റബ്ബര്‍ : ഇനങ്ങള്‍


  • ആര്‍.ആര്‍.ഐ.ഐ. 105: 

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഈ ക്ലോണ്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ്. ടിജി-1 x ജി.ഐ 1 എന്നീ ക്ലോണുകളുടെ സങ്കലനം നിമിത്തം ആവര്‍ത്തിക്കപ്പെട്ടതാണ് ഇത്. തായ്ത്തടി നീളമുള്ളതും നേരേ പോവുന്നതുമാണ്. ശക്തിയുള്ള കവരക്കോണോടുകൂടി നന്നായി ശിഖരങ്ങള്‍ ഉണ്ടാവുന്നതും ഇതിന്‍റെ പ്രത്യേകതയാണ്. തിളക്കമുള്ള നീണ്ട ഇലദളങ്ങളും കടും പച്ചനിറത്തിലുള്ള ഇലകളും ചേര്‍ന്നു നിബിഡമായ ഇലപ്പടര്‍പ്പുള്ളതായിരിക്കണം. ഭാഗികമായ ഇലപൊഴിച്ചിലും തളിരിടലും നേരത്തേ നടക്കും. പുതുപ്പട്ടയും പിന്നീട് വരുന്ന പട്ടയും നല്ല കട്ടി കൂടിയതാണ്. ഒരു ഹെക്ടറില്‍നിന്ന് ഒരു വര്‍ഷം ശരാശരി 2,400 കി.ഗ്രാം റബ്ബര്‍ കിട്ടും. ഇവയുടെ സ്വഭാവമായ നല്ല വെളുത്ത പാലിന് ഉയര്‍ന്ന തോതില്‍ ഖരപദാര്‍ത്ഥങ്ങള്‍ (ഉ.ഞ.ഇ) ഉണ്ട്. അകാല ഇലപൊഴിച്ചില്‍ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. എന്നാല്‍ കൊമ്പുണക്കം എന്ന പിങ്ക് രോഗം ഇതിനു പെട്ടെന്ന് പിടിപെടും. പൊടിമുകള്‍ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലെങ്കിലും രോഗം വരാറുണ്ട്. ഇവയ്ക്കു പട്ടമരവിപ്പ് രോഗം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ചുറ്റളവിന്‍റെ പകുതി നീളത്തില്‍ (1/2 സ്പൈറല്‍) ടാപ്പ് ചെയ്യുന്നതാണ് നല്ലത്.

  • ആര്‍.ആര്‍.ഐ.എം. 600:

മലേഷ്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഈ ക്ലോണ്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളതും പ്രധാന ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ വളര്‍ത്തുന്നതുമാണ്. ടിജിര്‍ 1, പി.ബി. 86 എന്നയിനങ്ങളുടെ സങ്കരണത്തിന്‍റെ ഫലമാണ് ആര്‍.ആര്‍.ഐ.എം. 600. നേരേ വളരുന്ന നീണ്ടതായ്ത്തടിയും, നല്ല ശിഖരങ്ങളും ഉള്ള ഇതിന്‍റെ കവരക്കോണുകള്‍ക്ക് വണ്ണം കുറവായിരിക്കും. എന്നാല്‍ പിന്നീട് വണ്ണം കൂടാറുണ്ട്. പുതുപ്പട്ടയ്ക്ക് കട്ടികൂടുതല്‍ ഉണ്ട്. അതിനാല്‍ ടാപ്പിംഗ് മുറിവുകള്‍ക്ക് മേലെ മുഴകള്‍ പോലെ വരാറുണ്ട്. അത്യുല്‍പ്പാദനശേഷിയുള്ള ഈ ഇനത്തില്‍നിന്നും ഹെക്ടറിന് പ്രതിവര്‍ഷം 1387 കി.ഗ്രാം റബ്ബര്‍ ലഭിക്കുന്നു. ഇതിന്‍റെ കറ കുറുക്കുപാല്‍ ഉണ്ടാക്കുവാന്‍ യോജിച്ചതല്ല. ഫൈറ്റോപ്ത്തോറ എന്ന കുമിള്‍ പരത്തുന്ന രോഗങ്ങള്‍ ഈ ഇനത്തിനു പെട്ടെന്നു പിടിപെടാറുണ്ട്.

