പത്ത് സ്പീഷീസുള്ള യൂഫോര്‍ബിയേസിയെ കുടുംബത്തില്‍ പെട്ടതാണ് ഹെവിയ എന്ന ജനുസ്സ്. ഇതില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് പാരാ റബ്ബര്‍ അഥവാ ഹെവിയ ബ്രസീലിയന്‍ സിസ് ആണ്. ഇതില്‍പ്പെടുന്ന എല്ലാ സ്പീഷീസുകളുടെയും ക്രോമസോംനമ്പര്‍ 2ി=36 ആണ്. ഇവ തമ്മില്‍ പരപരാഗണം വഴി സങ്കരണം നടത്താവുന്നതാണ്. ഇവയുടെ എല്ലാ സ്പീഷീസുകളിലും ചെടിയുടെ എല്ലാ ഭാഗത്തുനിന്നും ലാറ്റക്സ് അഥവാ റബ്ബര്‍ കറ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്.
വേരുപടലം
റബ്ബര്‍ മരങ്ങള്‍ക്കു പുഷ്ടിയുള്ള തായ്വേരും പടര്‍ന്നു വളരുന്ന പാര്‍ശ്വമൂലങ്ങളും ഉണ്ട്. പ്രായം ചെന്ന മരങ്ങളില്‍ തായ്വേര് 2-4 മീറ്ററിലും പാര്‍ശ്വമൂലങ്ങള്‍ 9 മീറ്റര്‍ നീളത്തിലുമാണ് വളരുന്നത്. സാധാരണ അടുത്തുള്ള വരികള്‍ക്കിടയിലൂടെ വേരുകള്‍ വളരുന്നതിനാല്‍ പലപ്പോഴും ഇവ കൂട്ടിക്കെട്ടി ഒട്ടിച്ചേരാറുണ്ട്. പ്രധാന പാര്‍ശ്വമൂലങ്ങള്‍ തായ്വേരില്‍നിന്നും ഉത്ഭവിച്ചു മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്ന് 30 സെ.മീ. താഴ്ചയില്‍ മണ്ണിനു സമാന്തരമായി വളരുന്നു. ബാക്കിയുള്ള പാര്‍ശ്വമൂലകങ്ങള്‍ 40-80 സെ.മീ. താഴ്ചയില്‍ ആണ്; ഇവ മുകള്‍പ്പരപ്പിലെ വേരുകളെപ്പോലെ നീളത്തില്‍ വളരില്ല. ഒരു മി.മീ. വ്യാസമുള്ള തവിട്ടുചേര്‍ന്ന മഞ്ഞ നിറമുള്ള മൂലരോമങ്ങളോടു കൂടിയ വേരുകളായിട്ടാണ് ഇവ വളരുന്നത്. ജലവും പോഷകങ്ങളും മണ്ണില്‍നിന്നും വലിച്ചെടുക്കുന്നത് ഈ വേരുകളാണ്. റബ്ബര്‍ മരങ്ങളുടെ വേരില്‍ മൈക്കോറൈസകളുമായുള്ള ബന്ധം കണ്ടുപിടിച്ചിട്ടുണ്ട്.
