മണ്ണ് വളക്കൂറുള്ളതായി മാറിക്കഴിഞ്ഞാല്‍ മൂലകങ്ങളെക്കുറിച്ചുള്ള മുന്‍വിധികളൊന്നും ആവശ്യമില്ലെന്നാകും. കാരണം വേണ്ട മൂലകങ്ങള്‍ വേണ്ട അളവില്‍ വേണ്ട സമയത്ത് മണ്ണില്‍നിന്നു കിട്ടിക്കൊണ്ടിരിക്കും. ചെടികള്‍ നന്നായി വളരാനും നല്ല വിളവു തരാനും ഏറ്റവും കൂടുതലായി വേണ്ടത് എന്‍.പി.കെ എന്നീ മൂന്നു മൂലകങ്ങളാണ്. അതായത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ. ഇവയെങ്ങാനും കിട്ടാതെ വരുകയോ കുറഞ്ഞുപോകുകയോ ചെയ്താലെങ്ങനെ എന്ന ഭീതിയുള്ളവര്‍ക്ക് ഇവ സ്ഥിരമായി വേണ്ടത്ര കിട്ടുമെന്നുറപ്പാക്കാന്‍ ഏതാനും മാര്‍ഗങ്ങളുണ്ട്.
ജൈവകൃഷിയില്‍ നൈട്രജന്‍ നല്‍കുന്നതു പ്രധാനമായും പയര്‍വര്‍ഗത്തില്‍പെട്ട ചെടികളാണ്. ഇവയുടെ വേരുകളിലെ മുഴകളിലുള്ള ബാക്ടീരിയകള്‍ക്ക് അന്തരീക്ഷത്തിലെ നൈട്രജനെ ചെടികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ സാധിക്കും. മണ്ണില്‍ തന്നെ കാണപ്പെടുന്ന മറ്റു രണ്ടിനം ബാക്ടീരിയകളാണ് അസറ്റോബാക്ടറും അസോസ്പൈറില്ലവും ഇവയും നൈട്രജന്‍ ദാതാക്കളാണ്. നെല്ലിനൊപ്പം കാണപ്പെടുന്ന അനബേന അസോളെ ബാക്ടീരിയയ്ക്ക് അസോള പായലുമായി ചേര്‍ന്ന് ഒരു ഹെക്ടറിലേക്ക് 400 കി.ഗ്രാം നൈട്രജന്‍ നല്‍കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും ഏറ്റവും എളുപ്പമുള്ള വഴി പരമാവധി പയര്‍വര്‍ഗത്തില്‍പെട്ട ചെടികള്‍ കൃഷി ചെയ്യുന്നതാണ്. ഒരിഞ്ച് സ്ഥലം ചെടിയൊന്നുമില്ലാത്തതുണ്ടെങ്കില്‍ അവിടെ ഒരു പയര്‍ നടുക എന്നതു കാര്‍ഷികശൈലിയാക്കിയാല്‍ മതിയാകും.
അമ്ലതയും ഇരുമ്പിന്‍റെയും അലൂമിനിയത്തിന്‍റെയും അംശവും കൂടിയ കേരളത്തിലെ മണ്ണില്‍ ഫോസ്ഫേറ്റിന്‍റെ അളവും ചെടികള്‍ക്കതു കിട്ടുന്ന തോതും വളരെ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ രാസകൃഷിയില്‍ ഉപയോഗിക്കുന്ന ഫോസ്റേറ്റ് വളങ്ങളില്‍ നല്ല പങ്കും പാഴായിപ്പോകുകയുമാണ്. ജൈവകൃഷിയിലാകട്ടെ മണ്ണില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റുകളെ ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുന്നതിനാണ് ഊന്നല്‍. ഫോസ്ഫേറ്റുകളെ ലയിക്കുന്ന രൂപത്തിലാക്കിക്കൊണ്ടാണിത്. വളക്കൂറുള്ള മണ്ണില്‍ സ്വാഭാവികമായിത്തന്നെ ഫോസ്ഫേറ്റുകളുടെ രൂപമാറ്റം സംഭവിക്കുന്നു. വേരുകളുടെയും അവയിലെ നാരുവേരുകളുടെയും കൂടിയ തോതിലുള്ള വളര്‍ച്ചയുടെ ഫലമായി ജൈവകൃഷിയില്‍ മണ്ണിലെ ഫോസ്ഫേറ്റ് അംശങ്ങളുമായി കൂടുതല്‍ വേരുകള്‍ ഇടപെടുന്ന അവസ്ഥയുണ്ടാകുന്നു. വേരുകളിലെ നാരുവേരുകള്‍ പുറത്തുവിടുന്ന ചിലയിനം അമ്ലങ്ങളാണ് ഫോസ്ഫേറ്റുകളെ ലയിക്കുന്ന അവസ്ഥയിലെത്തിക്കുന്നത്.
