സൊളാസേസീ സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ വഴുതനയുടെ ജന്മദേശം ഇന്ത്യയാണ്. വഴുതനയുടെ ശാസ്ത്രനാമം സൊളാനം മെലോന്‍ജിന എന്നാണ്.
കാലാവസ്ഥയും മണ്ണും
വഴുതനയുടെ ശരിയായ വളര്‍ച്ചയ്ക്കും വിളവിനും 25-30 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഏറ്റവും അനുയോജ്യം. നല്ല ആഴവും പശിമരാശിയുമുള്ള മണ്ണാണ് വഴുതനക്കൃഷിക്ക് ഉത്തമം. മണ്ണിന്‍റെ അമ്ല- ക്ഷാര നില 5.5നും 6 നും ഇടയില്‍ ആകുന്നതാണ് നല്ലത്.
ഇനങ്ങള്‍
വഴുതനയില്‍ കായുടെ വലുപ്പം, നിറം എന്നിവയില്‍ ഓരോ സ്ഥലത്തെയും ഇനങ്ങള്‍ തമ്മില്‍ ഒട്ടെറെ വ്യത്യാസങ്ങളുണ്ട്. നമ്മുടെ സ്ഥലത്ത് ഏറ്റവുമധികം ഡിമാന്‍ഡുള്ള ഇനമേതാണെന്നു കണ്ടെത്തി അതു കൃഷിക്കായി തിരഞ്ഞെടുക്കണം.
കേരളത്തില്‍ വഴുതനക്കൃഷിക്ക് പ്രതികൂലമായി കാണുന്ന പ്രധാന ഘടകം ബാക്ടീരിയാവാട്ടം എന്ന രോഗമാണ്. അതിനാല്‍, ഈ രോഗത്തെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്ന ഇനങ്ങള്‍ കൃഷിചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളിലായി വികസിപ്പിച്ചെടുത്തിട്ടുള്ള പ്രധാന ഇനങ്ങള്‍ ഇവയാണ്.
കൃഷിരീതി
മേയ്-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളാണ് കേരളത്തില്‍ വഴുതനകൃഷിക്ക് ഏറ്റവും അനുയോജ്യം. തവാരണയില്‍ വിത്തുപാകി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് പറിച്ചുനട്ടാണ് വഴുതന കൃഷിചെയ്യുന്നത്. തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നവിധം തക്കാളിയിലേതുപോലെതന്നെയാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യാനായി 400-500 ഗ്രാം വിത്ത് വേണ്ടിവരും. ഒരാഴ്ചകൊണ്ട് വിത്തുമുളയ്ക്കുകയും 40-45 ദിവസമെത്തുമ്പോള്‍ തൈകള്‍ പറിച്ചുനടാവുന്ന വിധത്തിലെത്തുകയും ചെയ്യും.
നിലമൊരുക്കലും നടീലും
തക്കാളിയുടെ കൃഷിരീതി തന്നെയാണ് വഴുതനയുടേതും. എന്നാല്‍, വഴുതന അല്‍പ്പംകൂടി അകലം കൊടുത്ത് നടണം. വരികള്‍ തമ്മില്‍ 75 സെ.മീറ്ററും വരിയിലെ ചെടികള്‍ തമ്മില്‍ 60 സെ.മീറ്ററും അകലം കൊടുക്കണം. വളപ്രയോഗവും മറ്റു കൃഷിപ്പണികളും തക്കാളിയുടേതു തന്നെ.
