മണ്ണ് : മണ്ണുപരിശോധന


ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉല്‍പ്പാദനത്തിനും നിദാനം. മണ്ണ് അമ്ലസ്വഭാവമുള്ളതാണോ ക്ഷാരസ്വഭാവമുള്ളതാണോ, ആണെങ്കില്‍ അതിന്‍റെ തോതെത്ര, മണ്ണില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ചെടികള്‍ക്ക് ഉപദ്രവകരമാകുന്ന ലവണങ്ങളുടെ അളവ് എത്ര, മണ്ണില്‍ സസ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന രൂപത്തിലുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടങ്ങിയിരിക്കുന്നു എന്നെല്ലാം മണ്ണുപരിശോധന കൊണ്ടേ അറിയാന്‍ കഴിയൂ. ഇങ്ങനെ മണ്ണിന്‍റെ രാസഘടന മനസ്സിലാക്കിയാലെ അമ്ലത്വം അല്ലെങ്കില്‍ പുളിരസം നീക്കം ചെയ്യേണ്ട കുമ്മായം എത്ര ചേര്‍ക്കണമെന്നും ക്ഷാരാവസ്ഥയിലുള്ള മണ്ണിലെ ലേയ ലവണങ്ങള്‍ നീക്കം ചെയ്യാന്‍ എത്ര ജിപ്സം ഉപയോഗിക്കണം, ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് എത്രകണ്ട് ജൈവളം, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ ചേര്‍ക്കണം എന്നുമൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ.

 

പരിശോധനക്കായി മണ്ണുസാമ്പിളുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

  • ഓരോ പറമ്പ് അല്ലെങ്കില്‍ നിലത്തില്‍നിന്നും പ്രത്യേകം സാമ്പിളുകള്‍ എടുക്കുക.
  • അസാധാരണമായ സ്ഥലങ്ങളില്‍നിന്നും മണ്ണെടുക്കരുത്. ജൈവവളം കൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.
  • സാമ്പിള്‍ എടുക്കാന്‍ തൂമ്പ, ഓഗര്‍ എന്നിവയിലൊന്ന് ഉപയോഗിക്കുക.
  • കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളയുടെ വേരുപടലത്തിന്‍റെ ആഴത്തിലുള്ള മണ്ണുസാമ്പിളുകളാണ് എടുക്കേണ്ടത്. നെല്ല്, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ മുതലായ ചെടികള്‍ക്ക് 15 സെ.മീ. ആഴത്തിലും, തെങ്ങും മറ്റു വൃക്ഷവിളകള്‍ക്കും 25 സെ.മീ. ആഴത്തിലുമാണ് സാമ്പിളുകള്‍ എടുക്കുക.
  • സാമ്പിള്‍ എടുക്കുന്ന സ്ഥലത്തെ പുല്ല്, കരിയില എന്നിവ മാറ്റുക. തൂമ്പയാണ് ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ദ്ദിഷ്ട ആഴത്തില്‍ ഇംഗ്ലീഷിലെ വി ആകൃതിയില്‍ കുഴിയെടുക്കുക. തുടര്‍ന്ന് ഒരുവശത്തുനിന്നും ഉപരിതലം മുതല്‍ അടിവരെ 3 സെ.മീ. കനത്തില്‍ ഒരേപോലെ മണ്ണ് അരിഞ്ഞെടുക്കുക. ഒരേ സ്വഭാവമുള്ള നിലത്തില്‍ 5-10 സ്ഥലങ്ങളില്‍നിന്നും സാമ്പിളുകളെടുത്ത് ഒരു കടലാസില്‍ ഇട്ട് കട്ടകള്‍ ഉടച്ച് നല്ലതുപോലെ ഒന്നിപ്പിക്കുക. മണ്ണ് കൂനയാക്കി നാലായി വിഭജിക്കണം. എതിര്‍വശത്തു വരുന്ന രണ്ടു ഭാഗങ്ങള്‍ കളയുക. വീണ്ടും മറ്റു രണ്ടു ഭാഗങ്ങള്‍ ഒന്നിച്ച് കൂനയാക്കുക. അവസാനം ഏകദേശം 500 ഗ്രാം മണ്ണുസാമ്പിള്‍ കിട്ടുന്നതുവരെ ഈ രീതി തുടരണം.
  • എടുത്ത സാമ്പിള്‍ തണലില്‍ ചെറുതായി ഉണക്കി തുണിസഞ്ചിയില്‍ ഇടുക. സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പരോ പേരോ സഞ്ചിക്കുള്ളിലും പുറത്തും എഴുതണം.
  • ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ വരികള്‍ക്കിടയില്‍നിന്ന് സാമ്പിള്‍ എടുക്കാം.
  • മണ്ണുസാമ്പിളുകള്‍ കുമ്മായം, ജിപ്സം, വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കുമ്മായമോ വളമോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മൂന്നുമാസം കഴിഞ്ഞേ സാമ്പിള്‍ എടുക്കാവൂ.
  • മണ്ണുസാമ്പിളിനോടൊപ്പം ലബോറട്ടറി നിര്‍ദേശിക്കുന്ന വിവരങ്ങള്‍ കാണിച്ചിട്ടുള്ള ഫോറം പൂരിപ്പിച്ച് കൊടുക്കേണ്ടതാണ്. സാധാരണയായി താഴെ പറയുന്ന വിവരങ്ങളാണ് ചോദിക്കുക:

