സങ്കരവിത്തുകളുടെ കാലമാണിത്. വിളവു കൂടണമെങ്കില്‍ വിത്തുകള്‍ സങ്കരമാകണമെന്നതിനെക്കാള്‍ ജൈവകൃഷി പ്രാധാന്യം കൊടുക്കുന്നത് മണ്ണ് സങ്കരമാകണം എന്നതിനാണ്.
മണ്ണ് സങ്കരമാകണമെങ്കില്‍ അതില്‍ പലതരത്തിലുള്ള സസ്യജന്തുജാലകളുണ്ടായിരിക്കണം. പുതയിടുന്ന വസ്തുക്കള്‍ വ്യത്യസ്തമായിരിക്കണം. വിവിധയിനം പക്ഷിമൃഗാദികളുടെ വിസര്‍ജ്യങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ഇവയെല്ലാം ചേര്‍ന്ന് വളക്കൂറു കൂട്ടുന്ന മണ്ണ് സങ്കരമായിരിക്കും. ഇതില്‍ ഓരോ ചെടിക്കും വേണ്ട പോഷകങ്ങളെല്ലാമുണ്ടായിരിക്കും. വിത്തുമാത്രം സങ്കരമായാല്‍ പോരാ മണ്ണും സങ്കരമാകണം. വിത്തുഗുണം പ്രധാനമാണ്. പക്ഷേ, ഗുണമേന്മയുള്ള വിത്തിനും വളക്കൂറില്ലാത്ത മണ്ണില്‍ ഫലം തരാനാവില്ല.
മണ്ണിന്‍റെ ജീവനാണ് ചെടിളുടെ ജീവന്‍. മണ്ണിന്‍റെ ആരോഗ്യമാണ് ചെടികളുടെ ആരോഗ്യം. മണ്ണിന്‍റെ ജീവനെന്നാല്‍ അതില്‍ കഴിയുന്ന സൂക്ഷ്മജീവികളുടെ ജീവനാണ്. ഇവയുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മണ്ണിന്‍റെ ജീവശേഷി കൂടുന്നു. ഈ ജീവശേഷി തന്നെയാണ് മണ്ണിന്‍റെ ഫലപുഷ്ടിയും വളക്കൂറും. ഏറ്റവും വളക്കൂറുള്ളത് വനമണ്ണിലാണ്. അതിനു കാരണം അവിടെയാണ് ഏറ്റവുമധികം ജൈവവൈവിധ്യമുള്ളത്.
എത്രമാത്രം വൈവിധ്യമുള്ള ചെടികളുടെ ഇലയും തണ്ടും തടിയും മണ്ണില്‍ വീഴുന്നുവോ അത്രയും രോഗപ്രതിരോധശേഷിയും വളക്കൂറുമാണ് മണ്ണിനു കിട്ടുന്നത്. ഒരു സസ്യം നല്‍കുന്നതല്ല മറ്റൊരു സസ്യം നല്‍കുന്നത്. ഒന്നിന്‍റെ അവശിഷ്ടം മറ്റൊന്നിന് ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുന്ന വസ്തുവായി മാറുന്നു.
സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പോലെയാണ് വിവിധ ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങളും. പശു, ആട്, കോഴി, പന്നി, താറാവ്, ആന തുടങ്ങിയവയുടെയൊക്കെ വിസര്‍ജ്യം കൊണ്ട് ഓരോ തരത്തിലുള്ള പ്രയോജനമാണ് മണ്ണിനു കിട്ടുന്നത്. മല്‍സ്യാവശിഷ്ടങ്ങള്‍ ചേര്‍ത്തുകൊടുത്താല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഗുണമായിരിക്കും കിട്ടുന്നത്.
