കൃഷിയുടെ ഭാഗമായി മണ്ണില്‍ നടത്തുന്ന ഏറ്റവും വലിയ ഇടപെടല്‍ കൊത്തും കിളയുമാണ്. പ്രകൃതിയുടെ ക്രമങ്ങള്‍ക്ക് ഏറ്റവും വിരുദ്ധമായ കാര്യവും. ഇതു തന്നെ. അതുകൊണ്ട് പ്രകൃതികൃഷി കിളയ്ക്കുന്നതിനും മണ്ണിളക്കുന്നതിനുമെല്ലാം എതിരാണ്. എന്നാല്‍ ജൈവകൃഷി കിളയ്ക്കുന്നതിനെതിരല്ല. പക്ഷേ, കിള പരമാവധി കുറയ്ക്കാവുന്ന രീതിയില്‍ പുതയിട്ടും മറ്റും മണ്ണിനെ സംരക്ഷിക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. മണ്ണിളക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രശ്നം മണ്ണിളക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രശ്നം മണ്ണൊലിപ്പാണ്. വിലപ്പെട്ട മേല്‍മണ്ണ് ഒഴുകിപ്പോകുന്നത് കിളച്ചിളക്കിയിടുമ്പോഴാണ്.
പ്രധാനമായും രണ്ടുകാര്യങ്ങള്‍ക്കു വേണ്ടിയാണ് കിളച്ചു മണ്ണിളക്കേണ്ടതായി വരുന്നത്. ഒന്നാമതായി നടീലിനും വിത്തുപാകലിനും വേണ്ട തടമോ കുഴിയോ എടുക്കുന്നതിനുവേണ്ടി. രണ്ടാമതായി കളയിളക്കുന്നതിനുവേണ്ടി.
കിള വേണ്ടിവരുന്ന സാഹചര്യങ്ങള്‍ തീരെ കുറവാണെന്നതാണ് വാസ്തവം. ദീര്‍ഘകാല വിളകളുടെ കാര്യത്തില്‍ കിളയ്ക്കേണ്ട ആവശ്യമേയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നതും ദീര്‍ഘകാല നാണ്യവിളകളായ റബ്ബര്‍, കുരുമുളക്, തെങ്ങ്, ഏലം, കമുക്, കാപ്പി, തേയില തുടങ്ങിയവയാണല്ലോ. ഇവയുടെ കൃഷിയിടത്തില്‍ മണ്ണ് ഇളക്കമുള്ളതാക്കാന്‍ പയര്‍വര്‍ഗത്തില്‍ പെട്ട ചെടികള്‍ നട്ടുപിടിപ്പിക്കുകയും അവ വെട്ടി പുതയിടുകയും ചെയ്താല്‍ മതി. പുതുക്കൃഷിയുടെയും ആവര്‍ത്തനക്കൃഷിയുടെയും സമയത്താണ് കിള വേണ്ടിവരുന്നത്.
ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന സ്ഥലത്താണ് ഉഴവും കിളയും കൂടുതലായും സ്ഥിരമായും വേണ്ടിവരുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും ആശാസ്യമായരീതി ഏറ്റവും കുറഞ്ഞ കിള എന്നതാണ്. ഒരിക്കലും വളരെ താഴ്ചയില്‍ മണ്ണ് കിളച്ചോ ഉഴുതോ മറിക്കരുത്. അഥവാ ഉഴവ് വേണ്ടിവന്നാല്‍ അത് ചെരിവിനു കുറുകെയാകണം. ചെരിവിനൊത്തായിരിക്കരുത്. ചെരിവിനൊത്ത് ഉഴുതിട്ടാല്‍ വെള്ളച്ചാലിലൂടെയെന്നപോലെ മേല്‍മണ്ണ് ഒഴുകിപ്പോകും. ഉഴവ് നടത്തുന്നത് കഴിഞ്ഞ കൃഷിയുടെ അവശിഷ്ടങ്ങള്‍ മണ്ണിലേക്ക് ചേര്‍ക്കുന്നതിനുവേണ്ടിയായിരിക്കണം. അവയൊരിക്കലും ഏറെ താഴ്ചയിലേക്കു പോകേണ്ട കാര്യമില്ല. സ്ഥിരമായി പുതയിട്ടുകൊണ്ടിരിക്കുന്ന മണ്ണില്‍മേല്‍മണ്ണ് നല്ല ഇളക്കമുള്ളതായിരിക്കും. അതില്‍ ഉഴവ് കൂടാതെ കൃഷിയാരംഭിക്കാനും കഴിയും. നെല്ലൊഴികെയുള്ള ഭക്ഷ്യവിളകളുടെ കാര്യത്തില്‍ കിളയ്ക്കല്‍ വേണ്ടിവന്നാലും നടീലിനു വേണ്ട ഏറ്റവും കുറഞ്ഞ സ്ഥലം മാത്രം ഇളക്കുന്നതായിരിക്കും നല്ലത്. പല വിളകള്‍ മാറിമാറി കൃഷിചെയ്തു കൊണ്ടിരുന്നാല്‍ കളകള്‍ വളരുന്നതിനുള്ള സാധ്യത തീരെ കുറയും. അതിനാല്‍ കളയെടുപ്പിനുള്ള കിളയും വേണ്ടിവരില്ല. കളകളെ കിളച്ചു മറിക്കുകയല്ല, വെട്ടി മണ്ണില്‍ ചേര്‍ക്കുകയാണ് നല്ലത്.
മണ്ണും ജലവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് കല്ലുകയ്യാലകള്‍ നിര്‍മിക്കുന്നതും കൃഷിയിടം ചെരിവിനനുസരിച്ച് പല തട്ടുകളായി തിരിക്കുന്നതും വളരെ പണ്ടേയുള്ള രീതികളാണ്. ഏറ്റവും ചെരിവു കൂടിയ ഭൂപ്രദേശത്ത് അടുത്തടുത്ത് തട്ടുകളുണ്ടായിരിക്കുന്നതാണ് നല്ലത്. ഇവയ്ക്കു പുറമെ ആവരണ വിളകള്‍ നട്ടു പിടിപ്പിക്കുന്നതും ശക്തിയായ വേരുപടലമുള്ള രാമച്ചം പോലെയുള്ള ചെടികള്‍ ഇടയ്ക്കിടെ നിരയൊപ്പിച്ച് നട്ടുവളര്‍ത്തുന്നതുമൊക്കെ മണ്ണൊലിപ്പ് തടയുന്നതിനുള്ള വഴികളാണ്.
മണ്ണു സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ജലസംരക്ഷണവും. ഇതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗം മണ്ണില്‍ പുതയിടുന്നതാണ്. പുതയിട്ടു സംരക്ഷിച്ച സ്ഥലത്തായിരിക്കും ഏറ്റവുമധികം ജലം സംരക്ഷിക്കപ്പെടുക. ജൈവവസ്തുക്കള്‍ അഴുകിച്ചേര്‍ന്ന മേല്‍മണ്ണ് സ്പോഞ്ച് വെള്ളം പിടിച്ചു നിര്‍ത്തുന്നതെങ്ങനെയോ അതേ രീതിയില്‍ വെള്ളം സംരക്ഷിക്കുന്നു. ഇതിനു പുറമേ നടപ്പാക്കാവുന്ന മറ്റു കാര്യങ്ങളാണ് നീര്‍ക്കുഴികളുടെ നിര്‍മാണവും ചാലുകള്‍ക്കു കുറുകെ ചിറകളും കല്‍ക്കെട്ടുകളും നിര്‍മിക്കുന്നതും ചെരിവിനു കുറുകെ കിടങ്ങുകളെടുക്കുന്നതുമെല്ലാം.
www.karshikarangam.com