വാണിജ്യ വിളകൾ : കവുങ്ങ്


 

അടയ്ക്കാമരം അഥവാ കവുങ്ങ്  (Areca catechu എന്നു ശാസ്ത്രനാമം) സുപാരിപോലുള്ള ചര്‍വ്വണ സാമഗ്രികളുടെ ഒരു പ്രധാന ഉറവിടമാണ്. ഭാരതത്തിലെ ഒട്ടെല്ലാ സമൂഹങ്ങളും മതപരവും സാമൂഹ്യവുമായ പല ചടങ്ങുകളിലും വിപുലമായി ഉപയോഗിച്ചുവരുന്ന ഒരു പ്രധാന വസ്തുവാണ് അടയ്ക്ക.

 

ജന്മദേശവും വ്യാപനവും

അടയ്ക്കയുടെ ശരിയായ ജന്മദേശം ഏതെന്നു വിശ്വസനീയമാംവിധം തിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേക്കുറിച്ച് ഇപ്പോഴും പല വിധത്തിലുള്ള ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. പണ്ടത്തെ കൊച്ചിന്‍-ചീന പ്രദേശങ്ങളും മലയ ഉപഭൂഖണ്ഡവും അനുബന്ധപ്രദേശങ്ങളും, ഈസ്റ്റ് ഇന്‍ഡീസുമൊക്കെ അടയ്ക്കയുടെ ജന്മദേശമായി പലപ്പോഴും ചൂണ്ടിക്കാണിച്ചുവരുന്നു. മലയ-ബോണ്‍ണിയോ, സെലിബസ് ഇവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 'അരെക്ക' ജനുസ്സില്‍ 24ഓളം സ്പീഷീസുകള്‍ കണ്ടുവരുന്നു. ഈസ്റ്റ് ഇന്‍ഡീസ് ദ്വീപുസമൂഹങ്ങളാണ് അടയ്ക്കയുടെ ഏറ്റവും കൂടുതല്‍ ജതിനകശേഖരമുള്ള കേന്ദ്രമെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.  ഏഷ്യന്‍ രാജ്യങ്ങളില്‍ പരക്കെ അടയ്ക്ക ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഭാരതത്തില്‍ മാത്രമാണ് കവുങ്ങിന്‍റെ കൃഷിയും ഗവേഷണവും നടക്കുന്നത്. കിഴക്കന്‍ ആഫ്രിക്ക, മഡഗാസ്കര്‍, സാന്‍സിബാര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, ഇന്‍ഡോനേഷ്യ, ചൈന, ഫിലിപ്പൈന്‍സ്, ഫിജി ദ്വീപുകള്‍ എന്നീ രാജ്യങ്ങളിലും കവുങ്ങ് കൃഷിചെയ്തു വരുന്നു.

 

വിസ്തീര്‍ണ്ണവും ഉല്‍പ്പാദനവും

ആഗോളതലത്തില്‍ അടയ്ക്കയുടെ ഏറ്റവും വലിയ ഉല്‍പ്പാദനകനും ഉപഭോക്താവും മാത്രമല്ല കവുങ്ങ് കൃഷിയുടെ വിസ്തൃതി ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നീ കാര്യങ്ങളിലും ഭാരതമാണ് മുന്നിട്ടുനില്‍ക്കുന്നത്. 1955-'56ല്‍ 1.06 ലക്ഷം ഹെക്ടര്‍ സ്ഥലത്തു കവുങ്ങുകൃഷി ഉണ്ടായിരുന്നത് നാലു ദശകങ്ങള്‍കൊണ്ട് 1997-'98ല്‍ 2.69 ലക്ഷം ഹെക്ടര്‍ സ്ഥലമായി (254 ശതമാനം കൂടുതല്‍) വര്‍ധിക്കുകയുണ്ടായി. ഈ കാലഘട്ടത്തിലെ അടയ്ക്കയുല്‍പ്പാദനമാകട്ടെ 0.81 ഹെക്ടറിന് ലക്ഷം ടണ്ണില്‍നിന്ന് 3.34 ലക്ഷം ടണ്‍ ആയും ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 850 കി.ഗ്രാമില്‍നിന്ന് 1243 കി.ഗ്രാം ആയും വര്‍ധിക്കുകയുണ്ടായി. സ്ഥിതിവിവരക്കണക്കുകള്‍ നോക്കിയാല്‍ 1988-'89 മുതലുള്ള 10 വര്‍ഷത്തില്‍ കവുങ്ങ് കൃഷിയുടെ വിസ്തൃതിയില്‍ 16.5 ശതമാനവും ഉല്‍പ്പാദനത്തില്‍ 22%വും വളര്‍ച്ചയുണ്ടായി എന്നു കാണാം. നമ്മുടെ രാജ്യത്ത് ക്രമമായി അടയ്ക്കയുടെ വിസ്തൃതി, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത ഇവയില്‍ കൈവരിച്ച ഉയര്‍ച്ച, ശ്രീലങ്കയില്‍നിന്നും പാക്കിസ്ഥാനിലേക്കുള്ള അടയ്ക്കയുടെ ഇറക്കുമതി എഴുപതുകളുടെ മധ്യത്തോടെ അവസാനിപ്പിക്കാന്‍ സഹായിച്ചു. ഭാരതത്തിലെ കവുങ്ങ് കൃഷിയുടെ ഉല്‍പ്പാദനത്തിന്‍റെയും 90% കര്‍ണ്ണാടകം, കേരളം, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നുമാണ്. കവുങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ 38% ഉല്‍പ്പാദനം തരുന്ന കര്‍ണ്ണാടകയാണ് പ്രഥമസ്ഥാനത്തുള്ളത്. തമിഴ്നാട്, മേഘാലയ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഒറീസ്സ എന്നിവിടങ്ങളിലും ചെറിയ തോതില്‍ കവുങ്ങ് കൃഷിയുണ്ട്.


അടയ്ക്കയുടെ സംസ്ഥാനതലത്തിലുള്ള വിസ്തൃതി, ഉല്‍പ്പാദനം എന്നിവ നോക്കിയാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനക്ഷമത (ഹെക്ടറിന് 3947 കി.ഗ്രാം) രേഖപ്പെടുത്തിയിരിക്കുന്നത്.


ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അടയ്ക്കയുടെ മുഖ്യപങ്കും ഇവിടെത്തന്നെയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും വിദേശങ്ങളില്‍ താമസിക്കുന്ന ഭാരതീയരുടെ ഉപയോഗത്തിനായി ഒരു ചെറിയ ഭാഗം കയറ്റി അയയ്ക്കുന്നുമുണ്ട്. നേപ്പാള്‍, ഇംഗ്ലണ്ട്, സിങ്കപ്പൂര്‍, മാലദ്വീപ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് അടയ്ക്ക കയറ്റുമതി ചെയ്യുന്നത്.

 

  • ഇലകള്‍ :  മരത്തിന്‍റെ അഗ്രഭാഗത്ത് ഏതാണ്ട് 2.5 മീ. വ്യാസമുള്ള മരത്തിന്‍റെ അഗ്ര/മകുടത്തില്‍ ആണ് ഇലകള്‍ കാണുന്നത്. (Phyllotaxy 2/5) തൂവല്‍പോലെ രണ്ടുവശത്തേക്കും ചെറിയ ഓലകള്‍ ഉള്ള മൂപ്പെത്തിയ ഇലയുടെ അടിഭാഗം മരത്തെ ചുറ്റി പൊതിയുന്ന പാളയായി രൂപപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷം പ്രായമുള്ള തൈയിന് 4-5 ഇലകള്‍ ഉണ്ടാകും; ക്രമേണ വര്‍ധിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍ മരത്തില്‍ 8-12 ഇലകള്‍ വരെ ഉണ്ടാകും. വിരിഞ്ഞ ഇലകള്‍ രണ്ടു വര്‍ഷത്തോളം മരത്തിലുണ്ടാകും. ഒരു വര്‍ഷത്തില്‍ ആറ് പുതിയ ഇലകള്‍ ഉണ്ടാകും.

 

  •  പൂങ്കുല :  തൈകള്‍ക്ക് 4-6 വര്‍ഷം പ്രായമെത്തുമ്പോള്‍ പുഷ്പിക്കും (ചൊട്ട വിരിയും). അനുകൂലമായ പരിതസ്ഥിതിയില്‍, തറനിരപ്പില്‍നിന്നും 1.5-2 മീറ്റര്‍ ഉയരത്തില്‍, 10-ാ ഞെട്ടില്‍ (ഇലപൊഴിഞ്ഞ അരഞ്ഞാണം) ആദ്യത്തെ ചൊട്ട ഉണ്ടാകും. ഓരോ ഇലയുടെ കക്ഷത്തിലും ചൊട്ട ഉണ്ടാകുന്നു. ഇലയുടെ അടിഭാഗത്തെ പാള ചൊട്ട വിരിയുന്ന നാള്‍വരെ അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്നു. ചില ചൊട്ടയുടെ കൂമ്പുകള്‍ ശരിയായി വളരാതെ നശിച്ചുപോകും. ഒരു കൊല്ലം ശരാശരി മൂന്നു നാലു പൂങ്കുലകള്‍ ഉണ്ടാകും. കവുങ്ങിന്‍റെ പൂങ്കുല ചൊട്ട എന്ന വിഭാഗത്തില്‍പെടുന്നു. ഓരോ ചൊട്ട (പൂങ്കുല)യില്‍ തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കാണുന്നു. വള്ളത്തിന്‍റെ ആകൃതിയിലുള്ള പൊതുമ്പുകൊണ്ട് പൂങ്കുല പൊതിഞ്ഞിരിക്കുന്നു. ഇതു മുകള്‍ഭാഗത്ത് നീളത്തില്‍ കീറി പൊട്ടുകവഴി പൂങ്കുല വിരിയുകയും കാലക്രമേണ പൊതുമ്പ് പൊഴിഞ്ഞു പോവുകയും ചെയ്യുന്നു. പൂങ്കുലയുടെ പ്രധാന തണ്ട് തടിച്ചു കുറുകിയതാണ്. പ്രധാന തണ്ട് വഴിപിരിഞ്ഞ് ഉണ്ടാകുന്ന 12-16 ഓളം വരുന്ന രണ്ടാം നിര പൂത്തണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന പൂങ്കുലയ്ക്ക് ഏതാണ്ട് 70 സെ.മീ. നീളമുണ്ടാകും. ഒരു പൂങ്കുലയിലെ പൂന്തണ്ടുകളുടെ കട്ടിയുള്ള അടിഭാഗങ്ങളിലായി 600 വരെ പെണ്‍പൂക്കള്‍ ഉണ്ടാകും. പൂന്തണ്ടുകളുടെ മേല്‍ഭാഗങ്ങളില്‍ രണ്ടുവരികളായിട്ടാണ് ആണ്‍പൂക്കള്‍ കാണുന്നത്. ഒരു പൂങ്കുലയില്‍ 15,000 മുതല്‍ 50,000 വരെ ആണ്‍പൂക്കള്‍ ഉണ്ടാകും.


മൂന്ന് ചെറുതും, മൂന്നും വലുതുമായ, രണ്ടു ചുറ്റുകളായി കാണപ്പെടുന്ന വെള്ളകലര്‍ന്ന ക്രീം നിറമുള്ള ത്രികോണാകൃതിയിലുള്ള ആണ്‍പൂക്കള്‍ക്കു പൂഞെട്ട് ഉണ്ടാകാറില്ല. ഇതളുകള്‍ക്കുള്ളിലായി വൃത്തത്തില്‍ ആറു കേസരങ്ങള്‍ ഉണ്ടാകും. ഏറ്റവും ഉള്ളില്‍ മധ്യഭാഗത്തായി ശരിയായി വികസനം പ്രാപിക്കാത്ത, മൂന്നായി പിരിഞ്ഞ ഒരു അണ്ഡാശയവും കാണാം. കൊതുമ്പു പൊട്ടി പൂങ്കുല വിരിയുന്ന അതേ ദിവസമോ അതിന് അടുത്ത ദിവസങ്ങളിലോ ആണ്‍പൂക്കള്‍ വിരിയാന്‍ തുടങ്ങും. പൂന്തണ്ടുകളുടെ അഗ്രഭാഗത്തുനിന്നും താഴേക്കാണ് പൂക്കള്‍ ഓരോന്നായി വിരിയുന്നത്. പൂക്കള്‍ വിരിയുന്നതോടൊപ്പം തന്നെ കേസരവും വിരിയും. ആണ്‍പൂക്കള്‍ വിരിയുന്ന അന്നോ പിറ്റേദിവസമോ അവ കൊഴിഞ്ഞുപോകുന്നു. ആണ്‍പൂക്കള്‍ പൊഴിഞ്ഞുപോകുമ്പോള്‍ ആ മുറിഭാഗത്തുനിന്നും തേന്‍പോലുള്ള ഒരു സ്രാവം ബഹിര്‍ഗമിക്കുന്നു. ഒരു പൂങ്കുലയിലെ ആണ്‍പൂക്കള്‍ വിരിഞ്ഞുതീരുവാന്‍ 25-46 ദിവസം എടുക്കും.