മണ്ണിനെ സങ്കരമാക്കാന്‍ മറ്റൊരു വഴി വിവിധയിനം വസ്തുക്കള്‍ കൊണ്ടുള്ള പുതയിടലാണ്. എല്ലാവിധ ജൈവാശിഷ്ടങ്ങളും മണ്ണിനു നല്‍കാനുള്ളതാണ്. അളവിലും സ്വഭാവത്തിലും വ്യത്യസ്തമായ എത്ര ജൈവ വസ്തുക്കള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കാന്‍ കഴിയുന്നോ അത്രയും മെച്ചമായിരിക്കും. കരിയിലയുടെ പ്രയോജനമല്ല, പുല്ലില്‍നിന്നു കിട്ടുന്നത്. ഇവയെല്ലാം മണ്ണിനു പുതയായി മാറിക്കൊള്ളും. എന്നാല്‍ ഗുണത്തില്‍ വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യുന്നു. കടലാസ്, ചാക്ക്, തുണി, ഉമി, പതിര്, തേങ്ങയുടെ തൊണ്ട്, അടയ്ക്കയുടെ തൊണ്ട്, ചെമ്മീനിന്‍റെ തോട്, തടിക്കഷണങ്ങള്‍, വൈക്കോല്‍, ഓലമടല്‍, പായലുകള്‍, കരിമ്പിന്‍ചണ്ടി, തീപ്പെട്ടിക്കമ്പനിയിലെ പാഴ്വസ്തുക്കള്‍ അങ്ങനെ നാലും പാടും നോക്കിയാല്‍ പുതയിടാന്‍ പറ്റിയ വസ്തുക്കളേയുള്ളൂ. ഇവകൊണ്ട് പുതയിട്ട് അതിനു മീതെ വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും വിസര്‍ജ്യങ്ങള്‍ മണ്ണില്‍ ചേരുമ്പോള്‍ അത്രയും സൂക്ഷ്മജീവികളാണു ചേരുന്നത്.
ജൈവവൈവിധ്യത്തിന്‍റെ ഏറ്റവും പ്രധാനഘടകം മിശ്രവിള കൃഷിയാണ്. ജൈവകൃഷിയുടെ അടിസ്ഥാന സമീപനങ്ങളിലൊന്ന് പ്രകൃതിയില്‍നിന്നു പഠിക്കുക എന്നതാണ്. പ്രകൃതിയിലൊരിടത്തും ഒരു സസ്യം മാത്രമായി നില്‍ക്കുന്നില്ല. അതുതന്നെ ജൈവകൃഷിയിടത്തിലും വേണ്ടത്. കാട്ടിലേക്കു നോക്കൂ. അവിടെ എത്ര തട്ടുകളായാണ് മരങ്ങളുടെ ഇലത്തലപ്പ്. വന്‍വൃക്ഷങ്ങള്‍ മുതല്‍ പുല്ലുവരെയെല്ലാം അവയുടേതായ ക്രമത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുണ്ടാകുന്ന മെച്ചം സൂര്യനില്‍നിന്നുള്ള ഒരു പ്രകാശരശ്മിപോലും പാഴായിപ്പോകുന്നില്ല എന്നതുതന്നെ. ഏതെങ്കിലുമൊരു ഇലയില്‍ മാത്രമാണ് എല്ലാ രശ്മികളും പതിക്കുന്നത്. സൗരോര്‍ജം ഭക്ഷണമായി മാറുന്നു.
ഇലത്തലപ്പുപോലെ തന്നെ വിന്യസിക്കപ്പെട്ടതാണ് വേരുപടലവും. പല ആഴത്തില്‍നിന്ന് അവ വളവും വെള്ളവും വലിച്ചെടുക്കുന്നു. മല്‍സരം പരമാവധി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന പുല്ലുകളാണ് ഏറ്റവും മേല്‍ത്തട്ടില്‍ മാത്രം വേരോടിക്കുന്നത്. ഏറ്റവും ഉയരമുള്ള മരങ്ങള്‍ ഏറ്റവും അടിത്തട്ടുവരെ വളത്തിനും വെള്ളത്തിനുമായി പോകുന്നു. ഇവയുടെ ഇലകള്‍ വീണു ദ്രവിക്കുമ്പോള്‍ മണ്ണിനു കിട്ടുന്ന മെച്ചമല്ല പുല്ലിന്‍റെ ഇല വീണു ദ്രവിക്കുമ്പോള്‍ മണ്ണിനു കിട്ടുന്നത്. ഇതുതന്നെ കാട്ടിലെ മണ്ണ് ഏറ്റവും സങ്കരമായിരിക്കുന്നതിന്‍റെ കാരണം.
