ചെടികളില്‍ ബാക്ടീരിയയുടെയും ഫംഗസിന്‍റെയും വൈറസിന്‍റെയും ആക്രമണത്തിന് പൊതുവായി കാണുന്ന ലക്ഷണമാണ് ഇലകളുടെ അഴുകല്‍. ഇപ്രകാരം ഒരു ലക്ഷണം കണ്ടെത്തിക്കഴിഞ്ഞാല്‍ അത് വൈറസ് മൂലമാണോ ബാക്ടീടരിയ മൂലമാണോ ഫംഗസ് മൂലമാണോ എന്നു തിരിച്ചറിയുന്നതിന് ഒരു എളുപ്പ വഴിയിതാ. ഇലയുടെ ഒരു ഭാഗത്ത് അഴുകല്‍ കാണുകയും അതിന്‍റെ എല്ലായിടവും ഒരേ പോലെ ഈര്‍പ്പത്തോടെ അഴുകിയിരിക്കുകയുമാണെങ്കില്‍ അത് ബാക്ടീരിയ മൂലമുണ്ടായതാണ്. ഇത്തരം ഇലകള്‍ മുറിച്ച് മുറിവായ ഒരു ചില്ലുഗ്ലാസിലെടുത്ത വെള്ളത്തില്‍ മുക്കിപ്പിടിക്കുക. അതില്‍ നിന്ന് നിറമില്ലാത്ത ദ്രാവകം ഊറിയിറങ്ങുന്നതായും കാണാം. അപ്പോള്‍ ബാക്ടീരിയയ്ക്കെതിരേയുള്ള പ്രതിവിധികളാണ് കൈക്കൊള്ളേണ്ടത്. എന്നാല്‍ ഫംഗസ് അഥവാ കുമിളിന്‍റെ ആക്രമണം മൂലമാണ് ലക്ഷണം കാണപ്പെടുന്നതെങ്കില്‍ അഴുകല്‍ ബാധിച്ച ഭാഗത്തിന്‍റെ മധ്യഭാഗം കരിഞ്ഞതുപോലെയായിരിക്കും. കരിഞ്ഞതിന്‍റെ പുറംഭാഗം ഈര്‍പ്പത്തോടെയും അഴുകിപ്പടരുന്നതായി കാണാം. ഇത്തരം ഇല നനവോടെ മറ്റൊരു പച്ച ഇലയുമായി ചേര്‍ത്ത് ഒരു ദിവസം ചെറിയ ഭാരവും കൊടുത്ത് സൂക്ഷിച്ചാല്‍ രണ്ടാമത്തെ ഇലയിലേക്ക് രോഗം പടരുന്നതായും കാണാവുന്നതാണ്. ഇതു രണ്ടുമല്ലാതെ കരിച്ചില്‍ കാണപ്പെടുന്നെങ്കില്‍ അത് വൈറസ് മൂലമുള്ളതായിരിക്കും. ഇത്തരം ചെടികള്‍ ചുവടെ പിഴുത് ചുട്ടുകളയുന്നതായിരിക്കും നല്ലത്. രോഗത്തിന്‍റെ തുടക്കം മാത്രമാണെങ്കില്‍ ട്രൈക്കോഡര്‍മ പോലെയുള്ള ജീവാണുമിശ്രിതങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. രോഗം കൈപ്പിടിയില്‍ നില്‍ക്കുന്നില്ല എന്നു കണ്ടാല്‍ വൈകാതെ ആ ചെടി പിഴുതെടുത്തു നശിപ്പിക്കണം.
www.karshikarangam.com