പച്ചക്കറികൃഷി - അറിഞ്ഞിരിക്കേണ്ടത്
സ്ഥലം തിരഞ്ഞെടുക്കല്‍ - സ്ഥലപരിമിതി മൂലം കിട്ടുന്ന സ്ഥലം ഉപയോഗിക്കുകയാണ് പലരും ചെയ്യുന്നത്. അതുകൊണ്ടുതന്നെ, പച്ചക്കറികൃഷിക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുകയെന്നത് പലപ്പോഴും പ്രായോഗികമല്ല. കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയെന്നതാണ് ഇതിനുള്ള പോംവഴി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലമാണ് പച്ചക്കറികൃഷിക്കു യോജിച്ചത്. കുറച്ചൊക്കെ തണലുള്ള സ്ഥലമാണെങ്കില്‍ തണലില്‍ വളരുന്ന തരത്തിലുള്ള ചേന, ചേമ്പ്, സാമ്പാര്‍ച്ചീര തുടങ്ങിയവ കൃഷിചെയ്യാം. നല്ല ഇളക്കമുള്ള പശിമരാശിയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. മണല്‍മണ്ണാണെങ്കില്‍ കൂടുതല്‍ ജൈവവളം ചേര്‍ത്ത് ജലസംഭരണശേഷിയും വളക്കൂറും വര്‍ധിപ്പിക്കാവുന്നതാണ്.
കൃഷിസ്ഥലത്തിനു അടുത്തുതന്നെ ജലസേചനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം. വില്‍പ്പനയ്ക്കായി പച്ചക്കറികള്‍ കൃഷിചെയ്യുമ്പോള്‍ തോട്ടങ്ങള്‍ വിപണനകേന്ദ്രത്തില്‍നിന്നു വളരെ ദൂരെയാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
നിലമൊരുക്കല്‍
നാലഞ്ചു തവണ ഉഴുതോ കിളച്ചിളക്കിയോ പൊടിമണ്ണാക്കി, സ്ഥലം നിരപ്പാക്കിയെടുക്കണം. കളകളും മറ്റു ചെടികളുടെ അവശിഷ്ടങ്ങളും മാറ്റി വൃത്തിയാക്കണം. ഇങ്ങനെ തയാറാക്കിയ കൃഷിയിടം കൃഷിയിറക്കുന്നതിനു മുമ്പായി രണ്ടാഴ്ചയോളം വെയില്‍ കൊണ്ടുണങ്ങുന്നതിനായി ഇടുന്നത് നല്ലതാണ്. അതിനുശേഷം കൃഷിചെയ്യുന്ന വിളയ്ക്കനുസരിച്ച് ചാലുകളോ വാരങ്ങളോ വരമ്പുകളോ കുഴികളോ നിര്‍ദിഷ്ട അകലങ്ങളിലെടുക്കാം. തയാറാക്കിയ കൃഷിയിടത്തില്‍ സെന്‍റിന് ഏകദേശം 100 കി.ഗ്രാം എന്ന തോതില്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണുമായി നന്നായി ഇളക്കിക്കൊടുക്കണം.
കൃഷിയിറക്കല്‍
വെണ്ട, പയര്‍, അമര, കൊത്തമര, ബീന്‍സ്, വെള്ളരിവര്‍ഗ പച്ചക്കറികള്‍, കാരറ്റ്, റാഡിഷ് തുടങ്ങിയവ നേരിട്ട് വിത്തുപാകിയാണ് കൃഷിചെയ്യുന്നത്. എന്നാല്‍ വഴുതന, തക്കാളി, മുളക്, കാബേജ്, കോളിഫ്ളവര്‍ തുടങ്ങിയവ തവാരണകളില്‍ വിത്തുപാകി തൈകളുണ്ടാക്കി പറിച്ചു നട്ടാണ് കൃഷിചെയ്യുന്നത്.