കേരളത്തില്‍ ഒരു വിളയും തനിയെ വളര്‍ത്തേണ്ട കാര്യമില്ല. തെങ്ങിന്‍തോപ്പുകള്‍ മിശ്രവിളകള്‍ക്കുവേണ്ടി മാത്രമുള്ളതെന്നു പറയാം. തെങ്ങിനൊപ്പം ആരോഗ്യകരമായി കഴിയാനാവുന്ന വിളകളെത്രയെണ്ണമാണ്. ജാതി, ഗ്രാമ്പൂ, കൊക്കോ, കാപ്പി, കുരുമുളക്, കമുക്, വനില, വാഴ, മരുന്നു ചെടികള്‍ തുടങ്ങിയവയൊക്കെ തെങ്ങിനോടിണങ്ങുന്നവയാണ്. അഞ്ചു വിളകളാണ് തെങ്ങിനൊപ്പം ആദായകരമായി വളര്‍ത്തുന്നത്. ഓരോ സ്ഥലത്തിനുമനുസരിച്ച് തെങ്ങിനൊപ്പം വളരേണ്ട വിളകളെ നിശ്ചയിക്കാവുന്നതേയുള്ളൂ.
റബ്ബറാണ് ഒപ്പമൊന്നിനെയും വളരാന്‍ സമ്മതിക്കാത്ത വിളയായി പറഞ്ഞു പോരുന്നത്. യഥാര്‍ത്ഥത്തില്‍ റബ്ബറിന്‍റെ പ്രശ്നം അതിന്‍റെ നടീല്‍ രീതിയാണ്. ഇതിനുപകരം റബ്ബറില്‍ ഇടവരി നടീല്‍ പരീക്ഷിച്ചാല്‍ ഏതു വിളയും ഒപ്പം വളരും. രണ്ടുനിര റബ്ബറുകള്‍ അടുത്തടുത്ത നടുകയും അടുത്ത രണ്ടുനിരകള്‍ ഈ രണ്ടുനിരകളില്‍നിന്നു മുപ്പതോ നാല്‍പ്പതോ അടി മാറ്റി നടകയും ചെയ്താല്‍ മധ്യേ കിട്ടുന്ന സ്ഥലത്ത് വാഴയോ കുരുമുളകോ ഫലവൃക്ഷങ്ങളോ എന്തും നേടാം.
നെല്ലിനുമുണ്ട് ഇതേ പേരുദോഷം. പക്ഷേ, നെല്‍പ്പാടങ്ങളുടെ വരമ്പുകളാണ് നാം പാഴാക്കിക്കളയുന്ന സമ്പത്ത്. നന്നായി സൂര്യപ്രകാശം കിട്ടുന്ന വരമ്പുകള്‍ പലതരത്തിലുള്ള പച്ചക്കറിവിളകള്‍ക്കും പൂച്ചെടികള്‍ക്കുമായി ഉപകാരപ്പെടുത്തിയാലോ. എന്തായാലും മണ്ണ് സങ്കരമാകണമെങ്കില്‍ അതില്‍ വളരുന്ന ചെടികള്‍ സങ്കരമാകാതെ പറ്റില്ല. മിശ്രവിളകളാണ് സങ്കരമണ്ണിന്‍റെ കുറുക്കുവഴി.
www.karshikarangam.com