പെണ്‍പൂക്കളും ഞെട്ടില്ലാത്തവയാണ്. ഇവയ്ക്കും രണ്ടുവരി ഇതളുകള്‍ ഉണ്ടാകും. പുറമേയുള്ളവയ്ക്ക് വള്ളത്തിന്‍റെ ആകൃതിയും പച്ചനിറവും ആയിരിക്കും. ഇതിനുള്ളില്‍ വളര്‍ച്ചയെത്താതെ ശോഷിച്ച്, ആറു കേസരങ്ങള്‍ യോജിച്ച് അണ്ഡാശയത്തിന്‍റെ ഒരു ഭാഗം വലംവച്ചുകൊണ്ടുള്ള ഒരു ഭാഗവും കാണാം.


നീണ്ടുരണ്ട അണ്ഡാശയത്തിന്‍റെ അഗ്രഭാഗം മൂന്നായി പിരിഞ്ഞ് ജനിപുടം ഉണ്ടാകും. (അണ്ഡാശയം വളര്‍ന്നാണ് അടയ്ക്ക ആകുന്നത്). ചൊട്ടവിരിയുമ്പോള്‍ പെണ്‍പൂക്കള്‍ക്ക് ക്രീം നിറമായിരിക്കുമെങ്കിലും ക്രമേണ അവയ്ക്ക് പച്ചനിറം കൈവരുന്നു. ആണ്‍പൂക്കളെല്ലാം കൊഴിഞ്ഞു പോയശേഷമാണ് പെണ്‍പൂക്കള്‍ വിരിയുന്നത്. വെളുപ്പിന് രണ്ടുമണി മുതല്‍ രാവിലെ 10 വരെയുള്ള സമയത്താണ് പെണ്‍പൂക്കള്‍ വിരിയുന്നത്. ഒരു പൂങ്കുലയിലെ പെണ്‍പൂക്കള്‍ മുഴുവനും വിരിഞ്ഞു തീരുവാന്‍ 3-10 ദിവസം വേണ്ടിവരും. രണ്ടാമത്തെയും നാലാമത്തെയും ദിവസങ്ങള്‍ക്കുള്ളില്‍ വിരിയുന്നവയിലാണ് നല്ല പരാഗണ സാധ്യതയുള്ളത്. ഇടത്തരം മൂപ്പുള്ള മരങ്ങളിലാണ്, ഇളം മൂപ്പുള്ളതോ പ്രായംകൂടിയതോ ആയ മരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരാഗണ സാധ്യതയുള്ളത്.

 

  •  പരാഗണം :  കവുങ്ങില്‍ സാധാരണയായി പരപരാഗണമാണു നടക്കുന്നത്. ആണ്‍പൂക്കള്‍ വിരിഞ്ഞു തീരുന്നതിനു മുമ്പുതന്നെ പെണ്‍പൂക്കള്‍ വിരിയാന്‍ തുടങ്ങിയാല്‍ സ്വയം പരാഗണവും നടക്കാന്‍ സാധ്യതയുണ്ട്. കാറ്റിലൂടെയാണ് പൂമ്പൊടി പറന്നു പരാഗണം സാധ്യമാകുന്നത്. ഒന്നു രണ്ട് കി.മീറ്റര്‍ ദൂരംവരെ കാറ്റില്‍ പൂമ്പൊടിക്ക് പറക്കാന്‍ കഴിയും. കാറ്റുവഴി പരാഗണം നടക്കുമ്പോള്‍ ശരാശരി 12% കായപിടുത്തം കിട്ടുന്നു. എന്നാല്‍ പൂമ്പൊടി പഞ്ചസാരലായനിയില്‍ കലര്‍ത്തി പൂങ്കുലയില്‍ തളിക്കുക വഴി 26% വരെ കായ്പിടുത്തം വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു കുലയിലെ പെണ്‍പൂക്കളില്‍ 30% വരെ കായ് പിടിക്കുന്നു. എട്ടൊമ്പതുമാസം കൊണ്ട് അടയ്ക്ക പഴുക്കുന്നു.

അണ്ഡാകൃതിയില്‍ ഒരു വിത്തും അതിനു ചുറ്റും നാരുള്ള തൊണ്ടും ചേര്‍ന്ന ഒരു ഫലമാണ് അടയ്ക്ക. പഴുത്ത അടയ്ക്കയുടെ നിറം ഓറഞ്ചും കലര്‍ന്ന ചുവപ്പായിരിക്കും. വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകും. ചുവപ്പുകലര്‍ന്ന തവിട്ടുനിറവും കറുത്തവളഞ്ഞ വരകളും ചവര്‍പ്പു രസവും ഉള്ളതാണ് അടയ്ക്കയുടെ കാമ്പ്. ഒരു കുലയില്‍ ശരാശരി 100-125 അടയ്ക്ക ഉണ്ടാകും.

 

 കാലാവസ്ഥയും മണ്ണും  

ഉഷ്ണമേഖല പ്രദേശത്താണ് വിപുലമായി കവുങ്ങ് കൃഷി ചെയ്യുന്നത്. പ്രധാനമായും ഭൂമധ്യരേഖയ്ക്ക് 280 ച വടക്കും 280 ട തെക്കിനുമിടയില്‍ 140ഇ  നും 360ഇനും ഇടയില്‍ താപനിലയുള്ള സ്ഥലത്ത് ഇതു കൃഷിചെയ്യാം. 100ഇ യില്‍ താഴെയോ 400ഇ ല്‍ കൂടുതലോ താപനില വന്നാല്‍ അതു കവുങ്ങിനെ പ്രതികൂലമായി ബാധിക്കും. തണുത്ത അന്തരീക്ഷം യോജിക്കാത്തതിനാല്‍ സമുദ്രനിരപ്പിന് 1000 മീ. മേല്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കവുങ്ങുകൃഷി വിജയിക്കില്ല. വര്‍ഷം മുഴുവനും നല്ല ജലാംശമുള്ള മണ്ണും മഴയും (1500-5000 മി.മീറ്റര്‍) ആവശ്യമാണ്. വരള്‍ച്ച വളരെ പെട്ടെന്നു ബാധിക്കുന്നതിനാല്‍ മഴ കുറവുള്ള (വര്‍ഷാനുപാതം 750 മി.മീ. താഴെ) സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തു നനയ്ക്കേണ്ടിവരും.


വെട്ടുകല്‍, ചെമ്മണ്ണ്, എക്കല്‍മണ്ണ് എന്നിങ്ങനെ പലതരം മണ്ണിലും കവുങ്ങ് കൃഷി ചെയ്യാം. ഒരു മീറ്റര്‍ താഴ്ചവരെയെങ്കിലും നല്ല മണ്ണുണ്ടായിരിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള സ്ഥലമായിരിക്കണം. അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. ക്ഷാരസ്വഭാവമുള്ള മണ്ണ് പറ്റിയതല്ല.

 

ജനിതക വൈവിധ്യവും ഇനങ്ങളും

പുതിയ വിത്തിനങ്ങളും കാര്‍ഷിക സാങ്കേതികവിദ്യകളും ഒത്തൊരുമിച്ചു പ്രാവര്‍ത്തികമാക്കിക്കൊണ്ട് വിപ്ലവാത്മകമായ നിരക്കില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിച്ച ചുരുക്കം ചില വിളകളില്‍ ഒന്നാണ് കവുങ്ങ്. തദ്ദേശീയവും വിദേശീയവുമായ ഇനങ്ങള്‍ കൊണ്ടുവന്ന് അതില്‍നിന്നു ശാസ്ത്രീയമായി തായ്മരം, വിത്തടയ്ക്ക, കവുങ്ങിന്‍തൈ എന്നിവയെല്ലാം തെരഞ്ഞെടുക്കുകയും ചെയ്യുക മൂലമാണ് കവുങ്ങില്‍ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നതില്‍ വിജയിച്ചത്. സങ്കരയിനങ്ങളുടെ പഠനവും പൊക്കം കുറഞ്ഞയിനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ട്.


കര്‍ണ്ണാടകയിലെ വിറ്റല്‍ എന്ന സ്ഥലത്തു പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ കവുങ്ങിന്‍റെ 113 ജനിതകശേഖരങ്ങളുണ്ട്. ആറു വ്യത്യസ്ത സ്പീഷീസുകളിലായി ഫിജി. മൗറീഷ്യസ്, ചൈന, ശ്രീലങ്ക, ഇന്തോനീഷ്യ, വിയറ്റ്നാം, സിങ്കപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും കൊണ്ടുവന്ന 23 ഇനങ്ങളും 90 തദ്ദേശീയ ഇനങ്ങളും ഉള്‍പ്പെട്ടതാണ് ഈ ശേഖരം. വര്‍ഷങ്ങളായി ഈ ഇനങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ ഫലമായി താഴെപ്പറയുന്ന അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
 

  • മംഗള: ചൈനയില്‍നിന്നും കൊണ്ടുവന്ന ഇനമാണിത്. ഇടത്തരം പൊക്കമുള്ള ഇതിനു ചെറുതായി തൂങ്ങിക്കിടക്കുന്ന മകുടവും നല്ലപോലെ വിരിഞ്ഞ ഇലകളും ഇലയില്‍ കൂടുതല്‍ ഓലകളുമുണ്ട്. കടും പച്ചനിറമുള്ള ഓലകളുടെ അഗ്രഭാഗം പ്രത്യേക രീതിയില്‍ ചുരുണ്ടിരിക്കും എന്നത് മംഗള ഇനത്തിന്‍റെ ഒരു സവിശേഷതയാണ്. പെട്ടെന്നുതന്നെ സ്ഥിരമായ വിളവിലേക്ക് എത്തിച്ചേരുന്ന സ്വഭാവവും ചവര്‍ണത്തിനും വില്‍പനയ്ക്കും യോജിച്ച അടയ്ക്കയുമെല്ലാം ഈ ഇനത്തിന്‍റെ പ്രത്യേകതയാണ്. ഒരു മരത്തില്‍നിന്നും വര്‍ഷത്തില്‍ ശരാശരി രണ്ടുകിലോ ചാളി തരാന്‍ കഴിയുന്ന 10 കി.ഗ്രാം പഴുക്ക അടയ്ക്ക ഉല്‍പ്പാദിപ്പിക്കുന്നു.

 

  • സുമംഗള: ഇന്തോനേഷ്യയില്‍നിന്നും വരുത്തിയ ഇനമാണിത്. ഉയരമുള്ള മരം, ഭാഗീയമായി തൂങ്ങിനില്‍ക്കുന്ന മകുടം ഈ മരത്തിന്‍റെ പ്രത്യേകതയാണ്. അനുകൂല സാഹചര്യങ്ങളില്‍ 4-5 കൊല്ലം കൊണ്ട് കായ്ഫലം തരുന്നു. അണ്ഡാകൃതിയില്‍ ഉരുണ്ട അടയ്ക്ക പഴുക്കുമ്പോള്‍ കടുംമഞ്ഞ/ഓറഞ്ചു നിറമായിരിക്കും. പത്താംവര്‍ഷം മുതല്‍ മരമൊന്നിനു വര്‍ഷത്തില്‍ ശരാശരി 17.25 കി.ഗ്രാം പഴുക്ക അടയ്ക്ക തരുന്നു.

