകയാണ്. 2000-2001 കണക്കാക്കിയിട്ടുള്ള കുറവ് 13,000-ല്‍ നിന്ന് 2010-11 ആവുമ്പോഴേക്കും 3,76,000 ടണ്‍സ് ആയേക്കാം.
www.karshikarangam.com