ചെടികളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുകയും അവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളും വെള്ളവും നല്‍കുകയും ചെയ്യുന്ന ധര്‍മമാണ് മണ്ണിന്. മണ്ണിന്‍റെ 50 ശതമാനം ഖര വസ്തുക്കളും 50 ശതമാനം അറകളുമാണ്. ഈ അറകളിലാണ് വായുവും വെള്ളവും സംഭരിക്കുന്നത്. മഴയോ ജലസേചനമോ കഴിയുമ്പോള്‍ അറകളില്‍ വെള്ളം നിറയും. രണ്ടു ദിവസം കഴിയുമ്പോള്‍ അറകളില്‍ വെള്ളം കുറഞ്ഞു തുടങ്ങുകയും കാലിയായ സ്ഥലം വായു നിറയുകയും ചെയ്യും. ഈ വായുവില്‍ നിന്നാണ് വേരുകളുടെ ശ്വാസോഛ്വാസത്തിന് ആവശ്യമായ ഓക്സിജന്‍ കിട്ടുക.
ഖരപദാര്‍ത്ഥങ്ങളാകട്ടെ പാറ പൊടിഞ്ഞുണ്ടായ മണ്‍തരികള്‍, ജൈവ അവശിഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. വികാസം പ്രാപിച്ച മണ്ണില്‍ മണ്‍തരികള്‍ ജൈവാംശങ്ങളാല്‍ ബന്ധിപ്പിച്ച് ചെറുകട്ടകളായാണ് കാണുന്നത്. അതിനാലാണ് മണ്ണില്‍ അറകളുണ്ടാകുന്നത്. ജൈവവസ്തുക്കള്‍ വീണ് അഴുകുന്നതുകൊണ്ട് മണ്ണില്‍ വിവിധതരത്തില്‍പ്പെട്ട സൂക്ഷ്മജീവികളും വളരുന്നു.
മണ്‍തരികള്‍ പൊതുവെ നാലു തരമുണ്ട്. പരുക്കന്‍ മണല്‍ (വ്യാസം 2.0-0.2 മി.മീ.), മിനുസ മണല്‍ (വ്യാസം 0.2-0.02 മി.മീ.), ചേണി (വ്യാസം 0.02-0.002 മി.മീ. ), കളിമണ്‍ (വ്യാസം 0.002 മി.മീറ്ററിനു താഴെ). വ്യാസപരിധി 2 മ.മീറ്ററിന് മുകളിലുള്ള മണ്‍തരിയെ ചരല്‍ എന്നു പറയും. പരുക്കന്‍ മണല്‍ വളരെ കൂടുതലുള്ള മണ്ണിനെ പരുക്കന്‍ മണല്‍ എന്നു പറയും. മിനുസ മണല്‍, ചേണി, കളിമണ്‍ എന്നിവ ഏകദേശം തുല്യ അളവുകളില്‍ കലര്‍ന്ന മണ്ണിനെ പരിമരാശി മണ്ണ് എന്നു പറയും. പശിമരാശി മണ്ണില്‍ മിനുസ മണലിന്‍റെ അംശം അല്‍പ്പം കൂടുതലാണെങ്കില്‍ അതിനെ മണല്‍ കലര്‍ന്ന പശിമരാശി മണ്ണെന്നു പറയും. പശിമരാശി മണ്ണില്‍ കളിമണ്‍ അല്‍പ്പം കൂടുതലാണെങ്കില്‍ അതിനെ കളിമണ്‍ കലര്‍ന്ന പശിമരാശി മണ്ണെന്നു പറയും. ഇനി കളിമണ്‍ അംശം വളരെ കൂടുതലും മറ്റു തരികളുടെ ശതമാനം കുറവുമാണെങ്കില്‍ അത്തരം മണ്ണിനെ കളിമണ്ണ് എന്നു പറയും.
മണ്ണിലെ ജൈവ പദാര്‍ത്ഥങ്ങള്‍ അഴുകാത്തവ, അഴുകിക്കൊണ്ടിരിക്കുന്നവ അഴുകലിനുശേഷം സൂക്ഷ്മജീവികള്‍ക്ക് വിഘടിക്കാന്‍ പറ്റാത്ത ഹ്യൂമസ് എന്നിവയാണ്. മണ്ണില്‍ ജൈവാംശത്തിന്‍റെ അളവ് മുകളില്‍നിന്ന് താഴോട്ട് കുറഞ്ഞു കുറഞ്ഞു വന്ന് ഒടുവില്‍ ഒട്ടുമില്ലാത്ത അവസ്ഥയാകും. മണ്ണിന്‍റെ ഫലപുഷ്ടി, ഉല്‍പ്പാദന ക്ഷമത എന്നിവയെ നിയന്ത്രിക്കുന്ന പ്രധാന ഘടനം ജൈവാംശമാണ്.
മണ്ണിലുള്ള സൂക്ഷ്മജീവികള്‍ ബാക്ടീരിയ, കുമിളുകള്‍, ആക്ടിനോമൈസറ്റുകള്‍, ആല്‍ഗകള്‍ എന്നിവയാണ്. ഒരു ഗ്രാം മണ്ണില്‍ ഇവയുടെ എണ്ണം പല ബില്യണുകളിലാണ്. ഇവയുടെ പ്രധാന ധര്‍മം ജൈവപദാര്‍ത്ഥങ്ങള്‍ അഴുകി ചെടികള്‍ക്കാവശ്യമുള്ള മൂലകങ്ങള്‍ ലഭ്യമാകും എന്നതാണ്. അതുപോലെ പലതരം സൂക്ഷ്മജീവികള്‍ ചെടികളെ ഉപദ്രവിക്കുന്ന തരം സൂക്ഷ്മജീവികളെ നശിപ്പിക്കുന്നവയുമാണ്. ഉദാഹരണത്തിന് ഇന്ന് നാം ഉപയോഗിക്കുന്ന ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് സൂക്ഷ്മജീവികള്‍ ഈ വിഭാഗത്തില്‍പ്പെടും. സൂക്ഷ്മജീവികള്‍ മണ്ണിലില്ലെങ്കില്‍ ഒരു ജീവജാലവും മണ്ണില്‍ അഴുകിച്ചേരില്ല.
www.karshikarangam.com