 

  • ശ്രീമംഗള: വളര്‍ച്ച, ചൊട്ടയിടല്‍, അടയ്ക്കയുടെ സ്വഭാവം ഇതിലെല്ലാം സുമംഗളയോടു സാദൃശ്യമുള്ള ഈ ഇനം സിങ്കപ്പൂരില്‍നിന്നും കൊണ്ടുവന്നതാണ്. മരത്തിന്‍റെ വാര്‍ഷിക ശരാശരി വിളവ്, 15.63 കി.ഗ്രാം.  

 

  • മോഹിത് നഗര്‍: പശ്ചിമബംഗാളില്‍ നിന്നുള്ള ഒരിനമാണിത്. ഒരേ വലിപ്പമുള്ള അടയ്ക്കയാണിതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കുലയില്‍ ഏതാണ്ട് ഒരേ അകലത്തില്‍ ഇടവിട്ടു കായ് ഉണ്ടാകുന്നതിനാല്‍ അവയെല്ലാം ഒരേപോലെ വളരുന്നു. ഇതു ഫലപ്രദമായ സസ്യസംരക്ഷണത്തിനും സൗകര്യമൊരുക്കുന്നു. സ്ഥിരമായ വിളവിലേക്കു നേരത്തെ എത്തുകയും ഉയര്‍ന്ന വാര്‍ഷിക വിളവ് (മരമൊന്നിന് ശരാശരി 3.7 കി.ഗ്രാം ചാളി ലഭിക്കുന്ന നല്ല വലിപ്പമുള്ള ഉരുണ്ട കായ്കള്‍) തരുന്നതുമാണ് പ്രത്യേകത.

 

  • കോഴിക്കോട് 17: പട്ടകള്‍ തമ്മില്‍ കൂടുതല്‍ ഇടയകലവും നീണ്ട മകുടവും നല്ല ഉയരത്തില്‍ വളരുന്ന സ്വഭാവവുമുള്ള ഈ ഇനം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കു ശുപാര്‍ശ ചെയ്തിരിക്കുന്നു. എല്ലാ കൊല്ലവും സ്ഥിരമായി ഉയര്‍ന്ന വിളവു തരാനുള്ള കഴിവാണ് ഈ ഇനത്തിന്‍റെ പ്രത്യേകത. ഒരു കൊല്ലത്തില്‍ മരമൊന്നിനു ശരാശരി 4.34 കി.ഗ്രാം ചാളി തരുന്ന 18.89 കി.ഗ്രാം പഴുക്കടയ്ക്ക ലഭിക്കുന്നു.

 

  • സാസ്-1 (സിര്‍സി അരക്കനട്ട് സെലക്ഷന്‍-1): നല്ല ഉയരത്തില്‍ വളരുന്ന ഒതുങ്ങിയ മകുടമുള്ള ഈ ഇനം കര്‍ണ്ണാടകത്തിലെ മലമ്പ്രദേശങ്ങളിലേക്കു യോജിച്ചതാണ്. സ്ഥിരമായി നല്ല വിളവുതരുന്നു. ഒരേ വലിപ്പത്തില്‍ ഉരുണ്ട ആകൃതിയിലുള്ള ഇതിന്‍റെ അടയ്ക്കകള്‍ കുലയില്‍ തിങ്ങി (ഒതുങ്ങി) യാണുണ്ടായകുന്നത്. ഇളം പരുവത്തിലും (പൈങ്ങ അടയ്ക്ക) പഴുത്ത അടയ്ക്ക എന്ന നിലയിലും സംസ്കരിക്കാന്‍ യോജിച്ചതാണ്. വര്‍ഷത്തില്‍ മരം ഒന്നിന് 4.60 കി.ഗ്രാം ചാളിതരുന്ന ഇനമാണിത്.

 

ഈ പറഞ്ഞ ഇനങ്ങള്‍ കൂടാതെ ചില പ്രത്യേക സ്ഥലങ്ങളില്‍ കാലങ്ങളായി കൃഷിചെയ്തു വരുന്ന ആ സ്ഥലങ്ങളുടെ നാമധേയത്തില്‍ തന്നെ അറിയപ്പെടുന്ന ഇനങ്ങളും നിലവിലുണ്ട്. ഇതില്‍ ചിലതു താഴെ വിവരിക്കുന്നു.

 

  • തിര്‍ത്തഹള്ളി: പൈങ്ങ അടയ്ക്ക-സംസ്കരണത്തിനു യോജിച്ചത്. കര്‍ണ്ണാടകത്തിലെ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന ഇനം.

 

  • ഹിരേള്ളി ഡ്വാര്‍ഫ്: കര്‍ണ്ണാടകത്തിലെ ഇലയടുപ്പമുള്ള ഒരു കുറ്റിച്ച ഇനം.

 

  • സൗത്ത് കാനറ: ദക്ഷിണ കര്‍ണ്ണാടകം, കാസര്‍ഗോഡ് (കേരളം) ജില്ലകളില്‍ പ്രധാനമായും കൃഷി ചെയ്യുന്നു. വലിപ്പമുള്ള അടയ്ക്ക തരുന്ന ഈ ഇനം സ്ഥിരമായി നല്ല വിളവു തരുന്നതാണ്. മരമൊന്നിനു വര്‍ഷത്തില്‍ 1.5 കി.ഗ്രാം ചാളി തരുന്ന 7 കി.ഗ്രാം പഴുക്ക അടയ്ക്ക പ്രതീക്ഷിക്കാം.

 

  • ശ്രീവര്‍ദ്ധന്‍: മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന ഇനമാണിത്. മാര്‍ബിള്‍ വെള്ളനിറമുള്ള അണ്ഡാകൃതിയുള്ള നല്ല സ്വാദുള്ള ഇതിന്‍റെ അടയ്ക്ക ചവര്‍ണത്തിന് ഏറ്റവും പറ്റിയതാണ്. സൗത്ത് കാനറ ഇനത്തെ പോലെ വിളവുതരുന്നു.

 

മറ്റു സ്ഥലങ്ങളില്‍ കൃഷിചെയ്യുന്ന പ്രധാന ഇനങ്ങള്‍ ഹിരോഹള്ളി നാടന്‍ (കര്‍ണ്ണാടകം), മേട്ടുപ്പാളയം (തമിഴ്നാട്), കാച്ചികുച്ചി (ആസ്സാം) ഇവയാണ്.

 

  •  സങ്കരണം : എല്ലാ കൊല്ലവും സ്ഥിരമായി ഉയര്‍ന്ന വിളവുതരുവാനുള്ള കഴിവും ഒരു കുലയില്‍ ഏറ്റവും കൂടുതല്‍ വലിപ്പമുള്ള അടയ്ക്ക തരാനുള്ള കഴിവും ഇടത്തരം പൊക്കവും നേരത്തെ വിളവു തരാനുള്ള മരത്തിന്‍റെ കഴിവും സംയോജിപ്പിക്കുക; മംഗളയുടെ നേരത്തേ വിളവു തരാനുള്ള കഴിവും അധിക വിളവും ശ്രീവര്‍ദ്ധന്‍റെ അടയ്ക്കയുടെ ഗുണമേന്മയും ഒരുമിച്ചു ചേര്‍ക്കുക; ട്രയാന്‍ഡ്രയില്‍ അധികമായി കാണുന്ന പെണ്‍പൂക്കളുടെ എണ്ണവും കായപിടിത്തവും നാടന്‍ ഇനങ്ങളിലേക്കു മാറ്റിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് കവുങ്ങില്‍ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ വിറ്റലിലെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ നടത്തുകയുണ്ടായി. മംഗള, സുമംഗള, ശ്രീമംഗള, മോഹിത് നഗര്‍, തിര്‍ത്തഹള്ളി, ഹിരോഹള്ളി ഡ്വാര്‍ഫ് എന്നീ ഇനങ്ങള്‍ തമ്മില്‍ സംയോജിപ്പിച്ചു വികസിപ്പിച്ച സങ്കരയിനങ്ങളുടെ പഠനങ്ങള്‍ ഒന്നും ഉദ്ദേശിച്ച രീതിയിലുള്ള ഫലപ്രാപ്തി കൈവരിച്ചില്ല. പ്രകൃത്യാ നിലവിലുള്ള കുറ്റിച്ചയിനങ്ങള്‍ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയിക്കുക എന്നു തോന്നുന്നു. കുറ്റിച്ച മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവുങ്ങിന്‍തോട്ടം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. മരത്തിന്‍റെ കുറ്റിച്ച സ്വഭാവവും അധികവിളവും സംയോജിപ്പിച്ചുകൊണ്ടുള്ള ഹിരേഹള്ളി ഡ്വാര്‍ഫ് സുമംഗള സങ്കരയിനത്തിന്‍റെ നിലവാരം ആശാവഹമാണ്.

 

 പ്രവര്‍ദ്ധനം

വിത്തിലൂടെ കൃഷി ചെയ്യുന്ന ഒരു വൃക്ഷ വിളയാകയാല്‍ കവുങ്ങിന്‍റെ തൈകള്‍ ഉണ്ടാക്കുമ്പോഴും തെരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. തള്ളമരം തെരഞ്ഞെടുക്കല്‍, വിത്തും തൈകളും തെരഞ്ഞെടുക്കല്‍, തവാരണയില്‍ ശരിയായ കൃഷിമുറകള്‍ അനുവര്‍ത്തിക്കല്‍ ഇവയാണ് ഗുണമേന്മയുള്ള കവുങ്ങിന്‍തൈകള്‍ ഉണ്ടാക്കുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍.

 

തായ്മരം തെരഞ്ഞെടുക്കല്‍

നേരത്തേ വിളവു തരുന്നതും കൂടുതല്‍ കായ്പിടിത്തമുള്ളതുമായ മരങ്ങളില്‍ നിന്നുവേണം വിത്തെടുക്കുവാന്‍. മരത്തിന്മേല്‍ അടുത്തടുത്ത് അരഞ്ഞാണ പാടുകളുള്ളതും തലപ്പില്‍ കൂടുതല്‍ ഇലകളുള്ളതും ചുരുങ്ങിയതു വര്‍ഷത്തില്‍ നാലു കുലകളെങ്കിലും തരുന്നതുമായ തായ്മരങ്ങളാണ് അഭികാമ്യം.

 

 വിത്തകടയ്ക്ക തെരഞ്ഞെടുക്കല്‍

കവുങ്ങുമരത്തില്‍ തന്നെ നിന്നു നല്ലപോലെ മൂത്തു പഴുത്ത, നടുഭാഗത്തുള്ള കുലയിലെ, നടുഭാഗത്തുള്ള അടയ്ക്കയാണ് വിത്തിനായി എടുക്കേണ്ടത്. കൂടുതല്‍ തൂക്കമുള്ള വിത്ത് കൂടുതല്‍ അങ്കുരണശേഷിയും നല്ല കരുത്തുമുള്ള തൈകള്‍ തരുന്നു. വെള്ളത്തിലിടുമ്പോള്‍ തൊപ്പി നേരേ കുത്തനെ മുകളില്‍ വരത്തക്കവിധം പൊങ്ങിക്കിടക്കുന്ന വിത്തടയ്ക്കകള്‍ അഭികാമ്യമാണ്. കുലകള്‍ കണ്ടുവച്ചാല്‍ അവ കയറുകെട്ടി താഴ്ത്തി പറിച്ചെടുക്കുകയും താമസംവിനാ പോകുകയും വേണം.

 

തവാരണയിലെ പരിപാലനം

വിളവെടുത്ത ഉടനെതന്നെ, തണലില്‍ തയാറാക്കിയ വാരങ്ങളില്‍ ഞെട്ട് (തൊപ്പി) മുകളില്‍ വരത്തക്കവിധം കുത്തനെ വിത്തടയ്ക്കകള്‍ 5-8 സെ.മീ. അകലത്തില്‍ പാകണം. ഇങ്ങനെ പാകിയ അടയ്ക്ക മണല്‍കൊണ്ടു മൂടി ദിവസേന നനയ്ക്കണം. വിത്തുപാകി 45 ദിവസത്തോടെ അവ മുളയ്ക്കാന്‍ തുടങ്ങുകയും അതു മൂന്നുമാസം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള വിത്തിന് 90-98% അങ്കുരണശേഷി ഉണ്ടാകും.

