തിയോബ്രോമ കൊക്കാവൊ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കൊക്കോയുടെ കുരു, കൊക്കോ വെണ്ണയുടെയും കൊക്കോ മാസ്സിന്‍റെയും (കുഴമ്പ്) ഉറവിടമാണ്. വാണിജ്യാടിസ്ഥാനത്തില്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.
ഉല്‍പത്തിയും വ്യാപനവും
കൊക്കോയില്‍ ഏറ്റവും അധികം വൈവിധ്യം കാണുന്ന വടക്കേ അമേരിക്കയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ആമസോണ്‍ നദീതടങ്ങളാണ് ഇവയുടെ വൈവിധ്യത്തിന്‍റെ പ്രാഥമിക കേന്ദ്രം. കൊക്കോ കൃഷി തുടങ്ങി 200 വര്‍ഷം പിന്നിടുന്ന മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍ വൈവിധ്യത്തില്‍ രണ്ടാമത്തെ സ്ഥാനം കയ്യാളുന്നു. ക്രയോളോ കൊക്കോയാണ് മധ്യ അമേരിക്കയിലുള്ളത്. സ്പെയിന്‍കാരുടെ വരവോടുകൂടി അമേരിക്ക ഉപഭൂഖണ്ഡത്തില്‍ കൊക്കോ വേഗത്തില്‍ പ്രചരിച്ചു. ട്രിനിഡാഡ്, ജമൈക്ക, ഹെയ്റ്റി തുടങ്ങിയ മറ്റു ദ്വീപുകള്‍ എന്നിവിടേക്കെല്ലാം കൊക്കോ കൊണ്ടുപോകപ്പെട്ടു. ആമസോണിലെ ഫൊറാസ്റ്റീറോയുടെ നടീല്‍വസ്തുക്കള്‍ ട്രിനിഡാഡിനു ലഭിച്ചതു കിഴക്കേ വെനിസ്വലയില്‍ നിന്നുമായിരിക്കണം എന്നു കരുതപ്പെടുന്നു. ഫൊറാസ്റ്റിറോയുടെയും ക്രയോളയുടെയും ജനിതകസമ്മിശ്രീകരണം മൂലമാണ് ഭിന്നജാതീയമായ ട്രിനിറ്റാരിയോ രൂപപ്പെട്ടത്. വടക്കു കിഴക്കേ ഏഷ്യ, ഉഗാണ്ട, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ് കൊക്കോ പിന്നീട് സന്നിവേശിക്കപ്പെട്ടത്.
വിസ്തൃതിയും ഉല്‍പാദനവും
ഉഷ്ണമേഖലയിലുള്ള വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊക്കോ കൃഷിചെയ്യുന്നത്. ഇതില്‍ ആഫ്രിക്കന്‍ രാജ്യമായ കോട്ട്ഡി ഐവോര്‍ത്ത് ആണ് കൊക്കോയുടെ ലോകവ്യാപാരത്തില്‍ അമേരിക്കന്‍ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തിന്‍റെ ആകെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ എങ്ങും തന്നെയില്ല. കൊക്കോയുടെ പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ വരുന്നത് ഉഷ്ണമേഖലാ പ്രദേശത്തുനിന്നാണെങ്കിലും മിതോഷ്ണമേഖലയിലെ രാജ്യങ്ങളില്‍ നിന്നുമാണ്.
ഭാരതത്തില്‍ കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊക്കോ കൃഷി ചെയ്യുന്നത്. 1998-99ലെ കണക്കനുസരിച്ച് 14,193 ഹെക്ടറില്‍നിന്നുള്ള ഉല്‍പ്പാദനം 5,562 ടണ്ണും ശരാശരി ഉല്‍പ്പാദനക്ഷമത ഒരു ഹെക്ടറില്‍നിന്നും 560 കിലോയുമാണ്. ഭാഗികമായ തണല്‍ ആവശ്യമുള്ളതുകൊണ്ടുതന്നെ ജലസേചന സൗകര്യമുള്ള തെങ്ങിന്‍തോപ്പുകള്‍ക്കും കവുങ്ങിന്‍തോപ്പുകള്‍ക്കും യോജിച്ച ഒരു ഇടവിളയാണ് കൊക്കോ.
പരമ്പരാഗതമായി കൊക്കോ കൃഷിചെയ്യുന്ന പ്രദേശങ്ങള്‍ കൂടാതെ ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, പോണ്ടിച്ചേരി, ഒറീസ്സ, പശ്ചിമ ബംഗാള്‍ എന്നിവിടെയും കൊക്കോ കൃഷിക്കു വലിയ സാധ്യതയുണ്ട്. വര്‍ഷത്തില്‍ 9.7 കോടി രൂപവരെ (1997-98) വിദേശ നാണ്യം നേടിത്തരുവാന്‍ കഴിവുള്ള വലിയ കയറ്റുമതി സാധ്യതയുള്ള കൊക്കോ ഉല്‍പ്പന്നങ്ങളാണ് ചോക്കലേറ്റുകള്‍, മധുരപലഹാരങ്ങള്‍, കൊക്കോ, വെണ്ണ, കൊക്കോ പൊടി തുടങ്ങിയവ. വര്‍ധിക്കുന്ന ആവശ്യമനുസരിച്ച് ഇന്ത്യയിലെ കൊക്കോ ഉല്‍പാദനത്തിന്‍റെ ഗതിവേഗത്തില്‍ മാറ്റമില്ലെന്നു മാത്രമല്ല, വര്‍ഷം തോറും ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കൂടിവരികയുമാണ്. രാജ്യത്തിനകത്തുനിന്നുള്ള ഉല്‍പ്പാദനം നമ്മുടെ ആവശ്യങ്ങള്‍ക്കു തികയാതെ 1995 മുതല്‍ വരുന്നതുമൂലം വ്യവസായസ്ഥാപനങ്ങള്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൊക്കോയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരത്തെക്കുറിച്ച് 2000-ല്‍ ഒരു പഠനം നടത്തിയപ്പോള്‍ 10,000 ടണ്ണിന്‍റെ കുറവാണ് കാണാന്‍ കഴിഞ്ഞത്.
സസ്യശാസ്ത്രം
കൊക്കോ (തിയോബ്രോമ കൊക്കാവോ) എന്ന ഇനം മാത്രമാണ് ഇതിന്‍റെ വിവിധ സ്പീഷീസുകളില്‍ വച്ചു കൃഷി ചെയ്യുന്നത്. സ്റ്റെര്‍ക്കുലേസിയേ കുടുംബത്തിലെ ഒരംഗമാണ് കൊക്കോ.
തീയോബ്രോമ എന്ന വാക്കിന് 'ദൈവത്തിന്‍റെ ഭക്ഷണം' എന്നാണ് അര്‍ത്ഥം. തിയോബ്രോമ ബൈകളര്‍, തി.ഗ്രാന്‍റിഫ്ളോറ എന്നിവയാണ് കൊക്കോയുടെ അറിയപ്പെടുന്ന മറ്റ് രണ്ട് സ്പീഷീസുകള്‍. പൂങ്കുലകള്‍ പുതിയ ഇലകളുടെ കവരകളില്‍ ഉണ്ടാകുകയും, കായ്കള്‍ പാകമാകുന്നതോടെ ശിഖരങ്ങള്‍ താഴോട്ടു ചായുന്നതും തിയോബ്രോമ ബൈകളറിന്‍റെ പ്രത്യേകതകളാണ്. ഇവയുടെ വിത്ത് മായം ചേര്‍ക്കുവാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൃഷി ചെയ്യുന്ന ഇനമായ തിയോബ്രോമ കക്കാവോയ്ക്കു കാണ്ഡത്തില്‍ മേല്‍തന്നെ ഉണ്ടാകുന്ന പൂങ്കുലകളാണുള്ളത്.
ക്രോമസോം സംഖ്യ 2n=20 ആയ തിയോബ്രോമ കൊക്കാവോയെ വീണ്ടും രണ്ട് സബ് സ്പീഷീസുകളായി തരംതിരിച്ചിട്ടുണ്ട്. മധ്യവടക്കേ അമേരിക്കയിലെ ക്രയോളോ ഗണം ഉള്‍പ്പെടുന്ന തി. കൊക്കാവോ ssp കൊക്കാവോയും; ഫൊറാസ്റ്റിറോ, ട്രീനിറ്റാരിയോ എന്നീ ഗണങ്ങള്‍ ഉള്‍പ്പെടുന്ന തി. കൊക്കാവോ ssp സ്ഫീറോ കാര്‍പ്പയും ആണിവ.
വളര്‍ച്ചാരീതി
സാധാരണയായി 6-8 മീറ്റര്‍ (ചിലപ്പോള്‍ 12-14 മീ. വരെ) ഉയരം വരുന്ന ഒരു ചെറിയ മരമാണ് കൊക്കോ.
വേരുപടലം
നല്ല വായുസഞ്ചാരമുള്ള മണ്ണില്‍ മരത്തിന്‍റെ തായ്വേരുകള്‍ 2 മീറ്റര്‍ ആഴത്തില്‍ താഴേക്കു വളരാന്‍ കഴിവുള്ളവയാണ്. എന്നാല്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളിലും ഇളക്കമില്ലാത്ത തറഞ്ഞ മണ്ണിലും വേരിന്‍റെ വളര്‍ച്ച കുറവാണ്. തായ്വേരും കാണ്ഡവും ചേരുന്ന ഭാഗത്തു പ്രത്യേകമായ പട്ടതന്നെയുണ്ട്. ഇതിനു തൊട്ടുതാഴെയാണ് മേല്‍മണ്ണില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ആഗീകരണ വേരുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മേഖല (വെള്ളവും വളവുമെല്ലാം വലിച്ചെടുക്കുന്ന ചെറുവേരുകള്‍ ഉള്ള ഭാഗം) കാണുന്നത്. അനുകൂല സാഹചര്യങ്ങളില്‍ ഈ വേരുപടലം 15-20 സെ.മീ. വരെ ആഴത്തില്‍ കാണും. മേല്‍ഭാഗത്തുള്ള വേരുപടലം ആകയാല്‍ തീരെ ആഴമില്ലാത്ത സ്ഥലത്തും മേല്‍മണ്ണില്‍ വച്ചുനടക്കുന്ന കൃഷിപ്പണികളും മരത്തിനു ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.
രണ്ടു തരത്തിലുള്ള ശിഖരങ്ങളുണ്ടാക്കുന്ന ഒരു മരമാണ് കൊക്കോ. തൈ വളര്‍ന്നുണ്ടാകുന്ന പ്രധാന തായ്മരം (ചുപ്പോണ്‍) 1-2 മീ. ഉയരത്തില്‍വരെ വളരുന്നു. അതിനുശേഷം അഗ്രം വിഘടിച്ചു മൂന്നുമുതല്‍ അഞ്ചു വരെ ശാഖകള്‍ ഉണ്ടാകുന്നു. ഇവയില്‍നിന്നും തിരശ്ചീനമായി വളരുന്ന (പ്രലാജിയോ ട്രോപ്പിക് ഫാന്‍) ശിഖരങ്ങള്‍ ഉണ്ടാകുന്നു. പ്രധാന ശിഖരം വിഘടിച്ച് ശാഖകളായി തിരിയുന്ന ഭാഗത്തെ ജോര്‍ക്വറ്റ് എന്നു വിളിക്കുന്നു. പിന്നീട് ഈ ജോര്‍ക്വറ്റിന് തൊട്ടുതാഴെനിന്നും നേരേ മുകളിലേക്കു രണ്ടാമത്തെ തട്ടിനുള്ള ചുപ്പോണ്‍ ശിഖരം വളരുന്നു. ഈ ചുപ്പോണുകള്‍ ഫാന്‍ ശിഖരങ്ങള്‍ക്ക് ഇടയിലൂടെ വളര്‍ന്നു വീണ്ടും വിഘടിച്ച് അടുത്ത തട്ട് (ജോര്‍ക്വറ്റ്) ഉണ്ടാക്കും. അങ്ങനെ രണ്ടാമത്തെ തട്ടിലായി വശങ്ങളിലേക്കുള്ള ശാഖകള്‍ വളരുന്നു.
ഇത്തരത്തില്‍ അനേകം ചുപ്പോണുകള്‍ ഉണ്ടാകുകയും ഓരോന്നും ഓരോ നില ശിഖരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ജോര്‍ക്വറ്റിനു താഴെയുള്ള ചുപ്പോണുകള്‍ തായ് തടിയുമായി രൂപത്തില്‍ സാമ്യമുള്ളതും വളര്‍ച്ച അഥവാ ഉയരം നിശ്ചയിക്കപ്പെട്ടതും ആയിരിക്കും (determinate). എന്നാല്‍ ജോര്‍ക്വറ്റില്‍നിന്നും പുറപ്പെടുന്ന ഫാന്‍ ശിഖരങ്ങള്‍ അനന്തമായി വളരുന്ന (Indetterminate) ഫാന്‍ ശിഖരങ്ങള്‍ തന്നെ ഉല്‍പ്പാദിപ്പിക്കും. ചുപ്പോണില്‍ 3/8 പിരികളിലായാണ് ഇലകള്‍ കാണുന്നതെങ്കില്‍ ഒന്നിടവിട്ട രീതിയിലാണ് ഫാന്‍ ശിഖരങ്ങളില്‍ ഇല കാണുന്നത്. കൊമ്പു കോതുമ്പോഴോ മറ്റ് മുറിവുണ്ടാകുമ്പോഴോ ഫാന്‍ ശിഖരങ്ങളില്‍നിന്നും മുകളിലേക്കു വളരുന്ന ചുപ്പോണുകള്‍ ഉണ്ടാകാറുണ്ട്. കായിക പ്രവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നത് ഫാന്‍ ശിഖരങ്ങളോ ചുപ്പോണുകളോ എന്നതിനെ ആശ്രയിച്ചിരിക്കും മരത്തിന്‍റെ വളര്‍ച്ചാ രീതി. രണ്ടിലും പൂക്കളും കായ്കളും ഉണ്ടാകും.
ഇലകള്‍
കടും പച്ചനിറത്തിലുള്ള മൂപ്പെത്തിയ ഇലകള്‍ വലുതും ഒരു ഇതള്‍ മാത്രമുള്ളവയുമാണ്. ഇലഞെട്ട് 1-4 സെ.മീ. നീളമുള്ളതും ചുപ്പോണിലുള്ള ഇലഞെട്ട് നീളം കൂടി രോമാവൃതവുമാണ്. ഇലയുടെ ഞെട്ട് കമ്പിയോട് ചേരുന്ന ഭാഗം വീര്‍ത്തിരിക്കുന്നു (Pulvinus). അടിഭാഗം പരന്ന് അഗ്രഭാഗം കൂര്‍ത്ത് രോമാവൃതമായ അനുപര്‍ണ്ണങ്ങള്‍ വേഗത്തില്‍ കൊഴിയുന്നു. അടിഭാഗം ഉരുണ്ട്, അഗ്രഭാഗം കൂര്‍ത്തിരിക്കുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പത്രഫലകത്തിനു നല്ല മിനുസമുണ്ട്.