  • ജി.ടി. 1: 

ഇന്തോനേഷ്യയില്‍ വികസിപ്പിച്ചെടുത്ത ഈ ക്ലോണ്‍ റബ്ബര്‍ ഉല്‍പ്പാദകരാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. നേരേ വളരുന്ന തായ്ത്തടികള്‍ ശിഖരങ്ങള്‍ ഉണ്ടാകുന്നതില്‍ വ്യതിയാനമുള്ളയിനമാണ് ഇത്. ഭാഗികമായി ഇല കൊഴിച്ചിലും, തളിരിടലും വൈകിയാണ് നടക്കുന്നത്. വെട്ട് തുടങ്ങുമ്പോള്‍ ശരാശരി മുതല്‍ നല്ലതുവരെ തടിവണ്ണം ഉണ്ടാകും. ടാപ്പിംഗ് ചെയ്യുന്നതിനുസരിച്ച് തടിവണ്ണം ഇടത്തരമാവുന്നു. ഇതിന്‍റെ പുതുപ്പട്ടയുടെയും പിന്നീട് വരുന്ന പുതിയ പട്ടയുടെയും കനം ഇടത്തരമാണ്. ഒരു വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍നിന്ന്, 1,4000 കി.ഗ്രാം റബ്ബര്‍ ആണ് ഉല്‍പ്പാദനശേഷി. റബ്ബര്‍പാലിനു നല്ല വെളുത്ത നിറമാണ്. പട്ടമരവിപ്പും, പിങ്ക് രോഗവും കൊമ്പുണക്കവും ചെറുതായി വരാറുണ്ട്. എന്നാല്‍ അകാല ഇലപൊഴിച്ചില്‍ ഈ ഇനത്തിലും ഗുരുതരമായി കാണുന്നു. പൊടിക്കുമിള്‍ രോഗം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

  • പി.ബി. 28/59: 

മലേഷ്യന്‍ ക്ലോണായ പി.ബി. 28/59ന്‍റെ തടി കുഴല്‍ പോലെ പൊള്ളയായതും, വളവുള്ളതും ആണ്. ചിലപ്പോള്‍ ചരിഞ്ഞ് തൂങ്ങി വളരാനും സാധ്യതയുണ്ട്. ഇടത്തരമായോ നല്ലപോലെയോ ശിഖരങ്ങള്‍ ഉണ്ടാവും. ടാപ്പിംഗ് തുടങ്ങുമ്പോള്‍ തടിവണ്ണം ഇടത്തരമാണ്. എന്നാല്‍ വെട്ടുന്നതിനനുസരിച്ചു കനം കുറയുന്നു. പുതുപ്പട്ടയുടെ കനം വളരെ കുറവാണ്. ആദ്യത്തെ വെട്ടു കഴിഞ്ഞു പുതുതായി വരുന്ന പട്ടയ്ക്കു കനം ഇടത്തരമാണ്. ഒരു വര്‍ഷം ഒരു ഹെക്ടറില്‍നിന്ന് ശരാശരി 1,423 കി.ഗ്രാം റബ്ബര്‍ കിട്ടുന്നു. കാറ്റുമൂലമുണ്ടാകുന്ന കെടുതി ഇടത്തരമാണ്. പട്ടമരവിപ്പ്, അകാല ഇലപൊഴിച്ചില്‍, പിങ്ക് രോഗം, പൊടികുമിള്‍ രോഗബാധ എന്നിവ ഈയിനത്തിനെ രൂക്ഷമായി ബാധിക്കും.

  • പിബി 217: 

മലേഷ്യന്‍ ക്ലോണുകളായ പിബി 5/51, പിബി6/69 എന്നിവയുടെ സങ്കരണം നിമിത്തം ഉണ്ടായതാണ് പിബി 217. നീളമുള്ള നീണ്ട തായ്ത്തടിയാണ് ഇവയുടേത്. ഇലകൊഴിച്ചിലും, തളിരിടലും സാധാരണയായോ വൈകിയോ നടക്കുന്നു. ടാപ്പിംഗ് തുടങ്ങുന്നതിനുമുമ്പ് തടി വണ്ണം ഇടത്തരമാണെങ്കില്‍ ടാപ്പിംഗിനുശേഷം തടിവണ്ണം കൂടുതലാണ്. പുതുപ്പട്ട കനമില്ലാത്തതാകും. പുതുതായി വരുന്നവ ഇടത്തരം കനത്തിലുള്ളതുമാണ്. പ്രതിവര്‍ഷം ഒരു ഹെക്ടറില്‍നിന്ന് 1,257 കി.ഗ്രാം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്നു. റബ്ബര്‍പാലിന് ഇളംമഞ്ഞ നിറമാണ്. കാറ്റ് മൂലമുണ്ടാവുന്ന കെടുതിയും പട്ടമരവിപ്പും കുറവാണ്. ഫൈറ്റോഫ്ത്തോറ മൂലമുണ്ടാവുന്ന രോഗങ്ങള്‍ മലേഷ്യയില്‍ രൂക്ഷമായും, ഇന്ത്യയില്‍ മിതമായും കണ്ടുവരുന്നു. പിങ്ക് രോഗം പൊടികുമിള്‍ രോഗം എന്നിവ രൂക്ഷമായി ആക്രമിക്കാറുണ്ട്.