 

തൊണ്ണൂറു ദിവസം പ്രായമുള്ള, 2-3 ഇലകളുള്ള തൈകള്‍ പറിച്ചെടുത്ത് രണ്ടാം തവാരണയില്‍ നടുന്നു. സൗകര്യംപോലെ നീളവും 150 സെ.മീ. വീതിയുമുള്ള വാരങ്ങള്‍ ഉണ്ടാക്കിയാണ് രണ്ടാം തവാരണ തയാറാക്കുന്നത്. ഇതില്‍ ഹെക്ടറിന് 5 ടണ്‍ (ച. മീറ്ററിന് 5 കി.ഗ്രാം) എന്ന തോതില്‍ കാലിവളം ചേര്‍ക്കണം. മുളച്ച അടയ്ക്കകള്‍ 30 സെ.മീ x 30 സെ.മീ. എന്ന അകലത്തില്‍ നടണം. വാഴ നട്ടോ, കോവല്‍ പടര്‍ത്തിയോ പന്തല്‍ നിര്‍മിച്ചോ തണല്‍ നല്‍കാവുന്നതാണ്. വാഴയാണു നടുന്നതെങ്കില്‍ നേരത്തെതന്നെ അവ 2.7 മീ. x 3.6 മീ. അകലത്തില്‍ നടേണ്ടതാണ്. ചൂടും ഉണക്കും ഉള്ള കാലങ്ങളില്‍ തവാരണ നനച്ചു കൊടുക്കണം. ഇടയ്ക്കിടെ കളപറിക്കലും പുതയിടലും നടത്തണം.

തൈകള്‍ തെരഞ്ഞെടുക്കുന്ന വിധം

പ്രധാന കൃഷിസ്ഥലത്തു നടാനുള്ള തൈകള്‍ അവയ്ക്ക് 12-18 മാസം പ്രായമെത്തുമ്പോള്‍ തെരഞ്ഞെടുക്കണം. ഏറ്റവും കൂടുതല്‍ ഉയരവും ഇലകളും  ഉള്ള തൈകളാണ് തെരഞ്ഞെടുക്കേണ്ടത്. അതല്ലെങ്കില്‍ നല്ല തൈകള്‍ തെരഞ്ഞെടുക്കാനായി ഒരു സൂത്രവാക്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

ഇലകളുടെ എണ്ണത്തെ 40 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയില്‍നിന്നും ചെടിയുടെ ഉയരം (സെ.മീ.) കുറയ്ക്കുക. ഇങ്ങനെ ഏറ്റവും കൂടിയ സംഖ്യകള്‍ കിട്ടിയ തൈകള്‍ നടാനായി തെരഞ്ഞെടുക്കാവുന്നതാണ്.

 

  • തൈയിന്‍റെ ഇന്‍ഡക്സ്: ഇലകളുടെ എണ്ണം ണ്മ40- ചെടിയുടെ ഉയരം (സെ.മീ.). തൈകള്‍ നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ കടഭാഗത്തെ വണ്ണവും രണ്ടുവര്‍ഷം കഴിഞ്ഞു പട്ടപൊഴിഞ്ഞ അരഞ്ഞാണങ്ങളുടെ (മുട്ടുകള്‍) എണ്ണവും അതിന്‍റെ വിളവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ 20 സെ.മീറ്ററില്‍ കുറഞ്ഞ കടവണ്ണമുള്ള തൈകളും രണ്ടു വര്‍ഷമെത്തുമ്പോള്‍ നാലില്‍ താഴെ മുട്ടുകളുള്ള തൈകളും വര്‍ജിക്കേണ്ടതാണ്.

 

  • നടീല്‍: ചുരുങ്ങിയത് 2 മീറ്ററെങ്കിലും ആഴമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടുണ്ടാകാത്തതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് കവുങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. കവുങ്ങ് വളരെ ലോലമായ സസ്യമാകയാല്‍ വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ താപനില, നേരിട്ടുള്ള സൂര്യപ്രകാശം ഇവയെ ചെറുക്കാന്‍ കഴിയില്ല. സൂര്യതാപത്തില്‍നിന്നും രക്ഷിക്കുവാനായി തോട്ടത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും നല്ല ഉയരത്തില്‍ പെട്ടെന്നു വളരുന്ന തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണം. വേരിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങള്‍ ആകയാല്‍ മണ്ണിന്‍റെ ആഴവും മണ്ണിലെ ജലനിരപ്പും വളരെ പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്.

 

വടക്ക്-തെക്ക് ദിശയില്‍ വരികള്‍ തമ്മിലും വരിയില്‍ കുഴികള്‍ തമ്മിലും 2.7 മീറ്റര്‍ അകലം കൊടുത്ത് 80 സെ.മീ സമചതുരവും 80 സെ.മീ. ആഴവുമുള്ള കുഴികള്‍ എടുക്കണം. കുഴിയുടെ അടിയില്‍നിന്നും 15 സെ.മീ. കനത്തില്‍ മേല്‍മണ്ണുകൊണ്ടു നിറയ്ക്കണം. ഈ കുഴിയുടെ മധ്യഭാഗത്ത് തൈവച്ചു ചുറ്റിലും മണ്ണിട്ട് അമര്‍ത്തി ഉറപ്പിക്കണം. തൈയുടെ കടഭാഗം വരെ മാത്രമേ മണ്ണിടാവൂ. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെങ്കില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ തൈ നടാം. കളിമണ്ണാണെങ്കില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത്.


കവുങ്ങിന് ആദ്യകാലത്ത് തണല്‍ കിട്ടാനായി വരികള്‍ക്കിടയില്‍ ആദ്യത്തെ 4-5 വര്‍ഷം വാഴ വളര്‍ത്താവുന്നതാണ്. അല്ലെങ്കില്‍ ഒക്ടോബര്‍ മുതലുള്ള ഉണക്കുള്ള മാസങ്ങളില്‍ തെങ്ങിന്‍പട്ടയോ കവുങ്ങിന്‍ പട്ടയോ മറ്റോ ഉപയോഗിച്ച് തണല്‍ നല്‍കേണ്ടിവരും. അടയ്ക്കാമരത്തൈകളുടെ കാണ്ഡഭാഗം വേനല്‍ക്കാലത്ത് കവുങ്ങിന്‍പാളയോ മറ്റോകൊണ്ടു പൊതിഞ്ഞുകെട്ടി വെയിലേറ്റു പൊള്ളാതെ സംരക്ഷിക്കണം. അല്ലെങ്കില്‍ കുമ്മായം കലക്കി പൂശുകയോ വെളുത്ത പ്ലാസ്റ്റിക് കടലാസുകൊണ്ടു കെട്ടുകയോ വേണം.

 

വളപ്രയോഗം

ആദ്യ വര്‍ഷം മുതല്‍ തന്നെ കൊല്ലംതോറും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ മരമൊന്നിന് 12 കി.ഗ്രാം വീതം പച്ചിലവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നാടന്‍ ഇനങ്ങള്‍ക്കു വര്‍ഷംതോറും 10:40:140 ഗ്രാം എന്ന തോതില്‍ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കിട്ടത്തക്ക വിധത്തില്‍ രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. എന്നാല്‍ മംഗളപോലുള്ള ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് 150:60:210 (NPK) ഗ്രാം എന്ന ഉയര്‍ന്ന നിരക്കില്‍ രാസവളങ്ങള്‍ നല്‍കണം.

ഈ പറഞ്ഞ രാസവളത്തിന്‍റെ മൂന്നില്‍ ഒരുഭാഗം ആദ്യത്തെ വര്‍ഷവും, മൂന്നില്‍ രണ്ടുഭാഗം രണ്ടാം വര്‍ഷവും നല്‍കിയാല്‍ മതി. മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും കൊടുക്കാം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി മാസങ്ങളില്‍ (പകുതിവീതം) രണ്ടു പ്രാവശ്യമായി രാസവളം ചേര്‍ക്കാം. നനയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രണ്ടാമത്തെ പകുതി രാസവളപ്രയോഗം വേനല്‍മഴ കിട്ടിയ ഉടനെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നല്‍കുന്നതാണ് നല്ലത്. കവുങ്ങിന്‍റെ ചുവട്ടില്‍നിന്നും 0.76-1.00 മീറ്റര്‍ വ്യാസാര്‍ദ്ധത്തിലും 15-20 സെ.മീ. ആഴത്തിലുമുള്ള തടങ്ങള്‍ കോരി അതില്‍ വളം വിതറി അല്‍പം മണ്ണിട്ടു മൂടണം. തടത്തിലെ കളകള്‍ നീക്കിയശേഷം രണ്ടാം തവണയിലെ വളം തടത്തില്‍ വിതറി മണ്ണിളക്കി കൊടുത്താല്‍ മതി. അമ്ലാംശമുള്ള മണ്ണാണെങ്കില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മരമൊന്നിന് അര കി.ഗ്രാം വീതം കുമ്മായവും (ഏപ്രില്‍-മേയ് മാസത്തില്‍) തടത്തില്‍ ചേര്‍ത്തുകൊടുക്കണം.

 

ജലസേചനവും ജലനിര്‍ഗമനവും

വരള്‍ച്ചയുടെ ദൂഷ്യവശങ്ങള്‍ വളരെ പെട്ടെന്ന് ബാധിക്കുന്ന വിളയാണ് കവുങ്ങ്. മണ്ണിന്‍റെ സ്വഭാവമനുസരിച്ച് വരണ്ട-വേനല്‍ക്കാലങ്ങളില്‍ 4-7 ദിവസം ഇടവിട്ട് മരമൊന്നിന് 175 ലിറ്റര്‍ എന്ന കണക്കില്‍ വെള്ളം കൊടുക്കേണ്ടിവരും. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ തുള്ളി ജലസേചന രീതി (Drip Irrigation) അനുവര്‍ത്തിക്കുക. തടത്തില്‍ ജൈവവസ്തുക്കള്‍കൊണ്ടു പുതയിടുന്നതു മണ്ണിലെ ജലാംശം സൂക്ഷിച്ചു വയ്ക്കാന്‍ ഉപകരിക്കും.

 

വേനല്‍ക്കാലത്തു ജലസേചനത്തിനെന്നപോലെ മഴക്കാലത്തു ജലനിര്‍ഗമനത്തിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഓരോ രണ്ടുവരി കവുങ്ങിനിടയിലും ജലനിര്‍ഗമനത്തിനായി 25-40 സെ.മീ. ആഴത്തില്‍ ചാലുകള്‍ എടുക്കണം. കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പു തന്നെ ഈ ചാലുകള്‍ എല്ലാ കൊല്ലവും വൃത്തിയാക്കി വയ്ക്കുകയും വേണം.

 

മറ്റു കൃഷിപ്പണികള്‍

കവുങ്ങിന്‍തോട്ടം എല്ലായ്പോഴും കളരഹിതമായി സൂക്ഷിക്കണം. ഒക്ടോബര്‍-നവംബറില്‍ മഴ മാറുന്നതോടെ തോട്ടം ചെറുതായി കിളച്ചിടണം. ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണൊലിപ്പു തടയുവാനായി ഇടക്കയ്യാല കോരണം.

 

മൈമോസ ഇന്‍വിസ, സ്റ്റൈലോസാന്തസ് ഗ്രേസിലിസ്, കലപ്പോഗോണിയം മൂക്കനോയിഡ്സ് തുടങ്ങിയ ഏതെങ്കിലും ഒരു ആവരണ പച്ചിലവിളയുടെ വിത്ത് ഏപ്രില്‍-മേയ് മാസത്തില്‍ തോട്ടത്തില്‍ വിതയ്ക്കുകയും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ അവ പിഴുതെടുത്തു തടത്തില്‍ വളമായി ചേര്‍ക്കുകയും ചെയ്യാം.

