ജൈവകൃഷി തുടക്കത്തില്‍ തന്നെ നമ്മോടാവശ്യപ്പെടുന്നത് വിനയമാണ്. പ്രകൃതിയെ കീഴടക്കാനുള്ള അഹന്തമാറ്റി വച്ച് പ്രകൃതിയോടു സമരസപ്പെടാനുള്ള വിനയം.
സൂര്യന്‍റെ ഊര്‍ജത്തെ ഭക്ഷണമാക്കി മാറ്റാന്‍ കഴിയുന്നത് സസ്യങ്ങള്‍ക്കു മാത്രമാണ്. കൃഷിയെന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്. അതായത് സൂര്യനും സസ്യവും കഴിഞ്ഞുള്ള സ്ഥാനം മാത്രമാണ് കൃഷിക്കാരനുള്ളത്. ഒരു കൂന ചപ്പുചവറുകളെ വാഴപ്പഴമാക്കി മാറ്റാന്‍ കഴിയുന്നത് വാഴയ്ക്കു മാത്രമാണ്.
തേങ്ങയുണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യ തെങ്ങിനു മാത്രം സ്വന്തം. ഇവയോടു ചേര്‍ന്നും സഹകരിച്ചും ആഹാരം ഉല്‍പ്പാദിപ്പിക്കേണ്ടവനാണ് കൃഷിക്കാരന്‍. ഈ റോളില്‍നിന്നു മാറി പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചിടത്താണ് കാര്‍ഷിക ദൂരന്തങ്ങളുടെ തുടക്കം.
ജൈവകൃഷി ആവശ്യപ്പെടുന്നത് വിനയമാണ്. നാം ഭക്ഷണം കഴിക്കുമ്പോള്‍ നമുക്കു കിട്ടുന്നത് ഊര്‍ജമാണ്. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഊര്‍ജം വളക്കൂറിലൂടെ മണ്ണിലെത്തിച്ചേര്‍ന്ന സൗരോര്‍ജമാണ്. നമ്മുടെ മുന്നില്‍ വിളമ്പിയിരിക്കുന്ന ചോറ് ഏതോ പച്ചിലകള്‍ പിടിച്ചെടുത്ത സൗരോര്‍ജമാണ്. ഭക്ഷണം സൗരോര്‍ജമാണെന്നു വരുമ്പോള്‍ പരമാവധി സൗരോര്‍ജം പിടിച്ചെടുക്കാനുള്ള ശ്രമമാകണം കൃഷി. സൗരോര്‍ജം പിടിച്ചെടുക്കാന്‍ സാധിക്കുന്നത് പച്ചിലകള്‍ക്കു മാത്രമാണ്. അതുകൊണ്ടാണ് മണ്ണ് ഒരിഞ്ച് പോലും തുറന്നിടരുത്, അവിടെ ഏതെങ്കിലും പച്ചില സസ്യം വളരാന്‍ അനുവദിക്കണമെന്നു പറയുന്നത്. ഒരു സസ്യമുണ്ടെങ്കില്‍ അത്രയും സൗരോര്‍ജം പിടിച്ചെടുത്തു കഴിഞ്ഞു. ആ സസ്യം അഴുകി മണ്ണില്‍ ചേരുമ്പോള്‍ സൗരോര്‍ജം മണ്ണിന്‍റെ വളക്കൂറായി മാറിക്കഴിഞ്ഞു. മറ്റൊരു സസ്യം ആ ഊര്‍ജം വലിച്ചെടുത്ത് ഭക്ഷണമാക്കി നമുക്കു തരുന്നു. അതുകൊണ്ടു നമുക്കു വിനയമുള്ളവരാകാം. സൂര്യനോട്, ചെടികളോട്, വളക്കൂറുള്ള മണ്ണിനോട് ഒക്കെ വിനയം.
www.karshikarangam.com