നമ്മുടെ ദൈനംദിന ജീവിതത്തില്‍ മാന്യമായ ഒരു പദവിയാണ് വെറ്റിലയ്ക്കുള്ളത്. പൂജാമുറിയിലും വിവാഹവീട്ടിലും മണിയറയിലും മരണഗൃഹത്തിലും വെറ്റിലയ്ക്കു സ്ഥാനമുണ്ട്. വിഭവസമൃദ്ധമായ സദ്യക്കുശേഷം നാലും കൂട്ടിമുറുക്കി നീട്ടിവലിച്ചൊന്നു തുപ്പിയെങ്കിലേ ചിലര്‍ക്കു പൂര്‍ണ തൃപ്തിയാകൂ. നല്ല കിളിവാലന്‍ വെറ്റില തിന്നു ചുണ്ടൊന്ന് ചോപ്പിക്കണമെന്നാഗ്രഹിക്കുന്ന സുന്ദരീസുന്ദരന്മാരും കുറവല്ല. ഇതൊന്നുമല്ലാതെ ഉമ്മറത്തിരുന്നു മുറുക്കിത്തുപ്പുമായി കഴിയുന്ന കാരണവന്മാരുമുണ്ട്.
വെണ്‍മണി വെറ്റില, മാവേലിക്കര ചുണ്ണാമ്പ്, ആറന്മുള അടയ്ക്ക, ജാപ്പാണം പുകയില ഇതാണത്രെ മുറുക്കാന്‍റെ കൂട്ട്. നല്ല പല്ലിന് വെറ്റിലയിലെ ഹരിതകം, വയറ്റിലെ അമ്ലത്വം കുറയ്ക്കാന്‍ ചുണ്ണാമ്പ്, ഉത്തേജകമായി അടയ്ക്ക, ലഹരിക്കു പുകയില അങ്ങനെ വെറ്റിലമുറുക്കിന്‍റെ പ്രയോജനം പലതാണ്. വെറ്റിലയുടെ മൂക്കരുത് (അറ്റം) അടയ്ക്കയുടെ തരങ്ങരുത് നൂറ് (ചുണ്ണാമ്പ്) ഏറരുത് എന്നൊരു വിധിയുണ്ട്.
വെറ്റില മുറുക്കാന്‍ ആള്‍ക്കാര്‍ കൂടുതലുള്ള വീട്ടില്‍ മാവിലോ പ്ലാവിലോ ആഞ്ഞിലി, കമുക്, പൂവരശ് എന്നീ മരങ്ങളില്‍ ഏതിലെങ്കിലും ഒന്നിലോ കയറിപ്പറ്റിയ ഒരു വെറ്റിലക്കൊടിയെങ്കിലും കാണും.
അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളില്‍ വെറ്റില നന്നായി വളരും. വെട്ടുകല്‍ പ്രദേശത്തും മണല്‍ കലര്‍ന്ന മണ്ണിലും നന്നായി വളരുന്ന വെറ്റിലക്കൊടി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ തീരെ ഇഷ്ടപ്പെടില്ല.