 

ഇടവിളകൃഷി

ഒരു തനിവിളയായി കൃഷി ചെയ്യുകയാണെങ്കില്‍ കവുങ്ങിന് ലഭിക്കുന്ന പ്രകൃതി വിഭവങ്ങള്‍ മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഏതാണ്ട് മണ്ണിന്‍റെ  70% ഭാഗവും സൂര്യപ്രകാശത്തിന്‍റെ 40% ഭാഗവും പാഴാക്കി പോകുന്നതിനാല്‍ കവുങ്ങിന്‍തോട്ടം ഇടവിളകള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ഓരോ പ്രദേശത്തെയും താല്‍പര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ ഇവയ്ക്കനുസരിച്ച് ഇടവിളകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മാറ്റം വരുന്നുണ്ട്. സാധാരണയായി കേരളത്തില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളും മരച്ചീനിയും ആസാമില്‍ നാരകവും പശ്ചമിബംഗാളില്‍ വെറ്റിലയും കര്‍ണാടകയിലെ മലമ്പ്രദേശങ്ങളില്‍ ഏലവും കൃഷി ചെയ്യുന്നു. എന്നാല്‍, എല്ലാ സ്ഥലങ്ങളിലും പൊതുവായി വാഴ കൃഷി ചെയ്തുവരുന്നു. ബഹുനില കൃഷിക്കായി കൊക്കോ, കുരുമുളക്, ഇലവര്‍ഗം (കറുവപ്പട്ട), കാപ്പി, ഗ്രാമ്പൂ, നാരകം, തെങ്ങ് ഇവ അനുയോജ്യമാണ്. കവുങ്ങിലേക്കു വളരെ യോജിച്ച ഒന്നാണ് കൊക്കൊ. കവുങ്ങിന്‍റെ ഒന്നിടവിട്ട ഇടവരികളില്‍ 2.7 മീറ്റര്‍ അകലത്തില്‍ കവുങ്ങുകള്‍ക്കു നടുവിലായി കൊക്കോ നടാവുന്നതാണ്. ഇടവിള ഏതായാലും ശരി, അവയ്ക്കെല്ലാം പ്രത്യേകം വളം ചേര്‍ക്കുവാന്‍ ശ്രദ്ധിക്കണം.

 

രോഗ-കീട നിയന്ത്രണം

അടയ്ക്കാമരം അതിന്‍റെ വിവിധ ഘട്ടങ്ങളില്‍ പലതരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. നാല്‍പതോളം കുമിളുകളും ഒരു ബാക്ടീരിയയും ഒരു പായല്‍ പരാദവും കവുങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ വളരെയധികം വിളനാശം കവുങ്ങിന്‍റെ ഇലമഞ്ഞളിപ്പ് രോഗം ഫൈറ്റോപ്ലാസ്മ മൂലമാണു വരുന്നതെന്നും സംശയിക്കുന്നുണ്ട്. കവുങ്ങിന്‍റെ പ്രധാനപ്പെട്ട രോഗങ്ങള്‍ ഇനി വിവരിക്കുന്നു.

 

കോളരോഗം/മാഹാളി/കായ് ചീയല്‍

ഫൈറ്റോഫ്തോറ അരക്കെ എന്ന കുമിള്‍ മൂലം വരുന്ന കോളരോഗം കവുങ്ങിന്‍റെ ഒരു പ്രധാന രോഗമാണ്. കൂടുതല്‍ മഴകിട്ടുന്ന കേരളത്തിലും കര്‍ണ്ണാടകത്തിലും ഇത് ഒരു പ്രധാന പകര്‍ച്ചവ്യാധിപോലെ വിപുലമായി കണ്ടുവരുന്ന  രോഗമാണ്. കാലവര്‍ഷത്തിലെ ആദ്യത്തെ മഴ കിട്ടിക്കഴിഞ്ഞാല്‍ ഈ രോഗം കണ്ടുതുടങ്ങുകയും മഴക്കാലം അവസാനിക്കുന്നതുവരെ ഇതു നിലനില്‍ക്കുകയും ചെയ്യും.

 

അടയ്ക്കയുടെ ഞെട്ടറ്റത്ത് തൊപ്പിയോടു ചേര്‍ന്നുള്ള ഭാഗത്തു ചൂടുവെള്ളം വീണുപൊള്ളിയതുപോലെ നിറം മങ്ങി കാണുന്നതാണ് ആദ്യത്തെ രോഗലക്ഷണം. ക്രമേണ ഇതിന്‍റെ വലിപ്പം കൂടുകയും കറുപ്പ് വ്യാപിക്കുകയും ചെയ്ത് അടയ്ക്കകള്‍ ധാരാളമായി കൊഴിഞ്ഞുപോകുന്നു. കൊഴിഞ്ഞുവീണ അടയ്ക്കകയില്‍ വെള്ളനിറത്തില്‍ പഞ്ഞിപോലുള്ള പൂപ്പല്‍ വളരുന്നതു കാണാം. എല്ലാ പ്രായത്തിലുള്ള അടയ്ക്കയേയും ഈ രോഗം ബാധിക്കും സമയത്തിന് തടഞ്ഞില്ലെങ്കില്‍ രോഗം തലപ്പുകളെ ബാധിക്കുകയും ഓലകളും കവുങ്ങിന്‍കുലകളും വാടുകയും ചെയ്യും. 

 

ചില സമയങ്ങളില്‍ രോഗം വന്ന അടയ്ക്ക, പൊഴിഞ്ഞു പോകാതെ കുലയില്‍ത്തന്നെ നിന്നു കുരടിച്ചുണങ്ങി നില്‍ക്കുന്നതും കാണാം. ഇതിനെ 'ഉണക്കമാഹാളി' എന്നു പറയുന്നു.
വര്‍ഷത്തില്‍ രണ്ടു പ്രവാശ്യം - കാലവര്‍ഷം തുടങ്ങുന്നതിനു തൊട്ടുമുമ്പും പിന്നീട് 40 ദിവസം കഴിഞ്ഞും-ബോര്‍ഡോ മിശ്രിതം (1% വീര്യമുള്ളത്) തളിച്ചാല്‍ ഈ രോഗം വരാതെ തടയാന്‍ കഴിയും. മഴക്കാലം നീണ്ടു നില്‍ക്കുകയാണെങ്കില്‍ മൂന്നാമത് ഒരുപ്രാവശ്യം കൂടി മരുന്നു തളിക്കേണ്ടിവരും. ബോര്‍ഡോ മിശ്രിതം കുലകളില്‍ നന്നായി പറ്റിപ്പിടിക്കാനായി 'റോസിന്‍' എന്ന പശയും ചേര്‍ക്കണം. പൊഴിഞ്ഞു വീണ അടയ്ക്കയില്‍നിന്നും രോഗാണു പടരുന്നതിനാല്‍ അവയെ പെറുക്കി മാറ്റി കത്തിച്ചുകളയുകയും വേണം.


അനാബെ രോഗം അഥവാ ചുവടു ചീയല്‍

ഗാനോഡെര്‍മ ലൂസിയം എന്ന കുമിള്‍ ആണ് ഈ രോഗം ഉണ്ടാക്കുന്നത്. ശരിയായി കൃഷിപ്പണികള്‍ ചെയ്യാതെ അവഗണിക്കപ്പെട്ട തോട്ടങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. ഇതുമൂലം 7% നഷ്ടം വരാം. വരള്‍ച്ച ബാധിക്കുമ്പോഴുള്ള ലക്ഷണങ്ങള്‍പോലെയാണ് കടചീയല്‍ രോഗത്തിന്‍റെയും ലക്ഷണങ്ങള്‍. ആദ്യം പുറംപട്ടകള്‍ (ഓലകള്‍) മഞ്ഞളിക്കുകയും ക്രമേണ മഞ്ഞപ്പ് ഉള്ളിലെ ഓലകളിലേക്കു വ്യാപിക്കുമ്പോള്‍ പൂങ്കുലയുടെയും അടയ്ക്കയുടെയും വളര്‍ച്ച നില്‍ക്കുന്നു. കുലയില്‍ പിടിച്ച അടയ്ക്കകള്‍ കൊഴിഞ്ഞുപോകുകയും ചെയ്യും. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ഇങ്ങനെ ക്ഷീണിച്ച തലപ്പ് ഭാഗം ഒടിഞ്ഞുപോവുകയും കവുങ്ങുതടി മാത്രം അവശേഷിക്കുകയും ചെയ്യുന്നു. മരത്തിന്‍റെ ചുവട്ടില്‍ ചുറ്റിലുമായി തവിട്ടുനിറം വ്യാപിക്കുകയും അതില്‍നിന്നും തവിട്ടുനിറത്തിലുള്ള ദ്രാവകം ഊറിവരികയും ചെയ്യുന്നു. ഇത്തരം മരത്തിന്‍റെ ചുവടുഭാഗം മുറിച്ചു നോക്കിയാല്‍ ഉള്ളു ചീഞ്ഞഴുകിയതായും ദുര്‍ഗന്ധം വമിക്കുകയും അനുഭവപ്പെടും. രോഗം വേരിലേക്കു വ്യാപിക്കും. ഇത്തരം വേരിന്‍റെ അടിഭാഗം രോഗംമൂലം ക്ഷയിക്കുന്നതിനാല്‍ വെള്ളവും വളവും വലിച്ചെടുക്കാനാകാതെ തലപ്പ് മഞ്ഞളിച്ചു വാടിപ്പോകുകയാണ് ചെയ്യുന്നത്.


രോഗം വന്ന മരത്തിന്‍റെ കുറ്റിയും വേരുകളും രോഗാണു വാഹകരാകയാല്‍ കര്‍ശനമായ ശുചിത്വമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. വേരടക്കം കുറ്റികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. രോഗം വന്ന മരത്തിനു ചുറ്റും 60 സെ.മീ. താഴ്ചയിലും 30 സെ.മീ വീതിയിലും ചെറിയ കിടങ്ങുകള്‍ എടുത്ത് അവയെ മറ്റു മരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തണം. ഈ കിടങ്ങുകളില്‍ കാപ്റ്റാന്‍ (0.3%) എന്ന മരുന്നു ലായനി ഒഴിച്ച് മണ്ണ് കുതിര്‍ക്കണം. പുതിയ തൈകള്‍ നടുമ്പോള്‍ മണ്ണില്‍ ബോര്‍ഡോമിശ്രിതം (1%) ഒഴിച്ചു മണ്ണു കുതിര്‍ക്കണം. കൂടാതെ ഈ രോഗം ബാധിക്കുന്ന വാകമരങ്ങള്‍ (ഡിലോണിക്സ് റീജിയ, (പൊങ്കാമിക ഗ്ലോബ്ര) എന്നിവ വളര്‍ത്തുന്നതു നിരുല്‍സാഹപ്പെടുത്തുകയും വേണം.


കൂമ്പുചീയല്‍

കവുങ്ങിന്‍റെ ഏറ്റവും മാരകമായ രോഗമാണിത്. മരത്തിന്‍റെ അഗ്രമുകുളവും ചുറ്റുമുള്ള ഭാഗങ്ങളും ചീഞ്ഞുപോകുകയും അവസാനം ചെടി അപ്പാടെ നശിക്കുകയും ചെയ്യുന്നതാണ് കൂമ്പുചീയല്‍ രോഗത്തിന്‍റെ ലക്ഷണം. ഫൈറ്റോഫ്തോറ പാമിവോറ എന്ന കുമിള്‍ ആണ് രോഗഹേതു. ആദ്യഘട്ടങ്ങളില്‍ രോഗം കണ്ടുപിടിക്കാനായാല്‍ ചീഞ്ഞ ഭാഗങ്ങളെല്ലാം ചെത്തിക്കളഞ്ഞു ബോര്‍ഡോ കുഴമ്പ് (10%) പുരട്ടുകയും തലപ്പാവിലാകെ ബോര്‍ഡോ മിശ്രിതം (1%) തളിക്കുകയും ചെയ്യുക വഴി മരത്തിനെ രക്ഷപ്പെടുത്താനാകും.