ഒന്നൊന്നര മീറ്റര്‍ വീതിയും ആവശ്യത്തിനു നീളവുമുള്ള വാരങ്ങളെടുത്ത്, അതില്‍ അല്‍പ്പം ഉണങ്ങിയ ചാണകപ്പൊടിയും (ആവശ്യമെങ്കില്‍ മണലും) ചേര്‍ത്തിളക്കി തവാരണകള്‍ നിര്‍മിക്കാം. ഇങ്ങനെ തയാറാക്കിയ വാരങ്ങളില്‍ 8-10 സെ.മീ അകലത്തിലെടുത്ത ചെറിയ വരികളില്‍ വിത്തു പാകാം. വിത്ത് അല്‍പ്പം മണ്ണിട്ടുമൂടി ചെറുതായി നനച്ചുകൊടുക്കണം. വിത്തുപാകിയശേഷം വാരത്തിനു മുകളില്‍ നേരിയ കനത്തില്‍ വൈക്കോലോ മറ്റോകൊണ്ട് പുതയിടുന്നത് നല്ലതാണ്. ഈര്‍പ്പം നിലനിര്‍ത്താനും വെള്ളമൊഴിക്കുമ്പോള്‍ വിത്ത് ചിതറിപ്പോകാതിരിക്കുന്നതിനും ഇതു സഹായിക്കും.
വിത്ത് മുളയ്ക്കുന്നതുവരെ രാവിലെയും വൈകിട്ടും നേരിയ തോതില്‍ നനച്ചുകൊടുക്കണം. വിത്ത് മുളയ്ക്കാന്‍ തുടങ്ങിയാല്‍ വൈക്കോല്‍കൊണ്ടുള്ള പുത മാറ്റാം. തവാരണയില്‍ കൂടുതല്‍ വെള്ളമൊഴിച്ച് ഈര്‍പ്പം കൂടിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. നനവ് ഏറിയാല്‍ തൈചീയല്‍ രോഗത്തിന് കാരണമാകും. തൈചീയല്‍ കണ്ടാല്‍ ബോര്‍ഡോമിശ്രിതമോ ഡൈത്തേന്‍, ഫോള്‍ട്ടാഫ്, കാപ്റ്റാന്‍ തുടങ്ങിയ ഏതെങ്കിലും മരുന്നോ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം എന്ന കണക്കില്‍) കലക്കി തവാരണയില്‍ ഒഴിച്ചുകൊടുക്കണം. മാത്രമല്ല, പിന്നീട്, നനയുടെ കാര്യത്തില്‍ ശ്രദ്ധിക്കുകയും വേണം.
3-4 ആഴ്ച പ്രായമായ (12-15 സെ.മീ ഉയരത്തിലുള്ള) തൈകള്‍ തവാരണകളില്‍നിന്ന് കൃഷിയിടത്തിലേക്ക് പറിച്ചുനടാം. പറിച്ചുനടുന്നതിനു മുമ്പായി തവാരണകളിലെ തൈകള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കുന്ന രീതി സ്വീകരിക്കുന്നത് നല്ലതാണ്. പറിച്ചുനടുന്നതിനു കുറച്ചുദിവസം മുമ്പ് നന ഒന്നിടവിട്ട ദിവസമാക്കുക. പിന്നീടത്, രണ്ടു ദിവസം ഇടവിട്ടും മൂന്നു ദിവസം ഇടവിട്ടും ആക്കുക.
തൈകള്‍ കഴിയുന്നതും വൈകുന്നേരങ്ങളില്‍ പറിച്ചുനടുന്നതാണ് നല്ലത്. നട്ടുകഴിഞ്ഞ് ഉടന്‍ നനയ്ക്കുകയും ഓരോ ചെടിക്കും തണല്‍ കൊടുക്കുകയും വേണം. നിര്‍ദിഷ്ട അകലത്തില്‍ ഓരോ തൈ വീതം നടണം. ഒരാഴ്ച കഴിഞ്ഞ്, തൈകള്‍ ഉണങ്ങിപ്പോയാല്‍ അവ പിഴുതുമാറ്റി പുതിയവ നടാം. ചെടികളില്‍ നന്നായി വേരു പിടിക്കുന്നതുവരെ ദിവസേന നനയ്ക്കണം.