  • ആര്‍.ആര്‍.ഐ.ഐ. 703: 

ആര്‍.ആര്‍.ഐ.ഐ.600, ആര്‍.ആര്‍.ഐ.ഐ 500 ഇവ സങ്കലനം നടത്തിയാണ് ആര്‍.ആര്‍.ഐ.ഐ. 703 ലഭിച്ചത്. ഇവയുടെ തടി നേരേ മുകളിലേക്കു വളരുന്നവയാണെങ്കിലും സ്വല്‍പം വളവുകളും കാണാം. സീസണില്‍ നേരത്തേ തന്നെ ഇലകൊഴിച്ചിലും തളിര്‍ക്കലും നടക്കുന്നു. ടാപ്പിംഗ് തുടങ്ങുന്നതിനുമുമ്പ് തടിവണ്ണം കൂടുതലും അതിനുശേഷം കുറവുമാണ്. പുതുപ്പട്ടയുടെ കനം കട്ടിയുള്ളതും, പിന്നീട് വരുന്നവയ്ക്കു കനം ഇടത്തരം മുതല്‍ കൂടുതല്‍ വരെയുമാണ്. ഒരു ഹെക്ടറില്‍നിന്ന് ഒരു വര്‍ഷം 1,310 കി.ഗ്രാം റബ്ബര്‍ ഉല്‍പാദിപ്പിക്കാറുണ്ട്. റബ്ബര്‍ പാല്‍ ഇളം മഞ്ഞ നിറത്തിലാണ്. കാറ്റു മൂലമുണ്ടാകുന്ന കൊടുതിയും പട്ടമരവിപ്പും രൂക്ഷമാണ്. അകാല ഇലപൊഴിച്ചില്‍ ഈ ഇനം കൃഷി ചെയ്യുമ്പോള്‍ മലേഷ്യയില്‍ കുറവാണെങ്കിലും ഇന്ത്യയില്‍ രൂക്ഷമായി കാണാറുണ്ട്. പൊടികുമിള്‍ രോഗം ഈ ഇനത്തില്‍ കുറവാണെങ്കിലും പിങ്ക് രോഗം നല്ലതുപോലെ വരാറുണ്ട്.

  • ടിഷ്യൂ കള്‍ച്ചര്‍: റബ്ബറില്‍ ടെസ്റ്റ്യൂബ് ചെടികളുടെ ഗവേഷണ പദ്ധതികള്‍ ധാരാളമായി നടത്തിവരുന്നു. പൂമ്പൊടിയില്‍നിന്നും മൂപ്പെത്തിയ സസ്യഭാഗങ്ങളില്‍നിന്നും വിത്തിന്‍റെ പരിപ്പില്‍നിന്നുമെല്ലാം ഭ്രൂണം വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ വിജയിച്ചുവെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ചെടികള്‍ ഉണ്ടാക്കാനുള്ള പുരോഗതി വളരെ സാവധാനത്തിലാണ്.

പൂമ്പൊടിയില്‍നിന്നും വികസിപ്പിച്ചെടുക്കുന്ന സമാന സ്വഭാവമുള്ള ചെടികള്‍ സങ്കരണത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയും. അഗ്രോ ബാക്ടീരിയ എന്ന അണുവഴിയും ജീന്‍-ഗണ്‍ വഴിയും ജീന്‍ മാറ്റ സാങ്കേതികവിദ്യകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ ജൈവ സാങ്കേതിക വിദ്യകളിലൂടെ മാത്രമേ റബ്ബറിന്‍റെ പുതിയ ഇനങ്ങള്‍ വികസിപ്പിക്കാനാകൂ.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145207