ഫാന്‍ ശിഖരങ്ങളില്‍ തുടര്‍ച്ചയായ കൂട്ടത്തോടെയാണ് പുതിയ നാമ്പും ഇലകളും ഉണ്ടാക്കുന്നത്. അഗ്രമുകുളം 3-4 ഇലകള്‍ ഉല്‍പ്പാദിപ്പിച്ച് വേഗത്തില്‍ വളരുന്നു. മാര്‍ദ്ദവമുള്ള ഈ ഇലകള്‍ക്ക് ഇളംപച്ച നിറമോ ചുവപ്പുനിറമോ ആണ്. ഇവ ആദ്യം കുത്തനെ തൂങ്ങിക്കിടക്കുകയും മൂപ്പെത്തുന്നതോടെ നിവരുകയും ചെയ്യും. പുതുനാമ്പുകള്‍ വിരിഞ്ഞശേഷവും അഗ്രമുകുളം കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം കൂടി സുഷുപ്താവസ്ഥയില്‍ ഇരിക്കും. ഇതിനുശേഷം വീണ്ടും പുതിയ തളിരിലകള്‍ ഉണ്ടാക്കുന്നു. പുതിയ നാമ്പുകളും ഇലയും ഉണ്ടാകുമ്പോള്‍ ആവശ്യമായ പോഷകങ്ങള്‍ക്കു താഴെയുള്ള ഇലകളില്‍നിന്നും സംവേദനം വഴി ലഭ്യമാകുന്നു.
പൂങ്കുല
കൊക്കോ മരം കോളിഫ്ളോറസാണ്. അതായത് പൂക്കളും കായ്കളും പ്രധാന തായ്ത്തടിയിലും ഫാന്‍ (പാര്‍ശ്വ) ശിഖരങ്ങളിലുമാണ് ഉണ്ടാകുന്നത്. പുതിയ നാമ്പുകളിലോ ചെറുശിഖരങ്ങളിലോ അല്ല. കക്ഷമുകുളത്തില്‍നിന്നും (axillary bud) വരുന്ന ചെറിയ ഞെട്ടില്ലാത്ത ഇലകളാണ് പ്രൊഫില്ലുകള്‍ (Prophylls). ഇവയുടെ കവരയില്‍ നിന്നുമാണ് ശാഖകള്‍ കുറഞ്ഞ ഡൈക്കേഷ്യല്‍ സൈം ഇനത്തില്‍ (dichasial cyme) പെട്ട ഞെരുങ്ങിയ പൂങ്കുല ഉണ്ടാകുന്നത്. മുറ്റിയ തടിയുടെ തൊലിപ്പുറത്തുള്ള ചെറിയ മുഴകള്‍പോലുള്ള ഭാഗത്തു പുഷ്പങ്ങള്‍ ഉണ്ടാകുന്നു. ഈ ചെറിയ മുഴകളെ കുഷന്‍ എന്നു വിളിക്കുന്നു. ഇതില്‍ ഒരു സീസണില്‍ 50 പുഷ്പങ്ങള്‍ വരെ ഉണ്ടാകും. പൂക്കുലത്തണ്ടും (Peduncle) കവചവും (bract) രോമാവൃതമാണ്. പൂങ്കുലയ്ക്ക് വിച്ചസ് ബ്രൂം (Witche's broom) എന്ന രോഗം ബാധിക്കുമ്പോള്‍ കുഷന്‍ വളര്‍ന്ന് ഇലകളോടുകൂടിയ തണ്ടായോ മാറുന്നു.
പൂക്കള്‍
അഞ്ച് ദളങ്ങളുള്ള ദ്വിലിംഗ പുഷ്പങ്ങളാണ് കൊക്കോയുടേത്. 1-2 സെ.മീ. നീളം വരുന്ന പച്ചയോ വെള്ളയോ ചുവന്നതോ ആയ പൂഞെട്ടില്‍ അങ്ങിങ്ങു രോമങ്ങളുണ്ട്. പൂഞെട്ട് കൊഴിഞ്ഞു പോകുന്ന വളയ ഭാഗത്ത് (abscision layer) അടുത്തായി ഇടുങ്ങിയ ഒരു ഭാഗമുണ്ട്. പൂക്കളില്‍ പിങ്കോ/വെളുപ്പോ നിറത്തോടുകൂടിയ ത്രികോണാകൃതിയിലുള്ള മാംസളമായ 5 വിദളങ്ങള്‍ വാല്‍വേറ്റ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദളങ്ങള്‍ക്ക് അടിഭാഗം വീതി കുറവും മുകളറ്റത്ത് കപ്പിന്‍റെ ആകൃതിയിലുള്ള സഞ്ചിയും ഉണ്ട്. ഈ സഞ്ചി വീതിയുള്ള ഒരു അഗ്രത്തോടുകൂടി അവസാനിക്കുന്നു.
ബാഹിക മണ്ഡലത്തില്‍ 5 വന്ധ്യകേസരങ്ങളും ആന്തരിക മണ്ഡലത്തില്‍ 5 കേസരങ്ങളും യോജിച്ച് ഒരു ചെറിയ കുഴലായി രൂപപ്പെട്ടിരിക്കുന്നു. കുത്തനെ നില്‍ക്കുന്ന കൂര്‍ത്ത വന്ധ്യകേസരങ്ങള്‍ക്കു പര്‍പ്പിള്‍ നിറത്തോടുകൂടിയ മധ്യഭാഗവും വെളുത്ത് രോമാവൃതമായ അരികും ഉണ്ട്. ഇത് പരാഗണ സ്ഥലത്തിനു ചുറ്റുമായി കാണുന്ന ദളങ്ങള്‍ക്കു വിപരീതമായി നില്‍ക്കുന്ന പുഷ്കല കേസരങ്ങള്‍ക്കു പൂമ്പൊടി വഹിക്കുന്ന നാല് സഞ്ചികളുണ്ട്. ഇവ നെടുകെ പിളര്‍ന്നാണ് പൂമ്പൊടി പുറത്തു വരുന്നത്. കേസരങ്ങള്‍ ദളത്തിന്‍റെ സഞ്ചിപോലുള്ള ഭാഗത്ത് മറഞ്ഞിരിക്കാന്‍ വേണ്ടി തന്തകം താഴോട്ട് വളഞ്ഞിരിക്കുന്നു. ഒരു കേന്ദ്ര അക്ഷത്തിനു ചുറ്റുമായി കാണുന്ന 5 അണ്ഡപര്‍ണ്ണങ്ങളും അനേകം അണ്ഡങ്ങളുമുള്ള അണ്ഡാശയം ഊര്‍ധ്വര്‍ത്തിയാണ് (Superior ovary). പരാഗണസ്ഥലം ഭാഗകമായി മുറിഞ്ഞിരിക്കുന്നതും 5 ശാഖകളോട് കൂടിയതുമാണ്. ചുറ്റുമുള്ള വന്ധ്യകേസരങ്ങളെ അപേക്ഷിച്ച് ഈ ലോബുകള്‍ ചെറുതാണ്.
പഴം/കായ്
കൊക്കോയുടെ കായിനെ പോട് (Pod) എന്നാണ് അറിയപ്പെടുന്നത്. 10-32 സെ.മീ. വരെ നീളം വരുന്ന ഇത് പല വലിപ്പത്തിലും ഉണ്ടാകാം. ഏകദേശം ദീര്‍ഘവൃത്താകൃതിയുള്ള ഈ കായ് കൂര്‍ത്തതോ/ഉരുണ്ടതോ മാര്‍ദ്ദവമുള്ളതോ/പരുപരുത്തതോ ആകാം. 5-10 വരെ തിട്ടുകളോ ചാലുകളോ (Ridges and furrows) ഇവയുടെ പ്രതലത്തില്‍ കാണാറുണ്ട്. വെള്ള/പച്ച/ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞയോ ചുവന്നതോ പര്‍പ്പിള്‍ നിറത്തിലുള്ളതോ ആകുന്നു. കായുടെ പുറംതൊണ്ട് സാധാരണയായി മാംസളവും മധ്യകഞ്ചുകം വിവിധ അളവില്‍ ലിഗ്നിന്‍റെ നിക്ഷേപം ഉള്ളതുമാണ്. ബീജസങ്കലനത്തിനുശേഷം 4-5 മാസത്തെ വളര്‍ച്ചകൊണ്ട് കായ്കള്‍ പൂര്‍ണമായ വലിപ്പമെത്തുകയും പിന്നീട് ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ് പാകമായെന്നു മനസ്സിലാക്കുന്നത്.
വിത്ത്
ബീന്‍സ് (beans) എന്നു വിളിക്കുന്ന വിത്തുകള്‍ ഒരു കായയില്‍ 20-60 എണ്ണം വരെ ഉണ്ടാകും. ഫെറാസ്റ്റിറോ ഇനത്തില്‍ ക്രയോളയേക്കാള്‍ കൂടുതല്‍ ബീന്‍സ് ഉണ്ടായിരിക്കും. അഞ്ച് നിരകളിലായി അടുക്കി വച്ചിരിക്കുന്ന ഈ വിത്തുകള്‍ക്കു പല വലിപ്പമാണ് ഉണ്ടാകുക. ദീര്‍ഘ വൃത്താകൃതിയിലുള്ള ഇവയ്ക്കു വെള്ള മുതല്‍ കടുത്ത പര്‍പ്പിള്‍ നിറം വരെയുള്ള ബീജപത്രങ്ങള്‍ (പരിപ്പ്) ഉണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു വിത്തില്‍ 2 വലിയ ബീജപത്രവും ഒരു ചെറിയ ബീജാങ്കുരവും ആന്തരിക കഞ്ചുകത്തിന്‍റെയും ബീജാങ്കുരത്തിന്‍റെയും കനം കുറഞ്ഞ പാടയുമാണ് (testa) ഉണ്ടായിരിക്കുക. പഴുത്ത കായ്കള്‍ മരത്തില്‍നിന്നും അടര്‍ന്നു വീഴുകയോ കായ് പൊട്ടി വിത്ത് പുറത്തുവരികയോ ചെയ്യുന്നില്ല. അണ്ണാന്‍, കുരങ്ങുകള്‍, എലികള്‍ എന്നിവ വഴിയാണ് സ്വാഭാവികമായി വിത്തിന്‍റെ വ്യാപനം നടക്കുന്നത്. ഈ ജന്തുക്കള്‍ കായ്കളുടെ തൊണ്ട് കരണ്ടു മുറിച്ചു വിത്തിനെ പൊതിഞ്ഞ മധുരമുള്ള മാംസളഭാഗം തിന്നശേഷം രുചിയില്ലാത്ത വിത്ത് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുന്നു.
പരാഗണം
അനേകം ചെറുപ്രാണികള്‍ കൊക്കോയുടെ പരാഗണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫോര്‍സിപ്പോറിയജിനസില്‍ വരുന്ന പേന്‍ പോലുള്ള മിഡ്ജുകളാണ്. ഉറുമ്പ്, മുഞ്ഞ, പഴയീച്ച തുടങ്ങി അനേകം പ്രാണികളെയും കൊക്കോയുടെ പുഷ്പത്തില്‍ കാണാറുണ്ട്.
വര്‍ഗ്ഗീകരണം
വെനിസുലിയന്‍ നാമങ്ങളെ ആസ്പദമാക്കി, പൊതുവെ അംഗീകരിച്ചിരിക്കുന്ന വര്‍ഗ്ഗീകരണത്തില്‍ കൊക്കോയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 1. ക്രയോളോ 2. ഫൊറാസ്റ്റിറോ 3. ട്രിനിറ്റാരിയോ.
ക്രയോളോ:
പാകമാകുമ്പോള്‍ മഞ്ഞയോ ചുവപ്പോ നിറത്തോടുകൂടിയ കായ്കളില്‍ സാധാരണയായി 10 ചാലുകള്‍ (Furrows) വരെ കാണാറുണ്ട്. ഉപരിതലം പരുപരുത്ത ഇവയുടെ അറ്റം കൂര്‍ത്തതും തൊലി കനം കുറഞ്ഞതുമാണ്. അതുകൊണ്ട് കൈകൊണ്ട് ഞെക്കിയാല്‍ പോലും കായ് ഞെങ്ങിപ്പോകും. വിത്ത് വലുതും മാംസളവും ഏകദേശം വൃത്താകൃതിയോടു കൂടിയതുമാണ്. ബീജപത്രങ്ങള്‍ വെളുത്തതോ ഇളംവയലറ്റ് നിറത്തോടു കൂടിയതോ ആണ്. ക്രയോള ബീന്‍സുകള്‍ (കുരു) വേഗത്തില്‍ പുളിക്കുമെങ്കിലും വിളവ് താരതമ്യേന കുറവാണ്. ഏറ്റവും നല്ല കൊക്കോ ഇനമാണ് ക്രയോള. ഇതിന്‍റെ ലോകവിപണിയില്‍ ലഭ്യത വളരെ കുറവാണ്. ശിഖരങ്ങള്‍ക്കു ബലവും ജോര്‍ക്വറ്റുകളും ക്രയോളോക്കു കുറവാണ്. ഉണ്ടെങ്കില്‍ തന്നെ ചെറിയ ഇലകളോടുകൂടിയ ശരാശരി 3 ഫാന്‍ ശിഖരങ്ങളേ ഉണ്ടാകാറുള്ളൂ. കൊക്കോ സ്വള്ളന്‍ ഷൂട്ട് വൈറസ് (Furrows coco swallen shoot virus) വിച്ചസ് ബ്രൂം, ബാര്‍ക്ക് കാങ്കര്‍ എന്നീ രോഗങ്ങള്‍ ക്രയോളോ കൊക്കോയെ എളുപ്പത്തില്‍ ബാധിക്കാറുണ്ട്. ക്രയോളോയെ പൊതുവായി രണ്ടായി തരംതിരിക്കാം. 1. മധ്യ അമേരിക്കന്‍ ക്രയോള: പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുന്നതോടെ മഞ്ഞ നിറമാകുന്നു. വെനിസ്വലിയന്‍ ക്രയോളോ; കായയുടെ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഈ ഇനത്തിന്‍റെ മരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം കാണുന്നു. ഇവയുടെ പാകമായ കായ്കള്‍ ചുവപ്പു നിറത്തിലായിരിക്കും.
ഫൊറസ്റ്റിറോ
കൃഷി ചെയ്യുന്നതും ഭാഗികമായും പൂര്‍ണമായും വന്യവുമായ അനേകം കൊക്കോഗണങ്ങള്‍ ഫൊറസ്റ്റിറോയില്‍ വരും. ഇതില്‍ തന്നെ അലൈണാഡോ എന്ന ഗണമാണ് ഏറ്റവും വ്യാപകമായി വളര്‍ത്തുന്നത്. വെളുത്തതോ പച്ചയോ ആയ കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. വ്യക്തമല്ലാത്ത തിട്ടുകളോടും ചാലുകളോടും കൂടിയ ഇവയുടെ പ്രതലം മൃദുലവും അഗ്രഭാഗം കൂര്‍ത്തതുമാണ്. കായുടെ തൊലിക്കു നല്ല കട്ടിയുണ്ട്. വിത്തുകള്‍ പരന്നതാണ്. നല്ല നിറമുള്ള ബീജപത്രങ്ങള്‍ക്കു പരിച്ഛേദത്തില്‍ ഇരുണ്ട വൈലറ്റ് നിറമാണ്. ചവര്‍പ്പുള്ള ഒരു ഉല്‍പന്നമാണ് ഇതില്‍നിന്നും ലഭിക്കുന്നത്. ക്രയോളോയെ അപേക്ഷിച്ച് ഫൊറാസ്റ്റിറോ തഴച്ചു വളരുന്നതും കൂടുതല്‍ വിളവ് തരുന്നതും കരുത്തുറ്റതുമായ ഇനമാണ്.