1. കര്‍ഷകന്‍റെ പേരും വിലാസവും
2. വില്ലേജ്, ജില്ല, പഞ്ചായത്ത്
3. സാമ്പിള്‍ എടുത്ത തീയതി
4. കൃഷിസ്ഥലത്തിന്‍റെ സര്‍വേ നമ്പര്‍
5. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിള
6. തൊട്ടുമുമ്പ് കൃഷി ചെയ്തിട്ടുള്ള മൂന്നു കൃഷിയുടെ വിളയും വളപ്രയോഗവും
7. കൃഷിസ്ഥലത്തിന്‍റെ ഇനവും, ഏതെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ അതും
8. കൃഷിക്കുള്ള വെള്ളത്തിന്‍റെ മാര്‍ഗം
9. സ്ഥലത്തിന്‍റെ കിടപ്പ്
10. നീര്‍വാര്‍ച്ച സൗകര്യം
11. കുമ്മായമോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അളവും ഉപയോഗിച്ച സമയവും
12. അവസാനമായി പയര്‍വര്‍ഗച്ചെടികള്‍ കൃഷി ചെയ്ത സമയം
13. മണ്ണൊലിപ്പിന്‍റെ സ്വഭാവം
14. അടുത്തതായി കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള

മണ്ണുപരിശോധനാ ലാബില്‍ മണ്ണില്‍ അടങ്ങിയിട്ടുള്ള അമ്ലത്വം, ലേയലവണങ്ങളുടെ അളവ്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ് തുടങ്ങിയവ തിട്ടപ്പെടുത്തുന്നു. താഴനല്‍കിയിരിക്കുന്ന ചാര്‍ട്ടിന്‍റെ സഹായത്തോടെ മണ്ണുപരിശോധനയുടെ ഫലം താരതമ്യം ചെയ്യാവുന്നതാണ്.

 

രാസഘടകം

കുറവ്

ഇടത്തരം

അധികം

ഓര്‍ഗാനിക് കാര്‍ബണ്‍ (ലഭ്യമായ നൈട്രജനുവേണ്ടി) അല്ലെങ്കില്‍

0.5% ത്തില്‍കുറവ്

0.5-0.75%

0.75%ത്തില്‍ കൂടുതല്‍

ലഭ്യമായ നൈട്രജന്‍

ഹെക്ടറില്‍ 280 കി.ഗ്രാമില്‍ കുറവ്

280-560 കി.ഗ്രാം/ഹെ

ഹെക്ടറില്‍ 560കി.ഗ്രാമില്‍
 കൂടുതല്‍

ലഭ്യമായ ഫോസ്ഫറസ്

ഹെക്ടറില്‍ 10 കി.ഗ്രാമില്‍ കുറവ്

10-25 കി.ഗ്രാം/ഹെ

ഹെക്ടറില്‍ 25 കി.ഗ്രാമില്‍
കൂടുതല്‍

ലഭ്യമായ പൊട്ടാഷ്

ഹെക്ടറില്‍ 110 കി.ഗ്രാമില്‍  കുറവ്    

110-280 കി.ഗ്രാം/ഹെ

ഹെക്ടറില്‍ 280കി.ഗ്രാമില്‍ കൂടുതല്‍

 

പി.എച്ച്
6-ല്‍ താഴെ അമ്ലമുള്ള  മണ്ണ്

7-8.5 ലവണീയ മണ്ണ്

8.5-ന് മുകളില്‍ ക്ഷാരീയ മണ്ണ്
കണ്ടക്റ്റിവിറ്റി
1-ല്‍ താഴെ: സാധാരണം

 1-2: വിത്ത് മുളയ്ക്കുവാന്‍ നിര്‍ണ്ണായകം 

2-4: ലവണദോഷമുള്ള വിളകള്‍ക്ക് നിര്‍ണായകം 

4-നു മുകളില്‍: മിക്ക വിളകള്‍ക്കും ദോഷകരം

 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145144