 

പൂങ്കുലയുണക്കം

അടയ്ക്ക പൊഴിയുകയും പിന്നീട് പൂങ്കുല അപ്പാടെ ഉണങ്ങുകയും ചെയ്യുന്ന ഈ രോഗവും കവുങ്ങു തോട്ടങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. കൊളറ്റോട്രിക്കം ഗ്ലിയോസ്പോറോയിഡ്സ് എന്ന കുമിള്‍ ആണ് ഇതിനു കാരണം.
രോഗം വന്നുണങ്ങിയ പൂങ്കുലകള്‍ വെട്ടിമാറ്റി കത്തിച്ചുകളയുക വഴി രോഗാണു മറ്റു മരങ്ങളിലേക്കു പടരുന്നതു തടയാന്‍ കഴിയും. പൂങ്കുല വിരിഞ്ഞ് അടയ്ക്ക പിടിച്ച ഉടനെയും പിന്നീട് 15-28 ദിവസം കഴിഞ്ഞും രണ്ടു പ്രാവശ്യമായി സിനബ് (ലിറ്ററിന് 4 ഗ്രാം) എന്ന മരുന്നു തളിക്കുക. ഓറിയോ ഫംജിന്‍ (50 പി.പി.എം. വീര്യത്തില്‍) തളിക്കുന്നതും രോഗം നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

 

ബാക്ടീരിയ മൂലമുള്ള ഇലമഞ്ഞളിപ്പ്

സന്തോമോണാസ് കാംപെസ്ട്രിസ അരക്കെ എന്ന ബാക്ടീരിയ ആണ് ഈ രോഗം വരുത്തുന്നത്. ഓലയുടെ ഈര്‍ക്കിലിന് ഇരുവശവും ചൂടുവെള്ളം വീണു പൊള്ളിയപോലെ നീളത്തില്‍ നിറം മങ്ങുന്നതാണ് ആദ്യലക്ഷണം. പിന്നീട് ഇലയുടെ അടിഭാഗത്ത് ബാക്ടീരിയയുടെ ക്രീം കലര്‍ന്ന വെള്ളനിറത്തിലുള്ള ഒരു ദ്രാവകം അടിയുന്നത് ഈ രോഗത്തിന്‍റെ എടുത്തുപറയേണ്ട മറ്റൊരു ലക്ഷണമാണ്. മരത്തിലെ പട്ടകളെയും ഈ രോഗം ബാധിക്കാവുന്നതാണ്. അപ്പോള്‍ തലപ്പ് ഭാഗികമായോ മൊത്തത്തിലോ മഞ്ഞളിപ്പ് ബാധിക്കും. കൂമ്പിനെയാണ് രോഗാണു ആക്രമിക്കുന്നതെങ്കില്‍ മരം നശിക്കും. മഴക്കാലത്താണ് രോഗം ഗുരുതരമാകുന്നത്. ചെറുപ്രായത്തിലുള്ള (3-5 വര്‍ഷം) കവുങ്ങുകളില്‍ പെട്ടെന്നു രോഗം വരുന്നു.
ടെട്രാസൈക്ലിന്‍ വിഭാഗത്തില്‍ പെടുന്ന ആന്‍റിബയോട്ടിക് മരുന്നുകള്‍ 500 പി.പി.എം. വീര്യത്തില്‍ ചെടിയില്‍ തളിക്കുകയോ മരത്തില്‍ കുത്തിവയ്ക്കുകയോ ചെയ്യുകവഴി രോഗം നിയന്ത്രിക്കാന്‍ കഴിയും.


ചെന്നീരൊലിപ്പ്

ദക്ഷിണേന്ത്യയിലെ കവുങ്ങ് കൃഷി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 'തീലാവിയോപ്സിസ് പാരഡോക്സ്' എന്ന കുമിള്‍ മൂലമുണ്ടാകുന്ന ഈ രോഗം കണ്ടുവരുന്നു. പ്രായം കുറഞ്ഞതും പാതിയോളം പ്രായമെത്തിയതുമായ മരങ്ങളെയാണ് ഈ രോഗം മിക്കവാറും പിടിപെടുന്നത്. തടിയുടെ ചുവടുഭാഗത്ത് ചെറുതായി കുഴിഞ്ഞ നിറവ്യത്യാസം വന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യത്തെ രോഗലക്ഷണം. പിന്നീടവ വലുതായി കൂടിച്ചേരുകയും രോഗം മൂര്‍ച്ഛിക്കുന്നതോടെ തടിയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തടിയിലെ നാരുള്ള ഭാഗങ്ങള്‍ പല അളവിലായി ദ്രവിക്കുകയും തവിട്ടുനിറമുള്ള കൊഴുപ്പുള്ള പശപോലുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ചെയ്യും. മരത്തിന്‍റെ തലപ്പിന്‍റെ വലിപ്പം കുറയുകയും ക്രമേണ വിളവു മോശമാകുകയുമാണ് ഇതിന്‍റെ ഫലം.


നീര്‍വാര്‍ച്ച കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ രോഗം ഗുരുതരമാകുന്നത്. നീര്‍വാര്‍ച്ചാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ രോഗം വരുന്ന സാഹചര്യം വളരെ കുറയ്ക്കാന്‍ സാധിക്കും. മരത്തിലെ രോഗബാധിത ഭാഗങ്ങള്‍ ചെത്തിമാറ്റി കോള്‍ടാറോ ബോര്‍ഡോകുഴമ്പോ പുരട്ടുന്നത് രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.

 

ഇലമഞ്ഞളിപ്പു രോഗം

കേരളത്തിലും കര്‍ണ്ണാടകത്തിലും വ്യാപകമായി കണ്ടുവരുന്ന രോഗമാണിത്. തലപ്പിലെ കൂമ്പു മുതല്‍ ഇളം ഓലകളിലാണ് ആദ്യമായി മഞ്ഞളിപ്പു പ്രത്യക്ഷപ്പെടുന്നത്. പിന്നീടിതു ക്രമേണ പുറമേയുള്ള മൂപ്പുകൂടിയ ഓലകളിലേക്കു വ്യാപിക്കുന്നു. അവസാനം എല്ലാ ഓലകളിലും മഞ്ഞളിപ്പു വന്നു നെടും ഞരമ്പുവരെ വ്യാപിക്കുന്നു. പിന്നെ ഓലകളുടെ അഗ്രഭാഗം വാടാന്‍ തുടങ്ങുകയും മൂപ്പെത്തിയ അഗ്രഭാഗങ്ങളിലേക്കു വാട്ടം വ്യാപിക്കുകയും ചെയ്യുന്നു. പുതുതായി വരുന്ന ഓലകള്‍ നീളം കുറഞ്ഞവയായിരിക്കും. ചിലപ്പോള്‍ ഓലകള്‍ വാടി കൊഴിഞ്ഞു വീഴാറുമുണ്ട്. അടയ്ക്കയാകട്ടെ വലിപ്പം കുറഞ്ഞു ചുക്കി ചുളിയുകയും ഉള്ളിലെ കാമ്പ് കറുത്ത നിറത്തിലാവുകയും വിളവ് വളരെ കുറയുകയും ചെയ്യുന്നു. രോഗം വന്ന മരത്തിന്‍റെ തടി സ്പോഞ്ചുപോലെയായി പൊടിഞ്ഞു പോവുകയും ജല-ഭക്ഷണ വാഹകരായ നാരുകള്‍ നശിക്കുകയും ചെയ്യുന്നു. അന്തിമഘട്ടത്തില്‍ മരത്തിന്‍റെ മുകളില്‍വച്ചു തലപ്പുഭാഗം ഒടിഞ്ഞു പോകും. മരത്തിന്‍റെ വേരുചീയുന്നതും കണ്ടിട്ടുണ്ട്.


ഈ രോഗത്തിന് ഫൈറ്റോപ്ലാസ്മ എന്ന മൈക്കോ പ്ലാസ്മ വിഭാഗത്തില്‍പെടുന്ന അണുക്കളുടെ ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായാല്‍ അത് ഈ രോഗം പിടിപെടാനുള്ള ആദ്യത്തെ സാധ്യതയായി കണക്കാക്കാം. അസന്തുലിതമായ വളപ്രയോഗവും അശാസ്ത്രീയമായ കൃഷിരീതികളും മരങ്ങള്‍ക്ക് ഈ രോഗം പിടിപെടാന്‍ കാരണമാകുന്നു. സാധാരണ സസ്യസംരക്ഷണ മുറകള്‍കൊണ്ട് ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതുകൊണ്ട് രോഗബാധമൂലമുള്ള ദൂഷ്യഫലങ്ങള്‍ കുറയ്ക്കുവാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.

  • കൃഷിസ്ഥലം ആഴത്തില്‍ കിളച്ചിളക്കി മണലോ ജൈവവളങ്ങളോ ചേര്‍ത്തു മണ്ണിന്‍റെ ഘടന മെച്ചപ്പെടുത്തുക. കട്ടിയുള്ള പശിമരാശി മണ്ണാണെങ്കില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ സാധാരണ രാസവളങ്ങള്‍ ചേര്‍ക്കുന്ന സമയത്തിനു മുമ്പായി ഹെക്ടറിന് 500 കി.ഗ്രാം വീതം ജിപ്സം (MgSO4) മണ്ണില്‍ ചേര്‍ക്കുക.
  •  കൃഷിസ്ഥലത്തു പ്രത്യേകിച്ചു മഴക്കാലത്തു ശരിയായ നീര്‍വാര്‍ച്ച സൗകര്യങ്ങള്‍ നല്‍കുക.
  •  അനാബെ, കൂമ്പുചീയല്‍, കൂമ്പിലച്ചാഴി, മണ്ഡാരി തുടങ്ങിയ രോഗ-കീട ബാധകള്‍ക്കെതിരെ ചെടികളിലെയും തോട്ടത്തിലെയും ശുചീകരണപ്രവര്‍ത്തനങ്ങളും സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും സ്വീകരിക്കുക.
  • തെക്കന്‍ വെയിലടിച്ചു മരം പൊള്ളിപ്പോകാതിരിക്കാനായി മരത്തിനു ചുറ്റും ഓലവച്ചു പൊതിഞ്ഞു കെട്ടുകയോ മരം കുമ്മായംകൊണ്ട് വെള്ളപൂശുകയോ ചെയ്യുക.
  • ശുപാര്‍ശയനുസരിച്ചു രാസവളങ്ങളും കുമ്മായവും ചേര്‍ക്കുക. കൂടാതെ മരമൊന്നിന് 8.5 ഗ്രാം വീതം സിങ്ക് സള്‍ഫേറ്റും ചേര്‍ക്കണം.
  • അടയ്ക്ക വിണ്ടുകീറല്‍: അണുബാധമൂലമുള്ള രോഗം എന്നതിലുപരിയായി ജൈവിക പ്രവര്‍ത്തനങ്ങളുടെ അപാകത ആയിട്ടാണ് സാര്‍വത്രികമായി അടയ്ക്ക വിണ്ടു കീറുന്നതിനു കാരണമായിക്കാണുന്നത്. അടയ്ക്കയുടെ ഉള്ളിലെ കാമ്പു വളരുന്നതനുസരിച്ച് പുറംതൊണ്ട് വളരാതെ വരുമ്പോഴാണ് അടയ്ക്ക വിണ്ടുകീറുന്നത്. ഇങ്ങനെ പൊട്ടിയ അടയ്ക്കകള്‍ പൊഴിഞ്ഞുവീഴുകയും വിള്ളലിലൂടെ കാമ്പില്‍ അണുബാധ വരുന്നതുമൂലം അത് ഉപയോഗശൂന്യമാകുകയും ചെയ്യുന്നു.


നല്ല ആരോഗ്യമുള്ള മരങ്ങളില്‍ പൂങ്കുലയിലേക്കു ക്രമാതീതമായി ജലാംശം പ്രവഹിക്കുന്നതു മൂലമാണ് കായ് വിണ്ടുകീറുന്നത്. അതിനാല്‍ അടയ്ക്ക പകുതി മൂപ്പെത്തുമ്പോള്‍ പൂങ്കുലയുടെ പ്രധാന തണ്ടിന്‍റെ അടിഭാഗത്ത് ആഴത്തില്‍ വെട്ടിമുറിവുണ്ടാക്കുകയോ തടികൊണ്ട് അടിച്ചു ചതയ്ക്കുകയോ ചെയ്ത് അധികമായി ജലാംശം കുലയിലേക്കു കടക്കുന്നതു തടയുകയാണെങ്കില്‍ കായ് വിണ്ടുകീറുന്നതു തടയാന്‍ കഴിയും. നല്ല വരള്‍ച്ചയ്ക്കുശേഷം പെട്ടെന്ന് നല്ലൊരു മഴയോ ജലസേചനമോ കിട്ടിയാലും അടയ്ക്ക വിണ്ടുകീറുന്നതാണ്. പൊട്ടാഷ് വളത്തിന്‍റെ കുറവുമൂലം ഈ രോഗം വരുന്നതാണ്. രോഗാരംഭത്തില്‍ ബോറാക്സ് (ലിറ്ററിന് 2ഗ്രാം വീതം) വെള്ളത്തില്‍ കലക്കി തളിക്കുന്നത് അടയ്ക്ക പൊട്ടുന്നതു ലഘൂകരിക്കാന്‍ ഉതകും.