ട്രിനിറ്റാരിയോ
ക്രയോളോയുടെയും ഫൊറാസ്റ്റിറോയുടെയും സ്വാഭാവിക സങ്കരഫലമായുണ്ടായ സങ്കര ഇനമാണ് ട്രിനിറ്റാരിയോ. ഭിന്ന സ്വഭാവങ്ങള്‍ കാണിക്കുന്ന ഇവ തമ്മില്‍ ബാഹ്യരൂപത്തിലും ശാസ്ത്രപരമായും അനേകം വ്യത്യാസങ്ങളുണ്ട്. മൂപ്പെത്താത്ത കായ്കള്‍ വെള്ള, പച്ച, ചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. ഇവ തമ്മില്‍ ആകൃതിയിലും പുറന്തോടിന്‍റെ കനത്തിലും വ്യത്യാസമുണ്ട്. മൃദുലമായതു മുതല്‍ പരുപരുത്തതുവരെയുള്ള പ്രതലങ്ങള്‍ വരെ കായ്കളില്‍ കാണാം. ബീന്‍സുകള്‍ വീര്‍ത്തതോ പരന്നതോ ആണ്. വെളുപ്പ് മുതല്‍ കറുപ്പുവരെ നിറഭേദങ്ങള്‍ ബീജപത്രങ്ങള്‍ക്കുണ്ട്. ട്രിനിറ്റാരിയോ വര്‍ഗ്ഗം ക്രയോളോയെ അപേക്ഷിച്ച് ഏതു പ്രതികൂല കാലാവസ്ഥയേയും നേരിടുവാന്‍ കെല്‍പ്പുള്ളതും കൂടുതല്‍ ഉല്‍പ്പാദനക്ഷമവുമാണ്. നല്ല ക്ലോണുകളില്‍ ആമസോണിയന്‍ ഇനങ്ങളുടെ കരുത്തും ക്രയോളയോയുടെ നല്ല ഗുണങ്ങളും ചേര്‍ന്നിട്ടുണ്ടെങ്കില്‍ മറ്റു ചില ക്ലോണുകള്‍ വളരെ താണ നിലവാരവും കാണിക്കുന്നുണ്ട്.
മണ്ണ്
പലതരം മണ്ണില്‍ കൊക്കോ വളരെ വിജയകരമായി വളര്‍ത്താം. ഫലഭൂയിഷ്ഠമായ, വെള്ളം കെട്ടിനില്‍ക്കാത്ത, അമ്ലാവസ്ഥയ്ക്കും നിഷ്പക്ഷാവസ്ഥയ്ക്കും (natural) ഇടയിലുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. കുറഞ്ഞത് 1.5 മീ. എങ്കിലും മണ്ണിനു താഴ്ച ഉണ്ടാകണം. പരുപരുത്ത മണല്‍ നിറഞ്ഞ മണ്ണ് ഇവയ്ക്കനുയോജ്യമല്ല. ഇന്ത്യയില്‍ കൊക്കോ കൃഷി ചെയ്യുന്ന മണ്ണ് ജലഗ്രഹണശേഷിയിലും ഫലഭൂയിഷ്ഠിതയിലും വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ ശരിയായ ജലസേചനം, വളപ്രയോഗം എന്നിവ കൃഷിയെ ലാഭകരമാക്കും.
കാലാവസ്ഥ
സമുദ്രനിരപ്പില്‍നിന്നും 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കൊക്കോ വളരുന്നത്. ശക്തമായ കാറ്റ്, വരള്‍ച്ച, അന്തരീക്ഷ ഊഷ്മാവില്‍ പെട്ടെന്ന് ഉണ്ടാകുന്ന തണുപ്പ് എന്നിവ ഇവയ്ക്കു താങ്ങാനാവില്ല. താപനില 100C നും-380C നും ഇടയിലുള്ള പ്രദേശങ്ങളില്‍ കൊക്കോ നന്നായി വളരും. 100-150 സെ.മീ. എങ്കിലും വാര്‍ഷിക വര്‍ഷപാതം ക്രമമായ രീതിയില്‍ ലഭിക്കേണ്ടത് ആവശ്യമാണ്.
പൊരുത്തമില്ലായ്മ (Incompatibality)
ഒരേ ചെടിയില്‍നിന്നുള്ള പൂമ്പൊടി വഴിയോ (self incompatibility) മറ്റ് ചെടിയില്‍നിന്നുള്ള പൂമ്പൊടി വഴിയോ (cross imcompatibility) കായ്പിടിക്കാതെ വരുന്ന അവസ്ഥയാണ് പൊരുത്തമില്ലായ്മ. ഇതില്‍ സ്വയം പൊരുത്തമില്ലായ്മ (self incompatibility) കൊക്കോയില്‍ കണ്ടുവരുന്നു. പരാഗമാണെങ്കില്‍ കൂടി കൊക്കോയില്‍ പരാഗനാളത്തിന്‍റെ വളര്‍ച്ച സാധാരണ ഗതിയിലാണ്. ഈ ഇനത്തിന്‍റെ അണ്ഡവുമായി കേസരം യോജിക്കുന്നില്ല. ബീജസങ്കലനം നിയന്ത്രിക്കുന്ന അലീലുകള്‍ ഇവിടെ പ്രകടസ്വഭാവമോ (dominet character) സ്വതന്ത്ര അപവ്യൂഹനമോ (Independent interaction) കാണിക്കുന്നു. പരാഗണം നടക്കുന്ന മരങ്ങളുടെ ജനിതക ഘടനയനുസരിച്ച് ബീജങ്ങള്‍ തമ്മിലുള്ള സംയോഗം കാല്‍ഭാഗമോ പകുതിയോ പൂര്‍ണമായോ നടക്കാതിരിക്കാം. കാല്‍ ഭാഗമെങ്കിലും ബീജസങ്കലനം നടക്കാതിരുന്നാല്‍ പോലും പൂവ് കൊഴിയും. അണ്ഡാശയം പിന്നീട് വളരുന്നില്ല. കൊക്കോയിലെ ബീജങ്ങളുടെ സംയോഗത്തെ നിയന്ത്രിക്കുന്ന ഒരു ജനിതക സംവിധാനം തന്നെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് അലീലുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഈ അലീലുകള്‍ കൊക്കോ ഇനങ്ങളിലെ സ്വയം പരാഗണത്തെയും പരപരാഗണത്തെയും നിയന്ത്രിക്കുന്നു.
Sa=Sb=Sc>Sd>Sf
ആമസോണ്‍ ഇനങ്ങളെല്ലാം സ്വയംപരാഗണത്തിലൂടെയും പരപരാഗണത്തിലൂടെയും വിജയകരമായി കായ് പിടിക്കുന്നവയാണ്. എന്നാല്‍ അമലാനാഡോ വര്‍ഗത്തില്‍ പൂര്‍ണമായും സ്വയംപരാഗണത്തിലൂടെ മാത്രമേ കായ്പിടിത്തം നടക്കുന്നുള്ളൂ. ഇവയില്‍ സെല്‍ഫ് ഇന്‍കോമ്പാറ്റിബിളായ ഇനങ്ങളുമായി പരാപരാഗണം നടക്കുന്നില്ല. എന്നാല്‍ സ്വയംപരാഗണത്തില്‍ വിജയിക്കുന്ന ഇനങ്ങളില്‍നിന്നും പൂമ്പൊടി സ്വീകരിക്കുകയും ചെയ്യും.
കൊക്കോയിലെ ജനിതക പഠനത്തിനും സങ്കരവിത്ത് ഉല്‍പ്പാദനത്തിനും സ്വയംപരാഗണം പരാജയപ്പെടുന്ന അവസ്ഥയ്ക്കു വലിയ പ്രാധാന്യമുണ്ട്. മാതൃസസ്യമോ പിതൃസസ്യമോ സ്വയംപരാഗണത്തില്‍ പരാജയപ്പെടുന്നു എങ്കില്‍ സങ്കരവിത്തിന്‍റെ ഉല്‍പ്പാദനം നടത്തുന്നതിന് ഇതേ വര്‍ഗത്തിലുള്ള മരങ്ങളില്‍നിന്നും നിശ്ചിത ദൂരപരിധിയില്‍ പരപരാഗണ സാധ്യതയുള്ള ഇനങ്ങള്‍ വളര്‍ത്തണം. പരാഗണം വിജയിക്കുന്ന ചെടികള്‍ക്ക് ഇടയ്ക്കായി സ്വയംപരാഗണം നടക്കാത്ത ഇനങ്ങള്‍ വരിയായി നടേണ്ടതാണ്. സ്വയംപരാഗണം നടക്കാത്ത വരിയിലെ ചെടിയില്‍നിന്നും ലഭിക്കുന്ന വിത്ത് തീര്‍ച്ചയായും പരപരാഗണം നടന്ന സങ്കരവിത്തായിരിക്കും. മാതൃവൃക്ഷവും പിതൃവൃക്ഷവും സ്വയംപരാഗണം നടക്കാത്തതാണെങ്കില്‍ എല്ലാ കായ്കളും വിത്ത് ശേഖരണത്തിന് ഉപയോഗിക്കാം.
ജനിതക വൈവിധ്യശേഖരം/സസ്യശേഖരം
രണ്ട് നൂറ്റാണ്ടിലധികമായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്ന കൊക്കോ അതിന്‍റെ ജന്മനാടായ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറേ അമേരിക്ക, ഫാര്‍ ഈസ്റ്റ്, ഓഷേനിയ എന്നിവിടങ്ങളിലേക്കു വ്യാപിക്കപ്പെട്ടിട്ടുണ്ട്. മിതോഷ്ണമേഖലയിലെ തന്നെ ഒരു പ്രധാന വിളയാണ് കൊക്കോ. വളരെ ചെറിയ ജനിതക അടിത്തറയുള്ള ഇനങ്ങളില്‍നിന്നും വ്യവസായികാടിസ്ഥാനത്തില്‍ നടീല്‍വസ്തുക്കള്‍ എടുക്കുന്നത് കൊക്കോയുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ കാരണമാകുന്നു. ജനിതക അടിത്തറയുള്ള ഇനങ്ങളില്‍നിന്നും വ്യവസായികാടിസ്ഥാനത്തില്‍ നടീല്‍വസ്തുക്കള്‍ എടുക്കുന്നതു കൊക്കോയുടെ ഉല്‍പ്പാദനക്ഷമത കുറയാന്‍ കാരണമാകുന്നു. ജനിതക വൈവിധ്യം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് കാട്ടു കൊക്കോ ഇനങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍നിന്നും ശേഖരിക്കാനായി ശാസ്ത്രീയമായ സാഹസിക യാത്രകള്‍ വരെ നടത്തിയിട്ടുണ്ട്.
ഇങ്ങനെ ശേഖരിച്ച ലഭ്യമായ സസ്യശേഖരം മധ്യ വടക്കേ അമേരിക്കയിലെയും കരീബിയയിലേയും ദേശീയ-അന്തര്‍ദ്ദേശീയ ജനിതക സസ്യശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സെന്‍ട്രല്‍ അഗ്രോണമിക് ട്രോപ്പിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് എന്‍സെനാന്‍സ് (CATIE) കോസ്റ്റാറിക്ക, ഇന്‍റര്‍ നാഷണല്‍ കൊക്കോ ജീന്‍ ബാങ്ക് (ICG) ട്രിനിഡാഡ് എന്നിവിടങ്ങളില്‍ കൊക്കോയുടെ പ്രാഥമിക ശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ജനിതക ശാസ്ത്രജ്ഞന്മാര്‍ക്കു പരീക്ഷണങ്ങള്‍ക്കായി ലഭ്യമാണ്. ഇത്തരം അന്താരാഷ്ട്ര ജനിതക ശേഖരണ കേന്ദ്രങ്ങളില്‍നിന്നും ഉപഭോഗരാജ്യങ്ങളിലേക്കുള്ള കൈമാറ്റം നടത്തുന്നത് രണ്ടുവര്‍ഷത്തെ ക്വാറന്‍റൈന്‍ നിയമങ്ങളെ മുന്‍നിറുത്തിക്കൊണ്ടാണ്. ഇതിനുവേണ്ടി ബ്രിട്ടനിലെ റീഡിങ് സര്‍വ്വകലാശാലയിലെയും മോങ് പെല്ലിയര്‍ഫ്രാന്‍സിലെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കൊക്കോയില്‍ ദീര്‍ഘകാല ജനിതക പരീക്ഷണങ്ങള്‍ നടത്താനായി 1993-ല്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ഫോര്‍ ദി ജനിറ്റിക് ഇംപ്രൂവ്മെന്‍റ് ഓഫ് കൊക്കോ (INGENIC) സ്ഥാപിക്കുകയുണ്ടായി.
കൊക്കോ ജനിതകശേഖരത്തിലെ പ്രധാനപ്പെട്ട പിതൃലൈനുകള്‍
ഇന്ത്യയില്‍ കൊക്കോയുടെ ജനിതക സസ്യശേഖരം കൂടുതല്‍ പഠനങ്ങള്‍ക്കായി CPCPRI പ്രാദേശിക കേന്ദ്രമായ വിറ്റലിലും (137 ഇനങ്ങള്‍) കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലും (300 ഇനങ്ങള്‍) സൂക്ഷിച്ചിരിക്കുന്നു.
ഇപ്പോള്‍ എല്ലാ ജനിതക സസ്യശേഖര ഇനങ്ങളും കൃഷിയിടങ്ങളില്‍ തന്നെ തൈ ആയോ ക്ലോണുകളായോ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യമായ ക്ലോണല്‍ പ്രവര്‍ദ്ധനമാര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്‍റെ ഫലമായി വിവിധ കേന്ദ്രങ്ങളില്‍ ഈ ഇനങ്ങളുടെ പ്രവര്‍ദ്ധനത്തിനും രക്ഷയ്ക്കുമായി വലിയ തോതിലുള്ള ഗവേഷണങ്ങളാണ് നടക്കുന്നത്.
കൊക്കോയുടെ ജനികത ശേഖരം പുതിയ മെച്ചപ്പെട്ട ഇനങ്ങള്‍ ഉണ്ടാക്കുവാന്‍വേണ്ടി പലതരത്തില്‍ ഉപയോഗിക്കാറുണ്ട്.