വളക്കൂറുള്ള മണ്ണില്‍ വാം മൈക്കോറൈസ എന്നയിനം കുമിളുകള്‍ നല്ല തോതില്‍ വളരുന്നു. ഫോസ്ഫേറ്റിനെ ചെടികള്‍ക്കു കിട്ടുന്ന അവസ്ഥയിലെത്തിക്കാന്‍ഇവയ്ക്കാന്‍ കഴിയും. ചിലയിനം ഉള്ളികള്‍ക്ക് ഫോസ്ഫേറ്റിന്‍റെ രൂപമാറ്റത്തില്‍ സഹായിക്കാന്‍ കഴിയും. ജൈവവൈവിധ്യമുള്ള കൃഷിയിടത്തില്‍ ഈയിനം സസ്യങ്ങളും ഉണ്ടായിരിക്കും. മണ്ണില്‍ പുതയിട്ടിരിക്കുന്ന വസ്തുക്കളും ഫോസ്ഫേറ്റിനെ പ്രദാനം ചെയ്യാന്‍ കഴിവുള്ളവയായിരിക്കും.
പൊട്ടാസിയവും മണ്ണില്‍ അടങ്ങിയിട്ടുണ്ട്. ജൈവവളങ്ങളില്‍നിന്ന് ഇവ കിട്ടുന്നുമുണ്ട്. എന്നാല്‍ ജൈവാംശം കുറഞ്ഞ മണ്ണില്‍ (വളക്കൂറുമില്ലാത്തെ മണ്ണില്‍) ഇവ തങ്ങിനില്‍ക്കില്ല. രാസകൃഷിയില്‍ വീണ്ടും വീണ്ടും പൊട്ടാഷ് ചേര്‍ത്തുകൊടുക്കേണ്ടതായി വരുന്നതും ചേര്‍ക്കുന്നതില്‍ നല്ലൊരു പങ്ക് പാഴായിപ്പോകുന്നതിനും കാരണം ഇതാണ്. ജൈവകൃഷിയില്‍ സ്ഥിരമായി നല്ലതോതില്‍ പുതയിട്ടു മണ്ണിനെ സംരക്ഷിക്കുമ്പോള്‍ പൊട്ടാഷ് മേല്‍മണ്ണില്‍ തങ്ങിനില്‍ക്കുകയം ചെടികള്‍ക്കു വലിച്ചെടുക്കാന്‍ കഴിയുകയും ചെയ്യുന്നു. ആഴത്തില്‍ വേരോടുന്ന ചെടികളും ജൈവകൃഷിയിടത്തിലുള്ളതിനാല്‍ അവ മണ്ണിന്‍റെ അടിത്തട്ടില്‍നിന്നും പൊട്ടാഷ് വേര്‍പെടുത്തുന്നു. പുതയിടുന്നതിനാല്‍ പൊട്ടാസിയം മൂലകം പാഴായിപ്പോകുന്നതിനെ തടയാനുമാകുന്നു.
ജീവാണുവളങ്ങളുടെ ഉപയോഗം ജൈവകൃഷിയില്‍ നിഷിധമല്ല. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നീ മൂന്നു പ്രധാന മൂലകങ്ങളെയും പ്രദാനം ചെയ്യുന്ന ജീവാണുവളങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയും നിരവധി സ്വകാര്യം ഏജന്‍സികളും ഇവ വിപണനം നടത്തുന്നുണ്ട്. അംഗീകൃത ഏജന്‍സികളില്‍നിന്നു വാങ്ങുക. പഴക്കം ചെല്ലാത്ത മിശ്രിതങ്ങള്‍ വാങ്ങുക, കേരളത്തിലെ മണ്ണില്‍നിന്നു വേര്‍തിരിച്ചെടുത്ത ജീവാണുക്കളടങ്ങിയ മിശ്രിതം വാങ്ങുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നു മാത്രം. അതുപോലെ റോക്ക് ഫോസ്ഫേറ്റിന്‍റെ ഉപയോഗവും ജൈവകൃഷിയുടെ സങ്കല്‍പങ്ങള്‍ക്കെതിരല്ല. തടി കത്തിച്ച ചാരം കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതിലും തെറ്റില്ല.
www.karshikarangam.com