വെള്ളരിയും കക്കിരിയു(സാലഡ് കുക്കുംബര്‍)മൊക്കെ കൃഷി ചെയ്യുന്നവര്‍ പലപ്പോഴും പരാതിപ്പെടുന്നൊരു കാര്യമാണ് ഇവയുടെ അപാരമായ കയ്പ്പ്. ചിലപ്പോള്‍ വായില്‍ വയ്ക്കാനാവാത്തതുപോലെയുള്ള കയ്പായിരിക്കും. പച്ചയായി കഴിക്കുന്ന കക്കിരിക്കും മറ്റും ഇങ്ങനെ കയ്പു വന്നാലുള്ള കാര്യം പറയുകയും വേണ്ട.
ഇതിനു കാരണം തേടി ഏറെയൊന്നും അലയേണ്ട. വെള്ളരി നട്ടിരിക്കുന്ന സ്ഥലത്തിനു സമീപം തന്നെ പാവല്‍ കൃഷി ചെയ്തിട്ടുണ്ടോയെന്നു നോക്കിയാല്‍ മതി. പച്ചക്കറിവിളകളില്‍ കയ്പുള്ള ഏകയിനമാണ് പാവല്‍. ഇതും വെള്ളരിയും സസ്യശാസ്ത്രപരമായി കുക്കുര്‍ബിറ്റേസിയെ എന്ന കുടുംബത്തില്‍ പെട്ടതുമാണ്. പാവലിന്‍റെയും വെള്ളരിയുടെയും പൂക്കള്‍ക്ക് മഞ്ഞനിറവുമാണ്. ഇതു രണ്ടും തേനീച്ച തുടങ്ങിയ പ്രാണികളെക്കൊണ്ടു പരാഗണം നടക്കുന്നവയുമാണ്. പാവലും വെള്ളരിയും അടുത്തടുത്തു നട്ടിരിക്കുകയാണെങ്കില്‍ പ്രാണിക്ക് ഇവ രണ്ടും തമ്മില്‍ തെറ്റിപ്പോകുന്നതിനുള്ള സാധ്യതയേറെയാണ്. അങ്ങനെ പാവലിന്‍റെ പരാഗങ്ങള്‍ വെള്ളരിയുടെ പൂവിലെത്തുന്നു. ഫലമോ വെള്ളരിക്കു പാവലിന്‍റെ കയ്പു കിട്ടുന്നു. ഇതു തടയാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. പാവലിനും വെള്ളരിക്കുമിടയില്‍ വേണ്ടത്ര അകലം കൊടുക്കുക. ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ, പാവലും വെള്ളരിയും ഒരേ കുടുംബമാണെങ്കിലും നല്ല അയല്‍ക്കാരാകാന്‍ യോജിച്ചവരല്ല.
www.karshikarangam.com