ഇനങ്ങള്‍
ഇന്ത്യ, ഇന്തോനേഷ്യ, ട്രിനിഡാഡ്, കോസ്റ്ററൈക്ക എന്നിവിടങ്ങളില്‍ നിന്നുമായി ഉയര്‍ന്ന വിളവുതരുന്ന അനേകം ഇനങ്ങളും സങ്കരങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പ്രാദേശികവും വിദേശീയവുമായ ശേഖരങ്ങളില്‍നിന്നും ഏകസസ്യനിര്‍ദ്ധാരണം വഴി (Single plant selection) കേരള കാര്‍ഷിക സര്‍വ്വകലാശാല, കാഡ്ബറി കൊക്കോയുടെ സംയുക്ത ഗവേഷണപദ്ധതിയുടെ ഭാഗമായി 5 ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്ലാ ക്ലോണുകളും വാസ്കുലര്‍ സ്ട്രീക്ക് ഡൈ ബാക്ക് എന്ന രോഗത്തിനെതിരെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ളവയാണ്.
നീളമുള്ള വലിയ കായ്കള്‍, പച്ച ഇളംതോടുകള്‍ പഴുക്കുന്നതോടെ മഞ്ഞയാകുന്നു. അഗ്രഭാഗം മുനപോലെ കൂര്‍ത്തിരിക്കുന്നു. കായുടെ ഞെട്ടിനോടടുത്ത ഭാഗം ഇടുങ്ങിയതാണ്. ആഴത്തില്‍ തിട്ടുകളും ചാലുകളുമുള്ള ഇവയുടെ പ്രതലം പരുപരുത്തതാണ്. മരങ്ങളില്‍ സ്വയംപരപരാഗണം പരാജയപ്പെടുന്നു. പാകമായ കായിന്‍റെ തൂക്കം 526 ഗ്രാം, വിത്തിന്‍റെ തൂക്കം 4 ഗ്രാം വിത്തിന്‍റെ എണ്ണം 47, ഉണങ്ങിയ വിത്തുതൂക്കം 0.9 ഗ്രാം, ശരാശരി വിളവ് 78 കായ്, പരമാവധി വിളവ് 95 കായ്.
പ്രധാന ഇനങ്ങളായ DR1, DR2, DR 21. DR 35 എന്നിവ. കൊക്കോ മോത്ത് എന്ന കീടത്തിനെതിരെ പ്രതിരോധശേഷിയുള്ളതാണ്.
ICS 1, ICS 45, ICS 92 തുടങ്ങി ഉയര്‍ന്ന വിളവു തരുന്ന നിര്‍ദ്ധാരണങ്ങള്‍ വിച്ചസ് ബ്രൂമി (Witches broom) നെതിരെ വ്യത്യസ്ത അളവില്‍ സഹനശേഷി ഉള്ളവയാണ്.
സങ്കരങ്ങള്‍
CS-1, SCA-6, (ICS-1x SCA-6)xXCA-12; ICS-6xSCA-6, ICS-6xSCA-6)xSCA-TSH-999 തുടങ്ങിയവ ട്രോപ്പിക്കല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (ഉഷ്ണമേഖലാ ഗവേഷണകേന്ദ്രം) ട്രിനിഡാഡില്‍നിന്നും പുറത്തിറക്കിയ അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളാണ്. കോസ്റ്റാറിക്ക.
നാമ്പിന്മേലുള്ള മന്തുരോഗം (സ്വള്ളന്‍ ഷൂട്ട്) എന്ന രോഗത്തിനു പ്രതിരോധശേഷിയുള്ള ഇനങ്ങളാണ് UF 650, UF 667, UF 668 ഇവ.
ടിഷ്യൂ കള്‍ച്ചര്‍
പരമ്പരാഗത പ്രവര്‍ദ്ധന മാര്‍ഗങ്ങളോടൊപ്പം തന്നെ കൊക്കോയില്‍ വന്‍തോതില്‍ നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനുള്ള സൂക്ഷ്മ പ്രവര്‍ദ്ധന മാര്‍ഗങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. വിത്ത്, തൈ, കലകള്‍, ബീജപത്ര കലകള്‍ എന്നിവയിലാണ് പ്രധാനമായും പഠനങ്ങള്‍ നടന്നിട്ടുള്ളത്. ഇവ എല്ലാം കളകളുടെ നല്ല (Callus) വളര്‍ച്ച കാണിക്കുന്നുമുണ്ട്. കൊക്കോയുടെ പര്‍വസന്ധി (Node)കളില്‍നിന്നും നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനുള്ള സൂക്ഷ്മ പ്രവര്‍ദ്ധനമാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. പാകമാകാത്ത ഭ്രൂണത്തില്‍ (zygotic ebryo) നിന്നും കൂടുതല്‍ ഭ്രൂണങ്ങളെ ഉല്‍പ്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ബീജപത്രകഷണങ്ങളെ, NAA, IBA (0.5മി.ഗ്രാം/ലിറ്ററിന്) നാളികേര വെള്ളം (15%) എന്നിവ ചേര്‍ത്ത MS മാധ്യമത്തില്‍ വളര്‍ത്തിയെടുക്കുമ്പോള്‍ സൊമാറ്റിക് ഭ്രൂണങ്ങള്‍ (Somatic embryos) നല്ല വളര്‍ച്ച കാണിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗത്തിലൂടെ കൃഷിചെയ്യുന്ന മരങ്ങളില്‍നിന്നും വന്‍തോതിലുള്ള ഉല്‍പ്പാദനം ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ട്.
പ്രവര്‍ദ്ധനം
വിത്ത് വഴിയും കായിക പ്രവര്‍ദ്ധനമാര്‍ഗങ്ങളിലൂടെയും കൊക്കോയുടെ നടീല്‍വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാം.
വിത്ത് വഴിയുള്ള പ്രവര്‍ദ്ധനം
നടീല്‍വസ്തുവിന് ജനിതകമേന്മ ഉറപ്പുവരുത്തുന്നതിനായി വിത്തുകള്‍ ബൈ/പോളിക്ലോണല്‍ വിത്ത് തോട്ടങ്ങളില്‍ വളര്‍ത്തുന്ന സ്വയം പരാഗണം നടക്കാത്ത മാതൃവൃക്ഷത്തില്‍നിന്നും ശേഖരിക്കണം. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കൊക്കോ ഗവേഷണതോട്ടത്തില്‍ ഇത്തരത്തിലുള്ള വിത്തു തോട്ടങ്ങളുണ്ട്. ഇത്തരം തോട്ടങ്ങളില്‍നിന്നും വിത്തു ലഭ്യമല്ലെങ്കില്‍ വിത്തു ശേഖരണത്തിനുതകുന്ന മാതൃവൃക്ഷങ്ങളെ തെരഞ്ഞെടുക്കണം. ഈ തെരഞ്ഞെടുപ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ആസ്പദമാക്കിയിരിക്കണം.
ഡിസംബര്‍-ജനുവരി മാസത്തോടെ പഴുത്ത കായ്കള്‍ വിളവെടുക്കുന്നു. വിളവെടുത്തുകഴിഞ്ഞാല്‍ ഒരാഴ്ചകൊണ്ടു തന്നെ വിത്തിന്‍റെ ജീവനക്ഷമത (Seed viability) നഷ്ടപ്പെടും. അതിനാല്‍ കായ്കളില്‍നിന്നും വേര്‍തിരിച്ച ഉടനെ വിത്ത് നടേണ്ടതാണ്. കായ്കളില്‍നിന്നും എടുത്ത ഉടനെ ഈര്‍പ്പമുള്ള കരിപ്പൊടി നിറച്ച പോളിത്തീന്‍ കവറുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഒരു പരിധിവരെ കുരുവിന്‍റെ ജീവനക്ഷമത കൂട്ടാന്‍ കഴിയും. വേര്‍തിരിച്ചെടുത്ത കുരുക്കളുടെ ബീജാവരണം നീക്കം ചെയ്ത് പോളിത്തീന്‍ കവറുകളില്‍ സൂക്ഷിക്കുക എന്നത് ഇതിനുള്ള മാര്‍ഗമാണ്.
നടീല്‍ സമയം
ഏതു സമയത്ത് നട്ടാലും വിത്ത് മുളയ്ക്കുമെങ്കിലും ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടുകയാണെങ്കില്‍ 4-6 മാസം പ്രായമായ തൈകള്‍ മേയ്-ജൂണ്‍ മാസത്തോടെ നടാന്‍ ലഭ്യമാകും. വിത്തിന്‍റെ നാഭി താഴേക്കോ വിത്ത് പ്രതലത്തിനു സമാന്തരമായോ ആണ് നടേണ്ടത്. വിത്തിനെ മൂടാന്‍ മാത്രമുള്ള ആഴത്തിലേ വിത്ത് നടാവൂ. വിത്തിനെ പൊതിഞ്ഞിരിക്കുന്ന കുഴമ്പു രൂപത്തിലുള്ള വസ്തു നീക്കം ചെയ്യുക വഴി ചെറിയ തോതില്‍ മാത്രമേ ബീജാങ്കുരണശേഷി കൂടുന്നുള്ളൂ. വിത്തു മുളയ്ക്കാന്‍ 1-2 ആഴ്ച സമയം വേണ്ടിവരും.
നല്ലവണ്ണം തണല്‍ ലഭിക്കുന്ന (25%-50% വരെ മാത്രം സൂര്യപ്രകാശം ലഭ്യമാകുന്നു) സ്ഥലങ്ങളാണ് കൊക്കോയുടെ നഴ്സറിക്കു യോജിച്ചത്. മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ക്രമീകൃതമായ ജലസേചനം ആവശ്യമാണ്.
പോട്ടിംഗ് മിശ്രിതം നിറച്ച് ദ്വാരങ്ങളിട്ട പോളിത്തീന്‍ കവറിലേക്ക് (18 സെ.മീ.x 35 സെ.മീ., 150 ഗേജ്) 15 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാം. ഇങ്ങനെ ഉണ്ടാക്കുന്ന നാലു മുതല്‍ 6 മാസം വരെ പ്രായമായ തൈകളെ തോട്ടത്തില്‍ നടാന്‍ ഉപയോഗിക്കാം. 25%ത്തോളം വരുന്ന മോശമായ തൈകളെ ഒഴിവാക്കണം. നല്ല ഉയരവും അടിവണ്ണവും നോക്കി കരുത്തുള്ള തൈകളാണ് നടേണ്ടത്. കൂടുതല്‍ തണലുള്ള സ്ഥലത്താണ് തൈകള്‍ വളരുന്നതെങ്കില്‍ പറിച്ചു നടുന്നതിനു മുമ്പായി 10 ദിവസമെങ്കിലും ക്രമാനുഗതമായി വെയിലത്തു വച്ച് അവയെ ദൃഢീകരണ പ്രക്രിയയ്ക്ക് (Hardening) വിധേയമാക്കണം.
കായിക പ്രവര്‍ദ്ധനം
വിത്തുതൈകള്‍ വലിയ തോതില്‍ വ്യതിയാനം കാണിക്കുന്നതുമൂലം കായിക പ്രവര്‍ദ്ധന മാര്‍ഗങ്ങളാണ് ഏറ്റവും യോജിച്ചത്. മുകുളനം (Budding), പതിവയ്ക്കല്‍ (Layering), ഗ്രാഫ്റ്റിംഗ് എന്നിവ സാധ്യമാണെങ്കിലും, ബഡ്ഡിംഗാണ് ഇന്ത്യയില്‍ വ്യാപകമായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗം. T ഇന്‍വര്‍ട്ടഡ്, T പാച്ച്, പരിഷ്കരിച്ച ഫോര്‍ക്കറ്റ് എന്നിവയില്‍ പാച്ച് ബഡ്ഡിംഗിനാണ് ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളത്.
അത്യുല്‍പാദനശേഷിയുള്ളതും, രോഗ കീടങ്ങള്‍ക്കെതിരെ പ്രതിരോധശേഷി ഉള്ളതുമായ പ്രത്യേകം തെരഞ്ഞെടുത്ത മരങ്ങളുടെ കമ്പിശിഖരങ്ങളില്‍ നിന്നുമാണ് ഒട്ടുകമ്പുകള്‍ എടുക്കുന്നത്. ഇത്തരം കമ്പിശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്നും ഏതാണ്ട് 30 സെ.മീ. നീളത്തില്‍, കാണുന്ന ഇലകള്‍ പകുതി മുറിച്ചു മാറ്റുന്നു. പത്തുദിവസം കഴിയുമ്പോള്‍ ഈ ഇലയുടെ ഞെട്ടുഭാഗം കൊഴിഞ്ഞുപോകും; അപ്പോള്‍ ആ കമ്പുകള്‍ ബഡ്ഡിംഗിനുള്ള ഒട്ടുകമ്പായി മുറിച്ചെടുക്കുന്നു. മുറിച്ചെടുത്ത ഒട്ടുകമ്പുകള്‍ സൂക്ഷിക്കുവാനായി ബെന്‍സൈല്‍ ക്ലോറൈഡില്‍ മുക്കിയെടുത്ത്, വെള്ളത്തില്‍ കഴുകിയശേഷം, മുറിപ്പാടുകള്‍ ഉരുക്കിയ മെഴുകുവച്ച് അടയ്ക്കണം. ഇത്തരം കമ്പുകള്‍ നനഞ്ഞ പഞ്ഞിയില്‍ വച്ച് വെള്ളത്തില്‍ നനച്ച ടിഷ്യൂ പേപ്പര്‍കൊണ്ടു പൊതിയുന്നു. ഇവയെ ചെറിയ പെട്ടികളില്‍ 10 ദിവസംവരെ സൂക്ഷിക്കാം. കഴിയുന്നതും കുത്തനെ മേലോട്ടു വളരുന്ന കമ്പിശിഖരങ്ങളില്‍ നിന്നുതന്നെ ഒട്ടുകമ്പുകള്‍ ശേഖരിക്കണം. വശങ്ങളിലേക്കു വളരുന്ന കമ്പുകള്‍ എടുത്താല്‍ ഒട്ടുചെടികള്‍ കുറ്റിച്ചുവളരും. ഒട്ടുകമ്പിന്‍റെ ഏതാണ്ട് അതേവണ്ണം വരുന്ന 6-12 മാസം പ്രായമുള്ള കൊക്കോ തൈകളാണ് ഒട്ടിക്കാനുള്ള വേരുചെടിയായി ഉപയോഗിക്കുന്നത്. ഒട്ടിക്കുവാന്‍ ടി ബഡ്ഡിംഗ്, ഇന്‍വര്‍ട്ടട് ടി ബഡ്ഡിംഗ്, പാച്ച് ബഡ്ഡിംഗ്, ഫോര്‍ക്കറ്റ് ബഡ്ഡിംഗ് ഇവ ഫലപ്രദമാണെങ്കിലും പാച്ച് ബഡ്ഡിംഗ് ആണ് ഏറ്റവും പ്രചാരത്തിലുള്ളത്.