വളപ്രയോഗം
മറ്റു വിളകളിലെന്നപോലെ പച്ചക്കറികള്‍ക്കും ജൈവവളങ്ങളും രാസവളങ്ങളും ആവശ്യമാണ്. ജൈവവസ്തുക്കള്‍ മാത്രമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്ന രീതിക്ക് ഇക്കാലത്ത് പ്രചാരമേറി വരികയാണ്. ആരോഗ്യത്തിന് ഏറ്റവും നല്ലത് അതാണുതാനും. എന്നാല്‍, ജൈവവളങ്ങള്‍ മാത്രമുപയോഗിച്ച് വിപുലമായ രീതിയില്‍ പച്ചക്കറികൃഷി നടത്തുക എന്നത് അത്ര പ്രായോഗികമല്ല. അത്തരം കൃഷിയില്‍ ചെടിക്ക് വേഗത്തില്‍ വലിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള രാസവളങ്ങള്‍ നല്‍കിയേ തീരൂ. രാസകീടനാശിനികള്‍ കഴിവതും ഒഴിവാക്കുകയെന്നതാണ് ഇത്തരത്തില്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ ആരോഗ്യകരമാക്കാനുള്ള വഴി.
ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങള്‍ കൃഷിയിറക്കുന്നതിനു മുമ്പായി അടിവളമായി ചേര്‍ക്കണം. ഓരോ ചെടിക്കും ഓരോ കൈപ്പിടി എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്കോ കടലപ്പിണ്ണാക്കോ ചേര്‍ക്കുന്നതും നല്ലതാണ്. പച്ചിലവളവും ഉപയോഗിക്കാവുന്നതാണ്.
രാസവളങ്ങളുടെ അളവ്, മണ്ണിന്‍റെ ഫലപുഷ്ടി, ഇനം എന്നിവയെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. ആകെ ആവശ്യമായ രാസവളങ്ങളില്‍ ഫോസ്ഫറസ് പ്രധാനമായ വളങ്ങള്‍ മുഴുവനും നൈട്രജന്‍- പൊട്ടാഷ് വളങ്ങള്‍ പകുതി വീതവും കൃഷിയിറക്കുന്നതിനു മുമ്പ് അടിവളമായി മണ്ണില്‍ ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. ബാക്കിയുള്ള നൈട്രജന്‍ - പൊട്ടാഷ് വളങ്ങള്‍ പല പ്രാവശ്യമായി ചെടികള്‍ക്ക് മേല്‍വളമെന്ന രീതിയില്‍ കൊടുത്താല്‍ മതി. ഇത്തരം വളങ്ങള്‍ വെള്ളത്തില്‍ പെട്ടെന്നു ലയിക്കുന്നതിനാല്‍ മണ്ണില്‍നിന്നും താഴേക്ക് ഊര്‍ന്നിറങ്ങുന്ന വെള്ളത്തില്‍ കൂടിയും മറ്റും നഷ്ടപ്പെടാനിടയുണ്ട്. അതുകൊണ്ട്, പല പ്രാവശ്യമായി വളം നല്‍കുന്നതാണ് നല്ലതാണ്.
മറ്റ് കൃഷിപ്പണികള്‍
വിളയുടെ സ്വഭാവമനുസരിച്ച് മറ്റ് കൃഷിപ്പണികളില്‍ നേരിയ വ്യത്യാസമുണ്ടാകാം. കളയെടുക്കല്‍, മണ്ണ് കൂട്ടിക്കൊടുക്കല്‍, ഇടയിളക്കല്‍, ജലസേചനം എന്നിവ യഥാസമയം ചെയ്യേണ്ടതുണ്ട്. പടര്‍ന്നുവളരുന്ന തരത്തിലുള്ള പച്ചക്കറികള്‍ക്ക് പന്തല്‍ നിര്‍മിക്കുകയോ കയര്‍ കെട്ടിക്കൊടുക്കുകയോ ചെയ്യണം. കിഴങ്ങുവര്‍ഗ വിളകള്‍ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നത് പ്രധാനമാണ്.
