പേര് സൂചിപ്പിക്കുന്നതുപോലെ ഇത് പല വളങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ്. സാധാരണ തോതില്‍ നേര്‍വളങ്ങളാണ് കൂട്ടുവളങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുക. എന്നാല്‍ ചിലപ്പോള്‍ കോംപ്ലക്സ് വളങ്ങളും ഉപയോഗിക്കാറുണ്ട്.
കൂട്ടുവളങ്ങള്‍ ഉണ്ടാക്കുന്നതിന് താഴെ പറയുന്ന വളങ്ങള്‍ ഉപയോഗിക്കാം.
അമോണിയം സള്‍ഫേറ്റ്, അമോണിയം ക്ലോറൈഡ്, കാല്‍സ്യം അമോണിയം നൈട്രേറ്റ്, അമോണിയം സള്‍ഫേറ്റ് നൈട്രേറ്റ്, യൂറിയ.
സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്.
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, പൊട്ടാസ്യം സള്‍ഫേറ്റ്. കൂട്ടുവളത്തിന് യോജിക്കുന്ന വളങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
എന്തെല്ലാം കൂട്ടുവളങ്ങളാണ് തയാറാക്കുന്നത്?
ഓരോ വിളയ്ക്കും പ്രത്യേക അനുപാതത്തിലാണ് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ആവശ്യമുള്ളത്. ഈ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ആ വിളയ്ക്കുള്ള കൂട്ടുവളം ഉണ്ടാക്കുന്നത്. ഇങ്ങനെ ഒരു കൂട്ടുവളമുണ്ടാക്കി വിളയ്ക്കു നല്‍കുന്നതുകൊണ്ട് ഈ മൂന്ന് മൂലകങ്ങളും ആവശ്യമുള്ള അനുപാതത്തില്‍ വിളയ്ക്കു കിട്ടുമെന്ന് ഉറപ്പാക്കാം.
ഉദാഹരണത്തിന് ജലസേചനമുള്ള ഒരു തെങ്ങിന് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങള്‍ യഥാക്രമം 1-0.5-2.0 കി.ഗ്രാം വീതമാണ് വേണ്ടത്. തന്മൂലം തെങ്ങിന് ഒരു കൂട്ടുവളം ഉണ്ടാക്കുമ്പോള്‍ അതിലുണ്ടായിരിക്കേണ്ട മൂലകങ്ങളുടെ അനുപാതം 1-0.5-2 എന്നതാണ്. ഇനി ഏറ്റവും സൗകര്യപ്രദമായ ഒരു ഗ്രേഡ് തെങ്ങിന് 10-5-20 എന്നതാണ്. അതായത് 1 കി.ഗ്രാം നൈട്രജന്‍ 0.5 കി.ഗ്രാം ഫോസ്ഫറസ്, 2 കി.ഗ്രാം പൊട്ടാഷ് എന്നിവ തെങ്ങിന് നല്‍കാന്‍ 10-5-20 എന്ന തെങ്ങുമിശ്രിതത്തിന്‍റെ 10 കി.ഗ്രാം ഉപയോഗിച്ചാല്‍ മതി.
നമ്മുടെ നാട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള കൂട്ടുവളങ്ങള്‍
1. 9:9:9 : നെല്ലിനും, മരച്ചീനിക്കും
2. 10:5:20 : തെങ്ങ്
3. 8:8:16 : വാഴ, എള്ള്
4. 10:4:14 : കമുക്, കുരുമുളക്, കൊക്കോ
5. 12:6:12 : പൈനാപ്പിള്‍
6. 12:6:6 : കശുമാവ്
7. 5:10:6 : നിലക്കടല
8. 7:10:5 : പയറുവര്‍ഗങ്ങള്‍
9. 12:12:6 : പച്ചക്കറികള്‍
10. 10:10:4 : റബ്ബര്‍
11. 12:12:12 : "
12. 15:10:6 : "
13. 10:10:10 : "
കൂട്ടുവളം എങ്ങനെ ഉണ്ടാക്കാം?
ജലസേചന സൗകര്യമുള്ള 100 തെങ്ങിനുള്ള കൂട്ടുവളം എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.