പാച്ച് ബഡ്ഡിംഗ്
സ്റ്റോക്ക് (വേര്) തൈയില്‍നിന്നും 2.5 സെ.മീ. നീളവും 0.5 സെ.മീ. വീതിയുമുള്ള ഒരു കഷണം തോല് വരഞ്ഞുകീറി നീക്കം ചെയ്യുന്നു. പിന്നീട് നാം തിരഞ്ഞെടുത്ത മാതൃവൃക്ഷത്തില്‍നിന്നും ഇതേ വലിപ്പത്തിലുള്ള ഒരു മുകുളം ബഡ് പാച്ച്- ഈ വിടവിലേക്ക് ഇറക്കിവെച്ച് പോളിത്തീന്‍ നാടകൊണ്ട് ബലമായി ചേര്‍ത്തുകെട്ടുന്നു. മൂന്ന് ആഴ്ചയ്ക്കുശേഷം ബഡ്ഡ് സ്റ്റോക്കുമായി ചേര്‍ന്നിട്ടുണ്ടെങ്കില്‍ പോളിത്തീന്‍നാട അഴിച്ചുമാറ്റാം. മുകളത്തിന് (Bud) മുകളില്‍വച്ചു കാണ്ഡം നെടുകെ വരഞ്ഞു മുറിച്ച് സ്റ്റോക്കു തൈ കീഴോട്ട് ഒട്ടിച്ചുവയ്ക്കുന്നു. മുകുളം വളര്‍ന്നു രണ്ടിലയോടുകൂടിയ നാമ്പായി മാറുമ്പോള്‍ ഒട്ടിച്ചുവച്ച ഈ ഭാഗം മുഴുവനായി മുറിച്ചു നീക്കാവുന്നതാണ്.
3-6 മാസത്തെ വളര്‍ച്ചയ്ക്കു ശേഷം ഇവയെ കൃഷിസ്ഥലത്തു നടാന്‍ ഉപയോഗിക്കാം. പാച്ച് ബഡ്ഡിംഗിന്‍റെ വിജയസാധ്യത 70-90% വരെ ഉണ്ടാകും.
സ്ഥലം തിരഞ്ഞെടുക്കല്‍
ഇന്ത്യയില്‍ തെങ്ങിന്‍തോട്ടങ്ങളിലും കവുങ്ങിന്‍തോട്ടങ്ങളിലുമാണ് കൊക്കോ കൃഷിചെയ്യുന്നത്. തെങ്ങിന്‍റെ ഇടയകലം, മേല്‍ത്തട്ടിയുടെ വളര്‍ച്ച, പ്രായം എന്നിവയനുസരിച്ച് തോട്ടത്തില്‍ 30-80% വരെ പ്രകാശം അരിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. കൊക്കോ നടാന്‍ കൂടുതല്‍ പ്രകാശം ലഭ്യമാകുന്ന തോട്ടങ്ങള്‍ വേണം തെരഞ്ഞെടുക്കേണ്ടത്. തോട്ടത്തില്‍ 50%ത്തില്‍ കൂടുതല്‍ സൂര്യപ്രകാശം താഴെ പതിക്കുന്നുണ്ട് എങ്കില്‍ താല്‍ക്കാലിക തണല്‍ നല്‍കാനായി വാഴ കൃഷി ചെയ്യാം.
നടീല്‍ അകലം
കൊക്കോ ചെടികള്‍ തമ്മില്‍ വേണ്ട ഇടയകലം 2.7-3 മീറ്റര്‍ ആണ്. 7.5 മീറ്റര്‍ ഇടയകലം കൊടുത്തു നട്ട ഒരു തെങ്ങിന്‍തോപ്പില്‍ 3മീ. x 3മീ. അകലത്തില്‍ കൊക്കോ നടാം. ഒരു ഹെക്ടറില്‍ 624 ചെടികള്‍ നില്‍ക്കുന്ന 3 x 7.5മീ. (വരികള്‍ തമ്മില്‍ 7.5 മീ. ചെടികള്‍ തമ്മില്‍ 3 മീ.) എന്ന ഇടയകലമാണ് കൊക്കോയ്ക്ക് ഏറ്റവും യോജിച്ചത്. 2.7 മീ x 2.7മീ. അകലത്തില്‍ നട്ടിരിക്കുന്ന കവുങ്ങിന്‍ തോട്ടത്തിലാണ് കൊക്കോ നടുന്നതെങ്കില്‍ ഒന്നിടവിട്ട വരികളില്‍ നാല് കവുങ്ങുകളുടെ ഒത്ത നടുവിലായി ഓരോ കൊക്കോ വീതം നടാവുന്നതാണ്. അതായത് 5.4 മീ x 2.7മീ. ഇടയകലത്തില്‍, ഒരു ഹെക്ടറില്‍ 689 തൈകള്‍ നടാമെന്നു സാരം.
നടീല്‍ രീതി
ഫലഭൂയിഷ്ഠി കുറഞ്ഞ ചരല്‍ നിറഞ്ഞ ചെങ്കല്‍ പ്രദേശങ്ങളില്‍ 50 സെ.മീ. x 50 സെ.മീ. x 50 സെ.മീ. വലിപ്പത്തില്‍ കുഴികളെടുക്കണം. അതിനുശേഷം ഈ കുഴികളില്‍ മേല്‍മണ്ണും, ജൈവാംശങ്ങളും നിറയ്ക്കണം. എന്നാല്‍ നല്ല ഘടനയും ആഴവുമുള്ള മണ്ണില്‍ വലിയ കുഴികളെടുക്കേണ്ട ആവശ്യമില്ല. വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കൊക്കോയുടെ പോഷക ആഗിരണവേരുകള്‍ മണ്‍നിരപ്പില്‍ ഒതുങ്ങി നില്‍ക്കുന്നതുകൊണ്ട്, അധികം ആഴത്തിലല്ലാതെ വേണം തൈകള്‍ നടാന്‍. നടേണ്ടത് ഒട്ടിച്ച ഭാഗം മണ്ണിനു മുകളിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വിളപരിപാലനം
തൈ നട്ടതിനുശേഷം ജൈവവസ്തുക്കള്‍കൊണ്ട് തടങ്ങളില്‍ പുതയിടണം. ഒട്ടിച്ച ഭാഗത്തിനു താഴെനിന്നും വരുന്ന ശാഖകള്‍ നീക്കം ചെയ്യേണ്ടത് സയോണ്‍ കമ്പിന്‍റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മുറിച്ച വാഴപ്പോള, ചകിരി, ചകിരിച്ചോര്‍ എന്നിവ പുതയിടാനായി ഉപയോഗിക്കാം. ആദ്യത്തെ 3-4 വര്‍ഷമെങ്കിലും തോട്ടം കളവിമുക്തമായിരിക്കണം. കൊക്കോമരം തഴച്ചു വളര്‍ന്നാല്‍ തണലിന്‍റെ ആധിക്യം മൂലം കായ്കളുടെ വളര്‍ച്ച കുറയും.
വളപ്രയോഗം
ജലസേചന സൗകര്യമില്ലാത്ത കൊക്കോയ്ക്കു പാക്യജനകം, ഭാവഹം, ക്ഷാരം എന്നീ പോഷകമൂലകങ്ങള്‍ 100:4014 ഗ്രാം എന്ന തോതില്‍ ഏപ്രില്‍-മേയ് മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമായി നല്‍കണം.
വര്‍ഷത്തില്‍ 60 കായിലധികം നല്‍കുന്ന മരങ്ങള്‍ക്ക് ഇതിന്‍റെ ഇരട്ടി അളവില്‍ മൂലകങ്ങള്‍ നല്‍കണം. നന ലഭിക്കുന്ന കൊക്കോയ്ക്ക് മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍, ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ മൂന്നു തവണയായി തുല്യ അളവില്‍ വളം നല്‍കേണ്ടതാണ്. മൂന്നു വര്‍ഷം പ്രായമായ ചെടികള്‍ക്കു വര്‍ഷത്തില്‍ 100 ഗ്രാമെങ്കിലും ഡോളോമൈറ്റ് നല്‍കുന്നു. മേല്‍പ്പറഞ്ഞ വളത്തിന്‍റെ 1/3 ഭാഗം ആദ്യവര്‍ഷത്തിലും 2/3 ഭാഗം രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷം മുതല്‍ മുഴുവനായുമാണ് ഇതു ചേര്‍ക്കേണ്ടത്. സിങ്കിന്‍റെ പോരായ്മ കാണിക്കുന്ന ചെടികള്‍ക്ക് (ഇല വീതികുറഞ്ഞ് അരിവാള്‍പോലെ വളഞ്ഞ്, ഇല ഞരമ്പുകള്‍ പച്ചയായും മറ്റു ഭാഗം മഞ്ഞയായും കാണുന്നു) വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും സിങ്ക് സള്‍ഫേറ്റ് (0.5-1.00%) തളിച്ചു കൊടുക്കണം.
150 സെ.മീ. വിസ്താരത്തില്‍ തടമെടുത്തു മണ്ണിളക്കി വളം ചേര്‍ക്കുന്നതാണ് ഏറ്റവും നല്ല വളപ്രയോഗരീതി. ആദ്യവര്‍ഷത്തില്‍ 25 സെ.മീ. വലിപ്പമുള്ള തടം എടുത്തു ക്രമേണ വലുതാക്കിക്കൊണ്ടുവന്നു മൂന്നാം വര്‍ഷത്തോടെ 150 സെ.മീ. ആക്കണം.
കമ്പു കോതല്‍ (പ്രൂണിംഗ്)
മേല്‍ക്കുമേല്‍ പല തട്ടുകളായി വളരുന്ന മരമാണ് കൊക്കോ. ആവശ്യത്തിനു തണലും, വേണ്ട പരിചരണവുമുണ്ടെങ്കില്‍ 1-1.5 മീ. ഉയരമെത്തുമ്പോള്‍ മരങ്ങള്‍ 3-5 ഫാന്‍ ശിഖരത്തോടെ വിഘടിക്കുന്നതാണ് (ജോര്‍ക്വറ്റ് ചെയ്യും). പിന്നീട് വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ പ്രധാന കാണ്ഡത്തില്‍നിന്നും (കവരയുടെ താഴെനിന്നും) പുതിയ ചുപ്പോണ്‍ വളരും. ഇതു വീണ്ടും ജോര്‍ക്വറ്റ് ചെയ്ത് അടുത്ത തട്ടുണ്ടാകും. ഇത്തരത്തിലുള്ള വളര്‍ച്ച മരത്തിന്‍റെ പരിപാലനം ബുദ്ധിമുട്ടാക്കും. സൗകര്യത്തിനായി ആവശ്യമുള്ള ഉയരത്തില്‍ വച്ച് 1-1.5 മീ. ഒന്നാം തട്ടിന്‍റെ വളര്‍ച്ച നിര്‍ത്താം. തായ്ത്തടി വിഘടിച്ച് ശിഖരങ്ങള്‍ ഉണ്ടാകുന്ന കവര (ജോര്‍ക്വറ്റിംഗ്) വളരെ താഴെവച്ചു തുടങ്ങുകയാണെങ്കില്‍ ഫാന്‍ ശിഖരങ്ങളെ മുറിച്ചു നീക്കി ഇതു തടയാം. അതിനുശേഷം ചുപ്പോണിനെ വേണ്ടത്ര ഉയരത്തില്‍ വളര്‍ന്ന് ജോര്‍ക്വറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. പിന്നീട് നെടുകെയുള്ള വളര്‍ച്ച തടയുന്നതിനു ചുപ്പോണുകളെയാണ് നീക്കം ചെയ്യേണ്ടത്. ഒന്നാം തട്ട് നശിക്കുന്നതോടെ രണ്ടാം തട്ട് വളരാന്‍ അനുവദിക്കാം. വര്‍ഷത്തിലൊരിക്കലെങ്കിലും കായ്പിടിത്തം കുറവുള്ള സമയം നോക്കി തൂങ്ങിക്കിടക്കുന്ന ഫാന്‍ ശിഖരങ്ങള്‍ നീക്കം ചെയ്യാം. മരത്തിനു ദോഷം വരാത്ത രീതിയില്‍ വേണം പ്രൂണിംഗും ആകൃതി വരുത്തലും നടത്തേണ്ടത്.
ജലസേചനം
എല്ലാ മാസത്തിലും തന്നെ ഏതാണ്ട് ഒരേ രീതിയില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ജലസേചനം ഇല്ലാതെയും കൊക്കോ വളര്‍ത്താം. എന്നാല്‍ വര്‍ഷത്തില്‍ 4-5 മാസം വരെ തുടര്‍ച്ചയായി മഴ ലഭിക്കാത്ത പ്രദേശങ്ങളില്‍ ജലസേചനം ആവശ്യമാണ്. അഞ്ച് ദിവസം ഇടവിട്ടേ നന ആവശ്യമുള്ളൂ. ഇതു ചെടിയുടെ ശരിയായ വളര്‍ച്ചയേയും കായ്പിടിത്തത്തെയും സഹായിക്കും.
ടോപ്പ് വര്‍ക്കിംഗ്/മേലൊട്ടിക്കല്‍
പ്രായമായതോ ഉല്‍പ്പാദനക്ഷമത കുറഞ്ഞതോ ആയ മരങ്ങളുടെ ഉല്‍പ്പാദനം കൂട്ടുന്നതിന് അവലംബിക്കുന്ന ഒരു മാര്‍ഗമാണ് ടോപ്പ് വര്‍ക്കിംഗ്. ഇതുവഴി പാരമ്പര്യമായി വിളവ് കുറഞ്ഞവയുടെ ഉല്‍പ്പാദനവും കൂടാന്‍ കഴിയും. വേനല്‍മഴയ്ക്കുശേഷം ടോപ്പ് വര്‍ക്കിംഗ് ചെയ്യുന്നതാണ് നല്ലത്. മരത്തിന്‍റെ കവരയ്ക്ക് (ജോര്‍ക്വറ്റിന്) തൊട്ടുതാഴെ കെട്ടിയശേഷം മുകളില്‍വച്ചു പകുതി തടി മുറിച്ചു പുറകിലേക്ക് ഒടിച്ചിടണം. ഒടിച്ചിട്ട ഭാഗത്തിനു താഴെനിന്നും ധാരാളം ചുപ്പോണുകള്‍ (നേരെ മുകളിലേക്കു വളരുന്നവ) ഉണ്ടാകും. ഇവയില്‍ ആരോഗ്യമുള്ള 3-4 കൊമ്പ് തെരഞ്ഞെടുക്കുക. അത്യുല്‍പ്പാദനക്ഷമതയുള്ള ക്ലോണുകളില്‍ നിന്നുമെടുത്ത സയോണ്‍ (മുകുളം) ഉപയോഗിച്ച് ഈ കൊമ്പുകളില്‍ പാച്ച് ബഡ് ചെയ്യുക. പിന്നീട് നഴ്സറിയിലെ ഒട്ടിച്ച ഒരു ചെടിക്കു വേണ്ട പരിചരണമുറകള്‍ തന്നെ ഇവയ്ക്കും നല്‍കിയാല്‍ മതി. ചുപ്പോണുകളില്‍ മുകുളം ഒട്ടിച്ച് അവ കിളിര്‍ത്തു കഴിഞ്ഞാല്‍ ആരോഗ്യമുള്ള ഒട്ടിച്ച ഒരു ശാഖയേ നിര്‍ത്തേണ്ടതുള്ളൂ. വളരെ വിപുലമായ വേരുപടലവും ഭക്ഷണം ശേഖരിച്ചു വയ്ക്കുന്ന തായ്ത്തടിയും ഉള്ളതുകൊണ്ട് ടോപ്പ്വര്‍ക്കു ചെയ്ത മരങ്ങള്‍ വേഗത്തില്‍ വളരുകയും സമൃദ്ധമായ വിളവ് നല്‍കുകയും ചെയ്യും.
