മണ്ണുസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിച്ച, ചരിഞ്ഞ, ഉയര്‍ന്നതും താണും കിടക്കുന്ന സ്ഥലമാണ് റബ്ബര്‍ കൃഷിക്കു യോജിച്ചത്. സ്ഥലം വെട്ടിത്തെളിച്ചതിനുശേഷം തീയിടണം. പരന്നതോ ചെറിയ കയറ്റവും ഇറക്കവും ഉള്ളതോ ആയ പ്രദേശമാണെങ്കില്‍ ചതുരം അഥവാ സമചതുരം രീതിയിലാണ് ചെടികള്‍ നടേണ്ടത്. വരികള്‍ കിഴക്കു-പടിഞ്ഞാറ് ദിശയിലായിരിക്കണം.
ഉയര്‍ന്നതും താണതുമുള്ള പ്രദേശങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും കോണ്ടൂര്‍ രേഖകള്‍ മാര്‍ക്ക് ചെയ്ത് നടാനുള്ള സ്ഥലം ചരിവിനെതിരായി അടയാളപ്പെടുത്തുന്നു. കുന്നിന്‍പ്രദേശങ്ങളില്‍ നടാനുള്ള തട്ടുകള്‍ എടുക്കുകയും. സില്‍റ്റ് കുഴികളും (കാനകള്‍) ഇടക്കയ്യാലകളും നിര്‍മിച്ച് മണ്ണ് സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. താഴ്ന്ന പ്രദേശങ്ങളില്‍ പ്രകൃത്യായുള്ള വെള്ളച്ചാലുകള്‍ക്ക് ഒപ്പം നീര്‍ച്ചാലുകള്‍ എടുക്കണം.
നടീല്‍ അകലം
ബഡ്ഡുതൈകളാണെങ്കില്‍ ഒരു ഹെക്ടറില്‍ 420-445 തൈകളും വിത്തില്‍നിന്നുള്ള തൈകള്‍ ആണെങ്കില്‍ 445-520 ചെടികളും എന്നാണു കണക്ക്. വളര്‍ത്താവുന്ന മരങ്ങളുടെ എണ്ണം ഈ നിരക്കില്‍ നിര്‍ദേശിച്ചതിന്‍റെ കാരണം തൈകള്‍ വളരുന്നതോടെ വളര്‍ച്ച മുരടിക്കുന്നവയെ പറിച്ചു മാറ്റുന്നതിനും, മറ്റ് നാശങ്ങള്‍ മൂലം നഷ്ടപ്പെട്ടു പോകുന്ന തൈകളുടെ കുറവ് പരിഹരിക്കുന്നതിനുമാണ്. കാലക്രമേണ ഒരു ഹെക്ടറില്‍ നിര്‍ത്തേണ്ട മരങ്ങളുടെ എണ്ണം 310 ആക്കി കുറയ്ക്കണം. ഇത് ബഡ്ഡുമരങ്ങള്‍ക്കും വിത്തുപാകിയുണ്ടാക്കിയ മരങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്.
കുഴിയെടുക്കലും മൂടലും
തൈകള്‍ മണ്ണില്‍ യഥാസമയം വേരുപിടിച്ചു വളരുന്നതിന് അനുയോജ്യമായ സൗകര്യം ഒരുക്കുന്നതിനാണ് കുഴിയെടുക്കുന്നത്. സാധാരണയായി 90 x 90 x 90 സെ.മീ. അഥവാ 75 x 75 x 75 സെ.മീ. എന്ന വലിപ്പത്തിലാണ് കുഴികള്‍ എടുക്കുക. നടീല്‍വസ്തുക്കളുടെ ഇനവും മണ്ണിന്‍റെ പ്രത്യേകതകളും അനുസരിച്ച് ഇതില്‍ ചില മാറ്റങ്ങല്‍ ഉണ്ടാവാം. കുഴിയെടുക്കുമ്പോള്‍ കിളച്ചെടുത്ത മേല്‍മണ്ണ് ഒരു വശത്തേക്കും അടിമണ്ണ് എതിര്‍വശത്തുമായി ഇടണം. കഴിയുന്നതും മേല്‍മണ്ണ് ഉപയോഗിച്ചു തന്നെയാണ് കുഴി മൂടേണ്ടത്. 20 സെ.മീ. ആഴത്തിലുള്ള മേല്‍മണ്ണ് വളവുമായി നന്നായി ഇളക്കിച്ചേര്‍ത്ത് കുഴിയിലിടണം. തറനിരപ്പില്‍നിന്ന് 5 സെ.മീ. മുകളില്‍ വരുന്നവിധം കുഴി നിറയ്ക്കേണ്ടതാണ്.
നടീലും പിന്നീടുള്ള പരിചരണവും
തവാരണയില്‍നിന്ന് പറിച്ചെടുത്ത ഉടനെ കുറ്റികള്‍ നടേണ്ടതാണ്. ബഡ്ഡുകുറ്റികള്‍ നടുമ്പോള്‍ ഒട്ടിച്ച മുകുളം മണ്ണിനു മുകളില്‍തന്നെ വരുന്ന വിധത്തില്‍ നടേണ്ടതാണ്. മുറിച്ചതിനുശേഷം അവശേഷിക്കുന്ന തായ്വേരിന്‍റെ ആഴത്തില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ വേണം തൈക്കുറ്റി നടാന്‍. വായു അറകള്‍ കുടുങ്ങാതെ തൈയ്ക്കു ചുറ്റും മണ്ണ് ഇട്ട് ചവിട്ടി ഉറപ്പിക്കണം.
കൂടുതൈകളാണെങ്കില്‍ പോളിബാഗിനേക്കാള്‍ വലിപ്പമുള്ള ഒരു കുഴി വേണ്ടിവരും. പോളിബാഗില്‍ നീളത്തില്‍ വരഞ്ഞ് പോളിത്തീന്‍ കവര്‍ നീക്കം ചെയ്തതിനുശേഷം വേണം തൈകള്‍ കുഴിയിലേക്ക് ഇറക്കിവയ്ക്കാന്‍. മണ്ണും തൈയും തമ്മിലുള്ള വിടവ് മണ്ണിട്ട് നികത്തണം. ഇടയ്ക്കിടെ തൈകള്‍ പരിശോധിക്കണം. നന്നായി വളരുന്ന ഒരു കമ്പ് മാത്രമേ വളരാന്‍ അനുവദിക്കാവൂ. ബഡ്ഡുതൈകളില്‍ സ്റ്റോക്കു തൈയില്‍നിന്നും വളരുന്ന വ്യാജ കമ്പുകള്‍ നീക്കം ചെയ്യണം.
www.karshikarangam.com