ഇല
റബ്ബര്‍ മരത്തിന്‍റെ ഇലകള്‍ കൂട്ടമായോ അടുക്കുകളായോ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ തട്ടിലും സര്‍ക്കിളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന മൂന്നു ചീറ്റിലകളോട് ചേര്‍ന്നാണ് ഇലകള്‍ കാണുന്നത്. ഇളം ചുവപ്പോ ചെമ്പിന്‍റെ നിറമോ ചേര്‍ന്ന തളിരിലകള്‍ തൂങ്ങിനില്‍ക്കുന്നു. പ്രായം ചെല്ലുന്തോറും തിളക്കമാര്‍ന്ന കടുംപച്ച നിറം മുകള്‍ഭാഗത്തും ഇളംപച്ചനിറം അടിവശത്തും കാണാം. പതിനഞ്ച് സെ.മീറ്റര്‍ നീളത്തില്‍ ഇലഞെട്ടുകളും ഇലഞെട്ടുകളില്‍ മധു സ്രവിക്കുന്ന മൂന്ന് ഗ്രന്ഥികളും കാണാം. ഇവിടെ നിന്നാണ് ഇലദളങ്ങള്‍ ഉണ്ടാകുന്നത്. പൂക്കള്‍ ഉണ്ടാകുന്ന കാലത്ത് ഉണ്ടാവുന്ന തളിരിലകളില്‍ മാത്രമാണ് മധു സ്രവിക്കുന്നത്. നീളം കുറഞ്ഞ ഇലഞെട്ടുകളുള്ള ഇലദളങ്ങള്‍ ദീര്‍ഘവൃത്താകൃതിയിലോ അധോമുഖ അണ്ഡാകൃതിയിലോ ആണ് കാണുന്നത്. ഇലദളത്തിന്‍റെ കീഴറ്റം വീതി കുറഞ്ഞ്, മുകളറ്റം കൂര്‍ത്ത്, വളവുകളില്ലാത്ത അരികുകളോടുകൂടി, പിച്ഛാകാരത്തിലുള്ള ഞരമ്പുകളായിട്ടാണ് കാണുന്നത്.
3-4 വര്‍ഷത്തിലധികം പ്രായമായ മരങ്ങള്‍ വര്‍ഷംതോറും ഇലപൊഴിച്ചില്‍ നടത്തുന്നതിനാല്‍ ഒരു ചെറിയ ഇടവേളയിലേക്കു മരത്തിനെ ഭാഗികമായോ മുഴുവനായോ ഇലകളില്ലാത്ത അവസ്ഥയില്‍ കാണാം. ഇതിനെ "വിന്‍ററിംഗ്" എന്നാണ് പറയുന്നത്. വരണ്ട കാലാവസ്ഥയിലാണ് ഇതുണ്ടാകുന്നത്. തായ്ത്തടിയില്‍ മധ്യഭാഗത്തു സ്തംഭാകൃതിയില്‍ തടിയും, അതിനെ ചുറ്റി പുറംതൊലിയും രണ്ടിനും ഇടയ്ക്കായി സംവാഹനക്ഷമമായ കാംബിയവും കാണാം. ഈ കാമ്പിയം കലകള്‍ വളര്‍ന്ന് അകത്തേക്കു സൈലം കലകളും, പുറത്തേക്കു ഫളോയം കലകളും വളരുന്നു.
കാംബിയത്തിന് (തണ്ണിപ്പട്ട) പുറത്തുള്ള കോശവ്യൂഹങ്ങളെ പട്ട എന്നാണ് പറയുന്നത്. മുഴുവന്‍ വളര്‍ച്ചയെത്തിയ പട്ടയുടെ ഘടന മൂന്ന് പ്രതലങ്ങളായിട്ടാണ് കാണുന്നത്. മൃദുലമായ അകപ്പാളിയും മധ്യത്തില്‍ കട്ടികൂടിയ ഒരു പ്രതലവും ഏറ്റവും പുറത്തു സംരക്ഷണ പാളിയായ കോര്‍ക്കു കോശങ്ങളും കാണാം. മൃദുലമായ പട്ടയില്‍ അരിപ്പനാളികളുടെ നേര്‍ത്ത കുഴലുകളും മെഡുല്ലറി തന്തുക്കളും നേര്‍മയേറിയ പാല്‍ക്കുഴലുകള്‍ക്ക് ഇടവിട്ട് ഫ്ളോയം പാരന്‍കൈമയും കേന്ദ്രീകരിച്ചിരിക്കുന്നു. കട്ടിയേറിയ പട്ടയില്‍ അരിപ്പനാളികളും, പൊന്‍കുഴലുകളും തുടര്‍ച്ചയായിട്ടല്ലാത്തതിനാല്‍ പ്രവര്‍ത്തനക്ഷമതയില്ലാത്തവയാണ്. പട്ടയിലുള്ള കല്ലിച്ച കോശങ്ങള്‍ ബലം നല്‍കുന്നവയാണ്.