ഇനങ്ങള്‍
തുളസിവെറ്റില, അരിക്കൊടി, കലൊടി, കര്‍പ്പൂരം, കൂട്ടക്കൊടി, നന്ദന്‍, പെരുങ്കൊടി, അമരവിള എന്നിവയാണ്. ഇതില്‍ തുളസിവെറ്റിലയ്ക്ക് വെണ്‍മണി വെറ്റില എന്ന പേരുകൂടിയുണ്ട്. വെണ്‍മണി പ്രദേശത്ത് അധികം കണ്ടുവരുന്നതുകൊണ്ടാണ് പേരു വന്നത്. ചെറിയ ഇലയും തുളസിയിലയുടെ ഗന്ധവുമുള്ളതാണീ ഇനം. ഇലയ്ക്കു തീരെ കട്ടിയില്ലാത്ത ഈ ഇനത്തിനു കണ്ണി പൊട്ടാത്തതുകൊണ്ട് ഒറ്റത്തണ്ടായിട്ടാണു വളരുക. വെറ്റിലകൃഷി വ്യാപകമായ മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ നിന്ന് മറുനാടുകളിലേക്കും ധാരാളം വെറ്റില കയറ്റി അയച്ചിരുന്നു. നല്ല കടും പച്ചനിറവും കനവും വലിപ്പവുമുള്ള തിരൂര്‍വെറ്റിലയ്ക്ക് അന്യനാട്ടിലെ പേര് ഡങ്കാപാന്‍ എന്നാണ്. കൂട്ടക്കൊടി എന്ന ഇനവും തിരൂര്‍-കോഴിക്കോട് ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ട്. വെറ്റിലയ്ക്ക് രണ്ടു പ്രധാന സീസണ്‍ ഉണ്ട്. മേയ്-ജൂണില്‍ നടുന്ന ഇടവക്കൊടിയും ആഗസ്റ്റ്-സെപ്റ്റംബറില്‍ നടുന്ന തുലാക്കൊടിയുമാണിത്.
നടീല്‍
ഒരു പുതിയ തോട്ടം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. നല്ല തണലുള്ളതും നനയ്ക്കാന്‍ വെള്ളം കിട്ടുന്നതുമായ പറമ്പുകളാണ് വെറ്റിലകൃഷിക്കു നല്ലത്. കിളച്ചൊരുക്കിയ മണ്ണില്‍ 10-15 മീറ്റര്‍ നീളത്തില്‍ ഒരു മീറ്റര്‍ ഇടയകലം കൊടുത്തു മുക്കാല്‍ മീറ്റര്‍ വീതിയിലും ആഴത്തിലുമെടുത്ത ചാലുകളില്‍ ഉണക്കിപ്പൊടിച്ച ചാണകവും ചാരവും കലര്‍ത്തി വേണം കൊടിനടാന്‍. രണ്ടു-മൂന്നു വര്‍ഷമെങ്കിലും പ്രായമായ കൊടിയുടെ 1 മീറ്റര്‍ നീളവും മൂന്നു മുട്ടുകളെങ്കിലുമുള്ള തലഭാഗം മുറിച്ചെടുത്താണ് നടുന്നത്. നടുന്നതിനു മുന്‍പ് ചാലുകള്‍ നനച്ചശേഷം 20 സെ.മീ. വിട്ട് കുഴി എടുത്ത് ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവണ്ണം കൊടിത്തല നട്ട് മണ്ണ് അമര്‍ത്തി നിര്‍ത്തുന്നു. കൊടികള്‍ക്ക് ആദ്യദശയില്‍ വെള്ളം കൈകൊണ്ട് തളിച്ചാണ് നനയ്ക്കേണ്ടത്. നട്ട് മൂന്നാഴ്ചയാകുമ്പോള്‍ വേരോടെയും ഒരു മാസമാകുമ്പോള്‍ പുതിയ ഇല വിടരുകയും ചെയ്യും. അപ്പോള്‍ തൈകള്‍ക്കു താങ്ങായി മുളയോ കവുങ്ങിന്‍റെ വാരിയോ നാട്ടി തമ്മില്‍ കെട്ടി ബലപ്പെടുത്തണം. നാട്ടിയ കമ്പിലൂടെയോ കമ്പില്‍നിന്നും മുകളിലേക്കോ കെട്ടിയ കയറിലൂടെയോ വാരിയോലകൊണ്ടു കെട്ടിയ പന്തലുമായി ബന്ധപ്പെടുത്തി വളര്‍ത്തണം.
