ഇളം ഇലകള്‍കൊണ്ടു പൊതിഞ്ഞ മധ്യഭാഗത്തുള്ള കൂമ്പാണ് കാബേജിന്‍റെ ഹെഡ് എന്നു പറയുന്നത്. ഇതാണ് നാം പച്ചക്കറിയായുപയോഗിക്കുന്നത്. ഇലകളുടെ മധ്യഭാഗത്തുള്ള രൂപം മാറിയ പൂന്തണ്ടാണ് കോളിഫ്ളവറിന്‍റെയും ഭക്ഷ്യയോഗ്യമായ ഭാഗം.
കൃഷിരീതി
കാബേജിന്‍റെയും കോളിഫ്ളവറിന്‍റെയും കൃഷിരീതികള്‍ തമ്മില്‍ സാമ്യമുണ്ട്. വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ളതും ജൈവാംശം ധാരാളമുള്ളതുമായ മണല്‍ കലര്‍ന്ന മണ്ണിലാണിവ നന്നായി വളരുക. കാബേജിനങ്ങളില്‍ പ്രധാനമായത് സെപ്റ്റംബര്‍, പൂസാഡ്രംഹെഡ്, ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, ശ്രീഗണേഷ് എന്നിവയാണ്. ഹിമാനി, സ്വാതി, പൂസാദീപാളി തുടങ്ങിയവ കോളിഫ്ളവര്‍ ഇനങ്ങളുമാണ്. വലുപ്പമുള്ള ഹെഡും നല്ല പൂന്തണ്ടുമുണ്ടാകാന്‍ നല്ല നനയും തണുപ്പും കൂടിയേ തീരൂ.
വിത്തുപാകി തൈകള്‍ പറിച്ചു നട്ടാണിവ കൃഷി ചെയ്യുന്നത്. ഒരു ഹെക്ടര്‍ സ്ഥലം നടാന്‍ 500-750 ഗ്രാം വിത്തു വേണ്ടിവരും. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്തുപാകി മൂന്നാഴ്ച മുതല്‍ ഒരു മാസം വരെ പ്രായമായ തൈകള്‍ ഹെക്ടറിന് 25 ടണ്‍ ജൈവവളം ചേര്‍ത്തിളക്കിയ മണ്ണില്‍ തയാറാക്കിയ തടങ്ങളില്‍ നടുന്നു. കാബേജ് 45ണ്മ45 സെ.മീ. അകലത്തിലും കോളിഫ്ളവര്‍ 60ണ്മ45 സെ.മീ. അകലത്തിലുമാണ് നടുന്നത്. ഹെക്ടറൊന്നിന് 330 കി.ഗ്രാം യൂറിയ, 500 കി.ഗ്രാം മസൂരിഫോസ്, 210 കി.ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമാണ്. നടുന്നതിനു മുമ്പ് മസൂരിഫോസ് മുഴുവനും യൂറിയയും പൊട്ടാഷും നട്ട് ഒരു മാസം കഴിഞ്ഞ് മണ്ണുകൂട്ടി കൊടുക്കുന്ന സമയത്തും കൊടുക്കാം. കോളിഫ്ളവറിന്‍റെ വെള്ള നിറം നിലനിര്‍ത്താന്‍ അടിയിലെ വലിയ ഇലകള്‍ മുകളിലേക്കുയര്‍ത്തി പൂന്തണ്ടിനെ പൊതിഞ്ഞു കെട്ടിവയ്ക്കുന്നു. നട്ട് മൂന്നുമാസമാകുമ്പോള്‍ വിളവെടുക്കാം.
രോഗനിയന്ത്രണം
ഇലതീനി പുഴുക്കളും ഇലയും തണ്ടും തുരന്നു തിന്നുന്ന പുഴുക്കളുമാണിവയുടെ വലിയ ഉപദ്രവകാരികള്‍. ഇതിനെ നിയന്ത്രിക്കാന്‍ 50% വീര്യമുള്ള മാലത്തയോണ്‍ 1 ലിറ്റര്‍ വെള്ളത്തില്‍ 1 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി. കീടനാശിനികള്‍ തളിച്ച് രണ്ടാഴ്ച കഴിഞ്ഞ് വിളവെടുക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ കാബേജിനും കോളിഫ്ളവറിനും വിത്തുണ്ടാകാത്തതുകൊണ്ട് വിത്തിനു നാം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.
www.karshikarangam.com