ഇന്ത്യയില്‍ നിര്‍മിക്കുന്ന കോംപ്ലക്സ് രാസവളങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗത്തില്‍പെടുന്നു:
അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍
പ്രധാനപ്പെട്ട അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍ താഴെ പറയുന്നവയാണ്.
അമോണിയം ഫോസ്ഫേറ്റ് സള്‍ഫേറ്റ് (ഫാക്ടംഫോസ്)
അമോണിയ രൂപത്തിലുള്ള നൈട്രജനും ഫോസ്ഫറസും ചേര്‍ന്നുള്ള ഒരു കോംപ്ലക്സ് വളമാണിത്. എഫ്.എ.സി.റ്റി ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍ക്ക് ഫാക്ടംഫോസ് എന്നാണ് പേര്. 16:20, 20:20 എന്നീ രണ്ടു ഫാക്ടംഫോസ് വളങ്ങളാണ് F.A.C.T ഉല്‍പ്പാദിപ്പിക്കുന്നത്. അടിവളമായി മിക്ക വിളകള്‍ക്കും നൈട്രജനും ഫോസ്ഫറസും ഏതാണ്ട് ഒരേ അനുപാതത്തില്‍ കൊടുക്കേണ്ട സാഹചര്യത്തില്‍ ഈ വളമാണ് ഉത്തമം. പ്രത്യേകിച്ച് ധാന്യവിളകള്‍ക്ക്. ഫാക്ടംഫോസ് 20:20 ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കി.ഗ്രാം വീതം നൈട്രജനും ഫോസ്ഫറസും കിട്ടുന്നതിന് 5 കി.ഗ്രാം ഫാക്ടംഫോസ് വേണം. നെല്ലിന് അടിവളമായി 45 കി.ഗ്രാം നൈട്രജനും 45 കി.ഗ്രാം ഫോസ്ഫറസും ഒരു ഹെക്ടറിന് കൊടുക്കണമെങ്കില്‍ 225 കി.ഗ്രാം ഫാക്ടംഫോസ് 20 - 20 എന്ന വളം വിതറിയാല്‍ മതി.
(100x45) /20 = 225
യൂറിയ അമോണിയം ഫോസ്ഫേറ്റ്
രണ്ടുതരം യൂറിയ അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. 24 - 24 ഗ്രേഡും 28 - 28 ഗ്രേഡും. ആദ്യത്തെ ഗ്രേഡില്‍ 7.5% നൈട്രജന്‍ അമോണിയ രൂപത്തിലും 16.55% നൈട്രജന്‍ യൂറിയ രൂപത്തിലുമാണ്. ഇതില്‍ ഫോസ്ഫറസ് 24 ശതമാനമുണ്ട്. രണ്ടാമത്തെ ഗ്രേഡില്‍ 9% നൈട്രജന്‍ അമോണിയ രൂപത്തിലും 19% നൈട്രജന്‍ യൂറിയ രൂപത്തിലും. ഇതില്‍ ഫോസ്ഫറസ് 28 ശതമാനമുണ്ട്.
ഡൈ അമോണിയം ഫോസ്ഫേറ്റ്
പതിനെട്ട് ശതമാനം അമോണിയ രൂപത്തിലുള്ള നൈട്രജനും 46% ഫോസ്ഫറസും അടങ്ങിയിട്ടുള്ള രാസവളമാണിത്. ഫോസ്ഫറസിന്‍റെ ഏതാണ്ട് 90 ശതമാനവും വെള്ളത്തില്‍ ലയിക്കുന്നതാണ്. കൂടുതല്‍ ഫോസ്ഫറസും കുറവ് നൈട്രജനും വേണ്ട വിളകള്‍ക്ക് ഈ രാസവളം ഉപകരിക്കും. പ്രത്യേകിച്ച് പയറിനങ്ങള്‍ക്കും കടലയ്ക്കും. പ്രധാനമായും ഫോസ്ഫറസിനു വേണ്ടി ഉപയോഗിക്കുന്ന ഈ രാസവളത്തില്‍നിന്നും നൈട്രജന്‍ കൂടി ലഭിക്കുമെന്നതാണ് ഇതിന്‍റെ മേന്മ. തന്മൂലം നൈട്രജന്‍ ചെലവു കുറഞ്ഞ ഒരു മൂലകമായി വിളകള്‍ക്ക് നല്‍കാനും കഴിയും. ഈ രാസവളം കേരളത്തില്‍ എഫ്.എ.സി.റ്റിയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഒരു കി.ഗ്രാം ഫോസ്ഫറസ് കിട്ടുന്നതിന് 2.17 കി.ഗ്രാം ഡൈ അമോണിയം ഫോസ്ഫറസ് കിട്ടുന്നതിന് 2.17 കി.ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റ് വേണം. ഇത്രയും രാസവളത്തില്‍ 390 ഗ്രാം നൈട്രജനും ഉണ്ടായിരിക്കും.
നൈട്രോ ഫോസ്ഫേറ്റ് വളങ്ങള്‍
ഫോസ്ഫറസിന് പുറമേ അമോണിയം, നൈട്രേറ്റ് എന്നീ രൂപങ്ങളില്‍ നൈട്രജനുമടങ്ങിയ ഒരു കോംപ്ലക്സ് രാസവളമാണിത്. ഇന്ത്യയില്‍ പ്രധാനമായും മഹാരാഷ്ട്രയിലെ ആര്‍.സി.എഫ്.എല്‍. എന്ന കമ്പനിയും ബംഗാളിലെ എച്ച്.എഫ്.സി.എല്‍. എന്ന കമ്പനിയുമാണ് ഇത്തരം രാസവളങ്ങള്‍ നിര്‍മിക്കുന്നത്.
www.karshikarangam.com