റബ്ബര്‍ : രോഗകീട നിയന്ത്രണം


രോഗകീടബാധമൂലം റബ്ബറില്‍ വിളനാശം സംഭവിക്കാറുണ്ട്. യഥാസമയത്ത് സംരക്ഷണ മുറകള്‍ അവലംബിച്ചില്ലെങ്കില്‍ അത് ചെടിയുടെ വളര്‍ച്ചയെ ബാധിച്ച് ഉല്‍പ്പാദനം തകരാറിലാക്കും.

  • അകാല ഇലപൊഴിച്ചില്‍ (ഫൈറ്റോഫ്ത്തോറ പാമിവോറ): 

വളരെക്കാലം നിലനില്‍ക്കുന്ന ഈര്‍പ്പമുള്ള കാലാവസ്ഥയും ആര്‍ദ്രത കൂടിയ അന്തരീക്ഷവും ഈ രോഗത്തിനു കാരണമാകാറുണ്ട്. ആദ്യം കായ് അഴുകുന്നു. പിന്നീട് വളര്‍ച്ച പൂര്‍ത്തിയാക്കാത്ത ഇലകള്‍ കൊഴിഞ്ഞ് അഗ്രശാഖകള്‍ ഉണങ്ങി വിളനാശം വരുത്തുന്നു. കാലവര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കൂടുതല്‍ വ്യാപ്തിയുള്ള സ്പ്രേയര്‍ ഉപയോഗിച്ചു തളിക്കുകയോ, എണ്ണയില്‍ അധിഷ്ഠിതമായ ക്ലോറൈഡ് കുമിള്‍നാശിനി കുറഞ്ഞ വ്യാപ്തിയുള്ള സ്പ്രേയറില്‍ കൂടി മുകളില്‍നിന്ന് സ്പ്രേ ചെയ്തോ നിയന്ത്രിക്കാവുന്നതാണ്.

  • പൊടിക്കുമിള്‍ രോഗബാധ (ഓയിഡിയം ഹെവിയെ): 

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പുതിയ തളിര് വരുമ്പോഴാണ് ഇതിന്‍റെ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഇളം ഇലകളില്‍ ചാരംപൂശിയപോലെ കാണാം. ഇല ചുരുണ്ട് പിരിഞ്ഞ്, ഇലയുടെ വക്ക് അകത്തേക്ക് ചുരുണ്ട് ഒരു ചൂല്‍പോലെ ഇലഞെട്ടും തണ്ടും കാണാം. രോഗം ബാധിച്ചാല്‍ പിന്നീട് മൂത്ത ഇലകളില്‍ വെള്ളപ്പാടുകള്‍ കാണാം. രോഗം ബാധിച്ച പൂവും കായും കൊഴിഞ്ഞുപോവുന്നു. ഗന്ധകം വിതറുകയോ ഗന്ധകവും ടാല്‍ക്കും 70:30 എന്ന അനുപാതത്തില്‍ വിതറുകയോ, 0.05% വീര്യമുള്ള ബാവിസ്റ്റിന്‍ എന്ന കുമിള്‍നാശിനി 3-5 തവണകളായി ആഴ്ചയിലോ രണ്ടാഴ്ചയിലൊരിക്കലോ തളിരു വരുമ്പോള്‍ സ്പ്രേ ചെയ്യുന്നതും ഈ രോഗത്തെ നിയന്ത്രിക്കുവാന്‍ നല്ലതാണ്.

  • പിങ്ക് രോഗം: (കോര്‍ടീഷിയം സാല്‍മോണിക്കള്‍): 

3 മുതല്‍ 12 വര്‍ഷംവരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം പിടിപെടാന്‍ സാധ്യതയുള്ളത്. കവരകോണിലാണ് രോഗം ബാധിക്കുക. ഇവിടെ കുമിളുകളുടെ വളര്‍ച്ച ഘട്ടത്തിലെ തന്തുക്കള്‍ കെട്ടിപ്പിണഞ്ഞ വലപോലെ കാണാം. ഇതു വെള്ളയോ പിങ്കോ നിറത്തില്‍ കാണാം. ചീഞ്ഞ ഭാഗത്തുനിന്നും കറ ഇറ്റുവീഴുന്നതും രോഗലക്ഷണമാണ്. അവിടം അഴുകി, ഉണങ്ങി വരണ്ട് തൊലിപൊട്ടുന്നത് പതിവാണ്. രോഗബാധയെ ചെറുക്കുവാന്‍ ബോര്‍ഡോ പേസ്റ്റ് രോഗം ബാധിച്ചതിന്‍റെ 30 സെ.മീ. മുകളില്‍ തേക്കണം. ട്രൈഡിമോര്‍ഫ് (കാലിക്സിന്‍ 2%) അമോണിയ ചേര്‍ത്ത കറയില്‍ (1%) ചേര്‍ത്ത്, അഥവാ തൈറഡ് (0.75%) ഇവയും രോഗനിയന്ത്രണത്തിനു നല്ലതാണ്.

  • കോക്ചാഫര്‍പ്പുഴു: 

ഇവ തവാരണയിലുള്ള തൈകളുടെ വേര് തിന്നു നശിപ്പിക്കുന്നു. ഫോറേറ്റ് 10 ഗ്രാം നിലമൊരുക്കുമ്പോഴും, തവാരണ തയാറാക്കുമ്പോഴും മണ്ണില്‍ ചേര്‍ക്കുകവഴി ഇവയെ നിയന്ത്രിക്കാം.

  • ശല്‍ക്ക കീടങ്ങളും മീലിമൂട്ടകളും: 

ഇളം തണ്ടില്‍നിന്നും നീര് ഊറ്റിക്കുടിച്ച് ഇല കരിച്ചിലിന് കാരണമാവുന്നു. കൂടുതല്‍ ഉപദ്രവമാവുമ്പോള്‍ 0.5% വീര്യമുള്ള മാലത്തിയോണ്‍ സ്പ്രേ ചെയ്യാം. മീലിമൂട്ടയ്ക്കെതിരെ മീനെണ്ണ റോസിന്‍ സോപ്പും നല്ലതാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145020