റബ്ബറിന് വളം ചേര്‍ക്കുന്നത് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് തവാരണ, പ്രായമാവാത്ത ചെടികള്‍, പ്രായപൂര്‍ത്തിയായ ചെടി എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍. നല്ല വളര്‍ച്ചയും ആരോഗ്യവുമുള്ള തൈകള്‍ കുറഞ്ഞ സമയംകൊണ്ട് ഉല്‍പാദിപ്പിക്കാനും നല്ല ഗുണമേന്മയുള്ള കൂടുതല്‍ ബഡ്ഡുകള്‍ ലഭിക്കാനും, പെട്ടെന്ന് വിളവ് ലഭിച്ചുതുടങ്ങാനും, ഉയര്‍ന്ന വിളവു ലഭിക്കാനുമാണ് വിവിധ ഘട്ടങ്ങളിലായി വളംകൊടുക്കുന്നത്. തവാരണയില്‍ തൈകളുടെ കടയില്‍നിന്ന് 8 സെ.മീ. അകലത്തില്‍ രണ്ടു വരി ചെടികള്‍ക്കിടയില്‍ ഒരു ബാന്‍ഡു പോലെയാണ് വളമിടുന്നത്. വളമിട്ട് നന്നായി ഇളക്കി ചേര്‍ത്ത് കൊടുക്കണം. തോട്ടത്തില്‍ നട്ടതിനുശേഷം ആദ്യവളപ്രയോഗം ചെടിയുടെ കടയില്‍നിന്നും 7 സെ.മീ. വീതിയില്‍ ചെടിക്കു ചുറ്റും ആണ് ചെയ്യേണ്ടത്. വളം വിതറിയശേഷം 5-8 സെ.മീ. ആഴത്തില്‍ വളം മണ്ണില്‍ ഇളക്കി ചേര്‍ക്കണം. തുടര്‍ന്നുള്ള വര്‍ഷത്തില്‍ മരങ്ങളുടെ ചുവടിനുചുറ്റും ക്രമമായി വീതികൂട്ടി വൃത്തത്തിലാണ് വളം ഇടേണ്ടത്. ചെടികളുടെ ഇലച്ചില്ലകള്‍ പരസ്പരം കൂട്ടിമുട്ടുന്നതുവരെ ഈ രീതി തുടരുക. നട്ട് അഞ്ചാറ് വര്‍ഷം കഴിഞ്ഞ് ഇലച്ചില്ലകള്‍ വന്നു മൂടിയാല്‍ സമചതുരമോ, ചതുരമോ ആയ കുഴികളില്‍ റബ്ബര്‍ വരികള്‍ക്ക് ഇടയ്ക്ക് വളം ഇടണം. അങ്ങനെ ഓരോ ചതുരവും നാലു മരങ്ങള്‍ക്ക് ഉപകരിക്കും. ആവരണവിളകള്‍ നട്ടിട്ടുള്ള തോട്ടങ്ങളില്‍ 2 വരി മരങ്ങള്‍ക്കിടയിലൂടെ നീളത്തില്‍ വളം വിതറിയാല്‍ മതിയാകും.
തവാരണ
തവാരണത്തടം നിര്‍മിക്കുമ്പോള്‍ തന്നെ ഒരു ഹെക്ടറിന് 2,500 കി.ഗ്രാം ചാണകപ്പൊടിയും 350 കി.ഗ്രാം മസൂരി റോക്ഫോസ്ഫേറ്റും ഇടണം. ഹെക്ടറിന് 2.50 കി.ഗ്രാം എന്ന കണക്കില്‍ പാക്യജനകം, ഭാവഹം, ക്ഷാരം, മഗ്നീഷ്യം ഇവ യഥാക്രമം (10:10:4:1.5) എന്ന അനുപാതത്തിലുള്ള മിശ്രിതം തൈനട്ട് ഒന്നര-രണ്ടു മാസം കഴിഞ്ഞ് ഇട്ടുകൊടുക്കണം. ഒരു ഹെക്ടറിന് 550 കി.ഗ്രാം യൂറിയയും ചെടി നട്ട് മൂന്നു മൂന്നരമാസം കഴിയുമ്പോള്‍ ചേര്‍ത്ത് കൊടുക്കണം.