വെയിലടിച്ചു പൊള്ളല്‍ അഥവാ മരം ഒടിയല്‍

വളരെക്കാലം കഠിനമായ വെയില്‍ തടിയില്‍ പതിച്ചു മരം പൊള്ളി ഒടിയുന്നതാണ് മറ്റൊരു രോഗം. തെക്കുപടിഞ്ഞാറന്‍ വെയില്‍ അടിക്കുന്ന മരങ്ങളെയാണ് ഈ രോഗം പിടിപെടുന്നത്. വെയില്‍ വീഴുന്ന ഭാഗത്തു സ്വര്‍ണ്ണനിറത്തില്‍ പാടുകള്‍ വീഴുകയും പിന്നീടത് ഇരുണ്ടു കറുത്തനിറം പ്രാപിക്കുകയും നീളത്തിലുള്ള പൊട്ടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ കുമിള്‍ബാധയുണ്ടായി സ്ഥിതി ഗുരുതരമാകുകയും അവസാനം മരം ഒടിയുകയും ചെയ്യുന്നു. തോട്ടത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തു പെട്ടെന്ന് ഉയരത്തില്‍ വളരുന്ന തണല്‍ മരങ്ങള്‍ വളര്‍ത്തുകയും ഉണക്കയിലയോ പാളയോകൊണ്ട് മരം പൊതിഞ്ഞു കെട്ടുകയും അടയ്ക്കാമരത്തിന്മേല്‍ കുരുമുളകു പടര്‍ത്തുകയും ചെയ്യുകയാണ് ഈ അപായം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍.


കീടങ്ങള്‍ 


അടയ്ക്കാമരത്തിന്‍റെ ഇല, വേര്, തടി, പൂങ്കുല, കായ് ഇവയെ ആക്രമിക്കുന്ന 90-ല്‍പരം ഷഡ്പദങ്ങളും മറ്റു കീടങ്ങളുമുണ്ട്. കൂമ്പിനെ ആക്രമിക്കുന്ന ചാഴി, മണ്ഡരി, വേരുതീനിപ്പുഴു, പൂങ്കുലപുഴു, പെന്‍ററ്റോമിഡ് ചാഴി ഇവയൊഴികെ മറ്റു കീടങ്ങള്‍ മൂലമുണ്ടാകുന്ന കേടുകള്‍ അത്ര സാരമുള്ളതല്ല.

 

കൂമ്പില ചാഴി (കാര്‍വലൊയിയ അരക്കെ)

മഴക്കാലാരംഭത്തോടെ പെട്ടെന്നു പെറ്റുപെരുകുന്ന ഒരു ഗുരുതരമായ കീടബാധയാണിത്. ഏറ്റവും മുകളിലുള്ള കൂമ്പിലയുടെ അടിയിലും പോളയുടെ ഇടയിലുമായി ചുവന്ന നിറത്തിലും കറുപ്പു നിറത്തിലുമുള്ളതായ പ്രായപൂര്‍ത്തിയെത്തിയ കീടങ്ങളും പച്ചനിറമുള്ള കുഞ്ഞുങ്ങളും പെറ്റുപെരുകുന്നു. ഇളം കൂമ്പില്‍നിന്നും ഇവ നീരുകുടിക്കുകയും ഇതു കൂമ്പോലയുടെ വലിപ്പം കുറയ്ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. കീടബാധയേറ്റ ഭാഗങ്ങളില്‍ കറുത്ത പാടുകള്‍  വരുകയും പിന്നീട് ഈ സ്ഥലങ്ങളില്‍ തുള വീഴുകയും ചെയ്യുന്നു. തീവ്രമായ കീടബാധ വന്നാല്‍ മരത്തിന്‍റെ വളര്‍ച്ച മുരടിക്കുകയും ചെയ്യും.


കൂമ്പോലയ്ക്കു ചുറ്റും ഇലയുടെ ഓലകള്‍ക്കിടയിലെ കക്ഷണങ്ങളില്‍ മരമൊന്നിന് 10 ഗ്രാം എന്ന തോതില്‍ ഫോറേറ്റ് 10% എന്ന മരുന്ന് മൂന്നുമാസം കൂടുമ്പോള്‍ ഇട്ടുകൊടുക്കുന്നത് ഈ കീടബാധയെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. രണ്ടുഗ്രാം മരുന്നു വീതമുള്ള ചെറിയ തുണിക്കിഴികളിലാക്കി ഇതുവയ്ക്കുന്നതു കൂടുതല്‍ സൗകര്യപ്രദമായിരിക്കും. മരമൊന്നിന് രണ്ടു കിഴിവയ്ക്കേണ്ടിവരും.


പൂങ്കുലപ്പുഴു (തിരതാബ മുണ്ടെല്ല)

ഇളംപൂങ്കുലയുടെ ചൊട്ടയില്‍ ചെറു സുഷിരങ്ങള്‍ ഉണ്ടാക്കി അതില്‍ പ്രായപൂര്‍ത്തിയെത്തിയ ശലഭങ്ങള്‍ മുട്ടയിടുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ ഈ സുഷിരങ്ങളിലൂടെ ചൊട്ടയ്ക്കുള്ളില്‍ കടക്കുകയും പൂമൊട്ടുകള്‍ ഭക്ഷിക്കുകയും ഇതുമൂലം ചൊട്ടയ്ക്കുള്ളില്‍ പൂങ്കുലയാകെ ക്രമേണ നാരുനിറഞ്ഞ കൊഴുത്ത പദാര്‍ത്ഥമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. കീടബാധയേറ്റ ചൊട്ടകള്‍ വിരിയുകയില്ല.


ചാഴികളെ കൊല്ലുന്ന മെറ്റാല്‍ഡിഹൈഡ് ഉപയോഗിച്ചു ചാഴികളെ കൊല്ലുകയും വിഷക്കെണികള്‍ വയ്ക്കുകയും ചെയ്യുകവഴി ഈ കീടം മൂലമുള്ള നാശം ഒഴിവാക്കാം.


മണ്ഡരികള്‍ (റോവിയല്ല ഇന്‍ഡിക്ക, ഒളിഗോനിക്കസ് ഇന്‍ഡിക്കസ്)

സാധാരണയായി കവുങ്ങിന്‍തോട്ടങ്ങളില്‍ മണ്ഡരികളെ കാണാമെങ്കിലും പലപ്പോഴും നീണ്ട, വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇവ ഗുരുതരമായ പ്രശ്നമാകാറുള്ളൂ. ചുവന്ന നിറത്തിലും വെള്ള നിറത്തിലുമുള്ള രണ്ടുതരം മണ്ഡരികള്‍ ഉണ്ടാകും. ഇവ കവുങ്ങിന്‍തൈകളെയും വലിയ മരങ്ങളെയും ആക്രമിക്കും. ഇവ ഇലയുടെ അടിവശത്ത് അധിവസിക്കുകയും ഇവയില്‍നിന്നു നീരൂറ്റി കുടിച്ചുമാണു ദോഷം ചെയ്യുന്നത്. മണ്ഡരിയുടെ ആക്രമണംമൂലം ഇല മഞ്ഞളിച്ചു തവിട്ടുനിറം പൂണ്ട് ഉണങ്ങുന്നു. ഇളം കായ്കളില്‍ കീടം ബാധിച്ചാല്‍ അവ വികൃതരൂപം പൂണ്ട് കൊഴിഞ്ഞു വീഴും. കീടബാധ കൂടിയതും ഉണങ്ങിയതുമായ ഇലകള്‍ മുറിച്ചു മാറ്റി കത്തിച്ചുകളയുകവഴി കീടബാധയുടെ ഉറവിടം നശിപ്പിക്കുകയാണ് കീടനിയന്ത്രണത്തിനുള്ള ആദ്യപടി. ഡൈക്കോഫോള്‍ (ലിറ്ററിന് 2 മില്ലി), റോഗര്‍, (ലിറ്ററിന് 1.5 മില്ലി) ഇവയില്‍ ഏതെങ്കിലും ഒരു മരുന്ന് ഇലയുടെ അടിയിലും ചെടിയുടെ തലപ്പിലും തളിക്കുന്നതു കീടനിയന്ത്രണത്തിനു ഫലപ്രദമാണ്.


വേരുതീനിപ്പുഴു  (ല്യൂക്കോഫോളിസ് ലെപിഡോഫോറ)

തൈകളുടെയും പ്രായമായ കവുങ്ങുകളുടെയും വേരിനെ ആക്രമിച്ചു ഭക്ഷിക്കുന്ന പുഴുക്കളാണിവ. വേരിനെ നശിപ്പിക്കുന്നതിനാല്‍ ഇല ഇളംമഞ്ഞ നിറത്തിലാവുകയും വിളവു കുറയുകയും ചെയ്യുന്നു. തോട്ടം വൃത്തിയായി സൂക്ഷിക്കുകയും നല്ല നീര്‍വാര്‍ച്ചയുണ്ടാക്കുകയും തോട്ടത്തിലെ കള നശീകരണം ഭംഗിയായി നടത്തുകയും ചെയ്താല്‍  വേരുതീനിപ്പുഴുക്കളുടെ ശല്യം കുറയ്ക്കാന്‍ കഴിയും. മേയ്-സെപ്റ്റംബര്‍ മാസങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ കവുങ്ങിനു ചുവട്ടില്‍ തടത്തിലെ മണ്ണ് 10-15 സെ.മീ ആഴത്തില്‍ കിളച്ചിളക്കിയശേഷം 0.04% വീര്യത്തില്‍ ക്ലോര്‍ഫൈറിഫോസ് അടങ്ങിയ കീടനാശിനി ലായനി ഒഴിച്ചു തടം കുതിര്‍ക്കണം. ഇങ്ങനെ രണ്ടു-മൂന്നുകൊല്ലം ചെയ്താല്‍ വേരുതീനിപ്പുഴുവിനെ പൂര്‍ണ്ണമായും തോട്ടത്തില്‍നിന്നും ഉന്മൂലനം ചെയ്യാന്‍ കഴിയും. കവുങ്ങിന്‍ തടത്തില്‍ 10 ഗ്രാം വീതം ഫോറേറ്റ് തരികള്‍ വിതറുന്നതും ഫലപ്രദമാണ്.


പെന്‍ററ്റോമിഡ് ചാഴി (ഹപൈലോമോര്‍ഫ മര്‍മോറിയ)

പ്രായപൂര്‍ത്തിയെത്തിയതും കുഞ്ഞുങ്ങളുമായ ഈ ചാഴി പൈങ്ങ അടയ്ക്കയിലെ കാമ്പില്‍നിന്നും നീരുറ്റിക്കുടിക്കുകയും അതുമൂലം ഇളംപ്രായത്തില്‍ തന്നെ കായ്പൊഴിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. പൊഴിഞ്ഞുവീഴുന്ന കായ് പരിശോധിച്ചാല്‍ സൂചികൊണ്ടു കുത്തിയപോലെ ഒന്നോ അതിലധികമോ പാടുകള്‍ കാണാം. പ്രായപൂര്‍ത്തിയെത്തിയ ചാഴിക്കു പിച്ചളയുടെ നിറവും തവിട്ടുനിറമുള്ള പുള്ളിക്കുത്തുകളും ഉണ്ടാകും. വളരുന്ന പ്രായത്തില്‍ അവയ്ക്കു കറുത്ത നിറവും കാലില്‍ വെള്ള പുള്ളിയുമാണുണ്ടാവുക. കവുങ്ങിന്‍ പൈങ്ങ അടയ്ക്ക ഇല്ലാത്ത സമയത്ത് ഇവ പയര്‍, പാവല്‍ തുടങ്ങിയ മറ്റു വിളകളിലേക്കു കുടിയേറുന്നു. അതിനാല്‍ ഇത്തരം വിളകളെ നിരീക്ഷിക്കുകയും ഈ കീടത്തെ കണ്ടാല്‍ ഉടനെ നശിപ്പിക്കുകയും വേണം. കുലകളില്‍ ഒരു പ്രാവശ്യം എന്‍ഡോസള്‍ഫാന്‍ (0.05%) തളിക്കുന്നത് ഇവയെ നിയന്ത്രിക്കുവാന്‍ ഫലപ്രദമാണ്.