സസ്യസംരക്ഷണം
കറുത്ത കായ് (കരിംകായ-ഫൈറ്റോഫ്തോറ പാല്‍മിവോറ) ഇന്ത്യയിലെ കൊക്കോ വളര്‍ത്തുന്ന പ്രദേശങ്ങളില്‍ കാണുന്ന പ്രധാന രോഗമാണ് കറുത്ത കായ രോഗം (Black Pod Disease). മഴക്കാലത്താണ് ഈ രോഗം കൂടുതലായി കാണുന്നത്. ഏതു പ്രായത്തിലുമുള്ള കായ്കളിലും ചെറിയ പൊട്ടുപോലുള്ള പാടുകള്‍ കായ്കളില്‍ കാണുന്നു. പിന്നീട് ഇവ വലുതായി കായ് മുഴുവന്‍ വ്യാപിക്കുന്നു. അവസാനം കായ് മുഴുവനും ഇരുണ്ട ബ്രൗണ്‍ നിറമോ കറുപ്പ് നിറമോ ആയിത്തീരുന്നു. മൂപ്പെത്താത്ത കായ്കളില്‍ കുരു ചീയാന്‍ ഇതു കാരണമാകുന്നു. എന്നാല്‍ പാകമായ കായ്കളില്‍ കുരുവിനെ കാര്യമായി ഈ രോഗം ബാധിക്കുന്നില്ല.
രോഗം ബാധിച്ച കായ്കള്‍ മരത്തില്‍നിന്നും യഥാസമയം നീക്കം ചെയ്യണം. മഴക്കാലത്ത് നീര്‍വാര്‍ച്ചയ്ക്കും വായുസഞ്ചാരത്തിനുമുള്ള സൗകര്യം തോട്ടത്തിലുണ്ടായിരിക്കണം. കാലവര്‍ഷത്തിനു മുന്‍പായി രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത്, മരത്തില്‍ പശചേര്‍ത്ത (റോസിന്‍, വാഷിംഗ് സോഡ ചേര്‍ത്തുണ്ടാക്കുന്നത്) ബോര്‍ഡോമിശ്രിതം (1%) തളിക്കേണ്ടതാണ്.
വാസ്കുലാര്‍ സ്ട്രീക്ക്ഡൈബാക്ക് (ഓണ്‍കോബസിഡിയം തിയോബ്രോമേ)
കൊക്കോ തൈകളുടെ പ്രധാന കാണ്ഡത്തിലും വലിയ മരങ്ങളുടെ ശിഖരങ്ങളിലുമാണ് രോഗം കാണുന്നത്. ചില്ലയുടെ കൂമ്പിനു താഴെയുള്ള മൂന്നാമത്തെയോ നാലാമത്തെയോ ഇല മഞ്ഞളിക്കുകയും അതില്‍ പച്ചനിറത്തിലുള്ള പൊട്ടുകള്‍ കാണുകയും ചെയ്യുന്നു. അധികം താമസിയാതെ ഇത്തരം ഇലകൊഴിയുകയും ചെയ്യും. അപ്പോള്‍ ഇളംപ്രായത്തിലുള്ളതും മൂത്തതുമായ ഇലകള്‍ മാത്രം ശിഖരത്തില്‍ കാണുകയും ഇടത്തരം മൂപ്പുള്ള ഇലകള്‍ കൊഴിഞ്ഞു പോകുകയും ചെയ്യും. കൊഴിഞ്ഞു വീഴുന്ന ഇലയിലെ പുള്ളികളില്‍ കുമിളിന്‍റെ വെളുത്ത ഫ്രൂട്ടിംഗ് ബോഡി കാണാറുണ്ട്. രോഗബാധിതമായ തണ്ട് നെടുകെ പിളര്‍ന്നു നോക്കിയാല്‍ തവിട്ടുനിറത്തിലുള്ള നാളീവ്യൂഹങ്ങള്‍ കാണാം. രോഗം വന്ന കമ്പിന്‍റെ നിറംമാറിയ ഭാഗത്തിന് ഏതാണ്ട് 15 സെ.മീ. താഴെവച്ച് കൊമ്പുകള്‍ മുറിച്ചു മാറ്റുകയാണ് ഒരു നിയന്ത്രണമാര്‍ഗം. കാലവര്‍ഷാരംഭത്തോടെ 45 ദിവസം ഇടവിട്ട് 1% ബോര്‍ഡോമിശ്രിതം തളിക്കുന്നതു രോഗവ്യാപനം തടയും. കുമിള്‍നാശിനികൊണ്ട് രോഗനിയന്ത്രണം പൂര്‍ണമായും സാധ്യമല്ലാത്തതിനാല്‍, രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളുടെ കൃഷിയാണ് ശുപാര്‍ശ ചെയ്യുന്നത്.
പിങ്ക് രോഗം അഥവാ കൊമ്പുണക്കം (കോര്‍ട്ടീഷ്യം സാല്‍മൊണിക്കൂര്‍) ഈ കുമിള്‍ പ്രധാനമായും ബാധിക്കുന്നത് ഫാന്‍ ശിഖരങ്ങളെയും ചെറിയ ചില്ലകളെയുമാണ്. മഴക്കാലത്താണ് രോഗം കൂടുതല്‍ പ്രശ്നമാകുന്നത്. കൊമ്പുണങ്ങുന്നതാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. കൊമ്പിന്‍റെ പട്ടയില്‍ പിങ്കുനിറമുള്ള കുമിളിന്‍റെ ഫ്രൂട്ടിംഗ് ബോഡികള്‍ കാണാറുണ്ട്. പിന്നീട് ഇവ വെള്ള കലര്‍ന്ന ചാരനിറമാകുന്നു. ബാഹ്യമായി കാണുന്ന രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പായി പട്ടയുടെ അകത്തും പുറത്തുമായി വെളുത്ത സില്‍ക്കുപോലുള്ള തന്തുക്കള്‍ വളര്‍ന്നിരിക്കുന്നതു കാണാം. ഇവയാണ് ഇല കൊഴിയലിനും കൊമ്പുണക്കത്തിനും കാരണമാകുന്നത്.
രോഗം ബാധിച്ച എല്ലാ ശിഖരങ്ങളും നീക്കം ചെയ്ത് നശിപ്പിക്കണം. കാലര്‍ഷത്തിനു മുമ്പായി ബോര്‍ഡോ കുഴമ്പ് കവരകളിലും മുറിവുള്ള ഭാഗത്തും പുരട്ടുകയും 1% ബോര്‍ഡോമിശ്രിതം തളിക്കുകയും വേണം.
ചാര്‍ക്കോള്‍ പോഡ്റോട്ട്/കരിം കായ് ചീയല്‍ (ബോട്ട്റിഡിപ്ലോഡിയ തിയോബ്രോമ)
കായയുടെ അഗ്രഭാഗത്തോ ഞെട്ടറ്റത്തോ ചൂടുവെള്ളം വീണുപൊള്ളിയതുപോലുള്ള പാടുകള്‍ ഉണ്ടാവുന്നതാണ് ആദ്യത്തെ രോഗലക്ഷണം. ഈ പാടുകള്‍ ആദ്യം ചോക്കലേറ്റ് ബ്രൗണ്‍ നിറത്തിലായിരിക്കും. പിന്നീട് ഇവ ഇരുണ്ട നിറമായി മാറും. കുമിളിന്‍റെ കറുത്ത നിറത്തിലുള്ള വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന്‍റെ ഫലമായി കായ് മുഴുവനും കറുത്ത പൂപ്പല്‍കൊണ്ട് മൂടും. രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത് ബോര്‍ഡോമിശ്രിതം തളിക്കുകയാണ് നിയന്ത്രണമാര്‍ഗം.
കൊലറ്റോ ട്രെക്കം കായ്ചീയല്‍ (കൊളക്റ്റോ ട്രൈക്കം ഗ്ലിയോസ്പോറിയോയിഡസ്)
മഞ്ഞനിറത്തില്‍ ആദ്യം കായ്കളില്‍ ഉണ്ടാകുന്ന പാടുകള്‍ പിന്നീട് ബ്രൗണ്‍നിറമായി മാറും. ഈ പാടുകള്‍ പിന്നീട് വൃത്താകൃതി നിലനിര്‍ത്തിക്കൊണ്ട് വലുതാവുകയും ചുറ്റിലുമായി മഞ്ഞനിറത്തിലുള്ള വളയം രൂപപ്പെടുകയും ചെയ്യുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ പൊട്ടുകള്‍ ഇരുണ്ട് ബ്രൗണ്‍ നിറമാകുകയും താഴേക്കു കുഴിഞ്ഞിരിക്കുന്നതുമാണ്. കുമിളിന്‍റെ പിങ്ക് നിറത്തിലുള്ള ഫ്രൂട്ടിംഗ് ബോഡി ഈ പാടുകളുടെ മധ്യത്തിലായി കാണാം. കായ്കള്‍ കറുത്ത് ഉണങ്ങി മരത്തില്‍ തന്നെ തൂങ്ങി കിടക്കും. രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത് കാപ്റ്റാഫോള്‍ (0.2%) അല്ലെങ്കില്‍ ബോര്‍ഡോമിശ്രിതം (1%) തളിക്കേണ്ടതാണ്.
കീടങ്ങള്‍
കൊക്കോ വളര്‍ത്തുന്ന വിവിധ രാജ്യങ്ങളിലായി 1500ല്‍ അധികം കീടങ്ങള്‍ കൊക്കോയെ ആക്രമിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ ചുവന്ന തടിതുരപ്പന്‍ പുഴു, തേയിലക്കൊതുക്, എലികള്‍, അണ്ണാന്‍, ചാരനിറത്തിലുള്ള ചെള്ള്, മീലിമൂട്ട, ചാഫര്‍ വണ്ടുകള്‍, നാരകം മുഞ്ഞകള്‍ എന്നിവയാണ്.
തടി തുരപ്പന്‍ അഥവാ റെഡ് ബോറര്‍ (സ്യൂസിറ കോഫിയെ)
ചെറിയ ചെടികളുടെ പ്രധാന കാണ്ഡവും വലിയ മരങ്ങളുടെ ഫാന്‍ ശിഖരങ്ങളും പുഴുക്കള്‍ തുരക്കുന്നു. ഇത് കൊമ്പ് ഉണങ്ങാന്‍ കാരണമാകും. ഉണങ്ങിയ കൊമ്പുകള്‍ മുറിച്ചുമാറ്റി കത്തിച്ചു കളയേണ്ടതാണ്. പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ 0.1% വീര്യത്തില്‍ കാര്‍ബാറില്‍ തായ്ത്തടിയില്‍ തളിക്കാവുന്നതാണ്.
തേയിലക്കൊതുക് (ഹീലോപെല്‍റ്റിസ് ആന്‍റൊണി)
കായ്കളെയാണ് കൊതുക് ആക്രമിക്കുന്നത്. കൊതുകു കുത്തിയ കായിലെ വൃത്താകൃതിയിലുള്ള വെള്ളം നനഞ്ഞപോലുള്ള പാടുകള്‍ പിന്നീട് കറുപ്പുനിറമായി, കായ് ചീയാന്‍ ഇടയാകും. 0.05% വീര്യത്തില്‍ ക്വീനാല്‍ഫോസ് തളിക്കുകവഴി തേയിലക്കൊതുകിനെ നിയന്ത്രിക്കാം.
മീലിമൂട്ട (പ്ലാനോകോക്കസ് ലിലാസിനസ്)
ചെറുതും, വളര്‍ന്നു വരുന്നതുമായ ഇളംകായ്കളില്‍നിന്നും കാണ്ഡത്തില്‍നിന്നും നീരൂറ്റി കുടിച്ച്, അല്‍പ്പം പൊന്തിയ പരുപരുത്ത ചെറിപ്പാടുകള്‍ (scab) ഉണ്ടാകുന്നതാണ് ഈ കീടബാധയുടെ ലക്ഷണം. മരത്തില്‍ എല്ലാക്കാലത്തും കാണുന്ന ഇവയുടെ എണ്ണം വര്‍ധിക്കുന്നത് ജൂലായ്-ഒക്ടോബര്‍ മാസങ്ങളിലാണ്. മരത്തില്‍ ക്യൂനാല്‍ഫോസ് (0.025%), ഫോസലോണ്‍ (0.1%) എന്നിവ തളിക്കുകവഴി ഇതിനെ നിയന്ത്രിക്കാം.
ചാവണ്ട് അഥവാ ഗ്രേവീവിള്‍ (മിള്‍ട്ടോസിറസ്)
മിള്‍ട്ടോസിറസ് വര്‍ഗത്തില്‍പ്പെട്ട അനേകം വണ്ടുകള്‍ കൊക്കോയെ ആക്രമിക്കാറുണ്ട്. ചെറിയ മരങ്ങളിലാണ് ആക്രമണം കൂടുതലായി കാണുന്നത്. പ്രത്യേകിച്ചും ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍. തൂങ്ങിക്കിടക്കുന്ന തളിരിലകളെ ഇവ ആക്രമിക്കാറില്ല. വര്‍ഷത്തില്‍ രണ്ടുതവണ (മേയ്-സെപ്റ്റംബര്‍) കാര്‍ബാറില്‍ (0.1%) അഥവാ ഫെന്‍തയോണ്‍ (0.05%) ഇലയുടെ അടിയില്‍ തളിക്കുകവഴി ഇവയെ നിയന്ത്രിക്കാം.
മുഞ്ഞകള്‍ (ടോക്സോപ്റ്റിറാ ഔറാന്‍റി)
പൂങ്കുലകളേയും തളിരിലകളേയും കാണ്ഡത്തേയും പിങ്കുനിറത്തിലുള്ള മുഞ്ഞകള്‍ ആക്രമിക്കുന്നു. ഇലയുടെ അടിയിലാണ് ഇവ കാണുന്നത്. രാസനിയന്ത്രണം ആവശ്യമില്ല എന്നാല്‍, കീടബാധയേറ്റ ഭാഗങ്ങള്‍ ശേഖരിച്ചു നശിപ്പിക്കേണ്ടതാണ്.
വേരുതീനി (കോക്ക്-ചാഫര്‍) വണ്ടുകള്‍ (ലൂക്കോഫോളിസ്)
മേല്‍മണ്ണില്‍ കാണുന്ന വേരു ഭക്ഷിക്കുന്ന ഇവയുടെ പുഴുക്കള്‍ വലിയ മരങ്ങളില്‍ വാട്ടമുണ്ടാക്കാറുണ്ട്. തെങ്ങിന്‍റെ ഇടവിളയായി കൊക്കോ വളര്‍ത്തുമ്പോഴാണ് ഇവയുടെ ആക്രമണം കൂടുതലായി കാണുന്നത്. ഈ കീടം തെങ്ങിനേയും ആക്രമിക്കാറുണ്ട്.