സസ്യസംരക്ഷണം
രണ്ടാഴ്ച കൂടുമ്പോള്‍ ചാലുകളില്‍ ഉണങ്ങിയ ഇലകളിട്ട് ചാരം ചേര്‍ത്ത് ചാണകക്കുഴമ്പ് തളിച്ചു സംരക്ഷിക്കണം. നട്ട് 4 മാസംവരെ ഇതു തുടരാം. അപ്പോഴേക്കും ഇല നുള്ളാറാകും. നട്ട് 6 മാസമാകുമ്പോള്‍ ഒന്നര രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ കൊടി വളരുമെങ്കിലും ചില്ലകളില്‍നിന്നുള്ള ഇലകള്‍ക്കാണ് തണ്ടില്‍ നിന്നുള്ളവയെക്കാള്‍ വില കിട്ടുക. കൊടികള്‍ പരമാവധി വളര്‍ന്നു കഴിഞ്ഞാല്‍ ഇലകള്‍ ചെറുതാകുകയും എണ്ണം കുറയുകയും ചെയ്യും. ഈ സമയത്ത് വള്ളികള്‍ മുകളില്‍നിന്ന് ഊര്‍ത്തിയെടുത്ത് ചുവട്ടില്‍ കൊണ്ടുവന്നു താങ്ങു കമ്പുകളില്‍ ചുറ്റിക്കെട്ടും. വള്ളിയുടെ മുകളറ്റം മാത്രം നിരത്തി ബാക്കി മണ്ണിട്ടുമൂടുന്നു. പുതിയ കമ്പുണ്ടാക്കുന്നത് വീണ്ടും താങ്ങു കമ്പുകളില്‍ പടര്‍ന്നു കയറുന്നതോടെ വീണ്ടും പുതുജീവന്‍ വയ്ക്കുന്ന കൊടിയില്‍നിന്നും ഇല നുള്ളി എടുക്കാം. ആണ്ടില്‍ ഒരു തവണയെങ്കിലും ഇങ്ങനെ വള്ളി ഇറക്കി കെട്ടി വളര്‍ത്തേണ്ടതാണ്.
ചവറും ചാരവും ചാണകവുമാണ് വെറ്റിലക്കൊടിക്ക് സാധാരണയായി ചേര്‍ക്കുന്നതെങ്കിലും അമോണിയം സള്‍ഫേറ്റ്, യൂറിയ, പിണ്ണാക്ക്, പൊട്ടാഷ് എന്നിവ ചേര്‍ത്താല്‍ ഗുണമേന്മയുള്ള നല്ല ഇലകള്‍ കിട്ടുന്നതായി കണ്ടിട്ടുണ്ട്.
രോഗനിയന്ത്രണം
കടചീയല്‍ ആണ് വെറ്റിലക്കൊടിയുടെ പ്രധാന രോഗം. അതുപോലെതന്നെ ബാക്ടീരിയ മൂലം ഇലകളില്‍ ഉണ്ടാകുന്ന പുള്ളിക്കുത്തുകളും വെറ്റിലയുടെ ഗുണം കുറയ്ക്കും. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുകയാണ് ഇതിനെ നിയന്ത്രിക്കാന്‍ നല്ലത്.
വിളവെടുപ്പും സംസ്കരണവും
വെറ്റില നുള്ളി അടുക്കടുക്കായി വാഴയിലയിലോ, വാഴപ്പോളയിലോ പൊതിഞ്ഞാണ് മാര്‍ക്കറ്റിലെത്തിക്കുന്നത്. ഒന്നു പിടിച്ചു കിട്ടിയാല്‍ വെറ്റിലത്തോട്ടം ഒരു ചെറിയ വരവിനമാണ്. വെറ്റില പച്ചയായിട്ടാണ് സാധാരണ ഉപയോഗിക്കാറെങ്കിലും പച്ച വെറ്റില ബ്ലീച്ച് ചെയ്ത് നിറംകളഞ്ഞെടുത്തും ഉപയോഗിച്ചു വരുന്നുണ്ട്. പച്ച വെറ്റിലയേക്കാള്‍ വില കൂടുതലുള്ള ഇത് ആയുര്‍വേദ മരുന്നുകള്‍ക്കാണധികവും ഉപയോഗിച്ചു വരുന്നത്.
www.karshikarangam.com