വര്‍ഷത്തില്‍ 1.5-2.5 വളയങ്ങള്‍ എന്ന കണക്കില്‍ കേന്ദ്രീകൃത സ്തംഭങ്ങളായിട്ടാണ് റബ്ബര്‍ കറ വഹിക്കുന്ന പാല്‍ക്കുഴലുകള്‍ കാണുന്നത്. ഓരോ വളയത്തിലുമുള്ള കുഴലുകള്‍ തമ്മില്‍ അനോന്യം ബന്ധമുള്ള രീതിയില്‍ അടുത്തായിട്ടാണു കാണുന്നത്. അതിനാല്‍ അവ സ്തംഭാകൃതിയിലുള്ള തളികകളുടെ ഒരു വലപോലെയാണിരിക്കുന്നത്. ഇവ നേര്‍രേഖയായിട്ടല്ല കാണുന്നത്. താഴെ ഇടതുവശം താഴ്ന്നു വലതുവശം ഉയര്‍ന്ന്, എതിര്‍ഘടികാര രീതിയില്‍ 2.10-7.10 വരെ ചരിവോടുകൂടി ആണ് ഇവയുടെ കിടപ്പ്. പാല്‍ക്കുഴലുകളുടെ കോശഭിത്തി നേര്‍മയുള്ളതാണ്. ഇവ പട്ടയുടെ കട്ടിയുള്ള ഭാഗത്തേക്കു വരുമ്പോള്‍ ചുക്കിച്ചുളിഞ്ഞ്, ഇടവിട്ട് ഉല്‍പ്പാദനക്ഷമത നശിക്കുകയും ചെയ്യുന്നു. തടിയിലും ശിഖരങ്ങളിലുമുള്ള പാല്‍ക്കുഴലുകള്‍ സാമ്യമുള്ളതാണ്. എന്നാല്‍ ശിഖരങ്ങളില്‍ ഇവയുടെ സംഖ്യ കുറവായിരിക്കും. പാല്‍ക്കുഴല്‍ വളയങ്ങളുടെ എണ്ണം പ്രധാനമായും ക്ലോണുകളുടെ പ്രത്യേകതയാണ്. ഇത് മരത്തിന്‍റെ പ്രായമനുസരിച്ചു വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പൂക്കള്‍
ഡിസംബര്‍, ഫെബ്രുവരി മാസങ്ങളില്‍ വിന്‍ററിംഗ് കഴിഞ്ഞുണ്ടാകുന്ന പുതിയ തളിരുകളുടെ താഴെയുള്ള ഇലകളുടെ കക്ഷത്തിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും മരം ക്രമംതെറ്റി പൂക്കാറുണ്ട്. കൂടുതല്‍ ശാഖകളോടു കൂടിയ പൂങ്കുലകളാണ് റബ്ബറിന്‍റേത്. ഇതില്‍ രണ്ട് ലിംഗത്തില്‍പെട്ട പൂക്കളും കാണാം. വലിയ പെണ്‍പൂക്കള്‍ പൂങ്കുലയുടെയും അതിലെ പ്രധാന ശാഖകളുടേയും അഗ്രങ്ങളിലാണ് ഉണ്ടാവുന്നത്. എണ്ണത്തില്‍ കൂടുതലും, എന്നാല്‍ വലിപ്പത്തില്‍ ചെറുതുമായ ആണ്‍പൂക്കള്‍ പൂങ്കുലയുടെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാവുന്നു. രണ്ടു തരം പൂക്കള്‍ക്കും ചെറിയ പൂക്കളും ചെറിയ പൂഞെട്ടും സുഗന്ധവും പച്ചചേര്‍ന്ന മഞ്ഞനിറവും ഉള്ളവയാണ്. ഇവയുടെ ദളപുടം (രമഹ്യഃ) മണിയുടെ ആകൃതിയില്‍ ത്രികോണാകൃതിയിലുള്ള 5 പടവുകള്‍ ആയിട്ടാണ് കാണുന്നത്. ഇവയ്ക്കു ദളങ്ങളില്ല. ആണ്‍പൂക്കള്‍ക്കു മെലിഞ്ഞ ഒരു കേസരശിഖരം ഉണ്ട്. ഓരോ ആണ്‍പൂവിലും രണ്ട് വരികളിലായി 5 വീതം, മൊത്തം 10 പൂമ്പൊടിയറകള്‍ കാണാം. വലിപ്പം കൂടുതലുള്ള പെണ്‍പൂക്കള്‍ക്കു പച്ചനിറത്തില്‍ അടിഭാഗത്തു തടിപ്പും ഇതിനു ചുറ്റുമായി മൂന്ന് അറകളോടുകൂടിയ, കോണ്‍ ആകൃതിയുള്ള അണ്ഡാശയവും അതിന്മേല്‍ മൂന്നു വെളുത്ത, നീളംകുറഞ്ഞ, പശയുള്ള ഒട്ടലുമുള്ള സ്റ്റിഗ്മയുമുണ്ട്.