ഒരു തടത്തിന് 10 ഗ്രാം എന്ന തോതില്‍ കാര്‍ബാറില്‍ ചേര്‍ക്കുക വഴി തൈകളെ ഈ കീടത്തില്‍നിന്നു രക്ഷിക്കാം. വലിയ മരങ്ങള്‍ക്ക് കാര്‍ബാറില്‍ 0.1% വെള്ളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ചു കൊടുക്കാവുന്നതാണ്.
റെഡ് ബാന്‍ഡഡ് ത്രിപ്പുകള്‍ ചെമ്പന്‍ പേന്‍
ഇലയുടെ അടിവശത്തും കായ്കളിലുമായി പൂര്‍ണവളര്‍ച്ചയെത്തിയതും അല്ലാത്തവയുമായ പേനിന്‍റെയും കൂട്ടങ്ങള്‍ കാണാം. ഇവ നശിപ്പിക്കപ്പെട്ട കലകളില്‍നിന്നും ഊറിവരുന്ന ദ്രാവകം കുടിക്കുന്നു. ആക്രമിക്കപ്പെട്ട ഇലകള്‍ ഇളം പച്ചനിറത്തില്‍നിന്നും ഇളംതവിട്ടു നിറത്തിലേക്കു മാറുകയും പിന്നീട് ഉണങ്ങുകയും ചെയ്യുന്നു.
ക്യൂനാല്‍ ഫോസ് (0.05%), ഫോസലോണ്‍, ഫെന്‍തയോണ്‍ ഇവയിലേതെങ്കിലും ഒരു കീടനാശിനി തളിക്കുക വഴി ത്രിപ്പുകളെ നിയന്ത്രിക്കാം.
സംഭരണശാലയിലെ കീടങ്ങള്‍ (Storage pests)
രണ്ടു മാസത്തില്‍ കൂടുതല്‍ ശേഖരിച്ചു വയ്ക്കുന്ന കൊക്കോ കുരുവില്‍ പലതരം കീടങ്ങളുടെ ആക്രമണം കാണാറുണ്ട്. റൈസ് മീല്‍ മോത്ത് (കോര്‍സൈറോണ്‍ സെഫലോണിക്ക) ആണ് ഇതില്‍ പ്രധാനപ്പെട്ടത്. പുഴുക്കള്‍ കുരുവിന്‍റെ ഉള്‍ഭാഗം തിന്നുകയും പൊടിയും അവശിഷ്ടങ്ങളുംകൊണ്ട് ഗാലറികള്‍ (അറകള്‍) ഉണ്ടാക്കുകയും ചെയ്യും. കൊക്കോ കുരു ദീര്‍ഘകാലം സൂക്ഷിക്കുന്നതിന് ആകെ തൂക്കത്തിന്‍റെ 2% വരുന്ന വിധത്തില്‍ ആര്യവേപ്പില കുരുവില്‍ കലര്‍ത്തി വച്ചാല്‍ മതി. ഇതുവഴി ആറുമാസംവരെ വിത്ത് സംരക്ഷിക്കാം.
പ്രാണികളല്ലാത്ത കീടങ്ങള്‍
അണ്ണാന്‍ (Striped squirrels) എലി തുടങ്ങിയ പാകമായ കായ്കള്‍ കരണ്ട് ഉള്‍ഭാഗവും കുരുവില്‍ കാണുന്ന കുഴമ്പു രൂപത്തിലുള്ള പദാര്‍ത്ഥവും ഭക്ഷിക്കുന്നു. കായ്കള്‍ യഥാസമയത്തു പറിക്കുകവഴി ഒരു പരിധിവരെ ഇവകൊണ്ടുള്ള നഷ്ടം പരിഹരിക്കാം. ഫ്യൂമാറിന്‍ ബാറു പോലുള്ള വിഷവസ്തു കലര്‍ത്തിയ ഭക്ഷണക്കെണി ഉപയോഗിക്കുന്നത് ഇവയുടെ നിയന്ത്രണത്തിനു ഫലപ്രദമാണ്.
വെരുക് (പാരഡോക്സസ് ഹെര്‍മഫ്രൊറെഡറ്റഡ്)
വെരുക് കായ്കളില്‍ കാരുകയും പുറന്തോട് പൊട്ടിക്കുകയും ചെയ്യും. ചുറ്റുപാടും ഒറ്റ കുരുപോലും കളയാതെ അവ കുരു അപ്പാടെ വിഴുങ്ങും. പിന്നീട് വിസര്‍ജ്യത്തോടൊപ്പം പുറംതള്ളുന്ന കുരു തോട്ടത്തിനു ചുറ്റിലുമായി കാണാം. വാഴപ്പഴത്തില്‍ കാര്‍ബോഫ്യൂറാന്‍ ചേര്‍ത്ത തീറ്റ നല്‍കി ഇവയെ നിയന്ത്രിക്കാം.
ഫിസിയോളജിക്കല്‍ ഡിസ്ഓഡേഴ്സ് (സസ്യശാസ്ത്രപരമായ ക്രമക്കേടുകള്‍)
സസ്യശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുടെ അപാകതകള്‍ അഥവാ താളപ്പിഴകള്‍മൂലം ഉണ്ടാകുന്ന ഒരു അസുഖമാണ് ചിറല്‍വാട്ടം. ഇളം കായ്കള്‍ ഉണങ്ങുകയും വാടുകയും ചെയ്യുന്നു. ഇങ്ങനെ വാടിയ കായ്കള്‍ മരത്തില്‍ തന്നെ തൂങ്ങിക്കിടക്കുന്നതു കാണാം. മരത്തിനു താങ്ങാനാവുന്നതിലധികം കായ്പിടിത്തമുണ്ടാകുമ്പോള്‍ അന്നജത്തിനും പോഷകമൂലകങ്ങള്‍ക്കും വേണ്ടി മല്‍സരം ഉണ്ടാകും. ഇതും ചിറല്‍വാട്ടത്തിനു കാരണമാക്കും.
വിളവെടുപ്പും വിളവെടുപ്പിനുശേഷമുള്ള പരിചരണവും
പരാഗണത്തിനുശേഷം 150-170 ദിവസം കൊണ്ട് കായ്കള്‍ വിളവെടുപ്പിനു തയാറാകും. നിറത്തില്‍ വരുന്ന വ്യത്യാസത്തെ ആസ്പദമാക്കിയാണ് കായ്കള്‍ പാകമായോ എന്നു മനസ്സിലാക്കുന്നത്. പാകമെത്തിയ കായ ഏകദേശം പാകമായോ എന്നു മനസ്സിലാക്കുന്നത്. പാകമെത്തിയ കായ് ഏകദേശം ഒരു മാസത്തോളം കേടുകൂടാതെ മരത്തില്‍തന്നെ നില്‍ക്കും. വിളവെടുപ്പുകള്‍ തമ്മിലുള്ള ഇടവേള ഒരു മാസംവരെയാകും. സസ്തനികള്‍ (അണ്ണാന്‍, എലി) എന്നിവമൂലമോ കറുത്ത കായ്രോഗം മൂലമോ നഷ്ടം കൂടുകയാണെങ്കില്‍ വിളവെടുപ്പുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കാം. പൂക്കള്‍ ഉണ്ടാകുന്ന തടിയിലെ തടിച്ച കുഷനുകള്‍ക്കു കേടുകൂടാതെ മൂര്‍ച്ചയുള്ള കത്തികൊണ്ടാണ് കായ് പറിക്കുന്നത്. വിളവെടുപ്പിന്‍റെ മൂര്‍ദ്ധന്യാവസ്ഥ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും, ഏപ്രില്‍ മുതല്‍ മേയ് വരെയുമാണ്.
കായ്കള്‍ പറിച്ച് അങ്ങനെതന്നെ സൂക്ഷിക്കുന്നതു പുളിപ്പിക്കലിനു മുന്‍പുള്ള രാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും നല്ല ഗുണങ്ങളുള്ള കുരു ലഭിക്കാനും സഹായിക്കും. കായ്കളെ ബലമുള്ള പ്രതലത്തില്‍ ഇടിച്ച് പൊട്ടിച്ച് പ്ലാസന്‍റ നീക്കം ചെയ്തു കുരു ശേഖരിക്കുന്നു. പിന്നീട് കുരു വേഗത്തില്‍ പുളിപ്പിച്ചെടുക്കുന്നു.
ഫെര്‍മന്‍റേഷന്‍ അഥവാ പുളിപ്പിക്കല്‍
പച്ച കുരു മധുരമുള്ള കുഴമ്പു രൂപത്തിലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് മൂടിയിരിക്കും. ഇങ്ങനെയുള്ള കുരുവിനെയാണ് വെറ്റ് ബീന്‍സ് എന്നു വിളിക്കുന്നത്. കയ്പുരസമുള്ള മണമില്ലാത്ത ഉപയോഗ്യമായ ഭാഗമാണ് കൊക്കോ പരിപ്പ് (കെര്‍ണല്‍/നിബ്). കുരു പുളിപ്പിക്കാന്‍ പല രീതികളും അവലംബിക്കാറുണ്ട്. രീതി ഏതുതന്നെയായാലും പര്യാപ്തമായ അളവിലുള്ള വെറ്റ് ബീന്‍സ് 4-6 ദിവസംവരെ കൂട്ടിവയ്ക്കുകയും ഒന്നിടവിട്ട ദിവസങ്ങളില്‍ നന്നായി ഇളക്കിമറിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കുരുവിനു ചുറ്റും കാണുന്ന വഴുവഴുത്ത പദാര്‍ത്ഥം നീങ്ങുകയും ചോക്കലേറ്റിന്‍റെ ഗന്ധം നല്‍കാന്‍ പാകത്തിലുള്ള ജീവരാസപരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. കുരുക്കള്‍ അടുക്കി കൂട്ടിയിടുക വഴി ചൂടുണ്ടാകും. ഈ ചൂട് കുരുവിനുള്ളിലെ രാസപരമായ മാറ്റങ്ങള്‍ നടക്കുന്നതിനായി സഹായിക്കുന്നു.
പുളിപ്പിക്കല്‍ പ്രക്രിയവഴിയുണ്ടാകുന്ന ജീവരാസപരമായ മാറ്റങ്ങള്‍
കുരുവിനു ചുറ്റും കാണുന്ന കുഴമ്പുരൂപത്തിലുള്ള പദാര്‍ത്ഥത്തില്‍ 80% ജലവും, 10-15% ബാഷ്പീകരിക്കാത്ത അമ്ലങ്ങളും (പ്രധാനമായും സിട്രിക് അമ്ലം) അടങ്ങിയിരിക്കുന്നു. പള്‍പ്പ് ആദ്യം അണുവിമുക്തമായിരിക്കും. എന്നാല്‍ അതിലെ പഞ്ചസാരയും (sugar) ഉയര്‍ന്ന അമ്ലതയും (pH3.5) അണുക്കളുടെ വളര്‍ച്ചയ്ക്കുവേണ്ട എല്ലാ സാഹചര്യവും ഒരുക്കും. ആദ്യം ഈസ്റ്റിന്‍റെ എണ്ണം വര്‍ധിക്കുകയും പിന്നീട് ഇവ പഞ്ചസാരയെ ചാരായമാക്കി മാറ്റുകയും ചെയ്യുന്നു. പള്‍പ്പിള്‍ അടങ്ങിയിരിക്കുന്ന കോശങ്ങള്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലമോ, മറ്റ് യാന്ത്രികസമ്മര്‍ദ്ദം മൂലമോ വിഘടിക്കുകയും ജലാംശം പുറത്തുപോവുകയും ചെയ്യും. ഈ പ്രവര്‍ത്തനം 24-36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഈസ്റ്റിന്‍റെ പ്രവര്‍ത്തനഫലമായി അമ്ലങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഓക്സിജന്‍റെ അഭാവത്തില്‍ പഞ്ചസാര വിഘടിക്കുന്ന ലാക്ട്രിക് ആസിഡ് ബാക്ടീരിയയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുന്നു. ഇവയുടെ പ്രവര്‍ത്തനഫലമായി ജൈവ അമ്ലങ്ങള്‍ ഉണ്ടാകുന്നു.
ഇങ്ങനെ വഴുവഴുത്ത പള്‍പ്പു വിഘടിച്ച് വിയര്‍പ്പ് ഒലിച്ചുപോകുന്നതോടെ ചുറ്റും വായു ലഭ്യമാകുന്ന സാഹചര്യമുണ്ടാകുന്നു. സിട്രിക് ആസിഡ് നീക്കം ചെയ്യപ്പെടുന്നതുവഴി അമ്ലത്വം കുറയുകയും ചെയ്യും. ഓക്സിജന്‍റെ സാന്നിധ്യത്തില്‍ അസറ്റിക് ആസിഡ് ബാക്ടീരിയ ചാരായത്തെ അസറ്റിക് ആസിഡാക്കി മാറ്റും. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി കൂട്ടിവച്ചിരിക്കുന്ന ബീന്‍സിന്‍റെ താപനില ഉയരും. പുളിപ്പിക്കലിന്‍റെ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ താപനില ക്രമാനുസൃതമായി ഉയര്‍ന്ന് 40-50 ഡിഗ്രി സെന്‍റിഗ്രേഡും, ആദ്യത്തെ ഇളക്കലിനുശേഷം 48-50 ഡിഗ്രി സെന്‍റിഗ്രേഡും ആയിത്തീരുന്നു. താപനിലയിലുള്ള ഈ വര്‍ധനയും അമ്ലത്വവും കുരുവിന്‍റെ ജീവനക്ഷമത (അങ്കുരണശേഷി) നശിപ്പിക്കുന്നു. ക്രമേണ സ്തരങ്ങളുടെ അര്‍ദ്ധതാര്യത (selective permeability) നഷ്ടപ്പെടുകയും പദാര്‍ത്ഥങ്ങള്‍ അന്തര്‍വ്യാപനം മുഖേന പുറത്തുനിന്നും അകത്തേക്ക് ഒഴുകുകയും ചെയ്യും. ആന്തരികകോശഘടന നഷ്ടപ്പെടാന്‍ ഇതു കാരണമാകും. ഫെര്‍മെന്‍റേഷന്‍ വഴിയും പദാര്‍ത്ഥങ്ങളുടെ പ്രവേശനം വഴിയും ബീജപത്രങ്ങളുടെ ുഒ6.6 ല്‍നിന്നും 4.8 ലേക്കു വരുന്നു.
ബീജാവരണത്തിലൂടെ ഉള്ളിലേക്കു വ്യാപിക്കുന്ന അസറ്റിക് ആസിഡ് പോളിഫീനോളുകളെയും കോശത്തിന്‍റെ ഫേനത്തിലെ കൊഴുപ്പ് സ്തരങ്ങളെയും വിഘടിച്ച് മറ്റു കോശഘടകങ്ങളുമായി ചേര്‍ക്കുന്നു. ദഹനരസങ്ങളുടെ പ്രവര്‍ത്തനഫലമായി പോളീനോളുകള്‍ക്ക് ഓക്സീകരണം സംഭവിക്കുന്നു. കൊക്കോ കുരുവിന്‍റെ കയ്പുരസം നീക്കം ചെയ്യുന്നതില്‍ ഈ പ്രതിപ്രവര്‍ത്തനങ്ങള്‍ക്കു ഭാഗികമായി പങ്കുണ്ട്.