സസ്യസംരക്ഷണം
കായും തണ്ടും തുരക്കുന്ന പുഴുക്കളാണ് വഴുതനയുടെ പ്രധാന ശത്രുക്കള്‍. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴു അഗ്രഭാഗത്തുള്ള ഇളംതണ്ടിലൂടെ കയറി നാമ്പിന്‍റെ ഉള്‍ഭാഗം തിന്നുകയും നാമ്പ് വാടിപ്പോകുകയും ചെയ്യുന്നു. കായില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കി അതിനുള്ളില്‍ കടന്ന് കായ്കള്‍ നശിപ്പിച്ചുകളയുന്നു. തുടക്കത്തില്‍ പുഴു ബാധിച്ചതായി കാണുന്ന നാമ്പുകളും കായ്കളും പുഴുവടക്കം ശേഖരിച്ച് നശിപ്പിച്ചുകളയണം. മീനെണ്ണ എമല്‍ഷനോ മീനെണ്ണ കലര്‍ന്ന ബാര്‍സോപ്പോ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഒരു പരിധിവരെ ഈ കീടത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.
അര്‍ധഗോളാകൃതിയും തവിട്ടുനിറവും കറുത്ത പുള്ളിക്കുത്തുകളുമുള്ള എപ്പിലാക്ന വണ്ട്, ഇലചുരുട്ടിപ്പുഴു എന്നിവയും വഴുതനയെ ആക്രമിക്കാറുണ്ട്. സെവിന്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം), മാലത്തിയോണ്‍(ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മി.ലി) എന്നീ മരുന്നുകള്‍ ഇവയ്ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.
വഴുതനയില്‍ കണ്ടുവരുന്ന പ്രധാന രോഗങ്ങള്‍ ബാക്ടീരിയാവാട്ടം, ചെടി മുരടിക്കല്‍ തുടങ്ങിയവയാണ്. ചെടിയുടെ വളര്‍ച്ച മുരടിച്ച് അടുത്തടുത്ത് ഇടതൂര്‍ന്ന് നന്നേ ചെറിയ ഇലകളുണ്ടായി കായ്ഫലം തരാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന രോഗമാണ് ചെടിമുരടിക്കല്‍. ഇതിനു കാരണം മൈക്കോപ്ലാസ്മ എന്ന രോഗാണുവാണ്. ഫലപ്രദമായ നിയന്ത്രണമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍, മറ്റു ചെടികളിലേക്ക് രോഗം പകരുന്നതിനു മുമ്പ് രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം.
വിളവെടുപ്പ്
ചെടികള്‍ നട്ട് 55-60 ദിവസമാകുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. ഏതാണ്ട് 5 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്തുന്നതാണ് നല്ലത്. ഇനത്തിന്‍റെയും കാലാവസ്ഥയുടെയും മണ്ണിന്‍റെയും പ്രത്യേകതകള്‍ അനുസരിച്ച് 20-35 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. കുറ്റിവിള രീതി വഴുതനയില്‍ പരീക്ഷിക്കാവുന്നതാണ്. പ്രധാന വിളവെടുപ്പ് കഴിഞ്ഞാല്‍, ചെടി ചുവട്ടില്‍നിന്നു മുറിച്ച് കുറ്റിയായി നിര്‍ത്തുന്നു. വീണ്ടും നന്നായി വെള്ളവും വളവും നല്‍കിയാല്‍ ഇവ വളര്‍ന്ന് നല്ല വിളവ് നല്‍കുന്നതാണ്.
വിത്തുശേഖരണം
രോഗ-കീടമുക്തമായതും നല്ല ആരോഗ്യത്തോടെ വളരുന്നതും നല്ല വിളവുതരുന്നതുമായ ചെടികളില്‍നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. കായ്കള്‍ നന്നായി മൂത്തുപഴുത്ത്, മഞ്ഞനിറത്തിലാകുമ്പോള്‍ വിത്തിനായി പറിച്ചെടുക്കാം. പഴുത്ത കായ്കള്‍ മുറിച്ച് അല്ലെങ്കില്‍ ചതച്ചശേഷം വെള്ളത്തില്‍ മുക്കിവയ്ക്കുക. അടിയില്‍ അടിഞ്ഞുകൂടുന്ന വിത്തെടുത്ത് ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കിയെടുത്ത് സൂക്ഷിക്കാവുന്നതാണ്.
www.karshikarangam.com