 

നിമാവിരകള്‍

കവുങ്ങിന്‍തോട്ടങ്ങളില്‍നിന്നും ശേഖരിച്ച വേരിന്‍റെ സാമ്പിളുകളില്‍ 28തരം നിമാവിരകളെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 50%ല്‍ അധികം സാമ്പിളുകളില്‍ കണ്ടുവരുന്ന വേരിന്‍റെ ഉള്ളില്‍ വസിക്കുന്ന ഒരേയൊരു നിമാവിരയാണ് വേരുതുരപ്പന്‍ നിമാവിര (റാഡോപിലസ് സിമിലിസ്). വിരബാധിച്ച കവുങ്ങിനു മഞ്ഞളിപ്പു വരികയും വളര്‍ച്ചയും ആരോഗ്യവും വിളവും കുറയുകയും ചെയ്യുന്നു. ചെറുവേരുകളുടെ അഗ്രഭാഗം കറുത്തു ചീഞ്ഞു പോകുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍.


നിമാവിരകള്‍ക്കെതിരെ താഴെ പറയുന്ന സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. സുമംഗള, ശ്രീമംഗള പോലുള്ള നിമാവിരകളെ ചെറുക്കാന്‍ കെല്‍പുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക. കുരുമുളക്, വാഴ തുടങ്ങി ഈ നിമാവിരകളെ വഹിക്കുന്ന ഇടവിളകള്‍ കൃഷി ചെയ്യാതിരിക്കുക. നിമാവിരകളെ വഹിക്കുന്ന ഇടവിളകള്‍ കൃഷിചെയ്യാതിരിക്കുക. നിമാവിര വിമുക്തമായ ചെടികള്‍ നടാന്‍ ഉപയോഗിക്കുക. വര്‍ഷത്തില്‍ മരമൊന്നിന് 5-10 കി.ഗ്രാം പച്ചിലവളം ചേര്‍ക്കുക (പ്രത്യേകിച്ചും ശീമക്കൊന്നയുടെതോ കിലുക്കി ചെടിയുടേയോ) മരമൊന്നിന് വര്‍ഷത്തില്‍ ഒരു കി.ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും 3 ഗ്രാം ഫോറേറ്റും ചേര്‍ക്കുക.

 

ജൈവികനിയന്ത്രണം


കോളിയോപ്റ്റിറ വിഭാഗത്തില്‍പെടുന്ന ജീവികളെ പ്രത്യേകിച്ചും കവുങ്ങിലെ മണ്ഡരികള്‍ക്കെതിരെ കോക്സിനെല്ലിഡുകളെ എതിര്‍പ്രാണികളായി ഉപയോഗിക്കാവുന്നതാണ്. ആസ്പെക്ട്സ് ഇന്‍ഡിക്കസ്, കോളിയോ സെഫലസ്, സെമിപിക്ടസ് സ്റ്റെതോറസ് കേരാളിക്കസ്, സ്റ്റെതോറസ് ചാഴ്സ് പങ്റ്റേറ്റസ് എന്നിവയാണ് ഈ എതിര്‍പ്രാണികള്‍.

 

  • ജീവല്‍പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍കൊണ്ടുള്ള രോഗങ്ങള്‍  (physiological disorders)


മുരടിപ്പുരോഗം അഥവാ ഹീഡിമുണ്ടിഗേ :

മരം നില്‍ക്കുന്ന സ്ഥലത്തെ പ്രതികൂല അന്തരീക്ഷസ്ഥിതിയാണ് ഈ രോഗത്തിന്‍റെ പ്രധാന ഹേതു. ഇലയുടെ വലിപ്പം കുറയുന്നതാണ് ആദ്യലക്ഷണം. പിന്നീടവ ചുരുളുകയും വളഞ്ഞു വികൃതമായ അരികുകള്‍ വരികയും ചെയ്യുന്നു. ഇത്തരം ഇലകള്‍ വളച്ചാല്‍ പെട്ടെന്ന് ഒടിഞ്ഞുപൊട്ടിപ്പോകും. രോഗം മൂര്‍ച്ഛിക്കുന്നതോടെ മരത്തിലെ അരഞ്ഞാണപാടുകള്‍ വളരെ അടുത്തടുത്തായി കാണുകയും (ഇലകള്‍/പാളകള്‍ തമ്മിലുള്ള ദൂരം കുറയുന്നു.) ചെറിയ കുലകള്‍ ഉണ്ടാകുകയും മരത്തിന്‍റെ മുകള്‍ഭാഗം പെന്‍സില്‍പോലെ ക്രമേണ കൂര്‍ത്തു വണ്ണം കുറഞ്ഞു വരികയും ചെയ്യുന്നു. ഇലകള്‍ ശരിയായി വിരിയാത്തതിനാല്‍ തലപ്പ് ഒരു തരം കുറ്റിച്ച പ്രതീതി ഉളവാക്കുന്നു. കുലകള്‍ ചെറുതും വികൃതരൂപത്തിലുള്ളവയുമാകും. വേരുകളാകെ വളര്‍ച്ച മുരടിച്ചു ചുരുണ്ടുകൂടി പെട്ടെന്ന് ഒടിയുന്ന തരത്തിലാകുന്നു. തീരെ നീര്‍വാര്‍ച്ചയില്ലാത്ത അവസ്ഥ, മണ്ണിലെ വളക്കുറവ്, പ്രതികൂലമായ അന്തരീക്ഷ സ്ഥിതിഗതികള്‍ ഇവയാകാം ഈ രോഗത്തിന്‍റെ കാരണമെന്നു കരുതപ്പെടുന്നു. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.
കീടങ്ങളോ രോഗാണുക്കളോ ഈ രോഗവുമായി ബന്ധപ്പെടാത്തതിനാല്‍ സസ്യസംരക്ഷണ മരുന്നുകള്‍ ഉപയോഗിച്ചിട്ടു കാര്യമില്ല. മണ്ണിനെ ശരിയായി പരിപാലിക്കുകയും നീര്‍വാര്‍ച്ചയ്ക്കു സൗകര്യം ചെയ്തു കൊടുക്കുകയും തുരിശും കമ്മായവും മണ്ണില്‍ ചേര്‍ക്കുകയും ചെയ്താല്‍ ഈ രോഗത്തെ ഫലപ്രദമായി തടയാന്‍ കഴിയും.

 

  • വിളവെടുപ്പും സംസ്കരണവും


ചെടി നട്ട് 3-4 വര്‍ഷമെത്തുന്നതോടെ കവുങ്ങ് ചൊട്ടയിടുന്നു. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ് കവുങ്ങില്‍ ചൊട്ട വിരിയുന്ന കാലം. ജൂണ്‍-ജൂലൈ മാസത്തില്‍ പൈങ്ങ അടയ്ക്ക എടുക്കാം. നവംബര്‍ മുതല്‍ മാര്‍ച്ചു മാസം വരെ പഴുത്ത അടയ്ക്കയും ലഭിക്കുന്നു. സാധാരണയായി 45-50 ദിവസം ഇടവിട്ട് മൂന്നു തവണയായി പഴുക്ക വിളവെടുക്കാന്‍ സാധിക്കും. ഇളംപ്രായത്തിലും (പൈങ്ങ) പഴുത്തതുമായ അടയ്ക്ക സംസ്കരിക്കാവുന്നതാണ്. മരത്തില്‍ കയറിയോ അരിവാള്‍ കെട്ടിയ നീണ്ട തോട്ടി ഉപയോഗിച്ചോ വിളവെടുപ്പു നടത്താം.

 

  • അടയ്ക്കയുടെ സംസ്കരണം

 

രാസഘടന:

വിപണനം ചെയ്യപ്പെടുന്ന അടയ്ക്കയുടെ രാസഘടന, വിളവെടുത്ത അടയ്ക്കയുടെ മൂപ്പിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പൈങ്ങ അടയ്ക്കയും പഴുത്ത അടയ്ക്കയും സംസ്കരിക്കുവാന്‍ ഉപയോഗിക്കാറുണ്ടല്ലോ. പോളി ഫീനോളുകള്‍, കൊഴുപ്പ്, പോളി സാക്കറൈഡുകള്‍, നാര്, മാംസ്യം എന്നിവയാണ് ഇതില്‍ അടങ്ങിയ പ്രധാന ഘടകങ്ങള്‍. ഇതിലെ അരിക്കോളിന്‍ എന്ന ആല്‍ക്കലോയിഡ് വിഭാഗത്തില്‍ പെടുന്ന വസ്തു വളരെ കുറഞ്ഞ അളവിലാണെങ്കില്‍പോലും ഒരു പ്രധാന ഘടകമാണ്. അടയ്ക്കയുടെ മൂപ്പു കൂടുന്നതനുസരിച്ചു പോളിഫീനോളുകളുടെ അളവു കുറഞ്ഞുവരും. അതിനാല്‍ മൂപ്പു കുറഞ്ഞ അടയ്ക്കകള്‍ രോഗ-കീടബാധകളില്‍നിന്നും പഴുത്ത അടയ്ക്കയേക്കാള്‍ സാമാന്യം ഭേദമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അടയ്ക്ക പഴുക്കുമ്പോള്‍ അതില്‍ രൂപപ്പെടാവുന്ന പോളി സാക്കറൈഡുകള്‍ മൂലമാണ് കാമ്പിനു ബലം അഥവാ കട്ടി വയ്ക്കുന്നത്.

 

  • അടയ്ക്ക സൂക്ഷിക്കുന്ന വിധം


മൂത്തു പഴുത്ത അടയ്ക്ക സൂക്ഷിച്ചുവെച്ച് കൊല്ലം മുഴുവനും ഉപയോഗിക്കാവുന്നതാണ്. കേരളത്തിലും അസാമിലും ഈ സമ്പ്രദായം നിലവിലുണ്ട്. നല്ല കട്ടിയുള്ള കളിമണ്ണില്‍ പല അടുക്കുകള്‍ ആയിട്ടാണ് അസാമില്‍ അടയ്ക്ക സൂക്ഷിക്കുന്നത്. അവിടെ ഇങ്ങനെയുള്ള അടയ്ക്കയ്ക്ക്, 'ബുര തമുള്‍' എന്നാണ പറയുന്നത്. കേരളത്തിലാകട്ടെ പഴുത്തയടയ്ക്ക വെള്ളത്തില്‍ മുക്കിയിടുകയാണ് ചെയ്യുന്നത്. ഇതിന്‍റെ തൊണ്ട് ചീഞ്ഞുകറുത്തു ബാക്ടീരിയമൂലം ദുര്‍ഗ്ഗന്ധം ഉണ്ടാകുമെങ്കിലും കാമ്പ് കേടില്ലാതിരിക്കും. നീറ്റടയ്ക്ക എന്നാണ് ഇതിനു പറയുന്നത്. സോഡിയം ബെന്‍സോയേറ്റ് (0.1%), പൊട്ടാസ്യം മെറ്റ ബൈ സള്‍ഫൈറ്റ് (0.2%) ഇവ ലയിപ്പിച്ചശേഷം അമ്ലത്വസൂചിക (പി.എച്ച്.) 3.5-4.0 വരത്തക്കവിധം ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്ത വെള്ളത്തില്‍ ചൂടാക്കി വാട്ടിയ അടയ്ക്ക (തിളച്ച വെള്ളത്തില്‍ മുക്കിയെടുത്താല്‍ മതി) ഇട്ടു സൂക്ഷിക്കുകയാണെങ്കില്‍ ദുര്‍ഗന്ധം ഒഴിവാക്കാനും നല്ല ഗുണമേന്മയുള്ള നീറ്റടയ്ക്ക ഉണ്ടാക്കുവാനും കഴിയും.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145067