തെങ്ങിനുള്ള കൂട്ടുവളം: 10:5:20
ഈ ഫോര്‍മുലയുടെ അര്‍ഥം 100 കിലോ 10:5:20 മിശ്രിതമെടുത്താല്‍ അതില്‍ 10 കി.ഗ്രാം നൈട്രജന്‍, 5 കി.ഗ്രാം ഫോസ്ഫറസ്, 20 കി.ഗ്രാം പൊട്ടാഷ് എന്നിവ ഉണ്ടാകുമെന്നാണ്.
10 കി.ഗ്രാം നൈട്രജന് വേണ്ട യൂറിയ = 100/16 x 10 = 21.7 കി.ഗ്രാം.
5 കി.ഗ്രാം ഫോസ്ഫറസിനുവേണ്ട സൂപ്പര്‍ ഫോസ്ഫേറ്റ് = 100/60 x 5 = 31.25 കി.ഗ്രാം
20 കി.ഗ്രാം പൊട്ടാഷിനുവേണ്ട കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് = 100/60 x 20 = 33.4 കി.ഗ്രാം
ആകെ = 21.7+31.25 = 86.35 കി.ഗ്രാം
ഈ അളവിനെ 100 കി.ഗ്രാമായി ഉയര്‍ത്തണം. ഇതിന് ഉപയോഗിക്കുന്ന വസ്തുക്കളെ ഫില്ലര്‍ എന്നാണ് പറയുക. ഇതിനായി മണല്‍, അറക്കപ്പൊടി, കല്‍ക്കരിപ്പൊടി മുതലായവ ഉപയോഗിക്കാം.
ഇവിടെ 86.35 കി.ഗ്രാം വളക്കൂട്ടിനോടുകൂടി 13.65 കി.ഗ്രാം മണല്‍ ചേര്‍ത്ത് നന്നായി ഒന്നിക്കണം.
ജലസേചനമുള്ള ഒരു തെങ്ങിനുവേണ്ട മൂലകങ്ങള്‍
നൈട്രജന്‍ : 1.0 കി.ഗ്രാം
ഫോസ്ഫറസ് : 0.5 കി.ഗ്രാം
പൊട്ടാഷ് : 2.0 കി.ഗ്രാം
അതായത് ഈ മൂലകങ്ങള്‍ തമ്മിലുള്ള അനുപാതം = 1.0:0.5:2.0
1.0 കി.ഗ്രാം നൈട്രജനുവേണ്ട 10:5:20 മിശ്രിതം = 100/10 x 1 = 10 കി.ഗ്രാം
0.5കി.ഗ്രാം ഫോസ്ഫറസിനുവേണ്ട 10:5:20 മിശ്രിതം = 100/5 x 0.5 = 10 കി.ഗ്രാം
2.0 കി.ഗ്രാം പൊട്ടാഷിനുവേണ്ട 10:5:20 മിശ്രിതം = 100/20 x 2 = 10 കി.ഗ്രാം
ഇതില്‍നിന്നും മനസിലാക്കേണ്ടത് 10 കി.ഗ്രാം 10:5:20 മിശ്രിതമെടുത്താല്‍ 1.0 കി.ഗ്രാം നൈട്രജന്‍, 0.5 കി.ഗ്രാം ഫോസ്ഫറസ്, 2.0 കി.ഗ്രാം പൊട്ടാഷ് എന്നിവ കിട്ടും എന്നാണ്.
ഇനി ഒരു തെങ്ങിന് 10 കി.ഗ്രാം മിശ്രിതം മതി എന്നു കണ്ടു. തന്മൂലം 100 തെങ്ങിന് 10 x 100= 1000 കി.ഗ്രാം 10:5:20 മിശ്രിതമുണ്ടാക്കണം. നൂറ് കി.ഗ്രാം മിശ്രിതം ഉണ്ടാക്കാന്‍ വേണ്ട വളങ്ങളെ 10 കൊണ്ട് ഗുണിച്ചാല്‍ 1000 കി.ഗ്രാം ഉണ്ടാക്കാനുള്ള അളവ് കിട്ടും.
ഇതിനായി 21.7 x 10= 217 കി.ഗ്രാം യൂറിയ
31.25 x 10= 312.5 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്
33.4 x 10= 334 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
13.65 x 10= 136.5 കി.ഗ്രാം മണല്‍ എന്നിവ വേണം.
www.karshikarangam.com