ജൈവകൃഷി : ആരോഗ്യമുള്ള മണ്ണ്
- സസ്യങ്ങള്‍ക്കു കരുത്തോടെ വളരാന്‍ കഴിയുന്ന മാധ്യമം
- വെള്ളം സംഭരിച്ചു നിര്‍ത്തുകയും ചെടികള്‍ക്ക് വേണ്ട അളവില്‍ നല്‍കുകയും ചെയ്യുന്ന സംഭരണി.
- ജൈവവസ്തുക്കളെന്തിനെയും വളരെ വേഗം അഴുകിച്ചേര്‍ന്ന് പുനരുപയോഗത്തിനു സജ്ജമാക്കുന്ന മാധ്യമം.
- രോഗാണുക്കളുടെ വളര്‍ച്ച തടയുന്ന പ്രകൃതിയുടെ സ്വഭാവികമായ പ്രതിരോധ സംവിധാനം.
- സസ്യപോഷകങ്ങളുടെ വറ്റാത്ത സംഭരണി
വളക്കൂറുള്ള മണ്ണിന്‍റെ ശേഷി ഒരിക്കലും തീരാത്തതാണ്. രാസകൃഷിയുടെ ഏറ്റവും വലിയ ദോഷം കൃത്രിമമായ ഇടപെടലുകളിലൂടെ അവ ഒന്നാമതായിത്തന്നെ മണ്ണിന്‍റെ വളക്കൂറ് നശിപ്പിക്കുന്നു എന്നതാണ്. അതിനുശേഷം പുറമെ നിന്ന് കൃത്രിമമായി പോഷകങ്ങള്‍ കിട്ടാതെ ചെടികള്‍ക്ക് വളരാന്‍ കഴിയാതെയാവുന്നു.
രാസകൃഷിയില്‍ വളമിട്ട് ചെടിയെ വളര്‍ത്തുമ്പോള്‍ ജൈവകൃഷിയില്‍ വളമിടുന്നതു മുഴുവന്‍ മണ്ണിനും അതിനുള്ളില്‍ വസിക്കുന്ന കോടാനുകോടി സൂക്ഷ്മജീവികള്‍ക്കുമാണ്. ഇതിനു രണ്ടിനും സസ്യമൂലകങ്ങളുടെ ആവശ്യമില്ല. പകരം പരമാവധി ജൈവവസ്തുക്കള്‍ കിട്ടിയാല്‍ മതിയാകും. അവയെ സാവകാശം ചെടിക്കുവേണ്ട മൂലകങ്ങളാക്കി നല്‍കാന്‍ കഴിയും.
മണ്ണിന്‍റെ വളക്കൂറ് നിലനിര്‍ത്തണമെങ്കില്‍ ഒരിക്കല്‍ കുറേ ജൈവവസ്തുക്കള്‍ കൊടുത്താല്‍ മാത്രം പോരാ, സ്ഥിരമായി അവ കൊടുത്തു കൊണ്ടേയിരിക്കണം. ഇതിന് പച്ചിലകളും മറ്റും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കണം. ഇതിനേതാനും പ്രായോഗിക മാര്‍ഗങ്ങളുണ്ട്.
- ഒരു തരി മണ്ണുപോലും പുറത്തുകാണരുന്നത് എന്നത് നിര്‍ബന്ധമാക്കുക. മണ്ണിനെ മറച്ചുകൊണ്ട് സദാ എന്തെങ്കിലും ചെടികള്‍. അവയില്‍നിന്നു വേണ്ടത്ര പച്ചിലകളും പാഴ്വസ്തുക്കളും കിട്ടിക്കൊണ്ടിരിക്കും.
- പലവിളകള്‍ മാറി മാറി കൃഷി ചെയ്യുക. അതിനിടയില്‍ പച്ചിലവളച്ചെടികള്‍ കൂടി കൃഷിചെയ്യുന്നതിനുള്ള സമയം ചേര്‍ത്തുകൊടുക്കുക. പയറുകള്‍, ഡെയിഞ്ച, കാട്ടുചണമ്പ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.
- വിളകള്‍ക്കൊപ്പം തീറ്റപ്പുല്ലിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. ഗിനിപ്പുല്ല്, ഗംബപ്പുല്ല്, നേപ്പിയര്‍ ഇനങ്ങള്‍ തുടങ്ങിയവ ഇതിന് ഉത്തമമാണ്.
- തോട്ടത്തില്‍ എല്ലായിടത്തും പരമാവധി വിളകള്‍ ഒന്നിച്ചു കൃഷി ചെയ്യുന്ന മിശ്രവിളരീതി അനുവര്‍ത്തിക്കുക. എത്ര വിളകളുടെ കൂട്ടായ്മയുണ്ടാക്കാന്‍ സാധിക്കുമോ അത്രയും വിള ഓരോ ഭാഗത്തും ഉള്‍പ്പെടുത്തുക. ഉദാ: തെങ്ങ്, കമുക്, കുരുമുളക്, ജാതി, ഗ്രാമ്പൂ, കൊക്കോ, കാപ്പി, വാഴ, വനില, പതിമുകം എന്നിവ ഒരേ സ്ഥലത്തുതന്നെ കൃഷിചെയ്യുന്ന തീവ്രരീതി.
- ദീര്‍ഘകാല വിളകള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ അവയ്ക്കൊപ്പം വളരുന്ന പയര്‍വര്‍ഗത്തില്‍പ്പെട്ട മരങ്ങളോ (സുബാബുള്‍, ശീമക്കൊന്ന, സെസ്ബേനിയ തുടങ്ങിയവ) ആവരണ വിളകളോ (മ്യൂക്കുണ, പ്യൂറേറിയ, കലപ്പഗോണിയം തുടങ്ങിയവ) കൃഷിചെയ്യുക.
- ദീര്‍ഘകാല വിളകളുടെ രണ്ടുനിരകള്‍ക്കിടയില്‍ ഒരു നിര പച്ചിലച്ചെടി, പച്ചിലമരം നട്ടുപിടിപ്പിക്കാന്‍ തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്യുക. സ്ഥിരമായി ഇവയില്‍നിന്നു കൊമ്പുകോതി പുതയിടാനെടുക്കാം.
- കാര്യമായി ഉപയോഗമില്ലാത്ത പാഴ്മരങ്ങള്‍ തോട്ടത്തില്‍ എവിടെയെങ്കിലും നില്‍പുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കുക. അവ ഇലയും കമ്പും തരട്ടെ.
- തോട്ടത്തിനു നാലു ചുറ്റും വേലിച്ചെടികള്‍ നട്ടുപിടിപ്പിക്കു. പയര്‍വര്‍ഗത്തില്‍പെട്ട മരങ്ങളോ ശീമക്കൊന്നയോ കൊണ്ട് വേലി തീര്‍ക്കാം. ഇവയും കൊമ്പുകള്‍ മുറിച്ചെടുക്കാന്‍ മാത്രമുള്ളതാണ്. ഒപ്പം കാറ്റിന് മറയുമായിക്കൊള്ളും.