ഫലങ്ങളും വിത്തുകളും
ഓരോ വിത്ത് വീതമുള്ള മൂന്ന് അറകളുള്ള കാപ്സ്യൂള്‍ പോലുള്ള കായ്ക്ക് കാഠിന്യമുള്ള മരംപോലുള്ള ആന്തരകഞ്ചുകവും നേര്‍മയുള്ള മൃദുവായുള്ള മധ്യകഞ്ചുകവും ഉണ്ട്. ബീജസങ്കലനം കഴിഞ്ഞ് 5-6 മാസങ്ങള്‍ക്കുശേഷമാണ് കായ് മൂത്തു പാകമാകുന്നത്. ഉണങ്ങിയ ക്യാപ്സ്യൂളുകള്‍ വലിയ ശബ്ദത്തോടെ 6 കഷണങ്ങളായി പൊട്ടിത്തെറിച്ചു വിത്തുകള്‍ ഏകദേശം 15 മീറ്റര്‍ വരെ ദൂരത്തേക്ക് തെറിച്ചു പോകുന്നു. വിത്തിനു പുറത്തു തവിട്ടോ അഥവാ ചാരം ചേര്‍ന്ന തവിട്ടുകളറോ ചേര്‍ന്ന ബീജാവരണം ഉണ്ട്. വിത്തിന്‍റെ മുകള്‍വശത്ത് വരകളോ, മാര്‍ക്കുകളോ കാണാം. കൂടാതെ അകത്തു മൃദുലമായ പരിപ്പും കാണാം. വിത്തിന്‍റെ ആവരണം ഒരു ക്ലോണിന്‍റെ തള്ളച്ചെടിയുടെ സ്വഭാവമായതിനാല്‍ വിത്തിന്‍റെ ആകൃതിയും വരകളും നിറവും വെച്ച് ഒരു ക്ലോണിനെ തിരിച്ചറിയാന്‍ സാധിക്കും. വിത്തിന്‍റെ അടിവശത്ത് വൃത്താകൃതിയില്‍ കാണുന്ന കുഴിവിലാണ് ഞെട്ട് കാണുന്നത്. ഇതിനോട് ചേര്‍ന്നു തന്നെ വിത്തിനു വെള്ളം വലിച്ചെടുക്കാനുള്ള സുഷിരവും കാണാം. കലാസുപോലെയുള്ള ഒരു ആവരണം ബീജാവരണത്തിന്‍റെ അകത്തായി ബീജഹാരമെന്ന തൊപ്പിയെ പൊതിയുന്നു. വിത്തിന്‍റെ ഭാരത്തിന്‍റെ 50-60% വരെ വരുന്ന പരിപ്പില്‍ പതുക്കെ ഉണങ്ങുന്ന ഒരു തരം എണ്ണയുണ്ട്. വിത്ത് സൂക്ഷിച്ചു വയ്ക്കുമ്പോള്‍ ജീവനസ്വഭാവം (അങ്കുരണശേഷി) നഷ്ടപ്പെടുന്നു.
പരാഗണം
ഷഡ്പദങ്ങള്‍ മുഖേനയാണ് റബ്ബറില്‍ പരാഗണം നടക്കുന്നത്. ഈച്ചകള്‍, മിഡ്ജുകള്‍, ഇലപ്പേന്‍ എന്നിവയാണ് പ്രധാന പരാഗവാഹകര്‍.
www.karshikarangam.com