സസ്യസംരക്ഷണം
പച്ചക്കറികൃഷിയില്‍ സസ്യസംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിത്തുമുതല്‍ തവാരണ തുടങ്ങി വിളവെടുക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ പച്ചക്കറിവിളകളെ പല തരത്തിലുള്ള രോഗങ്ങളും കീടങ്ങളും ബാധിക്കുന്നു. ഇവയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കൃത്യസമയത്ത് ചെയ്യേണ്ടതുണ്ട്.
പച്ചക്കറികൃഷിയില്‍ കഴിവതും കൃത്രിമകീടനാശിനികള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അടുക്കളത്തോട്ടത്തിലോ മട്ടുപ്പാവിലോ വളര്‍ത്തുന്ന പച്ചക്കറികള്‍ ദിവസേന നിരീക്ഷിക്കുന്നത് ഒട്ടുമിക്ക രോഗങ്ങളും കീടങ്ങളും ഒഴിവാക്കുന്നതിനു സഹായിക്കും. രോഗബാധയോ കീടങ്ങളെയോ കണ്ടാല്‍ കേടുവന്ന ഭാഗങ്ങള്‍ നീക്കംചെയ്തു നശിപ്പിക്കാം. എന്നാല്‍, കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷിചെയ്യുന്നുണ്ടെങ്കില്‍ രാസകീടനാശിനികള്‍ ഉപയോഗിക്കേണ്ടതായിവരും. താരതമ്യേന വിഷാംശവും അവശിഷ്ടവിഷവീര്യവും കുറഞ്ഞ മാലത്തിയോണ്‍, സൈത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് നല്ലത്. ഫ്യുരിഡാന്‍ പോലെയുള്ള തരിരൂപത്തിലുള്ള കീടനാശിനികള്‍ ഒരു കാരണവശാലും ചെടികള്‍ പുഷ്പിച്ചശേഷം ഉപയോഗിക്കരുത്.
വിളവെടുക്കുന്ന പ്രായമായാല്‍, കായ്കള്‍ പറിച്ചെടുത്തശേഷം വേണം ചെടിയില്‍ കീടനാശിനികള്‍ തളിക്കേണ്ടത്. അതുപോലെതന്നെ, കീടനാശിനി തളിച്ചാല്‍ 10-14 ദിവസം കഴിഞ്ഞേ അടുത്ത വിളവെടുപ്പ് നടത്താവൂ.
ഓരോ തരം കീടനാശിനികള്‍ക്കും അതിലെ അവശിഷ്ടവിഷവീര്യം വ്യത്യസ്തമായിരിക്കും. ചില കീടനാശിനികള്‍ തളിച്ചാല്‍ അവയുടെ വിഷവീര്യം പെട്ടെന്നു വിഘടിച്ചുപോകും. എന്നാല്‍, മറ്റു ചിലതിനാകട്ടെ, വിഷവീര്യം ഏറെനാള്‍ നിലനില്‍ക്കും. അതിനാല്‍, പച്ചക്കറികളില്‍ അവശിഷ്ടവീര്യം കുറഞ്ഞ കീടനാശിനികള്‍ വേണം തിരഞ്ഞെടുക്കാന്‍. കീടനാശിനി തളിച്ചാല്‍, അവയുടെ വിഷവീര്യം വിഘടിച്ച് മനുഷ്യര്‍ക്ക് നിരുപദ്രവകരമായ അളവിലേക്ക് കുറയുന്നതുവരെ കാത്തിരുന്നശേഷമേ വീണ്ടും വിളവെടുപ്പ് നടത്താവൂ. ഈ കാലത്തെ 'കാത്തിരിപ്പുകാലം' എന്നാണ് വിളിക്കുന്നത്.
www.karshikarangam.com