ബഡ്ഡ് വുഡ് തവാരണ: തടം എടുക്കുന്ന സമയത്ത് ഒരു ഹെക്ടറിന് 150 കി.ഗ്രാം എന്ന തോതില്‍ മസൂരിറോക്ഫോസ്ഫേറ്റ് ഇടണം. പാക്യജനകം, ഭാവഹം, ക്ഷാരം, മഗ്നീഷ്യം ഇവ 10:10:4:1.5 എന്ന അനുപാതത്തിലുള്ള മിശ്രിതം ഒരു ഹെക്ടറിന് 250 കി.ഗ്രാം എന്ന കണക്കില്‍ തൈനട്ട് 2-3 മാസം എത്തുമ്പോഴും ഓരോ പ്രാവശ്യം ബഡ്ഡ് എടുക്കുമ്പോഴും നല്‍കണം. ഓരോ പ്രാവശ്യം ബഡ്ഡ് എടുക്കുമ്പോഴും ഒരു ചെടിക്ക് 125 ഗ്രാം എന്ന കണക്കില്‍ മുകളില്‍ പറഞ്ഞ മിശ്രിതം ഇട്ടു കൊടുക്കണം.
ടാപ്പ് ചെയ്യാറാകാത്ത മരങ്ങള്‍
റബ്ബര്‍ തൈ നടാനായി കുഴി നിറയ്ക്കുന്ന സമയത്ത് കുഴി ഒന്നിന് 12 കി.ഗ്രാം ചാണകപ്പൊടി, 175 ഗ്രാം മസൂരി റോക്ഫോസ്ഫേറ്റ് ഇവ ഇട്ടുകൊടുക്കണം. പുതുതായി വെട്ടിത്തെളിച്ച വനപ്രദേശമാണെങ്കില്‍ ആദ്യത്തെ നാല് വര്‍ഷം വരെ ചാണകപ്പൊടി ഒഴിവാക്കാം. പാക്യജനകം: ഭാവഹം, ക്ഷാരം: മഗ്നീഷ്യം ഇവ 10:10:4:1.5 എന്ന അനുപാതത്തിലുള്ള മിശ്രിതം ഒരു ചെടിക്ക് 225, 450, 450, 550, 550, 450, 450 ഗ്രാം എന്ന കണക്കില്‍ യഥാക്രമം 3,4,15,21,27,33,39-മാസങ്ങളില്‍ നല്‍കേണ്ടതാണ്. ആവരണവിളയും പുതയിടലും ചെയ്യുന്ന തോട്ടമാണെങ്കില്‍ അഞ്ചാം വര്‍ഷം മുതല്‍ ടാപ്പിംഗ് തുടങ്ങുന്നതുവരെ എന്‍.പി.കെ. 12:12:12 എന്ന അനുപാതത്തിലുള്ള മിശ്രിതം ഒരു ഹെക്ടറിന് 125 കി.ഗ്രാം എന്ന തോതില്‍ ഏപ്രില്‍-മേയ് സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ ചേര്‍ത്തു കൊടുക്കണം. ആവരണവിളയും പുതയിടലും ഇല്ലാത്ത തോട്ടത്തില്‍ എന്‍.പി.കെ. 15:10:6 എന്ന അനുപാതത്തിലുള്ള മിശ്രിതം ഒരു ഹെക്ടറിന് 200 കി.ഗ്രാം എന്ന കണക്കില്‍ ഏപ്രില്‍-മേയ്; സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഇടണം.
ടാപ്പ് ചെയ്യുന്ന മരങ്ങള്‍ക്ക്:
വര്‍ഷംതോറും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ എന്‍.പി.കെ. (10:10:10) മിശ്രിതം ഒരു ഹെക്ടറിന് 300 കി.ഗ്രാം അഥവാ ഒരു മരത്തിന് 900 ഗ്രാം എന്ന തോതില്‍ ചേര്‍ക്കണം. മുകളില്‍ പറഞ്ഞ മിശ്രിതത്തിനുപകരം 15:1%:15, 17:17:17, 19:19:19 എന്‍.പി.കെ. എന്നീ ഗ്രേഡുകളിലുള്ള ഏതെങ്കിലും കൂട്ടുവളവും ഒരു ഹെക്ടറിന് യഥാക്രമം 200, 175, 160 കി.ഗ്രാം എന്ന കണക്കില്‍ ഇടാവുന്നതാണ്.
മഗ്നീഷ്യത്തിന്‍റെ അളവ് അനുഭവപ്പെടുന്ന തോട്ടങ്ങളില്‍ ഒരു ഹെക്ടറിന് 50 കി.ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ശുപാര്‍ശ ചെയ്യുന്നുണ്ട്.
www.karshikarangam.com