വിവിധ തരത്തിലുള്ള പുളിപ്പിക്കല്‍ രീതികള്‍
കൊക്കോ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങള്‍ വിവിധ രീതിയിലുള്ള ഫെര്‍മെന്‍റേഷന്‍ മാര്‍ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ കൂനയില്‍ പുളിപ്പിക്കല്‍, കൂടയില്‍ പുളിപ്പിക്കല്‍ എന്നിവയാണ് ഏറ്റവും മികച്ചവയായി കാണുന്നത്.
കൂനയില്‍ പുളിപ്പിക്കല്‍
ഈ രീതിയില്‍ കൊക്കോക്കുരു പുളിപ്പിക്കുന്നതിനു കുറഞ്ഞത് 50 കി.ഗ്രാം കുരുവെങ്കിലും വേണ്ടിവരും. തറയില്‍ കമ്പുകള്‍ നിരത്തി വാഴയില വിരിച്ച് അതില്‍ കായ് പൊട്ടിച്ചെടുത്ത കുരു കൂനയായി കൂട്ടിവയ്ക്കണം. തറയില്‍നിന്നും അല്‍പം പൊങ്ങിനില്‍ക്കുന്നതുകൊണ്ട് പുളിക്കുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പ് ഈ വിടവ് വഴി ഒലിച്ചു പോകും. കൂന വാഴയിലകൊണ്ട് വീണ്ടും മൂടി മുകളില്‍ ചെറിയ ഭാരം കയറ്റി വയ്ക്കണം. മൂന്നാം ദിവസവും അഞ്ചാം ദിവസവും കൂനപൊളിച്ചു നന്നായി ഇളക്കി പഴയതുപോലെ കൂനകൂട്ടി മൂടിവയ്ക്കുക. പുളിക്കല്‍ പ്രക്രിയ പൂര്‍ണമാകുന്നതിന് ഏകദേശം ആറ് ദിവസമെടുക്കും. ഏഴാം ദിവസം കുരു ഉണക്കാനിടാം.
പാത്രത്തില്‍ പുളിപ്പിക്കല്‍
ഈവിധം പുളിപ്പിക്കുവാന്‍ 90 സെ.മീ. നീളവും 60 സെ.മീ. വീതിയും 13 സെ.മീ. ഉയരവുമുള്ള ചതുരത്തിലുള്ള പാത്രങ്ങളിലാണ് ബീന്‍സ് എടുക്കുന്നത്. ഇവയുടെ അടിവശത്ത് ദ്വാരങ്ങളിട്ട് റീപ്പര്‍ തറച്ചിരിക്കും. ഓരോ പാത്രത്തിലും 45 കി.ഗ്രാം വെറ്റ് ബീന്‍സ് നിറയ്ക്കാം. ഇത്തരത്തിലുള്ള 6 പാത്രങ്ങള്‍ കുരു നിറച്ചശേഷം ഒന്നിനു മുകളില്‍ ഒന്നായി അടുക്കുന്നു. ഏറ്റവും അടിയില്‍ വിയര്‍പ്പ് ഒഴുകിപ്പോകുന്നതിനായി ഒരു ഒഴിഞ്ഞപാത്രവും വയ്ക്കണം. ഇങ്ങനെ അടുക്കിയശേഷം ഏറ്റവും മുകളിലെ പാത്രത്തിലെ ബീന്‍സ് വാഴയിലകൊണ്ട് മൂടുന്നു. ചൂടു പുറത്തു പോകുന്നതു തടയാനായി 24 മണിക്കൂറിനുശേഷം ഈ പാത്രങ്ങള്‍ ചണച്ചാക്കുപയോഗിച്ച് പൊതിയുന്നു. ഈ രീതി അവലംബിക്കുമ്പോള്‍ ബീന്‍സ് ഇളക്കികൊടുക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല ഫെര്‍മെന്‍റേഷന്‍ നാലു ദിവസംകൊണ്ട് പൂര്‍ണമാകുകയും ചെയ്യും. അഞ്ചാം ദിവസം ബീന്‍സ് ഉണക്കാനിടാം. ട്രേയുടെ ഒരു അട്ടിയില്‍/അടുക്കില്‍ കുറഞ്ഞത് ആറ് ട്രേ/പാത്രങ്ങളെങ്കിലും വേണം. 12 ട്രേ വരെ ഒരേ സമയം അടുക്കാവുന്നതാണ്.
പെട്ടിയില്‍ പുളിപ്പിക്കല്‍
ഈ പ്രക്രിയയില്‍ 1.2 മീ x 0.95 മീ x 0.75 മീറ്റര്‍ വലിപ്പമുള്ള, അടിയില്‍ ദ്വാരങ്ങളിട്ട മരപ്പെട്ടികളിലാണ് വെറ്റ് ബീന്‍സ് നിറയ്ക്കുന്നത്. ഈ പെട്ടികളില്‍ ഒരു ടണ്‍വരെ വെറ്റ് ബീന്‍സ് നിറയ്ക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ ബീന്‍സ് നന്നായി ഇളക്കേണ്ടതുണ്ട്. എന്നാല്‍ ബീന്‍സിന്‍റെ അളവ് കൂടുതലാണെങ്കില്‍ ഒരു പെട്ടിയില്‍നിന്നും മറ്റൊന്നിലേക്കു മാറ്റുന്നതാണ് നല്ലത്. ഈ രീതിയില്‍ കുരു പുളിപ്പിക്കുവാന്‍ മൂന്നു പെട്ടികളെങ്കിലും ആവശ്യമായി വരും.
ചെറുകിട മാര്‍ഗങ്ങള്‍
സാധാരണയായി ട്രേ, പെട്ടി, കൂട എന്നിവ ഉപയോഗിച്ചാണ് ചെറിയ തോതില്‍ ബീന്‍സ് പുളിപ്പിക്കുന്നത്. ഇതില്‍ ട്രേയിലെ പുളിപ്പിക്കലാണ് ഏറ്റവും നല്ല മാര്‍ഗം. ആവശ്യത്തിനു വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന മരത്തിന്‍റെ ട്രേകളും ഇതിനുപയോഗിക്കാം. 60 സെ.മീ x 10 സെ.മീ. വലുപ്പമുള്ള ഒരു ട്രേ നിറയ്ക്കുന്നതിന് 10 കിലോ ബീന്‍സെങ്കിലും വേണ്ടിവരും. ഇത്തരത്തില്‍ നാലോ അഞ്ചോ ട്രേകള്‍ കൊക്കോ നിറച്ച ഭാഗം ഒരേ വരിയില്‍ വരത്തക്കവിധം ഒന്നിനു മുകളില്‍ ഒന്നായി വയ്ക്കുന്നു.
ചെറിയ അളവില്‍ കുരു പുളിപ്പിക്കാന്‍ മുളകൊണ്ടുള്ള കുട്ടകള്‍ ഉപയോഗിക്കാം. ഈ രീതിയില്‍ ഏകദേശം 2 കി.ഗ്രാം മുതല്‍ 6 കി.ഗ്രാം വരെയും കുരു പുളിപ്പിച്ചെടുക്കാം. 20 സെ.മീ. വ്യാസവും 15 സെ.മീ. വരെ ഉയരവുമുള്ള കുട്ടകളില്‍ വാഴയില നിരത്തി കുരുനിറച്ച് അമര്‍ത്തിയശേഷം വാഴയിലകൊണ്ടുതന്നെ മൂടുക. ഈ കുട്ടകള്‍ തറയില്‍നിന്നും ഉയര്‍ത്തിവച്ച് വിയര്‍പ്പ് ഒലിച്ചു പോകാനനുവദിക്കു. 24 മണിക്കൂറിനുശേഷം ഇതിന്മേല്‍ കട്ടിയുള്ള ചാക്കുകൊണ്ട് പൊതിഞ്ഞു ഭാരം കയറ്റിവയ്ക്കുക. 48 മണിക്കൂര്‍ ഇടവിട്ട് (മൂന്നാം ദിവസവും അഞ്ചാം ദിവസവും) കുരു ഇളക്കി പഴയപോലെ തിരികെ വയ്ക്കണം. ഏഴാം ദിവസം ഉണക്കാനിടാം.
ഫെര്‍മെന്‍റേഷനു വേണ്ടിവരുന്ന സമയത്തെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങളുണ്ട്. കാലങ്ങളും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളുമാണ് ഇതില്‍ പ്രധാനം. കായ് എത്രമാത്രം പഴുത്തിരിക്കുന്നു എന്നതും ഫെര്‍മെന്‍റേഷനെ ബാധിക്കാം. പാകമാകാത്ത കായ്കളുടെ ബീന്‍സ് പുളിപ്പിക്കാന്‍ സാധിക്കില്ല. ക്രയോളോയുടെ കുരു ഫെറാസ്റ്റിറോയെ അപേക്ഷിച്ച് വേഗത്തില്‍ ഫെര്‍മെന്‍റ് ചെയ്യും. ഫെര്‍മെന്‍റു ചെയ്തു വീര്‍ത്തിരിക്കുന്ന കുരുവില്‍ ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറത്തോകൂടി ദ്രാവകം ഉണ്ടായിരിക്കും. കുരു മുറിച്ചു നോക്കുകയാണെങ്കില്‍ മധ്യഭാഗം വെളുത്തിരിക്കുന്ന ബീജപത്രത്തിന്‍റെ ചുറ്റിലുമായി ബ്രൗണ്‍ നിറത്തോടുകൂടിയ ഒരു വലയം കാണാം. ഏതാണ്ട് പകുതി ബീന്‍സെങ്കിലും ഈ ലക്ഷണങ്ങള്‍ കാണിച്ചാല്‍ അവ മുഴുവനായി ഫെര്‍മെന്‍റ് ചെയ്തതായി കണക്കാക്കാം.
ഉണക്കല്‍
പുളിപ്പിച്ച കുരുക്കള്‍, സൂര്യപ്രകാശത്തിലോ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ ഉണക്കുന്നു. രണ്ട്-മൂന്നു സെ.മീ. മാത്രം കനത്തില്‍ കുരുക്കള്‍ പരത്തി, ഇടയ്ക്കിടെ ഇളക്കി കൊടുക്കേണ്ടതു വെയിലില്‍ ഉണക്കുമ്പോള്‍ അത്യാവശ്യമാണ്. സാധാരണ സൂര്യപ്രകാശത്തില്‍ 4-5 ദിവസംകൊണ്ട് ഉണക്കല്‍ പൂര്‍ത്തിയാവും. മഴക്കാലത്തു യന്ത്രം ഉപയോഗിച്ചുള്ള ഉണക്കല്‍ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും. എന്നാല്‍ കുരുവില്‍ കരിയും പുകയും പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈയില്‍വച്ച് അമര്‍ത്തുമ്പോള്‍ ബീന്‍സ് ഒരു ശബ്ദത്തോടെ പൊട്ടുന്നെങ്കില്‍ ഉണക്കം പൂര്‍ത്തിയായി എന്നു മനസ്സിലാക്കാം.
സൂക്ഷിക്കല്‍
ഉണങ്ങിയശേഷവും ബീന്‍സ് അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുക്കാറുണ്ട്. കൊക്കോ വളര്‍ത്തുന്ന പ്രദേശങ്ങളിലെ സാഹചര്യങ്ങളും ഇതിനുതകുന്നതാണ്. ഇങ്ങനെ സംഭവിച്ചാല്‍ ദീര്‍ഘകാലം ബീന്‍സ് കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് 6-8% വരെ മാത്രം ജലാംശമാക്കി ഉണക്കിയ കുരുക്കള്‍ പോളിത്തീന്‍ പാളിയുള്ള ചണച്ചാക്കില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. മുറിഞ്ഞ ബീന്‍സുകള്‍ നീക്കം ചെയ്യണം. സൂക്ഷിക്കുന്ന മുറയില്‍ ആവശ്യത്തിനു വായു സഞ്ചാരം വേണം. തറയില്‍നിന്നും 15-20 സെ.മീ. ഉയരത്തില്‍ മരക്കമ്പുകള്‍ നിരത്തി അതിനു മുകളിലായി വേണം ചാക്കുകള്‍ അടുക്കാന്‍. കുമിളിന്‍റെ വളര്‍ച്ചയും കീടങ്ങളുടെ ആക്രമണവും തടയാനായി, മുറിയിലെ ഈര്‍പ്പം (ആര്‍ദ്രത) 80%ല്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചുറ്റുപാടുമുള്ള ഏതു ഗന്ധവും വലിച്ചെടുക്കാനും നിലനിര്‍ത്താനും കൊക്കോ കുരുവിനു കഴിവുള്ളതുകൊണ്ട് ഉണക്കിയ ബീന്‍സ് സൂക്ഷിക്കുന്നതിന്‍റെ സമീപത്ത് ഭക്ഷണ പദാര്‍ത്ഥങ്ങളോ മണ്ണെണ്ണ പുകയോ ഉണ്ടാവരുത്. ബീന്‍സ് വറുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാദിലും മണത്തിലുമുള്ള വ്യത്യാസം ചോക്കലേറ്റ് നിര്‍മാണത്തിന്‍റെ വിജയത്തെ ബാധിക്കുന്ന ഒരു കാര്യമാണ്. കൂടാതെ കൊക്കോ പൗഡര്‍ നിര്‍മാണത്തിനുവേണ്ടിയുള്ള കൊക്കോ വെണ്ണയുടെ വേര്‍തിരിക്കലും, കൊക്കോ പരിപ്പിലേക്കും പഞ്ചസാരയിലേക്കും കൊക്കോ വെണ്ണ ചേര്‍ക്കുന്നതുമെല്ലാം ചോക്കലേറ്റിന്‍റെ രുചിയെ സ്വാധീനിക്കും.
അനേകായിരം തിരിച്ചറിയപ്പെടാത്ത സംയുക്തങ്ങള്‍ ചോക്കലേറ്റുകളുടെ രുചിക്കും മണത്തിനും ഹേതുവായിട്ടുണ്ട്. ഇവ വിവിധ സംസ്കരണ രീതിയനുസരിച്ച് മാറിക്കൊണ്ടിരിക്കും. കൃത്യതയാര്‍ന്നതും അനുയോജ്യമായതുമായ അനേകം ഘടകങ്ങള്‍, നല്ല നിലവാരം പുലര്‍ത്തുന്ന കൊക്കോ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിന് ആവശ്യമാണ്. ഇതുതന്നെയാണ് വിവിധ ബ്രാന്‍ഡുകള്‍ തമ്മിലുള്ള ഒരേ കൊക്കോ ഉല്‍പ്പന്നങ്ങളുടെതന്നെ വിപുലമായ രുചിഭേദത്തിനും കാരണമായിട്ടുള്ളത്.
www.karshikarangam.com